ഒരു എപ്പിസോഡിന് വാങ്ങുന്നത് 5 കോടി പ്രതിഫലം, യാത്രകൾ പുതിയ റേഞ്ച് റോവർ എസ്യുവിയിലാക്കി ടിവി താരം
കോമഡി പറഞ്ഞ് തുടങ്ങി ഉയരങ്ങളിലെത്തിയ രമേശ് പിഷാരഡിയെ മലയാളികൾക്ക് എത്രമേൽ പ്രിയങ്കരമാണോ അതുപോലെയാണ് ഹിന്ദി ഭാഷ സംസാരിക്കുന്നവർക്ക് കപിൽ ശർമ്മ. കൊമേഴ്സ്യൽ ആർട്സും കമ്പ്യൂട്ടറും ഒക്കെ പഠിച്ചശേഷം ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നാടകം പഠിപ്പിക്കാൻ തുടങ്ങിയ കക്ഷി ഇന്ന് ഏറ്റവും കൂടുതല് പ്രതിഫലം വാങ്ങുന്ന ടിവി താരമാണ്. ഏറ്റവും മോശം അവസ്ഥയില് നിന്ന് പ്രശസ്തിയുടെ കൊടുമുടിയിലേക്ക് നടന്ന് കയറിയ കലാകാരനെ അറിയാത്ത ഇന്ത്യക്കാർ തന്നെ കുറവാണ്. അവതാരകനും കൊമേഡിയൻ എന്ന നിലയിൽ കോടികൾ പ്രതിഫലം വാങ്ങുന്ന കപിൽ ദി ഗ്രേറ്റ് ഇന്ത്യന് ലാഫര് ചലഞ്ച് എന്ന ടിവി ഷോയിലൂടെയാണ് ശ്രദ്ധനേടുന്നത്.
ഇതിൽ കപ്പടിച്ച കപിലിന് പിന്നെ ഇതുവരെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യന് ടെലിവിഷനില് ഏറ്റവും കൂടുതല് പ്രതിഫലം വാങ്ങുന്ന അവതാരകനായി മാറിയത് വളരെ വേഗമായിരുന്നു. ഇപ്പോകൾ ദി ഗ്രേറ്റ് ഇന്ത്യന് കപില് ഷോയുടെ അവതാരകനായ ശര്മ്മ ഒരു എപ്പിസോഡിന് 5 കോടി രൂപയാണ് പ്രതിഫലമായി കൈപ്പറ്റുന്നത്. 300 കോടി രൂപയിലേറെ ആസ്തിയുള്ള കപിൽ ഇപ്പോഴിതാ യാത്രകൾക്കായി പുത്തനൊരു ആഡംബര എസ്യുവി വാങ്ങിയിരിക്കുകയാണ്.

നിരവധി ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് നടന്മാരും സ്വന്തമാക്കിയിട്ടുള്ള റേഞ്ച് റോവർ ഓട്ടോബയോഗ്രഫി എസ്യുവിയാണ് കപിലിന്റെ പോർച്ചിലേക്ക് എത്തിയിരിക്കുന്നത്. സെലിബ്രിറ്റികളുടെ വാഹന വിശേഷങ്ങൾ പങ്കുവെക്കുന്ന കാർസ് ഫോർ യു എന്ന യൂട്യൂബ് ചാനലാണ് ടിവി താരത്തിന്റെ പുത്തൻ ആഡംബര എസ്യുവിയെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിരിക്കുന്നത്.
കപിൽ തന്റെ പുതിയ ആഡംബര എസ്യുവിയിൽ ഒരു വേദിയിലേക്ക് എത്തുന്ന ദൃശ്യങ്ങളും ഇവർ പുറത്തുവിട്ടിട്ടുണ്ട്. റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയുടെ വൈറ്റ് നിറത്തിലുള്ള മോഡലാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. 5 സീറ്റുകളുള്ള റേഞ്ച് റോവർ ഓട്ടോബയോഗ്രഫി ആഡംബര എസ്യുവിക്ക് മുംബൈയിൽ ഏകദേശം 3.20 കോടി രൂപയാണ് ഓൺ-റോഡ് വില വരുന്നത്.

ശക്തമായ 3.0 ലിറ്റർ P400 ഇൻജീനിയം ടർബോചാർജ്ഡ് ഇൻലൈൻ-6 മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് കപിലിന്റെ ഏറ്റവും പുതിയ എസ്യുവിയിൽ പ്രവർത്തിക്കുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 394 bhp കരുത്തിൽ പരമാവധി 550 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഫോർവീൽ ഡ്രൈവ് സംവിധാനവുമായി വരുന്ന ആഡംബര സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് ഓൺ-റോഡിലേത് പോലെ ഓഫ്-റോഡിലും മിന്നുന്ന പെർഫോമൻസ് കാഴ്ച്ചവെക്കാനാവും.
വെറും 5.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും റേഞ്ച് റോവർ ഓട്ടോബയോഗ്രഫിക്കാവും. അതേസമയം വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറിൽ 242 കിലോമീറ്ററാണെന്നും റിപ്പോർട്ടുകളുണ്ട്. ഫീച്ചറുകളാൽ സമ്പന്നമായ അകത്തളമാണ് ആഡംബര എസ്യുവിയുടേതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പിവി പ്രോ ഒഎസുള്ള 13.2 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേ, ഡിജിറ്റൽ ഡ്രൈവർ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വോയ്സ് കമാൻഡുകൾ എന്നിവയെല്ലാം സാധാരണപോലെ തന്നെ കിട്ടും.
ഇതുകൂടാതെ ഹെഡ്-അപ്പ് ഡിസ്പ്ലേ, ഫോർ-സോൺ ഓട്ടോമാറ്റിക് HVAC, ഡിജിറ്റൽ ഓഡിയോ ബ്രോഡ്കാസ്റ്റ് (DAB), വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, പ്രീമിയം മെറിഡിയൻ സൗണ്ട് സിസ്റ്റം, മസാജ് ഫംഗ്ഷനോടുകൂടിയ 24-വേ ഹീറ്റഡ് ആൻഡ് കൂൾഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയും അതിലേറെയും പോലുള്ള പ്രധാന സവിശേഷതകളും കപിൽ ശർമയുടെ ഏറ്റവും പുതിയ വാഹനത്തിൽ ലഭ്യമാണ്.
ഡിസൈനിലേക്ക് നോക്കിയാൽ സിഗ്നേച്ചർ ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്ലൈറ്റുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഹീറ്റഡ് വിൻഡ്സ്ക്രീൻ, എൽഇഡി ഫോഗ് ലൈറ്റുകൾ, 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ തുടങ്ങിയ സംവിധാനങ്ങളാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി എസ്യുവിയുടെ എക്സ്റ്റീരിയറിനെ കിടിലമാക്കുന്നത്. കപിലിന് പുറമെ രൺബീർ കപൂർ, ആലിയ ഭട്ട്, സോനം കപൂർ, പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, കത്രീന കൈഫ്, അനിൽ കപൂർ തുടങ്ങിയ അഭിനേതാക്കളും ഈ എസ്യുവി സ്വന്തമാക്കിയിട്ടുള്ള പ്രമുഖരാണ്.


Click it and Unblock the Notifications








