ഭർത്താവിനേക്കാൾ വരുമാനം, 800 കോടിയുടെ ആസ്‌തി! 1.60 കോടിയുടെ പുത്തൻ ആഡംബര കാർ വാങ്ങി ലോക സൗന്ദരി
ലോക സൗന്ദരി എന്നു പറയുമ്പോഴേ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേര് ഐശ്വര്യ റായിയുടേതാവും. 1994-ൽ തന്റെ 21-ാം വയസിലാണ് താരം ലോക സൗന്ദര്യ കിരീടം ചൂടുന്നതെങ്കിലും ഇന്നും സൗന്ദര്യത്തിന്റെ അവസാനവാക്കായി ഐശ്വര്യ എല്ലാവരുടേയും മനസിലുണ്ട്. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലും തന്റേതായ മേല്‍വിലാസമുണ്ടാക്കിയ താരസുന്ദരി ഏറ്റവും വിലപിടിപ്പുള്ള നായികമാരിൽ ഒരാൾ കൂടിയാണ്. ഇന്ത്യന്‍ സിനിമയുടെ തന്നെ സൂപ്പര്‍ നായികയായി വാഴാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടുവെങ്കിലും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ മുൻപന്തിയിലാണ് ഐശ്വര്യ. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും തന്റെ ഇമേജിന്റെ കാര്യത്തില്‍ കൃത്യമായ കാഴ്ച്ചപ്പാടുള്ള താരം കൂടിയാണ് ഐശ്വര്യ റായ്.
അതിനാൽ വിവാദങ്ങൾക്കൊന്നും ഒരിക്കലും വഴികൊടുക്കാറില്ലാത്ത വ്യക്തികൂടിയാണ് ഈ വിലപിടിപ്പുള്ള താരം. 2007-ലാണ് അഭിഷേക് ബച്ചനെ വിവാഹം ചെയ്യുന്നത്. ഭര്‍ത്താവും നടനും അമിതാഭ് ബച്ചന്റെ മകനുമായ അഭിഷേകിനേക്കാൾ ധനികയാണ് ഐശ്വര്യ എന്നാണ് റിപ്പോർട്ടുകൾ. താരത്തിന് ഏകദേശം 800 കോടിയിലധികം രൂപയുടെ ആസ്തിയുണ്ടെന്നാണ് കണക്കുകൾ. ഒരു സിനിമയിൽ അഭിനയിക്കുന്നതിന് 10 മുതൽ 12 ലക്ഷം രൂപ വരെയാണ് താരം പ്രതിഫലം വാങ്ങുന്നത്.

പരസ്യ ചിത്രങ്ങളിൽ ഐശ്വര്യ പ്രത്യക്ഷപ്പെടണമെങ്കിൽ 6 മുതൽ 7 കോടി രൂപ വരെയും പ്രതിഫലം കൊടുക്കേണ്ടി വരും. അതിനാൽ തന്നെ പലരും സ്വപ്നം കാണുന്ന ആഡംബര ജീവിതമാണ് ലോക സുന്ദരി നയിക്കുന്നത്. യാത്ര ചെയ്യാനും മറ്റുമായി കോടികൾ വിലയുള്ള ആഡംബര കാറുകളുടെ വലിയൊരു നിരയും താരത്തിനുണ്ട്. അക്കൂട്ടത്തിലേക്ക് പുതിയൊരു വാഹനം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഐശ്വര്യ. സിനിമാ താരങ്ങൾക്കിടയിൽ ഏറെ ഫാൻസുള്ള ടൊയോട്ട വെല്‍ഫയര്‍ എംപിവിയാണ് ഐശ്വര്യ റായ് ബച്ചന്‍ വാങ്ങിയിരിക്കുന്നത്.
IIFA അവാര്‍ഡിന് പുറപ്പെടാന്‍ മകള്‍ ആരാധ്യയ്‌ക്കൊപ്പം മുംബൈ വിമാനത്താവളത്തിലെത്തിയത് ഈ പുത്തൻ വെല്‍ഫയറിലായിരുന്നു. ആഡംബര എംപിവിയുടെ വിഐപി എക്‌സിക്യൂട്ടിവ് ലോഞ്ച് പതിപ്പാണ് ഐശ്വര്യയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുമുണ്ടിപ്പോൾ. നിലവിൽ സിനിമാ മേഖലയിൽ വലിയ സജീവമല്ലെങ്കിലും പല ബ്രാൻഡുകളുടേയും മുഖമായി താരം നിറഞ്ഞുനിൽക്കുന്നുണ്ട്.

