തല ഇനി കൂടുതൽ സുരക്ഷിതം! ലോകത്തിലെ ആദ്യത്തെ എയർബാഗ് ഇന്റഗ്രേറ്റഡ് ഹെൽമറ്റ് പുറത്തിറക്കി Airoh
എയർബാഗുകൾ എന്നു കേട്ടാൽ ആദ്യമേ ഓർമ വരിക കാറുകളെയാവും അല്ലേ... ടീവീലറുകളുമായി ഒരു രീതിയിലും എയർബാഗുകളെ ബന്ധിപ്പിക്കാനേ ആവില്ല. എന്നാൽ കാലം മാറിയതോടെ പല കാര്യങ്ങളിലും മാറ്റങ്ങൾ വരികയാണ്. ബൈക്കുകളിൽ എയർബാഗുകൾ പൂർണമായും ഇല്ലെന്ന് ഒന്നും വാദിക്കുന്നില്ല. സാധാരണക്കാർക്ക് ചിന്തിക്കാനാവുന്നതിലും അപ്പുറം വിലയുള്ള ചില ആഡംബര ബൈക്കുകളിൽ ഒക്കെ നാം ചിലപ്പോൾ എയർബാഗുകളെ കുറിച്ച് കേട്ടിട്ടുണ്ടാവും.
ലോകത്തിൽ സാധാരണ എയർബാഗ് ഫീച്ചറുള്ള ഏക മോട്ടോർസൈക്കിളാണ് ഹോണ്ട ഗോൾഡ്‌വിംഗ്. എയർബാഗ് സംവിധാനം അവതരിപ്പിച്ച ലോകത്തിലെ ആദ്യത്തെ പ്രൊഡക്ഷൻ മോട്ടോർസൈക്കിൾ കൂടിയാണിത്. ഈ സ്റ്റാൻഡേർഡ് ഫീച്ചർ 2006-ലാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട ഈ സംവിധാനം ബൈക്കിൽ പരിചയപ്പെടുത്തുന്നത്. എന്നാൽ ഭൂരിഭാഗവും ഒരു ആഫ്റ്റർ മാർക്കറ്റ് കൂട്ടിച്ചേർക്കലായി പലരും ബൈക്കിൽ എയർബാഗുകൾ സജ്ജീകരിക്കാറുമുണ്ട്. എങ്കിലും ഈ കാഴ്ച്ചയൊന്നും നമ്മുടെ ഇന്ത്യയിലില്ല കേട്ടോ...

ദേ ഇപ്പോൾ ഇറ്റാലിയൻ ഹെൽമറ്റ് നിർമാതാക്കളായ ഐറോ ലോകത്തിലെ ആദ്യത്തെ എയർബാഗ് സംയോജിത ഹെൽമറ്റ് പുറത്തിറക്കിയിരിക്കുകയാണ്. ഇത് 2023 ഓടെ ആഗോള വിപണിയിൽ ലഭ്യമാകുമെന്നാണ് കമ്പനി വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്. എയർബാഗ് വെസ്റ്റുകളിലും മോട്ടോർസൈക്കിൾ ഇൻഫ്‌ലേറ്റബിൾ സൊല്യൂഷനുകളിലും 70 വർഷത്തെ പരിചയത്തിന് പേരുകേട്ട സ്വീഡിഷ് നിർമാതാക്കളായ ഓട്ടോലിവുമായി സഹകരിച്ചാണ് ഈ കിടിലൻ സുരക്ഷാ സാങ്കേതികവിദ്യയുള്ള പ്രോട്ടോടൈപ്പ് മോഡൽ നിർമിച്ചിരിക്കുന്നത്. ഹെൽമറ്റ് ചരിത്രത്തിലെ തന്നെ നിർണായകമായ ചുവടുവെപ്പായാണ് ഈ വികസനത്തിനെ ഗവേഷകർ നേക്കി കാണുന്നത്.
ഒരു കാറിന്റെ ഡാഷ്‌ബോർഡിലെ സാങ്കേതികവിദ്യ പോലെ തന്നെയാണ് ഹെൽമറ്റിലെ സംയോജിത എയർബാഗും പ്രവർത്തിക്കുന്നത്. അപകടത്തിന്റെ ആഘാതത്തിൽ, ഒരു പരമ്പരാഗത ഹെൽമെറ്റിനേക്കാൾ വലിയ ആഗിരണശേഷി നൽകുന്നതിനായി ഹെൽമെറ്റിന്റെ ക്രൗണിൽ നിന്നും ചെറിയ ഭാഗങ്ങളിൽ നിന്നും എയർബാഗ് ഇലക്ട്രോണിക് ആയി വിന്യസിക്കപ്പെടുന്ന രീതിയാണ് ഇതിലും ക്രമീകരിച്ചിരിക്കുന്നത്. അപകട സമയത്ത് റൈഡറിന്റെ തലയോട്ടി പൊട്ടാനുള്ള സാധ്യത ഇത് പകുതിയോളം കുറക്കുന്നതായി ഐറോ പറയുന്നു. എന്നിരുന്നാലും ആ ക്ലെയിമിനെ പിന്തുണയ്ക്കുന്ന വേഗതയോ ഇംപാക്ട് വിശദാംശങ്ങളോ കമ്പനി ഇതുവരെ നൽകിയിട്ടില്ല.
