മോളിവുഡിലെ അരങ്ങേറ്റം സൂപ്പർഹിറ്റ്, പിന്നാലെ മഹീന്ദ്രയുടെ ആഡംബര വാഹനം വാങ്ങി റൈഫിൾ ക്ലബിലെ വില്ലൻ
ബോളിവുഡിലെ പ്രശസ്ത നടനും സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപ് (Anurag Kashyap) അറിയാത്ത മലയാളികൾ ഇപ്പോഴുണ്ടാവില്ലല്ലോ. ആഷിഖ് അബു സംവിധാനം ചെയ്‌ത് വെള്ളിത്തിരയിൽ ഹിറ്റടിച്ച റൈഫിൾ ക്ലബ് എന്ന ചിത്രത്തിൽ വില്ലനായി എത്തി മോളിവുഡിനെയും കൈയിലാക്കിയ താരം ഇപ്പോൾ ദക്ഷിണേന്ത്യൻ സിനിമകളുടെ വലിയ ആരാധകനാണ്. ബോളിവുഡ് ഇൻഡസ്ട്രിയുടെ നിലവിലെ അവസ്ഥയിൽ നിരാശയും വെറുപ്പുമുണ്ടെന്ന് വെളിപ്പെടുത്തിയ താരം അടുത്തിടെ മുംബൈയിൽ നിന്നും ദക്ഷിണേന്ത്യയിലേക്ക് മാറുകയാണെന്നും തുറന്നടിച്ചിരുന്നു. തമിഴിലും മലയാളത്തിലും മുഖം കാണിച്ചതിന് ശേഷം കന്നഡത്തിലും അഭിനയിക്കാൻ ഒരുങ്ങുകയാണ് അനുരാഗ് ഇപ്പോൾ.
ഇതിനിടയിൽ ഇപ്പോഴിതാ യാത്രകൾക്കായി പുത്തനൊരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡിന് വമ്പൻ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ. മറ്റേതുമല്ല മഹീന്ദ്രയുടെ XEV 9e ഇവിയാണ് താരം കൂടെക്കൂട്ടിയിരിക്കുന്നത്. ഇന്നലെ ഡെലിവറി ആരംഭിച്ച മോഡൽ അന്നേ ദിവസം തന്നെ അനുരാഗ് കശ്യപിന്റെ പോർച്ചിലേക്ക് എത്തിയത് ആരാധകർക്കും വലിയ സന്തോഷം നൽകുന്ന കാര്യമാണ്.

ടെസ്‌ലയുടെ സൈബർ ട്രക്കിനോട് കിടപിടിക്കുന്ന രൂപവും ലക്ഷ്വറി കാറുകളിലെ മോഡേൺ ഫീച്ചറുകളുമെല്ലാം കുത്തിനിറച്ചെത്തിയ ഇലക്ട്രിക് കൂപ്പെ എസ്‌യുവി ഇതിനോടകം വളരെ ഹൈപ്പുണ്ടാക്കിയെടുത്തിട്ടുണ്ട്. അനുരാഗ് കശ്യപിന്റെ പുതിയ XEV 9e ഇവിയുടെ താക്കോൽ താരത്തിന് കൈമാറാനായി മഹീന്ദ്ര മോദി സിഇഒ അജിത് പൈയും മഹീന്ദ്ര മോദി വൈസ് പ്രസിഡന്റ് കൈലാഷ് ജോഷിയും നേരിട്ടെത്തുകയും ചെയ്‌തു.
21.90 ലക്ഷം രൂപ മുതൽ 30.50 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന XEV 9e ഇലക്ട്രിക് എസ്‌യുവിയുടെ ടോപ്പ് വേരിയന്റാവും കശ്യപിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. ഇവിയുടെ ബ്ലാക്ക് കളർ ഓപ്ഷനാണ് അനുരാഗ് തെരഞ്ഞെടുത്തിരിക്കുന്നതും. ഇതാദ്യമായല്ല, ബോളിവുഡിലെ ഹിറ്റ് സംവിധായകൻ മഹീന്ദ്രയുടെ വാഹനം സ്വന്തമാക്കുന്നത് എന്നതും രസകരമായ കാര്യമാണ്. പുതിയ ഇലക്ട്രിക് എസ്‌യുവിക്ക് പുറമേ താരത്തിന് മഹീന്ദ്ര XUV500 കൂടിയുണ്ട്.

