പറക്കും കാറിന് സർക്കാർ അനുമതി, ആകാശം കീഴടക്കാൻ ഈ ഇലക്ട്രിക് ഫ്ലൈയിംഗ് കാർ
യാത്രാ സംവിധാനങ്ങളെ പൊളിച്ചെഴുതാൻ ഫ്ലൈയിംഗ് കാറുകൾ വരാൻ പോവുകയാണെന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളിമ്മിണിയായിട്ടുണ്ട്. ഇതുവരെ പല പരീക്ഷണങ്ങളുടെ വാർത്തകൾ മാത്രമാണ് നാം കേട്ടിരുന്നതെങ്കിൽ ഇതെല്ലാം അധികംവൈകാതെ യാഥാർഥ്യമാവുമെന്നതാണ് സന്തോഷം പകരുന്ന കാര്യം. ഫ്ലൈയിംഗ് കാറുകളുകളൊക്കെ വരാനിരിക്കുന്ന തലമുറയ്ക്ക് വെറും സാധാരണ കാഴ്ച്ച മാത്രമായിരിക്കുമെന്നാണ് വിലയിരുത്തൽ.
സ്റ്റാർ വാർസ് പോലുള്ള ഫാന്റസി സിനിമകളിൽ മാത്രം നാം കണ്ടിട്ടുള്ളവ ഉടൻ ആകാശത്തെ അവകാശികളാവും. പറക്കും കാറിന് നിയമാനുമതി നൽകി യുഎസ് ഗവൺമെന്റ് ഇതിനുള്ള ആദ്യ ചുവടും വെച്ചിരിക്കുകയാണ്. അലെഫ് എയറോനോട്ടിക്‌സിന്റെ മോഡൽ A എന്ന പറക്കും കാറിനാണ് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ സർക്കാർ നിയമാനുമതി നൽകിയിരിക്കുന്നത്.

യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (FAA) പ്രത്യേക അനുമതി ലഭിച്ച ആദ്യത്തെ ഫ്ലൈയിംഗ് കാർ കൂടിയാണ് അലെഫ് എയറോനോട്ടിക്‌സിൽ നിന്നുള്ള മോഡൽ A. ഇതുമായി ബന്ധപ്പെട്ട് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ വാഹനത്തിന് ആവശ്യമായ അടിസ്ഥാന റെഗുലേറ്ററി ക്ലിയറൻസുകൾ നേടിയതായി എടുത്തുകാണിക്കുന്നു. ഏകദേശം 320 കിലോമീറ്റർ ഡ്രൈവ് റേഞ്ചും 180 കിലോമീറ്റർ ഫ്ലൈറ്റ് റേഞ്ചും ഉള്ള ചിറകുകളില്ലാത്ത പറക്കുന്ന കാറായാണ് മോഡൽ A അറിയപ്പെടുന്നത്.
എന്നാൽ ഈ ഫ്ലൈയിംഗ് കാറിന്റെ ഭാരം, ക്യാബിൻ സ്‌പേസ്, റോട്ടറുകളുടെയും മോട്ടോറുകളുടെയും എണ്ണം എന്നിങ്ങനെയുള്ള കൃത്യമായ സവിശേഷതകളെ കുറിച്ച് കൂടുതൽ അറിവുകളൊന്നും ഇപ്പോൾ ലഭ്യമല്ല. എന്നാൽ ഇത് പേഴ്‌സണൽ എയർ മൊബിലിറ്റി ഓപ്‌ഷനുകളെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. കാലിഫോർണിയ ആസ്ഥാനമായ അലെഫ് എയറോനോട്ടിക്‌സിന്റെ പറക്കും കാർ പൂർണമായും ഇലക്ട്രിക്കാലാണ് പ്രവർത്തിക്കുക എന്നതും ശ്രദ്ധേയമായ കാര്യം തന്നെയാണ്.

