ഇങ്ങേരുടെ കാർ ശേഖരം കണ്ടാൽ അംബാനി വരെ മാറിൽക്കും, വീണ്ടും പുത്തൻ കാറിന് 5 കോടി പൊടിച്ച ആളെ അറിയാമോ
രാജ്യത്തെ പ്രമുഖ സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനികളിൽ ഒന്നാണ് ഏഞ്ചല്‍ വണ്‍. സ്റ്റോക്ക് വാങ്ങുന്നവർക്കും സ്റ്റോക്ക് എക്സ്ചേഞ്ചിനും ഇടയിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്ന സ്ഥാപനമായി 1996-ലാണ് ബ്രാൻഡ് സ്ഥാപിതമാവുന്നത്. മുമ്പ് ഏഞ്ചൽ ബ്രോക്കിംഗ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ സ്റ്റോക്ക് ബ്രോക്കർ സ്ഥാപനത്തിന് നിലവിൽ 1250 കോടി വരുമാനവും 10,000 കോടിയിലധികം പൊതു വിപണി മൂലധനവുമാണുള്ളത്.
രാജ്യത്തെ ഏറ്റവും സമ്പന്നരായ ബിസിനസുകാരിൽ ഒരാളായ ദിനേശ് തക്കറാണ് ഈ ബ്രോക്കിംഗ് കമ്പനിയുടെ സിഇഒയും ഉടമയും. വലിയ ആഡംബര കാറുകളോട് ഏറെ പ്രിയമുള്ള വ്യക്തികൂടിയാണ് ഇദ്ദേഹം. ബിഎംഡബ്ല്യു i7 ലക്ഷ്വറി സെഡാൻ, പോർഷ ടെയ്‌കാൻ ടർബോ എസ്, മെർസിഡീസ് ബെൻസ് EQE, ഫെറാറി 488 പിസ്ത, മെർസിഡീസ് ബെൻസ് AMG GTR ബ്ലാക്ക് സീരീസ്, ലംബോർഗിനി ഹുറാക്കൻ പോലുള്ള വമ്പൻ കാറുകളാണ് ദിനേശിന്റെ ഗരാജിലുള്ളത്.

ഇതുകൂടാതെ ലംബോർഗിനി ഉറൂസ്, പോർഷ 911 GT3 RS, പോർഷ 992 911 GT3 ടൂറിംഗ്, മെർസിഡീസ് ജി-വാഗൺ പോലുള്ള സൂപ്പർകാറുകളും ദിനേശ് തക്കറിന്റെ ഉടമസ്ഥതയിലുണ്ട്. ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് കോടികൾ വിലമതിക്കുന്ന മറ്റൊരു വാഹനം കൂടി എത്തിയിരിക്കുകയാണ്. 4.61 കോടി രൂപ എക്സ്ഷോറൂം വില വരുന്ന ലംബോർഗിനി സ്റ്റെറാറ്റോയാണ് ഏഞ്ചൽ ബ്രോക്കിംഗ് സ്ഥാപനത്തിന്റെ കാർ കളക്ഷനിലേക്ക് പുതുതായി എത്തിയിരിക്കുന്നത്.
ഓഫ്-റോഡ്-റെഡി സൂപ്പർകാർ നിരത്തിലെത്തുമ്പോൾ ഏകദേശം 5 കോടി രൂപയിലധികം ഓൺ-റോഡ് വിലയായി നൽകേണ്ടി വരും. തൻ്റെ പുതിയ ലംബോർഗിനിയുടെ ഡെലിവറി ഏറ്റെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ദിനേശ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. സ്റ്റെറാറ്റോ വീട്ടിലേക്ക് എത്തിക്കാൻ കുടുംബത്തിനൊപ്പമാണ് അദ്ദേഹം ഷോറൂമിലെത്തിയത്.

ലംബോർഗിനി സ്‌റ്റെറാറ്റോയുടെ പരുക്കൻ രൂപം വർധിപ്പിക്കുന്ന ഒലിവ് ഗ്രീൻ കളർ ഓപ്ഷനാണ് അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. 2022-ൽ ഔദ്യോഗികമായി ഇന്ത്യയിൽ പുറത്തിറക്കിയ സൂപ്പർകാറിന്റെ ഡെലിവറി കഴിഞ്ഞ വർഷം (2023) മൂന്നാം പാദത്തിലാണ് ആരംഭിക്കുന്നത്. ഇറ്റാലിയൻ വാഹന നിർമാതാക്കൾ സ്റ്റെറാറ്റോയുടെ 1499 യൂണിറ്റുകളുടെ പരിമിതമായ എണ്ണം മാത്രമേ ആഗോളതലത്തിൽ വിൽക്കുന്നുള്ളൂ.
സാധാരണ ലംബോർഗിനി ഹുറാക്കൻ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും സ്റ്റെറാറ്റോയ്ക്ക് നിരവധി നവീകരണങ്ങളുണ്ടെന്നാണ് കമ്പനി തന്നെ അവകാശപ്പെടുന്നത്. കാറിനെ ഓഫ്-റോഡ്-റെഡി ആക്കുന്നതിനാണ് ഈ നവീകരണങ്ങൾ നടത്തിയിരിക്കുന്നത് എന്നതു കൂടി കണക്കിലെടുക്കുമ്പോൾ സംഗതി കളറാവുന്നുണ്ട്. സൂപ്പർകാറിന്റെ ലംബോർഗിനി ഫ്രണ്ട് റിയർ ട്രാക്കിൽ യഥാക്രമം 30 മില്ലീമീറ്ററും 34 മില്ലീമീറ്ററും വർധിപ്പിച്ചതാണ് പ്രധാന മാറ്റം.

