ക്ലച്ചും ഗിയറും മറന്നേക്കാം! ഡ്രൈവിംഗ് ടെസ്റ്റിന് ഇനി മുതല്‍ ഓട്ടോമാറ്റിക് കാറുകളും ഉപയോഗിക്കാം
ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ പോവുമ്പോൾ തന്നെ ആളുകൾക്കെല്ലാം അൽപം പേടിയാണ്. എച്ച് എന്ന കടമ്പ കടന്നാലും റോഡ് ടെസ്റ്റിന് ഗിയറിട്ട് വണ്ടിയോടിക്കണം എന്നതാണ് ചിലരുടെ ആശങ്ക. ഇത്തരക്കാർക്കുള്ള സന്തോഷകരമായ വാർത്തയാണ് ഇപ്പോൾ ട്രെൻഡിംഗ്. സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്ക് ഇനി മുതല്‍ ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാമെന്ന് ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്.
ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങള്‍ ഡ്രൈവ് ചെയ്ത് കാണിക്കുന്നവര്‍ക്കും ലൈസന്‍സ് നല്‍കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടു. ആയതിനാൽ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് തിങ്കളാഴ്ച്ച മുതല്‍ അതായത് ഇന്നു മുതൽ ഓട്ടോമാറ്റിക്, ഇലക്ട്രിക് കാറുകളും ഉപയോഗിക്കാനാകും. കൂടാതെ സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ക്ക് തിങ്കളാഴ്ച്ച മുതല്‍ ടെസ്റ്റില്‍ പങ്കെടുക്കാനാവുമെന്നും മോട്ടോർ വാഹന വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. ലൈസന്‍സിന് എന്‍ജിന്‍ ട്രാന്‍സ്മിഷന്‍ പരിഗണിക്കേണ്ടതില്ലെന്ന കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണ് സംസ്ഥാനം പുതിയ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.

2019-ല്‍ സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നിയമത്തില്‍ മാറ്റം വരുത്തിയിരുന്നെങ്കിലും കേരളത്തില്‍ ഇതുവരെ ഓട്ടോമാറ്റിക് കാറുകളിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത് നടപ്പാക്കിയിരുന്നില്ല. ടെസ്റ്റില്‍ ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങള്‍ അനുവദിക്കാൻ സാധിക്കില്ല എന്നായിരുന്നു ഇതുവരെയുള്ള ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാൽ കാലം മാറുന്നതിന് അനുസരിച്ച് കോലവും മാറണമെന്ന് ഉദ്യേഗസ്ഥർ വൈകിയാണെങ്കിലും മനസിലാക്കിയിരിക്കുകയാണ്. നിലവിൽ ഓട്ടോമാറ്റിക് കാറുകൾക്ക് ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യതയാണുള്ളത്.
വർധിച്ചുവരുന്ന ട്രാഫിക്കും നിരത്തുകളിലെ മറ്റ് തിരക്കുകളും ഡ്രൈവിംഗിനെ അലോസരപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഗിയർലെസ് കാറുകളിലേക്ക് ആളുകൾ ചേക്കേറാൻ തുടങ്ങിയത്. ഈ സാഹചര്യത്തിലും കാലഹരണപ്പെട്ട തീരുമാനങ്ങളിൽ മോട്ടോർ വാഹന വകുപ്പ് പിടിവാശിയും കാട്ടുകയായിരുന്നു. പുതിയ നിയമം വന്നതോടെ ഓട്ടോമാറ്റിക് വാഹനം ഉപയോഗിച്ച് ടെസ്റ്റ് പാസായ ഒരാൾക്ക് പിന്നീട് ഗിയറുള്ള വാഹനം ഓടിക്കുന്നതിനും വിലക്കില്ല. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ പുതിയ ഉത്തരവോടെ ഡ്രൈവിംഗ് ടെസ്റ്റ് ആളുകൾക്ക് കൂടുതല്‍ എളുപ്പമാകും.

