രാജാവിന്റെ കൂട്ടുകാരൻ, ആഡംബര കാറിന് 2255 ഫാൻസി നമ്പർ സ്വന്തമാക്കി ആന്റണി പെരുമ്പാവൂർ, മുടക്കിയത് ലക്ഷങ്ങൾ
മലയാള സിനിമയിലെ ഫേമസ് ഡയലോഗുകളിൽ ഒന്നാണ് മൈ ഫോണ്‍ നമ്പര്‍ ഈസ് 2255 എന്നത്. രാജാവിന്റെ മകന്‍ എന്ന സിനിമയിലെ മോഹന്‍ലാലിന്റെ ഡയലോഗ് റിയൽ ലൈഫിൽ ഒരുതവണയെങ്കിലും പറയാത്ത മലയാളികളുണ്ടാവില്ലെന്നതാണ് സത്യം. കാറുകളിൽ പോലും ഈ രജിസ്ട്രേഷൻ നമ്പർ കിട്ടുവാനായി പലരും മത്സരിച്ചിട്ടുമുണ്ടാവും. അല്ലെങ്കിൽ അധിക പണംകൊടുത്ത് ഈയൊരു നമ്പർ സ്വന്തമാക്കിയവരും ഇവിടുണ്ടാവുമല്ലോ. ഇപ്പോഴിതാ ലാലേട്ടന്റെ വലംകൈയായി അറിയപ്പെടുന്ന ആന്റണി പെരുമ്പാവൂർ തന്റെ പുത്തൻ കാറിനായി 2255 എന്ന നമ്പർ സ്വന്തമാക്കിയിരിക്കുകയാണ്. എറണാകുളം ആര്‍ടി ഓഫീസിൽ നടന്ന വാശിയേറിയ ലേലത്തിന് ശേഷമാണ് ഈ ഫാൻസിനമ്പർ ആന്റണി ചേട്ടൻ തന്റെ കാറിലേക്ക് എത്തിച്ചിരിക്കുന്നത്.
ഈ നമ്പറിനായി നാലുപേരാണ് ലേലത്തില്‍ പങ്കെടുത്തിരുന്നുവെങ്കിലും 3.20 ലക്ഷം രൂപയ്ക്ക് ആശിർവാദ് സിനിമാസിന്റെ അമരക്കാരൻ KL 07 DH 2255 എന്ന നമ്പർ തന്റെ പുത്തൻ വോൾവോ എസ്‌യുവിക്കായി സ്വന്തമാക്കിയിരിക്കുന്നത്. അടുത്തിടെ മോഹന്‍ലാലിന്റെ പുത്തൻ കാരവാനും KL 07 CZ 2255 എന്ന നമ്പര്‍ ലഭിച്ചിരുന്നു. ഇതിന് ശേഷം ലക്കി നമ്പറിനായി ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയതും ശ്രദ്ധേയമാണ്.

അടുത്തിടെയാണ് സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോയുടെ XC60 ആന്റണി പെരുമ്പാവൂർ വാങ്ങുന്നത്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലെല്ലാം പ്രചരിച്ചിരുന്നു. 71.90 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലെത്തിയ പുതിയ ലക്ഷ്വറി എസ്‌യുവിക്ക് കേരളത്തിൽ 80 ലക്ഷത്തോളം രൂപയാണ് ഓൺ-റോഡ് വില വന്നിരുന്നത്. CKD റൂട്ടിലൂടെ രാജ്യത്ത് എത്തുന്ന മോഡൽ ബ്രാൻഡിന്റെ ബെംഗളൂരു പ്ലാന്റിൽ പ്രാദേശികമായി അസംബിൾ ചെയ്യുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ആഡംബര എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യൻ വിപണിയിലെത്തുന്നത്. പഴയ മോഡലിനെ അപേക്ഷിച്ച് ഡിസൈനിൽ വലിയ മാറ്റമൊന്നുമില്ലെങ്കിലും ആന്റണി പെരുമ്പാവൂർ സ്വന്തമാക്കിയ XC60 ഫെയ്‌സ്‌ലിഫ്റ്റിന് പുതുക്കിയ ഫ്രണ്ട് ബമ്പർ, പുതിയ ഡയഗണൽ-സ്ലാറ്റ് ഗ്രിൽ, പുതിയ ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവയുൾപ്പെടെയുള്ള കോസ്മെറ്റിക് നവീകരണങ്ങൾ ലഭിച്ചിട്ടുണ്ട്.