കൂടാതെ ഈ കാറിൻ്റെ ഗ്രൗണ്ട് ക്ലിയറൻസും 44 മില്ലീമീറ്റർ ഉയർത്തിയിട്ടുമുണ്ട്. ഇത് കൂടുതൽ സസ്പെൻഷൻ ട്രാവൽ കൈവരിക്കാൻ വാഹനത്തിനെ സഹായിക്കുകയും ചെയ്‌തു. അലൂമിനിയം ഫ്രണ്ട് അണ്ടർബോഡി, റൈൻഫോഴ്‌സ്ഡ് സിൽസ്, റൂഫ് മൗണ്ടഡ് എയർ ഇൻടേക്കുകൾ, ഫ്രണ്ട് ബമ്പറിൽ രണ്ട് എൽഇഡി ഓക്‌സിലറി ലൈറ്റുകൾ, റഗ്ഗഡ് ഫെൻഡർ ഫ്ലെയറുകൾ, പരിഷ്‌കറിവൈസ്‌ഡ് ഡിഫ്യൂസർ, ചങ്കി സൈഡ് സ്കർട്ടുകൾ എന്നിവയും അതിലേറെയും ഈ കാറിൻ്റെ സവിശേഷതകളാണ്.
ഇതുകൂടാതെ ലംബോർഗിനി പുതിയ റാലി മോഡ് സൂപ്പർകാറിലേക്ക് ചേർത്തിട്ടുണ്ട്. ഇത് സ്റ്റെറാറ്റോയിലേക്ക് ലംബോർഗിനി ഇൻ്റഗ്രേറ്റഡ് വെഹിക്കിൾ ഡൈനാമിക്സ് വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം സ്ട്രാഡ, സ്‌പോർട്‌സ് മോഡുകളും റീകാലിബ്രേറ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഡ്യുവൽ പർപ്പസ് ടയറുകൾക്കൊപ്പം 19 ഇഞ്ച് അലോയ് വീലുകളുമായാണ് സ്റ്റെറാറ്റോ നിരത്തിലേക്ക് ഓടിയിറങ്ങുന്നത്.

610 bhp പവറിൽ 560 Nm torque വരെ സൃഷ്ടിക്കുന്ന 5.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് V10 പെട്രോൾ എഞ്ചിനാണ് ലംബോർഗിനി ഹുറാക്കൻ സ്‌റ്റെറാറ്റോയ്ക്ക് തുടിപ്പേകുന്നത്. സ്റ്റാൻഡേർഡ് ഹുറാക്കനെ അപേക്ഷിച്ച് എഞ്ചിൻ ചെറുതായി റീട്യൂൺ ചെയ്‌തിട്ടുണ്ടെന്നാണ് വിവരം.7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷൻ വഴി ഫോർവീൽ ഡ്രൈവും സൂപ്പർകാറിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. പെർഫോമൻസിലേക്ക് നോക്കിയാൽ വെറും 3.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സ്റ്റെറാറ്റോയ്ക്ക് കഴിയും.
അതേസമയം 260 കിലോമീറ്ററായി പരമാവധി വേഗം പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഈ സൂപ്പർകാർ ഓഫ്-റോഡിംഗിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ സ്റ്റെറാറ്റോയ്ക്ക് റിയർ മെക്കാനിക്കൽ സെൽഫ് ലോക്കിംഗ് ഡിഫറൻഷ്യൽ ലഭിക്കുന്നു. എന്തായാലും പുതിയ കാറിന്റെ വരവ് ദിനേശ് തക്കറിന്റെ ഗരാജിന് കൂടുതൽ പവർ നൽകുന്ന കാര്യമാണ്. ദൈനംദിന ആവശ്യങ്ങൾക്ക് ഉതകുന്ന വാഹനമല്ലാത്തതിനാൽ മിക്കവാറും ഏറ്റവും പുതിയ ബിഎംഡബ്ല്യു i7 ഇവിയിലാവും അദ്ദേഹത്തിന്റെ യാത്രകൾ.


Click it and Unblock the Notifications








