5,000 കോടി മുടക്കിയുള്ള അംബാനി കല്യാണം ഇന്ന്, ആനന്ദിനും രാധികയ്ക്കും സ്വന്തമായുള്ള വണ്ടികൾ കണ്ടാൽ കണ്ണുതള്ളും
ബിസിനസ്, സ്വത്ത്, വീടുകൾ അല്ലെങ്കിൽ കാറുകളുടെ കാര്യത്തിൽ പോലും ഇന്ത്യയിൽ എതിരാളിയില്ലാത്ത കുടുംബമാണ് അംബാനിയുടേത്. ഇപ്പോൾ ലോകം മുഴുവൻ ചർച്ചയായ ആനന്ദ് അംബാനിയുടെ കല്യാണത്തിനും പൊടിക്കുന്നത് കോടികളാണ്. ഒന്നോ രണ്ടോ കോടി രൂപയൊന്നുമല്ല, ഒരിക്കലും സാധാരണക്കാർക്ക് സ്വപ്‌നം പോലും കാണാനാവാത്ത തുകയാണ് മകന്റെ വിവാഹത്തിനായി മുകേഷ് അംബാനി പൊടിക്കുന്നത്. മാസങ്ങളോളം നീണ്ട ആഘോഷങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ആനന്ദ് അംബാനിയുടേയും രാധിക മെർച്ചന്റിന്റേയും കല്യാണം ഇന്ന് നടക്കും. മുംബൈയിലെ ബികെസി ജിയോ വേൾഡ് സെന്ററിൽ വെച്ചാണ് ആഡംബര വിവാഹം നടക്കുക.
ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ ഇളയപുത്രനും സമ്പത്തിന്റെയും ആസ്‌തിയുടേയും കാര്യത്തിൽ ഒട്ടും പിന്നിലല്ലെന്ന് വേണം പറയാൻ. രാധിക മർച്ചന്റും മോശമാക്കില്ലെന്ന് അറിയാല്ലോ. അംബാനിക്കുട്ടിക്ക് ആഡംബര വാച്ചുകളുടെ ഒരു വലിയ കളക്ഷന്‍ തന്നെയുണ്ടെന്ന് പലതവണ കേട്ടിട്ടുണ്ട്. അതുപോലെയാണ് കാറുകളുടെ കാര്യത്തിലും ഈ ധനികദമ്പതികൾ ഒട്ടും പിന്നിലല്ല. ആനന്ദിന്റെയും രാധികയുടെയും ഉടമസ്ഥതയിലുള്ള കാറുകൾ ഏതെല്ലാമെന്ന് നോക്കിയാലോ. എണ്ണം പറഞ്ഞ് തലപുകയ്ക്കുന്നില്ലെങ്കിലും ഗരാജിൽ പ്രത്യേക സ്ഥാനമനർഹിക്കുന്ന മോഡലുകൾ ഏതെല്ലാമെന്ന് പറയാം.

ബെൻ്റ്ലി കോണ്ടിനെൻ്റൽ GTC: ആനന്ദ് അംബാനിയുടെ ഗരാജിലെ ഏറ്റവും വില പിടിപ്പുള്ളതും സ്റ്റൈലിഷുമായ കാറുകളിൽ ഒന്നാണിത്. റോൾസ് റോയ്‌സുകളുടെ വലിയ നിരയുള്ള വീട്ടിലെ ഏറ്റവും ശ്രദ്ധേയമായ അതിഥിയാണ് ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിർമാതാക്കളായി ബെന്റിലിയുടെ കോണ്ടിനെൻ്റൽ GTC. ആനന്ദിനും രാധിക മർച്ചൻ്റിനും വിവാഹനിശ്ചയ സമ്മാനമായി അച്ഛനും അമ്മയും നൽകിയ കാറിന് 3.71 കോടി രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.
മെർസിഡീസ് ബെൻസ് S-ക്ലാസ് W221: ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബെൻസിന്റെ ലക്ഷ്വറി സെഡാനും ആനന്ദ് അംബാനിയുടെ ഗരാജിലെ വിശിഷ്ടാതിഥിയാണ്. ഇവർക്കായി പ്രത്യേകം നിർമിച്ച അത്യാധുനിക സുരക്ഷാ സന്നാഹങ്ങളുള്ള സെഡാന്റെ W221 എന്ന മോഡലാണ് ആനന്ദിനും രാധിക മർച്ചന്റിനുമായുള്ളത്. ഇത് സാധാരണക്കാർക്ക് വാങ്ങാനാവില്ലെങ്കിലും S-ക്ലാസിന്റെ സ്റ്റാൻഡേർഡ് മോഡൽ വിപണിയിലുണ്ട്. ഇതിന് 1.76 കോടി രൂപയാണ് വില വരുന്നത്.

റേഞ്ച് റോവർ വോഗ്: 2.38 കോടി രൂപ മുതൽ എക്‌സ്ഷോറൂം വില വരുന്ന റേഞ്ച് റോവറിന്റെ ഈ മോഡലും ആനന്ദ്-രധിക ദമ്പതികൾക്കായി വീട്ടിലുണ്ടാവും. സെലിബ്രിറ്റികൾക്കിടയിൽ പ്രത്യേക ഫാൻബേസുള്ള എസ്‌യുവികളിൽ ഒന്ന് കൂടിയാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഓൺ-റോഡിലേത് പോലെ ഓഫ്-റോഡിലും മിന്നുന്ന പ്രകടനം കാഴ്ച്ചവെക്കാനുള്ള അസാമാന്യമായ കഴിവാണ് വോഗിനുള്ളത്. പെട്രോൾ, ഡീസൽ അല്ലെങ്കിൽ ഒരു ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളാണ് ഇതിനുള്ളത്.
ബിഎംഡബ്ല്യു i8: ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു ടൂ-ഡോർ സ്പോർട്‌സ് കാറായ i8 സ്വന്തമാക്കിയിട്ടുള്ള ചുരുക്കം ചില ആളുകളിൽ ഒരാളാണ് ആനന്ദ് അംബാനി. കിടിലൻ ഡിസൈൻ, സിസർ ഡോറുകൾ, ഹൈബ്രിഡ് എഞ്ചിൻ എന്നിവ കാരണം വേറിട്ടു നിന്ന ഈ വാഹനത്തിന് 2.62 കോടി രൂപയായിരുന്നു അക്കാലത്ത് എക്സ്ഷോറൂം വിലയുണ്ടായിരുന്നത്. 228 bhp കരുത്തിൽ 320 Nm torque നൽകുന്ന ത്രീ-സിലിണ്ടർ 1.5 ലിറ്റർ എഞ്ചിനുമായി ജോടിയാക്കിയ ഹൈബ്രിഡ് സംവിധാനമാണ് ഇതിന്റെ ഹൃദയം.

മെർസിഡീസ് ബെൻസ് G63 AMG: റേഞ്ച് റോവറുകൾ പോലെ ജി-വാഗൺ ഇല്ലാതെ ഒരു ആഡംബര കാർ ശേഖരവും പൂർത്തിയാകില്ല. അതുപോലെ തന്നെയാണ് ശതകോടീശ്വരനായ ആനന്ദ് അംബാനിയുടെയും വധു രാധികയുടേയും ഗരാജും. 4.0 ലിറ്റർ V8 എഞ്ചിനുമായി വരുന്ന മെർസിഡീസ് ബെൻസ് G63 AMG എസ്‌യുവിക്ക് 577 bhp പവറിൽ പരമാവധി 850 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 4 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില വരുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








