റീച്ചാർജ് നിരക്ക് കൂട്ടി കാശുവാരി ജിയോ! 12 കോടിയുടെ പുത്തൻ ആഢംബര കാർ വാങ്ങി അംബാനിക്കുട്ടി
ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനാണ് റിലയൻസ് ഗ്രൂപ്പ് ചെയർമാനായ മുകേഷ് അംബാനി. സാധാരണക്കാരുടെ പൊതുവായുള്ള സംസാരത്തിൽ പോലും ഇവരുടെ പേര് കടന്നുവരാറുണ്ടെന്നത് രസകരമായ കാര്യമാണ്. നീയാര് അംബാനിയോ, അംബാനിയുടെ മോനല്ല ഇവൻ എന്നൊക്കെ നമ്മൾ അടിക്കടി പറയാറുള്ളതാണ്. ലോകം മുഴുവൻ പടർന്ന് പന്തലിച്ച് കിടക്കുന്ന വലിയൊരു സാമ്രാജ്യത്തിന്റെ അമരക്കാരാനായ മുകേഷ് അംബാനിയെ പരിചയമുള്ളതു പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും മിക്കവർക്കും അറിയാം. ഐപിഎൽ താരലേലത്തിലും മറ്റും തിളങ്ങി നിൽക്കുന്ന ആകാശ് അംബാനിയുടെ മുഖവും ഏറെ പരിചിതമാണ്.
റിലയൻസ് ഗ്രൂപ്പിന്റെ ടെലികോം ബിസിനസ് കൈകാര്യം ചെയ്യുന്നത് മൂത്തമകനായ ആകാശ് അംബാനിയാണ്. ഏകദേശം 3,300 കോടി രൂപയുടെ ആസ്തിയുള്ള കക്ഷി ഇപ്പോഴിതാ പുത്തനൊരു കാർ വാങ്ങിയിരിക്കുകയാണ്. റോൾസ് റോയ്സ് കാറുകളുടെ ഏറ്റവും വലിയ ശേഖരമുള്ളവരാണ് അംബാനി കുടുംബം. ഇക്കൂട്ടത്തിലേക്ക് പുതുതായി എത്തിയിരിക്കുന്നത് ഗോസ്റ്റ് എക്സ്റ്റൻഡഡ് വീൽ ബേസ് മോഡലാണ്.

12 കോടി രൂപയിലധികം വിലമതിക്കുന്ന വാഹനത്തിന്റെ വീഡിയോയും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഒന്നിലധികം ഫാൻ്റം, കലിനൻ, ഗോസ്റ്റ്സ് എന്നിവയുൾപ്പെടെ 20-ലധികം റോൾസ് റോയ്‌സുകൾ ഉൾപ്പെടുന്ന അംബാനി ഗരാജിലെ പുതിയ അതിഥി വരും ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധനേടുമെന്ന് ഉറപ്പാണ്. കാർസ് ഫോർ യു എന്ന യൂട്യൂബ് ചാനലാണ് ആകാശ് അംബാനിയുടെ പുത്തൻ കാറിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
മുകളിൽ സൂചിപ്പിച്ചതുപോലെ അംബാനിയുടെ ശേഖരത്തിലെ ഏറ്റവും പുതിയ ഗോസ്റ്റ് എക്സ്റ്റെൻഡഡ് വീൽബേസ് വേരിയൻ്റാണ്. ഇതിൻ്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത് 7.95 കോടി രൂപയാണ്. ബാക്കി കസ്റ്റമൈസേഷനും ടാക്‌സും ഇൻഷുറൻസുമെല്ലാമായി റോൾസ് റോയ്‌സിന്റെ അത്യാഡംബര കാറിന് ഏകദേശം 12 കോടി രൂപയോളം വരുമെന്നാണ് റിപ്പോർട്ട്.

ആകാശ് അംബാനിയുടെ ഈ പ്രത്യേക റോൾസ് റോയ്സ് ഗോസ്റ്റ് എക്സ്റ്റെൻഡഡ് വീൽബേസിന് "9999" എന്ന വിഐപി രജിസ്ട്രേഷൻ നമ്പറും ലഭിക്കുന്നുണ്ട്. സാധാരണയായി ആകാശ് അംബാനി ഉപയോഗിക്കുന്ന കാറുകൾക്കെല്ലാം ഇതേ ഫാൻസി നമ്പരാണുള്ളത്. 563 bhp കരുത്തിൽ പരമാവധി 820 Nm torque വരെ ഉത്പാദിപ്പിക്കുന്ന 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V12 പെട്രോൾ എഞ്ചിനാണ് റോൾസ് റോയ്സ് ഗോസ്റ്റ് എക്സ്റ്റെൻഡഡ് വീൽബേസിന് തുടിപ്പേകുന്നത്.
8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് AWD സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും പവർ അയയ്ക്കാനും സാധിക്കും. 4.8 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 205 കിലോമീറ്ററാണെന്നും കമ്പനി പറയുന്നുണ്ട്. റോൾസ് റോയ്സ് ഗോസ്റ്റ് എക്സ്റ്റെൻഡഡ് വീൽബേസിന്റെ ഗൺമെറ്റൽ ഗ്രേ കളർ ഓപ്ഷനാണ് മുകേഷ് അബാനിയുടെ മൂത്തപുത്രൻ തെരഞ്ഞെടുത്തിരിക്കുന്നതും.

12 കോടിക്ക് മുകളിൽ മുടക്കുന്നതിനാൽ തന്നെ അത്യാഡംബര സവിശേഷതകളാൽ വാഹനത്തിന്റെ അകത്തളം സമ്പന്നമാണ്. ഇല്ലുമിനേറ്റഡ് റൂഫ്, പിന്നിലെ ഹാന്‍ഡ് റെസ്റ്റിലും ഡോര്‍ പാനലിലും ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഇന്‍ഫിനിറ്റി ലോഗോ, സ്റ്റൈലിഷായി പണികഴിപ്പിച്ചിരിക്കുന്ന ഡാഷ്‌ബോര്‍ഡ്, ലെതര്‍ സീറ്റുകള്‍ തുടങ്ങിയ എല്ലാത്തരം സജ്ജീകരണങ്ങളും റോസ് റോയ്‌സ് ഗോസ്റ്റിൽ കൊടുത്തിട്ടുണ്ട്.
ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, 1300 വാട്ട്‌സ് ഓഡിയോ സിസ്റ്റം, ഹെഡ്സ് അപ്പ് ഡിസ്പ്ലേ, ഇല്യൂമിനേറ്റര്‍ ഡാഷ്ബോര്‍ഡ്, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിങ്ങനെയുള്ള പ്രീമിയം ഫീച്ചറുകളും ഗോസ്റ്റിന്റെ ഇന്റീരിയറിൽ ഒരുക്കിയിട്ടുണ്ട്. കിടിലൻ യാത്രാസുഖമുള്ളതിനാൽ പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള വാഹനമായി റോള്‍സ് റോയ്സ് മോഡലുകളെ വിശേഷിപ്പിക്കുന്നത് ചുമ്മാതെയല്ലെന്ന് മനസിലായി കാണുമല്ലോ.


Click it and Unblock the Notifications








