ഇതുപോലെ വാക്കുപാലിക്കുന്നൊരു മനുഷ്യൻ, ക്രിക്കറ്റ് താരത്തിന്റെ അച്ഛനും എസ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര
സോഷ്യൽ മീഡിയയിൽ വളരെയധികം ഇടപെടലുകൾ നടത്തുന്ന വ്യവസായി പ്രമുഖനാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്ന വാഹന നിർമാതാക്കളുടെ ഉടമയായ ആനന്ദ് മഹീന്ദ്ര. സമൂഹമാധ്യമങ്ങൾ വേണ്ട രീതിയിൽ ഏറ്റവും നന്നായി ഉപയോഗിക്കുന്ന ഒരാൾ കൂടിയാണ് ഇദ്ദേഹമെന്ന് നിസംശയം പറയാം. ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ തൻ്റെ ആരാധകർക്കായി എന്തെങ്കിലുമൊക്കെ അദ്ഭുതങ്ങൾ പങ്കിടാറുമുണ്ട്.
അടുത്തിടെ ചെസ് മാസ്റ്റർ പ്രഗ്നാനന്ദയ്ക്കും മാതാപിതാക്കൾക്കുമായി പുത്തൻ XUV400 എസ്‌യുവി സമ്മാനിച്ച ആനന്ദ് മഹീന്ദ്ര മുമ്പ് പ്രഖ്യാപിച്ച മറ്റൊരു വാക്കും കൂടി പാലിച്ച് കൈയടി നേടുകയാണ്. എന്താണന്നല്ലേ ഇന്ത്യൻ ക്രിക്കറ്റ് താരം സർഫ്രാസ് ഖാന്റെ പിതാവ് നൗഷാദ് ഖാന് ഥാർ എസ്‌യുവി സമ്മാനിക്കുമെന്ന പറഞ്ഞ വാക്കാണ് വണ്ടിക്കമ്പനി മുതലാളി പാലിച്ചിരിക്കുന്നത്.

കരിയറിലെ ഉയർച്ച താഴ്ച്ചകളിലൂടെ കടന്നു പോയപ്പോൾ സർഫ്രാസിനെ പരിശീലിപ്പിച്ച് ഉന്നതങ്ങളിൽ എത്തിച്ചതിനാണ് ആനന്ദ് മഹീന്ദ്രയുടെ ഈ സ്നേഹ സമ്മാനം. ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ മത്സരത്തിൽ മികച്ച പ്രകടനത്തിലൂടെ അർധ സെഞ്ചുറി നേടി തിളങ്ങിയ വേളയിലാണ് മകനെ രാജ്യത്തിന് കളിക്കാൻ പ്രാപ്തനാക്കിയ പിതാവിന് മഹീന്ദ്ര ഥാർ വാഹനം സമ്മാനിമായി നൽകുമെന്നാണ് ആനന്ദ് മഹീന്ദ്ര മുമ്പ് ട്വിറ്ററിൽ പ്രഖ്യാപിച്ചത്.
ഐപിഎല്ലിൽ പോലും മികച്ച പ്രകടനങ്ങൾ പലതവണ കാഴ്ച്ചവെച്ചിട്ടും ഇന്ത്യൻ ജേഴ്‌സിയണിയാൻ യുവതാരത്തിന് കാത്തിരിക്കേണ്ടി വന്നത് വർഷങ്ങളായിരുന്നു. ഈ അവഗണനകൾക്കിടയിലും കരുത്തേകി ഒപ്പം നിന്നയാളാണ് പിതാവ് നൗഷാദ് ഖാൻ. കഴിഞ്ഞ 15 വർഷമായി സർഫറാസിൻ്റെ ക്രിക്കറ്റ് അന്വേഷണങ്ങളിൽ ഒരു വഴികാട്ടിയാണ്. അദ്ദേഹത്തിൻ്റെ കഴിവുകൾ പരിപോഷിപ്പിക്കുകയും സ്പോർട്സിനോടുള്ള അഭിനിവേശം വർധിപ്പിക്കുകയും ചെയ്തത് സ്വന്തം അച്ഛനായിരുന്നു.
എന്തായാലും ഇന്ത്യൻ കായിക താരങ്ങളോട് പ്രത്യേക ആദരവുള്ള ആനന്ദ് മഹീന്ദ്ര തന്റെ വാക്കുപാലിച്ചത് വീണ്ടും വലിയ വാർത്തയായിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും ജനപ്രിയമായ ലൈഫ്-സ്റ്റൈൽ ഓഫ്-റോഡർ എസ്‌യുവിയായ ഥാറാണ് നൗഷാദ് ഖാന് മഹീന്ദ്ര മുതലാളി സമ്മാനിച്ചിരിക്കുന്നത്. ഒരു പ്രചോദനാത്മക രക്ഷിതാവായതിന്, നൗഷാദ് ഖാൻ ഒരു ഥാർ സമ്മാനം സ്വീകരിക്കുകയാണെങ്കിൽ അത് എൻ്റെ പദവിയും ബഹുമതിയും ആയിരിക്കുമെന്ന കുറിപ്പോടെയാണ് ഇക്കാര്യം ആനന്ദ് മഹീന്ദ്ര X പ്ലാറ്റ്ഫോമിൽ കുറിച്ചത്.
പ്രഖ്യാപനം വന്ന് ഒരു മാസത്തിന് ശേഷമാണ് ആനന്ദ് നൗഷാദിന് ഥാർ സമ്മാനിച്ചിരിക്കുന്നത്. സർഫ്രാസ് ഖാനും പിതാവും കൂടി എസ്‌യുവിയുടെ ഡെലിവറി എടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ രാജ്‌കോട്ട് ടെസ്റ്റിലാണ് സർഫറാസ് അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ ഇന്നിംഗ്‌സിൽ അർധ സെഞ്ച്വറി നേടിയ താരം 62 റൺസ് നേടി ടീമിന്റെ നട്ടല്ലെയി മാറി. റാഞ്ചി ടെസ്റ്റിലും പൊരുതിയാണ് യുവതാരം മടങ്ങിയത്.