ഇനി XEV 9e ഇവിയുടെ കൂടുതൽ വിശദാംശങ്ങളിലേക്ക് വന്നാൽ മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് INGLO പ്ലാറ്റ്‌ഫോമിലാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്ന. വലിയ ക്യാബിൻ സ്‌പെയ്‌സ്, സ്റ്റെബിലിറ്റി, മികച്ച ഹാൻഡ്‌ലിംഗ് ശേഷി എന്നിവ വാഗ്ദാനം ചെയ്യുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തതാണ് INGLO പ്ലാറ്റ്‌ഫോം. കൂടാതെ അൾട്രാ-ഹൈ-സ്ട്രെങ്ത് ബോറോൺ സ്റ്റീൽ ഫ്രെയിലാണ് വാഹനം നിർമിച്ചിരിക്കുന്നതെന്നും കമ്പനി പറയുന്നു.
ഡിസൈനിലേക്ക് നോക്കിയാൽ മഹീന്ദ്ര XEV 9e ഒരു കൂപ്പെ എസ്‌യുവി ശൈലിയാണ് അവതരിപ്പിക്കുന്നത്. വാഹനത്തിന്റെ വീതിയിൽ വ്യാപിച്ചുകിടക്കുന്ന ത്രികോണാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകളും എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും മുൻവശത്തെ ആകർഷണം വർധിപ്പിക്കാനായി കൊടുത്തിട്ടുണ്ട്. ഇതിന്റെ കൂപ്പെ പോലുള്ള രൂപഘടനയിലേക്ക് ഇൻവേർട്ടഡ് L-ആകൃതിയിലുള്ള കണക്റ്റഡ് എൽഇഡി ഡിആർഎല്ലുകളും സ്ലീക്ക് എൽഇഡി ടെയിൽലൈറ്റുകളും ഇഴുകിച്ചേരുന്നുമുണ്ട്.

ഇന്റീരിയറിലേക്ക് കയറിയാലും സംഗതി അടിപൊളിയാണ് കേട്ടോ. പ്രീമിയം അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഒരു ട്രിപ്പിൾ-സ്‌ക്രീൻ ക്രമീകരണമാണ് മഹീന്ദ്ര പിന്തുടർന്നിരിക്കുന്നത്. മഹീന്ദ്രയുടെ അഡ്രിനോക്‌സ് സോഫ്റ്റ്‌വെയർ നൽകുന്ന മൂന്ന് 12.3 ഇഞ്ച് ഡിസ്‌പ്ലേകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഡ്രൈവർ ഡിസ്‌പ്ലേയ്‌ക്കൊപ്പം ഒരു ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉൾപ്പെടുന്നുണ്ട്.
ഇതിനെ മഹീന്ദ്ര സിനിമാസ്കോപ്പ് കോക്ക്പിറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. പുട്ടിന് പീരയെന്ന പോലെ ഇലുമിനേറ്റഡ് ലോഗോ ഉൾക്കൊള്ളുന്ന ഡ്യുവൽ-സ്‌പോക്ക് മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീലാണ് മഹീന്ദ്ര XEV 9e ഇവിയിലെ മറ്റൊരു ഹൈലൈറ്റ്. വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, 16-സ്പീക്കർ ഓഡിയോ സിസ്റ്റം, പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് പാർക്കിംഗ് സവിശേഷതകൾ, അഡ്വാൻസ്ഡ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റം (ADAS) തുടങ്ങിയ സൗകര്യങ്ങളും എസ്‌യുവിയിൽ ലഭ്യമാണ്.
മഹീന്ദ്ര INGLO പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന XEV 9e ഇവി 59 kWh, 79 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാണ് വിപണിയിൽ എത്തുന്നത്. മെച്ചപ്പെട്ട തെർമൽ സംരക്ഷണത്തിനും ഈടുതലിനും പേരുകേട്ട ലിഥിയം ഇരുമ്പ് ഫോസ്ഫേറ്റ് (LFP) ബാറ്ററി പായ്ക്കുകളാണ് ഇവ. 175 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ വെറും 20 മിനിറ്റിനുള്ളിൽ 20-80 ശതമാനം ചാർജ് കൈവരിക്കാനും ഇലക്ട്രിക് എസ്‌യുവിക്കാവും.


Click it and Unblock the Notifications








