ഇനി സച്ചിന്റെ ക്ലബിൽ റഹ്മാനും, 4.18 കോടിയുടെ ലക്ഷ്വറി എസ്‌യുവിയെ കൂടെക്കൂട്ടി സംഗീത മാന്ത്രികൻ
പ്രത്യേകിച്ച് ആമുഖമൊന്നും വേണ്ടാത്ത വ്യക്തിയാണ് എആർ റഹ്മാൻ. സംഗീതം കൊണ്ട് മാജിക് കാണിക്കുന്ന ഇദ്ദേഹം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകൻ കൂടിയാണ്. ഒരു ബിഗ് ബജറ്റ് ചിത്രം ഇന്ത്യയിൽ ഒരുങ്ങുന്നുണ്ടെങ്കിൽ റഹ്മാനായിരിക്കും അതിന്റെ മ്യൂസിക് ഡയറക്‌ടർ എന്നത് ഒരുകാലത്തെ ട്രെൻഡായിരുന്നു. എല്ലാക്കാലവും ഓർത്തിരിക്കാൻ കഴിയുന്ന ഇമ്പമുള്ള ഈണങ്ങളാണ് മജീഷ്യന്റെ കൈവിരലുകളിൽ നിന്നും ഉണ്ടായിട്ടുള്ളത്.
സംഗീത സംവിധായകൻ എന്നതിനു പുറമെ റെക്കോർഡ് പ്രൊഡ്യൂസർ, ഗായകൻ, ഗാനരചയിതാവ് എന്നീ മേഖലകളിലും എആർ റഹ്മാന്റെ സ്ഥാനം ഒന്നുവേറെ തന്നെയാണ്. ഇനിയുള്ള യാത്രകൾക്ക് ആഡംബരമേകാനായി സംഗീത മാന്തികൻ പുത്തനൊരു ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. 4.18 കോടി രൂപ വിലമതിക്കുന്ന പുത്തൻ ലംബോർഗിനി ഉറൂസ് S സൂപ്പർ സ്പോർട് യൂട്ടിലിറ്റി വാഹനമാണ് റഹ്മാന്റെ ഗരാജിലെ പുതിയ അതിഥി.

സംഗീത ഇതിഹാസത്തിന്റെ ലംബോർഗിനി ഉറൂസ് S തമിഴ്‌നാട്ടിലെ ചെന്നൈയിലെ ഒരു ഡീറ്റെയ്‌ലിംഗ് സ്റ്റുഡിയോയ്ക്ക് മുന്നിൽ നിൽക്കുന്ന ചിത്രങ്ങളും ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്. ബിയാൻകോ മോണോസെറസിന്റെ ക്ലാസി കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയ ആഡംബര എസ്‌യുവിയാണ് ഓസ്‌കാർ ജേതാവ് സ്വന്തമാക്കിയിരിക്കുന്നത്. ഇറ്റാലിയൻ ബ്രാൻഡിൽ നിന്നുള്ള ഏറ്റവും പുതിയ മോഡലാണ് ഈ പുതിയ ഉറൂസ് S.
ഇന്ത്യൻ സിനിമാ താരങ്ങളുടെ പ്രിയപ്പെട്ട ഉറൂസ് ലൈനപ്പിലെ രണ്ടാമത്തെ മോഡൽ കൂടിയാണിത്. ആദ്യത്തേത് പെർഫോമന്റെയാണ്. ഇതിൽ നിന്നും വ്യത്യസ്തമായി ഉറുസ് S എയർ സസ്‌പെൻഷൻ സംവിധാനത്തോടു കൂടിയാണ് വിപണിയിൽ എത്തുന്നത്. മറുവശത്ത് പെർഫോർമന്റെ വേരിയന്റിൽ കർക്കശവും കൂടുതൽ പെർഫോമൻസ് ഓറിയന്റഡ് ഫിക്സഡ് കോയിൽ സ്പ്രിംഗ് സസ്പെൻഷനുമാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്.

