ലോകത്ത് ആകെയുള്ളത് 60 എണ്ണം മാത്രം, 6 കോടിയുടെ സൂപ്പർകാർ വാങ്ങി ബ്രോക്കിംഗ് കമ്പനി മുതലാളി; ആളെ പിടികിട്ടിയോ
ദിനേശ് തക്കർ എന്ന കോടിപതിയുടെ പേര് നമ്മൾ മലയാളികൾക്ക് അത്ര പരിചിതമല്ലെങ്കിലും ചില വണ്ടിഭ്രാന്തൻമാർക്കെങ്കിലും ഇദ്ദേഹത്തെ അറിയാമായിരിക്കും. അതുമല്ലെങ്കിൽ സ്റ്റോക്ക് മാർക്കറ്റിംഗ് പോലെയുള്ള രംഗത്ത് പ്രവർത്തിക്കുന്നവർക്കും ദിനേശ് തക്കറിനെ അറിയാമായിരിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനികളിലൊന്നായ ഏഞ്ചൽ ബ്രോക്കിംഗിന്റെ ചെയർമാനും എംഡിയുമാണ് ഇദ്ദേഹം. സ്റ്റോക്ക് വാങ്ങുന്നവർക്കും സ്റ്റോക്ക് എക്സ്ചേഞ്ചിനും ഇടയിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം 1996-ലാണ് സ്ഥാപിതമാവുന്നത്. നിലവിൽ 1250 കോടി വരുമാനവും 10,000 കോടിയിലധികം പൊതു വിപണി മൂലധനവുമാണ് ഏഞ്ചൽ ബ്രോക്കിംഗിനുള്ളത്.
കോടികൾ ഉണ്ടാക്കുന്നതിന് പുറമെ പുതുപുത്തൻ കാറുകൾ വാങ്ങി കോടികൾ പൊടിക്കുന്നതിലും ദിനേശ് തക്കറിന് പ്രത്യേക താത്പര്യമാണുള്ളത്. വലിയ ആഡംബര കാറുകളോട് ഏറെ പ്രിയമുള്ള കക്ഷിക്ക് അംബാനിയുടെ പക്കലുള്ളതിനേക്കാൾ സൂപ്പർകാറുകൾ സ്വന്തമായുണ്ട്. ബിഎംഡബ്ല്യു i7 ലക്ഷ്വറി സെഡാൻ, പോർഷ ടെയ്‌കാൻ ടർബോ എസ്, മെർസിഡീസ് ബെൻസ് EQE, ഫെറാറി 488 പിസ്ത, മെർസിഡീസ് ബെൻസ് AMG GTR ബ്ലാക്ക് സീരീസ്, ലംബോർഗിനി ഹുറാക്കൻ പോലുള്ള കിടുക്കാച്ചി മോഡലുകൾ സ്വന്തമായുണ്ട് ദിനേശിന്.

ഇതിന് പുറമെ ഇപ്പോഴിതാ 6 കോടി രൂപയ്ക്ക് മുകളിൽ പൊടിച്ച് പുത്തൊരു സൂപ്പർകാർ കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഏഞ്ചൽ ബ്രോക്കിംഗിന്റെ ചെയർമാൻ. മക്ലാരൻ 750S സ്പൈഡറാണ് ദിനേശ് തക്കറിന്റെ പോർച്ചിലേക്ക് ഇപ്പോൾ എത്തിയിരിക്കുന്നത്. പുതിയ വാഹനം സ്വന്തമാക്കിയ വിവരം ഇദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. തന്റെ മുഴുവൻ കുടുംബത്തോടൊപ്പം എത്തിയാണ് മക്ലാരന്റെ ആഡംബര വാഹനത്തിനെ ദിനേശ് വീട്ടിലേക്ക് ആനയിച്ചിരിക്കുന്നത്.
മൊണാക്കോ വൈറ്റ് കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയ മക്ലാരൻ 750S സ്പൈഡറാണ് ദിനേശ് തക്കർ തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് മക്ലാരന്റെ 60-ാം ആനിവേഴ്‌സറി എഡിഷൻ കൂടിയാണെന്നതാണ് മറ്റൊരു പ്രത്യേകത. 1974, 1984, 1995 വർഷങ്ങളിലെ ട്രിപ്പിൾ കിരീട വിജയങ്ങൾ ആഘോഷിക്കുന്നതിനായാണ് ബ്രിട്ടീഷ് സൂപ്പർകാർ നിർമാതാക്കൾ ഈ മോഡൽ പണികഴിപ്പിച്ച് പുറത്തിറക്കിയിരിക്കുന്നത്.