ഓട്ടോമാറ്റിക് വാഹനങ്ങൾ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കാൻ അനുമതി തേടി നിരവധി ഡ്രൈവിംഗ് സ്‌കൂളുകളുടെ ഉടമകൾ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. എന്നിരുന്നാലും ഉദ്യോഗാർഥികൾ ഓട്ടോമാറ്റിക് വാഹനങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ ഗിയറുകളുടെ ഷിഫ്റ്റും മറ്റ് അടിസ്ഥാന കാറിന്റെ സവിശേഷതകളും എങ്ങനെ വിലയിരുത്തുമെന്ന സംശയമാണ് നേരത്തെ എംവിഡി ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചിരുന്നത്. റോഡ് ടെസ്റ്റിന് ഹാജരാകുമ്പോൾ വാഹനങ്ങളുടെ ഗിയറുകളുമായും മറ്റ് സവിശേഷതകളുമായും ഉദ്യോഗാർഥികൾക്കായുള്ള പരിചയത്തെ അടിസ്ഥാനമാക്കിയാണ് സാധാരണയായി ലൈസൻസ് നൽകുന്നത്.
കാറുകള്‍ മുതല്‍ ട്രാവലര്‍ വരെ 7,500 കിലോയില്‍ താഴെ വരെയുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ ലൈസന്‍സിനാണ് ഓട്ടോമാറ്റിക് വാഹനങ്ങൾ ഉപയോഗിക്കാമെന്ന വ്യവസ്ഥ നിലവിൽ വന്നിരിക്കുന്നത്. എന്നാൽ ഡ്രൈവിംഗ് സ്‌കൂളുകളുടെ ഓട്ടോമാറ്റിക് വാഹനങ്ങള്‍ മോട്ടോർ വാഹന വകുപ്പില്‍ രജിസ്ട്രര്‍ ചെയ്യാന്‍ ചെറിയ കാലതാമസമുണ്ടാകും. പരിശീലകന് കൂടി നിയന്ത്രിക്കാന്‍ കഴിയുന്ന ഇരട്ട ബ്രേക്ക് പെഡല്‍ വാഹനങ്ങളില്‍ സജ്ജീകരിക്കേണ്ടതുണ്ട് എന്നതിനാലാണ് ഈ കാലതാമസം ഉണ്ടാവുന്നത്.

ഡ്രൈവിംഗ് ടെസ്റ്റിന് ഗിയർലെസ് കാറുകൾ ഇതുവരെ ഉപയോഗിച്ചിരുന്നില്ലെങ്കിലും ചില ഡ്രൈവിംഗ് സ്കൂളുകളും പരിശീലകരും ഓട്ടോമാറ്റിക് വാഹനങ്ങള്‍ പഠനത്തിനായി ഉപയോഗിച്ചിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ ഓട്ടോമാറ്റിക് വാഹനം ഓടിക്കാന്‍ താത്പര്യപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം പുതിയ മാറ്റങ്ങൾ അവർക്ക് സഹായകരമാവും. ലൈസൻ എടുക്കാൻ വേണ്ടി മാത്രം മാനുവൽ ഗിയർബോക്‌സുള്ള കാറുകൾ ഇത്തരക്കാർ പ്രത്യേകമായി പഠിക്കുകയായിരുന്നു ഇത്രയും കാലം. ഈ ബുദ്ധിമുട്ടുകളെല്ലാം ഒഴിവാകുന്നതോടെ എച്ച് എടുക്കലും റോഡ് ടെസ്റ്റുമെല്ലാം കൂടുതൽ എളുപ്പമാവും.
എന്നാൽ ഈ നിയമങ്ങളോട് പ്രതികൂലിക്കുന്നവരും നമുക്കിടയിലുണ്ടെന്നതാണ് കൗതുകകരമായ മറ്റൊരു വസ്‌തുത. ഓട്ടോമാറ്റിക് വാഹനം ഉപയോഗിച്ചുള്ള ഡ്രൈവിംഗ് ടെസ്റ്റ് ലൈസന്‍സ് കിട്ടാനുള്ള കുറുക്കുവഴിയാകുമെന്ന ആക്ഷേപമാണ് ഇതിനു പിന്നിലുള്ളത്. ഓട്ടോറിക്ഷ മുതല്‍ മിനി ലോറികളും, സ്‌കൂള്‍വാനുകളും വരെ ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ പരിധിയിലാണ് വരുന്നത് എന്നതിനാൽ ഇവയെല്ലാം ഇത്തരക്കാർക്ക് ഓടിക്കാൻ അനുമതിയുണ്ട്.


Click it and Unblock the Notifications