സ്റ്റാന്‍ഡേര്‍ഡ് ഉറൂസിന്റെ പകരക്കാരനായിട്ടാണ് ഉറൂസ് S വിപണിയിലെത്തിയത്. ഈ വര്‍ഷം തുടക്കത്തില്‍ വിപണിയിലെത്തിയ മോഡൽ ഇതിനോടകം വലിയ തരംഗമാണ് പണക്കാർക്കിടയിൽ ഉണ്ടാക്കിയെടുത്തിരിക്കുന്നത്. ആഢംബരത്തിനും കസ്റ്റമൈസേഷനുമാണ് ഉറുസ് S എസ്‌യുവിയില്‍ കൂടുതല്‍ പ്രാധാന്യം. എയർ സസ്‌പെൻഷൻ ലഭിക്കുന്നതിനാൽ, സ്ട്രാഡ, സ്‌പോർട്, കോർസ എന്നിവയ്‌ക്ക് പുറമേ മണൽ, സ്‌നോ, മഡ് എന്നിങ്ങനെ മൂന്ന് ഓഫ്-റോഡ് മോഡുകളും എസ്‌യുവിയുടെ ഭാഗമാണ്.
റഹ്മാൻ സ്വന്തമാക്കിയിരിക്കുന്ന ഉറൂസിന് 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. ഉറുസ് പെർഫോമന്റെ പോലെ തന്നെയുള്ള ഈ എഞ്ചിന് പരമാവധി 666 bhp കരുത്തിൽ 850 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 3.3 സെക്കൻഡിനുള്ളിൽ പെർഫോമന്റെ വേരിയന്റിന് 0-100 കിലോമീറ്റർ വേഗതയിൽ കൈവരിക്കാൻ കഴിയുമെങ്കിൽ മറുവശത്ത്, ഉറൂസ് S ഈ വേഗത 3.5 സെക്കൻഡിലാണ് കൈയെത്തിപ്പിടിക്കുന്നത്.

മണിക്കൂറില്‍ 305 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. ഇനി അകത്തള വിശേഷങ്ങളിലേക്ക് വന്നാൽ ഉറൂസ് S എസ്‌യുവിയില്‍ ലെതര്‍ ഇന്റീരിയറാണ് ലംബോർഗിനി ഒരുക്കിയിട്ടുള്ളത്. അല്‍കന്റാര ഇന്റീരിയര്‍ വേണമെന്നുണ്ടെങ്കില്‍ കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ട്. പിന്നെ ഫീച്ചറുകളുടെ കാര്യത്തിലും ആളൊരു പുലിയായിരിക്കുമെന്ന് ഊഹിക്കാല്ലോ. ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു XM, ഔഡി RSQ8, ആസ്റ്റണ്‍ മാര്‍ട്ടിന്‍ DBX 707, പോര്‍ഷ കയെന്‍ ടര്‍ബോ GT, മസെരാട്ടി ലെവന്റെ ട്രോഫിയോ എന്നിവയോടാണ് ഉറൂസ് S മത്സരിക്കേണ്ടത്.
ഇനി റഹ്മാന്റെ ഗരാജിലെ മറ്റ് വാഹനങ്ങൾ ഏതെക്കെയെന്ന് നോക്കാം. വോൾവോ, മെർസിഡീസ് ബെൻസ് പോലുള്ള ബ്രാൻഡുകളുടെ മോഡലുകളാണ് റഹ്മാൻ ഉപയോഗിച്ചിരുന്നത്. ഇതാദ്യമായല്ല സംഗീത മാന്ത്രികൻ ഒരു ആഡംബര വാഹനം വാങ്ങുന്നതെങ്കിലും തന്റെ ശേഖരത്തിലെ ഏറ്റവും വിലക്കൂടിയ മോഡൽ പുതിയ ലംബോർഗിനി ഉറൂസ് S തന്നെയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും അടുത്തിടെ ഉറൂസ് S സ്വന്തമാക്കിയ പ്രമുഖരിൽ ഒരാളാണ്.

രോഹിത് ഷെട്ടി, ബാദ്ഷാ, രൺവീർ സിംഗ്, രോഹിത് ശർമ്മ, രജനികാന്ത്, കാർത്തിക് ആര്യൻ, ആകാശ് അംബാനി, എൻടിആർ ജൂനിയർ, സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ എന്നിവരും ലംബോർഗിനി ഉറൂസ് ഉടമകളിലെ പ്രമുഖരാണ്. മലയാള സിനിമയിൽ പൃഥിരാജ്, ഫഹദ് ഫാസിൽ തുടങ്ങിയവരും ഈ ആഡംബര സ്പോർട്‌സ് എസ്‌യുവിയിൽ കറങ്ങുന്നവരാണ്.


Click it and Unblock the Notifications