750S സ്പൈഡർ ആനിവേഴ്‌സറി എഡിഷന്റെ വെറും 60 എണ്ണം മാത്രമേ മക്ലാരൻ ഓട്ടോമോട്ടീവ് നിർമിക്കുന്നുള്ളൂ. ഇന്ത്യൻ പതാകയെ പ്രതിനിധീകരിക്കുന്ന സവിശേഷമായ ഓറഞ്ച്, ഗ്രീൻ ലൈനുകളുള്ള ഒരു പ്രത്യേക ലിവറി, വിംഗ് മിററുകൾ, ബ്ലാക്ക്, ടാൻ നിറമുള്ള ലെതർ ആൻഡ് അൽകാന്റാര ഇന്റീരിയർ എന്നിവയിൽ കൊടുത്തിട്ടുള്ള "60" ബാഡ്ജിംഗ് എന്നിവയും ഈ പ്രത്യേക മോഡലിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.
4.0 ലിറ്റർ ട്വിൻ-ടർബോ പെട്രോൾ എഞ്ചിനാണ് മക്ലാരൻ 750S സ്പൈഡർ 60 ആനിവേഴ്‌സറി എഡിഷൻ മോഡലിന് തുടിപ്പേകുന്നത്. 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് ഇത് 740 bhp കരുത്തിൽ പരമാവധി 800 Nm torque വരെ ഉത്പാദിപ്പിക്കാനും കഴിയും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയിൽ വെറും 2.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സൂപ്പർകാറിന് കഴിയും.

ഇതൊരു റിയർവീൽ ഡ്രൈവ് കാറായാണ് മക്ലാരൻ പണികഴിപ്പിച്ചിരിക്കുന്നത്. മക്ലാരൻ 750S സ്പൈഡർ അടുത്തിടെ 4.61 കോടി രൂപ എക്സ്ഷോറൂം വില വരുന്ന ലംബോർഗിനി സ്റ്റെറാറ്റോയും ഏഞ്ചൽ ബ്രോക്കിംഗിന്റെ ചെയർമാനും എംഡിയുമായ ദിനേശ് തക്കർ വാങ്ങിയിരുന്നു. ഈ ഓഫ്-റോഡ്-റെഡി സൂപ്പർകാർ നിരത്തിലെത്തുമ്പോൾ ഏകദേശം 5 കോടി രൂപയിലധികം ഓൺ-റോഡ് വില വരുമെന്നാണ് കണക്കുകൾ.
ഇറ്റാലിയൻ വാഹന നിർമാതാക്കൾ സ്റ്റെറാറ്റോയുടെ 1499 യൂണിറ്റുകളുടെ പരിമിതമായ എണ്ണം മാത്രമേ ആഗോളതലത്തിൽ വിൽക്കുന്നുള്ളൂ. ഇത്തരത്തിലുള്ള ലിമിറ്റഡ് എഡിഷൻ മോഡലുകൾ സ്വന്തമാക്കാനാണ് ദിനേശ് തക്കർ കൂടുതലും താത്പര്യം കാണിക്കുന്നത്. 610 bhp പവറിൽ 560 Nm torque വരെ സൃഷ്ടിക്കുന്ന 5.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് V10 പെട്രോൾ എഞ്ചിനാണ് ലംബോർഗിനി ഹുറാക്കൻ സ്‌റ്റെറാറ്റോയിൽ പ്രവർത്തിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