മിലാൻ മോട്ടോർസൈക്കിൾ ഷോയുടെ (EICMA) ഉദ്ഘാടനത്തോടനുബന്ധിച്ച് എയർബാഗ് ഘടിപ്പിച്ച മോട്ടോർസൈക്കിൾ ഹെൽമെറ്റിനായി ഇറ്റാലിയൻ നിർമാതാക്കളായ ഐറോ ഒരു പുതിയ ആശയം അവതരിപ്പിക്കുകയും ചെയ്‌തിരുന്നു. ഇപ്പോഴും കൺസെപ്റ്റ് സ്റ്റേജിൽ തുടരുന്ന ഈ മോഡലിലെ എയർബാഗ്, കാർ എയർബാഗുകളിൽ കാണുന്ന അതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗ്യാസ് ജനറേറ്റർ ഉപയോഗിച്ച് വീർപ്പിക്കുന്നു. ഈ മൊഡ്യൂൾ ഒതുക്കമുള്ളതും പൂർണമായും അദൃശ്യവുമാണ്. ഹെൽമെറ്റിന്റെ രൂപകൽപ്പനയും എയർബാഗിന്റെ കവറേജ് ഏരിയ, വോളിയം, മർദ്ദം എന്നിവയും ലബോറട്ടറി പരിശോധനകളിലൂടെ പഠിക്കുകയും ക്രമീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും കമ്പനി പറയുന്നു.
ഒരു പരമ്പരാഗത ഹെൽമെറ്റിൽ നിന്ന് പ്രതീക്ഷിക്കാവുന്ന ബാഹ്യ സവിശേഷതകൾ വാഗ്ദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ 2020 മുതൽ എയർബാഗ് ഹെൽമെറ്റ് സാങ്കേതികവിദ്യയുടെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ഹെൽമറ്റിലെ എയർബാഗിന്റെ വിന്യാസത്തിന് മുമ്പും ശേഷവും ഏറ്റവും പുതിയ ECE22.06 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക എന്ന വെല്ലുവിളിയും ഐറോ അഭിമുഖീകരിച്ചിട്ടുണ്ട്. അതിനാലാണ് ഈ വികസനത്തിനും ഹെൽമറ്റ് ഔദ്യോഗികമായി വിപണിയിൽ എത്തുന്നതിനും കാലതാമസമുണ്ടാക്കുന്നത്. എന്നാൽ ഇത് ഇന്ത്യയിലേക്ക് എത്തുമോ ഇല്ലയോ എന്നത് ഇതുവരെ അറിവായിട്ടില്ല.
ഐറോയുമായി ചേർന്ന് വികസിപ്പിച്ചെടുത്ത എയർബാഗ് ഹെൽമറ്റിന് പുറമേ, ഓട്ടോലിവ് നിലവിൽ സ്കൂട്ടറിന്റെ മുൻവശത്ത് സ്ഥാപിച്ചിട്ടുള്ള എയർബാഗ് പോലുള്ള മറ്റ് പ്രോജക്റ്റുകളിലും പ്രവർത്തിക്കുന്നുണ്ട്യ അത് അപകടത്തിൽ നിന്നുള്ള ഷോക്ക് ആഗിരണം ചെയ്യുകയും റൈഡർ വളരെ അക്രമാസക്തമായി വലിച്ചെറിയപ്പെടുന്നത് ഒഴിവാക്കുകയും ചെയ്യും. ഒരു മോപ്പഡിലോ ബൈക്കിലോ ആഘാതമുണ്ടായാൽ വിന്യസിക്കാൻ തയാറായ എയർബാഗുകളെല്ലാം ഭാവിയിൽ കാണാനായേക്കാം. നിലവിൽ എയർബാഗുള്ള ജാക്കറ്റുകളും വിപണിയിലുണ്ട്.
ബ്രിട്ടീഷ് ഗിയർ, എക്യുപ്മെന്റ് നിർമാതാക്കളായ RST, അമേരിക്കൻ ബ്രാൻഡായ ഡെയ്‌നീസ് എന്നീ കമ്പനികളാണ് എയർബാഗുള്ള ടൂറിംഗ് ജാക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്. ജാക്കറ്റിന്റെ സെൻസറുകളും ഇലക്ട്രോണിക് ഘടകങ്ങളും ബാക്ക് പ്രൊട്ടക്ടറിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. റൈഡറിന്റെ അപ്പർ ബോഡിക്ക് സുരക്ഷ നൽകുക എന്നതാണ് ജാക്കറ്റ് എയർബാഗുകളുടെ പ്രാഥമിക ചുമതല. എന്തായാലും ഭാവിയിൽ ഇരുചക്ര വാഹനങ്ങൾ നിരത്തിൽ ഓടിക്കുന്നത് ഇന്നത്തേക്കാൾ കൂടുതൽ സുരക്ഷിതമാക്കുമെന്നാണ് ഇത്തരം സാങ്കേതികവിദ്യകളുടെ വികസനം ചൂണ്ടിക്കാണിക്കുന്നത്.


Click it and Unblock the Notifications