മണിരത്നം സംവിധാനം ചെയ്‌ത പൊന്നിയിൻ സെൽവനായിരുന്നു ഐശ്യര്വ അവസാനം അഭിനയിച്ച ചിത്രം. ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും ആഡംബരവും സൗകര്യപ്രദവുമായ എംപിവികളിൽ ഒന്നാണ് വെൽഫയർ. ഹായ്, വിഐപി എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വരുന്ന വാഹനത്തിന് 1.32 കോടി രൂപയോളമാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. ടാക്‌സും ഇൻഷുറൻസും എല്ലാമായി 1.60 കോടി രൂപയോളം വരും വെൽഫയറിന്റെ മുംബൈയിലെ ഓൺ-റോഡ് വില.
ഈ 4 ഡോറുകളുള്ള എംപിവി അതിൻ്റെ കാരവാൻ പോലെയുള്ള യാത്രാ അനുഭവത്തിന് പേരുകേട്ടതാണ്. മിക്ക സെലിബ്രിറ്റികൾക്കിടയിലും സമ്പന്നർക്കിടയിലും ടൊയോട്ട വെൽഫയർ ഹിറ്റാവാനും പ്രധാന കാരണം ഇതുതന്നെയാണ്. ആമിർ ഖാൻ, അനിൽ കപൂർ, അജയ് ദേവ്ഗൺ തുടങ്ങിയ നിരവധി ബി-ടൗൺ സെലിബ്രിറ്റികൾക്കുംഈ എംപിവി സ്വന്തമാക്കിയവരിൽ പ്രമുഖരാണ്. മോളിവുഡിലെ മോഹൻലാൽ, സുരേഷ് ഗോപി, ബിജു മേനോൻ പോലുള്ള പ്രമുഖരും വെൽഫയർ ഉടമകളാണ്.

2023 ഓഗസ്റ്റിലാണ് ടൊയോട്ട ഏറ്റവും പുതിയ തലമുറയിലുള്ള വെൽഫയർ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഡിസൈൻ മൊത്തത്തിൽ രസകരമായി തോന്നിയേക്കും വിധമാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ ഒരുക്കിയിരിക്കുന്നത്. വലിയ സിക്‌സ് സ്ലാറ്റ് ഗ്രില്ലും സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളും ഉൾപ്പെടുന്ന എക്സ്റ്റീരിയർ അതിമനോഹരമാണ്. എൽഇഡി ഡിആർഎല്ലുകൾ ഹെഡ്‌ലാമ്പുകളുടെ താഴത്തെ ഭാഗത്തായി കൊടുത്തിരിക്കുന്നതും അടിപൊളിയായിട്ടുണ്ട്.
ഫ്രണ്ട് ബമ്പറിൻ്റെ വീതിയിൽ പ്രവർത്തിക്കുന്ന യു ആകൃതിയിലുള്ള ക്രോം സ്ട്രിപ്പും പുതിയ എംപിവിയുടെ ലുക്ക് കിടിലമാക്കുന്ന കാര്യമാണ്. ഇനി അകത്തേക്ക് കയറിയാൽ പുറംമോടിയേക്കാൾ ആഡംബരവും സൌകര്യവുമാണ് ടൊയോട്ട വെൽഫയറിൽ ഒരുക്കിയിരിക്കുന്നത്. വലിയ 14 ഇഞ്ച് യൂണിറ്റാണ് ഡാഷ്ബോർഡിന്റെ മധ്യഭാഗത്തായി ഇടംപിടിച്ചിരിക്കുന്നത്. സീറ്റ് ഡിസൈനും അപ്ഹോൾസ്റ്ററിയും പുതിയ കാലത്തിനൊത്തതാണ്.
വാഹനത്തിന്റെ വിവിധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ഒരു ഓവർഹെഡ് കൺസോൾ, ഒന്നിലധികം എസി വെൻ്റുകൾ, പുതുതായി രൂപകൽപ്പന ചെയ്ത പുൾ-ഡൗൺ സൺ ഷേഡുകൾ എന്നിവയെല്ലാം ടൊയോട്ട വെൽഫയറിന്റെ അകത്തളത്തെ സവിശേഷമാക്കും. മധ്യ നിരയിൽ സുഖപ്രദമായ ക്യാപ്റ്റൻ സീറ്റുകളുള്ള പ്രീമിയം ലോഞ്ച് പോലുള്ള അനുഭവമാണ് ഐശ്വര്യ റായ് ബച്ചന്റെ വിഐപി എക്‌സിക്യൂട്ടിവ് ലോഞ്ച് നൽകുക.
സീറ്റുകൾക്ക് വെന്റിലേറ്റഡ്, ഹീറ്റഡ് ഫങ്ഷനുകൾ, മടക്കാനാവുന്ന ടേബിളുകൾ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ചാർജർ, എട്ട് തരത്തിൽ പവർ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, അറുപതിലധികം ഫീച്ചറുകളുള്ള കണക്റ്റഡ് കാർ ഫീച്ചറുകൾ, ആറ് എയർബാഗുകൾ, സ്റ്റെബിലിറ്റി കൺട്രോൾ, പാർക്ക് അസിസ്റ്റ്, ഹിൽ അസിസ്റ്റ് കൺട്രോൾ, ടൊയോട്ട സേഫ്റ്റി സെൻസ് ADAS എന്നിവയും ഐശ്വര്യയുടെ പുത്തൻ കാറിന്റെ പ്രധാന സവിശേഷതകളാണ്.
ടൊയോട്ടയുടെ TNGA-K മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് പുതിയ വെൽഫയർ വിഐപി എക്‌സിക്യൂട്ടീവ് ലോഞ്ച് പണികഴിപ്പിച്ചിരിക്കുന്നത്. 193 bhp കരുത്തിൽ 240 Nm torque ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റർ, ഫോർ സിലിണ്ടർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനാണ് വെൽഫയറിന്റെ ഹൃദയം. ഇ-സിവിടി ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എംപിവിക്ക് 19.28 കിലോമീറ്റർ ഇന്ധനക്ഷമതയും ടൊയോട്ട അവകാശപ്പെടുന്നുണ്ട്.


Click it and Unblock the Notifications