ധർമ്മശാല ടെസ്റ്റ് മത്സരത്തിൽ 56 റൺസ് നേടിയ സർഫറാസ് ഖാൻ പരമ്പര 4-1 ന് മുന്നിലെത്തിക്കാൻ ഇന്ത്യയെ സഹായിച്ചു. മൂന്ന് ടെസ്റ്റുകളിൽ നിന്ന് 50 ശരാശരിയിൽ 200 റൺസുമായാണ് വലംകൈയ്യൻ ബാറ്റ്സ്മാൻ പരമ്പര പൂർത്തിയാക്കിയത്. എന്തായാലും ഗരാജിലേക്ക് ആദ്യ എസ്‌യുവിയെ വൻവരവേൽപ്പോടെയാണ് അച്ഛനും മകനും സ്വീകരിച്ചിരിക്കുന്നത്. ഇനി പരിശീലനത്തിനും മറ്റ് ആവശ്യങ്ങൾക്കുമെല്ലാം സർഫറാസ് ഥാറിലായിരിക്കും യാത്ര ചെയ്യുക.
ഇന്ത്യയിൽ റിയർ വീൽ ഡ്രൈവ് (RWD) ഫോർവീൽ ഡ്രൈവ് (4X4) എന്നിങ്ങനെ രണ്ട് മോഡലുകളിൽ എത്തുന്ന മഹീന്ദ്ര ഥാറിന്റെ ഏത് പതിപ്പാണ് ആനന്ദ് മഹീന്ദ്ര നൗഷാദ് ഖാന് സമ്മാനിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. എങ്കിലും 4X4 വേരിയന്റാവാനാണ് സാധ്യത. സ്റ്റെൽത്ത് ബ്ലാക്ക് കളർ ഓപ്ഷനിൽ ഒരുങ്ങിയ വാഹനമാണ് താരത്തിന്റെ ഗരാജിലേക്ക് എത്തുന്നത്. ഥാർ 4X2 ശ്രേണിയുടെ എക്സ്ഷോറൂം വില 11.25 ലക്ഷം രൂപയിൽ തുടങ്ങി 13.99 ലക്ഷം രൂപ വരെയാണ് വരുന്നത്.

അതേസമയം മഹീന്ദ്ര ഥാർ എസ്‌യുവിയുടെ 4X4 പതിപ്പുകൾക്ക് 14.30 ലക്ഷം മുതൽ 16.60 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വിലയായി ചെലവഴിക്കേണ്ടി വരുന്നത്. എഞ്ചിനിലേക്ക് നോക്കിയാൽ RWD മോഡലുകൾ D117 CRDe ഡീസൽ, 2.0 ലിറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഗ്‌ദാനം ചെയ്യുന്നത്. 4X2 പതിപ്പുകൾക്ക് 117 bhp പവറിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കും.
ഇനി 4X2 പെട്രോൾ 150 bhp കരുത്തിൽ 320 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഥാറിന്റെ ഈ മോഡലുകളുടെ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും മാത്രമേ ലഭ്യമാകൂ. എസ്‌യുവിയുടെ 4X4 മോഡലും രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തുന്നത്.

ഇതിൽ മുകളിൽ സൂചിപ്പിച്ച അതേ 2.0 ലിറ്റർ ടർബോ-പെട്രോൾ എംസ്റ്റാലിയൻ യൂണിറ്റും 2.2 ലിറ്റർ എംഹോക്ക് ഡീസലുമാണവ. 4X4 ഡീസൽ പതിപ്പിന് 130 bhp പവറിൽ പരമാവധി 300 Nm torque വരെ നൽകും. 6-സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ ഇതിലുണ്ടെന്ന് വേണം പറയാൻ. ആനന്ദ് മഹീന്ദ്രയുടെ ഈ സമ്മാനം കൈമാറൽ യുവ പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ മാതാപിതാക്കളുടെ പിന്തുണയുടെയും പ്രോത്സാഹനത്തിൻ്റെയും പ്രാധാന്യമാണ് എടുത്തുകാണിക്കുന്നത്.


Click it and Unblock the Notifications