ടെയിൽ-ലാമ്പുകളിൽ സ്മോക്ക്ഡ് ഇഫക്റ്റ് കൊടുത്തിരിക്കുന്നത് എസ്‌യുവിയുടെ ലുക്ക് വോൾവോയുടെ XC90 ഫ്ലാഗ്ഷിപ്പിന് സമാനമായ ലുക്കാണ് സമ്മാനിക്കുന്നത്. ക്രിസ്റ്റൽ വൈറ്റ്, വേപ്പർ ഗ്രേ, ഫോറസ്റ്റ് ലേക്ക്, മൾബറി റെഡ്, ഒനിക്സ് ബ്ലാക്ക്, ഡെനിം ബ്ലൂ, ബ്രൈറ്റ് ഡസ്ക് എന്നീ 7 എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും XC60 ഫെയ്‌സ്‌ലിഫ്റ്റിനുണ്ട്. ഇതിൽ ക്രിസ്റ്റൽ വൈറ്റാണ് ആന്റണി പെരുമ്പാവൂർ തെരഞ്ഞെടുത്തിരിക്കുന്നത്.
ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ കോക്ക്പിറ്റ് പ്ലാറ്റ്‌ഫോം നൽകുന്ന വലിയ 11.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് എസ്‌യുവിയുടെ ഇന്റീരിയറിലെ പ്രധാന ഹൈലൈറ്റ്. ഈ സജ്ജീകരണത്തിൽ 2 മടങ്ങ് വേഗതയുള്ള പ്രോസസിംഗ് സ്പീഡ്, 10 മടങ്ങ് മികച്ച ഗ്രാഫിക്‌സ്, പിക്‌സൽ സാന്ദ്രതയിൽ 21 ശതമാനം മെച്ചപ്പെടുത്തൽ എന്നിവയെല്ലാമുണ്ടെന്ന് വോൾവോ പറയുന്നു. തടസമില്ലാത്ത കണക്റ്റിവിറ്റിക്കായി ഗൂഗിൾ ബിൽറ്റ്-ഇൻ സേവനങ്ങളും സംയോജിപ്പിക്കുന്നു.

12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. സ്റ്റുഡിയോ, കൺസേർട്ട് ഹാൾ, ജാസ് ക്ലബ് മോഡുകളുള്ള 15 സ്പീക്കർ 1,410W ബോവേഴ്‌സ് ആൻഡ് വിൽക്കിൻസ് സൗണ്ട് സിസ്റ്റം, ഫ്രണ്ട് സീറ്റുകൾക്കായി 10-പോയിന്റ് മസാജ് ഫംഗ്‌ഷൻ, PM2.5 എയർ പ്യൂരിഫയർ, പനോരമിക് സൺറൂഫ്, നാല്-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് വോൾവോ XC60 മോഡലിന്റെ ഇന്റീരിയറിലെ പ്രധാന ഹൈലൈറ്റുകൾ.
XC60 ഫെയ്‌സ്‌ലിഫ്റ്റിന് 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് കരുത്ത് പകാരാനായി എത്തിയിരിക്കുന്നത്. 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, ഓൾ-വീൽ-ഡ്രൈവ് സജ്ജീകരണം എന്നിവയുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 250 bhp പവറിൽ പരമാവധി 360 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. മൈലേജിനും മികച്ച ആക്സിലറേഷനുമായി 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും എസ്‌യുവിയിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.


Click it and Unblock the Notifications








