ഇങ്ങനെ വേണം മുതലാളി, 25 ജീവനക്കാർക്ക് ലക്ഷങ്ങൾ വില വരുന്ന പുത്തൻ എസ്‌യുവി സമ്മാനിച്ച് ഡാറ്റ കമ്പനി
തൊഴിലിടത്ത് നിന്നും അംഗീകാരം ലഭിക്കുന്നത് എപ്പോഴും സന്തോഷമുള്ള വിഷയമാണ്. അതിപ്പോൾ വാക്കായിട്ടായാലും മറ്റെന്തെങ്കിലും സമ്മാനമായിട്ടായാലും (Gift) ഇരട്ടി മധുരമായിരിക്കും. അടുത്തിടെ ചില സ്ഥാപനങ്ങൾ തങ്ങളുടെ വിശ്വസ്‌തരായ തൊഴിലാളികൾക്ക് കാറുകളും ബൈക്കുകളും പോലുള്ള വാഹനങ്ങൾ വാങ്ങിക്കൊടുത്ത നിരവധി വാർത്തകളും മറ്റും നാം കണ്ടിട്ടുണ്ടാവും അല്ലേ. ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകുന്നത് അവരുടെ സേവനത്തിന് നന്ദി പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നുകൂടിയാണെന്നത് കണക്കിലെടുക്കുമ്പോൾ ചിലപ്പോൾ നമുക്ക് അസൂയ വരെ തോന്നിപ്പോവുന്ന കാര്യമാണ് ഇതെല്ലാം. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ലൈഫ് സയൻസ് രംഗത്തെ വ്യവസായങ്ങൾക്ക് ഡാറ്റ സേവനം നൽകുന്ന ചെന്നൈ ആസ്ഥാനമായുള്ള അജിലിസിയം എന്ന കമ്പനിയാണ് അവരുടെ 10-ാം വാർഷികത്തിൽ ജീവനക്കാർക്ക് ലക്ഷങ്ങൾ വിലമതിക്കുന്ന കാർ സമ്മാനമായി നൽകിയിരിക്കുന്നത്. അജിലിസിയത്തിന്റെ തുടക്കം മുതൽ ഒപ്പമുള്ള 25 ജീവനക്കാർക്കാണ് പുത്തൻ കാർ സമ്മാനമായി കൊടുത്തിരിക്കുന്നതെന്നാണ് വിവരം.

ഈ വർഷം 45 ശതമാനം വളർച്ച നേടിയ അജിലിസിയം 2027-ഓടെ 1000 കോടി ഡോളറിന്റെ വാർഷിക വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. ഡാറ്റ വിശകലന രംഗത്ത് പ്രവർത്തിക്കുന്ന രാജ് ബാബുവിന്റെ നേതൃത്വത്തിൽ 2014-ലാണ് കമ്പനിക്ക് തുടക്കമാവുന്നത്. ഫാർമസ്യൂട്ടിക്കൽ, ബയോടെക്, മെഡിക്കൽ ഡിവൈസസ് കമ്പനികളാണ് അജിലിസിയത്തിന്റെ സേവനം ഉപയോഗപ്പെടുത്തുന്നത്.
സ്ഥാപനത്തിന്റെ വളർച്ചയിൽ ഒപ്പം നിന്ന ജീവനക്കാരെ ആദരിക്കാനാണ് ഇത്തരത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്നൊരു ഉപഹാരം സമ്മാനമായി നൽകിയതെന്ന് അജിലിസിയത്തിന്റെ സിഇഒ രാജ് ബാബു പറഞ്ഞു. ഇനി ഏതാണ് ആ വാഹനം എന്നല്ലേ, മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹ്യുണ്ടായി ക്രെറ്റ എസ്‌യുവിയാണ് അജിലിസിയത്തിന്റെ 25 ജീവനക്കാർക്ക് സമ്മാനിച്ചിരിക്കുന്നത്.

ഇവർക്ക് പുത്തൻ വാഹനത്തിന്റെ താക്കോൽ കൈമാറുന്ന ചിത്രങ്ങളാണിത്. E, EX, S, S(O), SX, SX ടെക്, SX(O) എന്നിങ്ങനെ 7 വേരിയന്റുകളിൽ വിപണിയിൽ എത്തുന്ന ഹ്യുണ്ടായി ക്രെറ്റയുടെ ഏത് വേരിയന്റാണ് ജീവനക്കാർക്ക് സമ്മാനം കൊടുത്തിരിക്കുന്നതെന്ന് മാത്രം വ്യക്തമല്ല. എങ്കിലും നിലവിൽ 11.11 ലക്ഷം രൂപ മുതൽ 20.50 ലക്ഷം രൂപ വരെയാണ് മിഡ്-സൈസ് എസ്‌യുവിക്കായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ-പെട്രോൾ, 1.5 ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി ക്രെറ്റ സ്വന്തമാക്കാനാവുക. ഇതിൽ ഏത് എഞ്ചിൻ ഓപ്ഷനുള്ള മോഡലാണ് അജിലിസിയം തങ്ങളുടെ ജീവനക്കാർക്ക് ഗിഫ്റ്റായി കൊടുത്തിരിക്കുന്നതെന്നും വെളിപ്പെടുത്തിയിട്ടില്ല. 6 സ്പീഡ് മാനുവൽ, ഇന്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷൻ (IVT), 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT), 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ക്രെറ്റയിലെ ഗിയർബോക്‌സ് ഓപ്ഷനുകൾ.

ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ഡിസൈൻ ഭാഷയായ 'സെൻഷ്യസ് സ്പോർട്ടിനെസ്' അടിസ്ഥാനമാക്കിയാണ് പുതിയ മൂന്നാം ജെനറേഷനിലുള്ള ക്രെറ്റ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. മുൻവശത്തെ വലിയ ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, സ്പ്ലിറ്റ് ടെയിൽ ലാമ്പുകൾ, അലോയ് വീലുകൾ എന്നിവയെല്ലാം കൂടിച്ചേരുമ്പോൾ ഒന്നാന്തരം അഴകാണ് ആശാന് ലഭിക്കുന്നത്.
എല്ലാ ഹ്യുണ്ടായി കാറുകളേയും പോലെ തന്നെ ഫീച്ചറുകളാൽ ആറാടുന്ന ഇന്റീരിയറും ഒന്നാന്തരമാണ്. ഇൻഫോടെയ്ൻമെൻ്റിനും ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനുമായുള്ള ഡ്യുവൽ ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജിംഗ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ആംബിയൻ്റ് ലൈറ്റിംഗ്, ഫ്രണ്ട് വെൻ്റിലേറ്റഡ് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ, ലെവൽ 2 ADAS പോലുള്ള പ്രീമിയം ഫീച്ചറുകളാണ് ഇതിൽ കുത്തിനിറച്ചിരിക്കുന്നത്.

6 എയർബാഗുകൾ, ഒരു ബ്ലൈൻഡ് വ്യൂ മോണിറ്റർ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഹിൽ ഹോൾഡ് കൺട്രോൾ, സ്റ്റെബിലിറ്റി കൺട്രോൾ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ പോലുള്ള സേഫ്റ്റി ഫീച്ചറുകളെല്ലാം ഹ്യുണ്ടായി ക്രെറ്റയിൽ ഒരുക്കിയിട്ടുള്ളതിനാൽ സുരക്ഷയുടെ കാര്യത്തിലും ആശങ്കകളൊന്നും വേണ്ട.


Click it and Unblock the Notifications