അതായത് പൂർണമായും പരിസ്ഥിതിക്ക് ഇണങ്ങുന്ന വിധത്തിലാണ് അലെഫ് എയറോനോട്ടിക്‌സ് മോഡൽ A പറക്കും കാറിനെ തയാറാക്കിയിരിക്കുന്നതെന്ന് സാരം. രണ്ടുപേർക്കാണ് ഇതിൽ യാത്ര ചെയ്യാനാവുന്നത്. ഏകദേശം മൂന്ന് ലക്ഷം ഡോളറാണ് കാറിന്റെ വില വരുന്നത് എന്നും വിവരമുണ്ട്. കമ്പനി 2022 മുതൽ തന്നെ മോഡലിന്റെ മുൻകൂർ ഓർഡറുകൾ സ്വീകരിക്കാൻ തുടങ്ങിയിരുന്നു. ഇപ്പോഴും പ്രോട്ടോടൈപ്പ് മോഡലുകൾ മാത്രമേ പരീക്ഷിക്കുന്നുള്ളൂ എന്നതിനാൽ കുറച്ച് കാത്തിരിക്കേണ്ടി വരും.
നിർമാണത്തിന് തയാറായ പറക്കും കാറിന്റെ പതിപ്പ് ഉടൻ പ്രതീക്ഷിക്കുന്നില്ല. ആകാശം കീഴടക്കാൻ എത്തുന്ന മോഡൽ A 2025 അവസാനത്തോടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഏത് സ്ഥലത്തുനിന്നും പറന്നുയരാനും ഇറങ്ങാനുമുള്ള കഴിവാണ് ഇത്തരം വാഹനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല പാർക്കിംഗ് കേന്ദ്രങ്ങളിലും ഇവ പാർക്ക് ചെയ്യാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

റോഡുകളിൽ ഓടിക്കാനും ആകാശത്ത് പറക്കാനും കഴിയുന്ന പൂർണമായും പ്രവർത്തനക്ഷമമായ ഒരു ഇലക്ട്രിക് കാർ ആണ് അലെഫിന്റെ മോഡൽ A എന്ന കാര്യവും ഇതിന്റെ കൂടി കൂട്ടിവായിക്കേണ്ടതാണ്. 200 മൈൽ അതായത് ഏകദേശം 322 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചും 110 മൈൽ അതായത് 177 കിലോമീറ്റർ പറക്കാനുള്ള റേഞ്ചുമാണ് അലെഫ് എയറോനോട്ടിക്‌സ് മോഡൽ A ഫ്ലൈയിംഗ് കാറിൽ വാഗ്‌ദാനം ചെയ്യുന്നത്.
യുകെ പോലുള്ള രാജ്യങ്ങളിൽ 2030 ഓടെയെടും 2035 ഓടെ അമേരിക്കയിലും ഡീസൽ കാറുകളെല്ലാം ഓർമയാവുമ്പോൾ ഇത്തരം സംവിധാനങ്ങളുടെ വരവ് ശരിക്കും ഒരു അനുഗ്രഹമായിരിക്കും.ട്രാഫിക്കിനെ പറ്റി ചിന്തകളൊന്നുമില്ലാതെ ആകാശത്തുകൂടെ പറപറന്ന് അതിവേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്താം. ഇന്ത്യക്കാർക്കും ഫ്ലൈയിംഗ് ടാക്‌സികൾ ലഭിക്കുന്ന കാലം വിദൂരമല്ലെന്നു വേണം പറയാൻ. ഐഐടി മദ്രാസ് സ്റ്റാർട്ടപ്പ് ഒരു ഇലക്ട്രിക് ഫ്ലൈയിംഗ് ടാക്സിയുടെ പ്രോട്ടോടൈപ്പ് അടുത്തിടെ പ്രദർശിപ്പിച്ചിരുന്നു.

2017-ൽ സ്ഥാപിതമായ സ്റ്റാർട്ടപ്പ് ഈ വർഷം കർണാടകയിലെ ബെംഗളൂരുവിൽ നടന്ന എയ്‌റോ ഇന്ത്യ ഷോയിൽ പറക്കും ടാക്സി പ്രോട്ടോടൈപ്പ് അവതരിപ്പിച്ചിരുന്നു. ഒരു ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (eVOTL) മോഡലായിരുന്നു ഇതും. ഒറ്റ ചാർജിൽ ഏകദേശം 200 കിലോമീറ്റർ പറക്കാനും ഐഐടി മദ്രാസ് സ്റ്റാർട്ടപ്പിന്റെ മോഡലിന് സാധിക്കുമെന്നാണ് അവകാശപ്പെട്ടത്. എന്തായാലും യാത്രാ സംവിധാനങ്ങളെ പൊളിച്ചെഴുതാൻ പോവുന്ന ഇത്തരം വാഹനങ്ങൾ ഭാവിയിൽ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാവുമെന്നാണ് പ്രവചനങ്ങൾ.


Click it and Unblock the Notifications








