ഇന്നോവ, എർട്ടിഗ അങ്ങനെ കുറേയുണ്ട്; ഈ സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങരുത്... കാരണം ഇതാണ്
വീട്ടിലേക്ക് ആദ്യമായി ഒരു കാർ വാങ്ങാൻ പദ്ധതിയിടുന്നവരെല്ലാം കൂടുതലും വാങ്ങുന്നത് സെക്കൻഡ് ഹാൻഡ് മോഡലുകളായിരിക്കാം. ഓടിച്ച് കൈ തെളിയാനും എല്ലാമൊന്ന് പരിചിതമാവാനും നല്ലത് ഇത്തരം വാഹനങ്ങള് ബെസ്റ്റ് എന്നതിനാലാണ്. പക്ഷേ ലക്ഷങ്ങൾ പൊടിച്ച് വലിയ യൂസ്‌ഡ് കാറുകളും വാങ്ങുന്നവരുണ്ട് കേട്ടോ. രാജ്യത്തെ കാറുകളുടെയും എസ്‌യുവികളുടെയും വിലയിൽ അടിക്കടി വർധനവ് ഉണ്ടാവുന്നതിനാലും കൂടുതൽ ആളുകളും യൂസ്ഡ് കാർ വിപണിയെ ആശ്രയിക്കുന്നുണ്ട്. സെക്കൻഡ് ഹാൻഡ് വാങ്ങുമ്പോൾ പലർക്കും പണികിട്ടുമോയെന്ന പേടിയും ആശങ്കയുമൊക്കെ ഉണ്ടുതാനും. ഇത്തരക്കാരൊക്കെ ടൊയോട്ട അല്ലെങ്കിൽ മാരുതിയുടെ മോഡലുകളാണ് കൂടുതലും നോക്കുന്നതും.
പക്ഷേ ഏത് വാഹനം വാങ്ങിയാലും വില ഒരു പ്രധാന ഘടകമാണ് നമ്മുടെ രാജ്യത്ത്.യൂസ്ഡ് കാർ വിപണിയിലെ പല കാറുകളും വളരെ കുറഞ്ഞ വിലയിൽ ലഭ്യമാണെങ്കിലും, ചില മോഡലുകൾക്ക് അതിൻ്റെ പുതിയ മോഡലുകൾക്ക് സമാനമാണ് വിലയെന്നതും പലരേയും ആശയക്കുഴപ്പത്തിലാക്കാറുണ്ട്. അതിനാൽ പുതിയതൊന്ന് വാങ്ങുന്നത് കൂടുതൽ പ്രായോഗികമായതിനാൽ യൂസ്ഡ് കാർ വിപണിയിൽ ഒഴിവാക്കേണ്ട കാറുകളുമുണ്ട്. അത് ഏതെല്ലാമാണെന്ന് നമുക്ക് ഒന്ന് നോക്കിയാലോ?

ടൊയോട്ട ഫോർച്യൂണർ: യൂസ്ഡ് കാർ വാങ്ങുമ്പോൾ ഒഴിവാക്കാനാവുന്ന ആദ്യ കാർ ടൊയോട്ട ഫോർച്യൂണറാണ്. നല്ല റീസെയിൽ വാല്യുവുള്ള കാറുകളാണ് ടൊയോട്ടയുടേതെങ്കിലും സെക്കൻഡ് ഹാൻഡ് ഫോഡച്യൂണറിന്റെ വില കേട്ടാൽ ആരായാലും അമ്പരന്നു പോവും. ഡൽഹിയിൽ നിന്നുമെല്ലാം ഇഷ്‌ടം പോലെ റീരജിസ്ട്രേഷൻ ചെയ്‌ത് വിൽപ്പന ചെയ്യുന്ന ഫോർച്യൂണർ എസ്‌യുവികൾ സെക്കൻഡ് ഹാൻഡ് വിപണിയിൽ സുലഭമാണെങ്കിലും ഒറിജിനൽ കേരള രജിസ്ട്രേഷനുള്ള വണ്ടി വേണമെങ്കിൽ കാശ് വാരി എറിയേണ്ടി വരും.
പറയുന്ന വിലയ്ക്ക് വാങ്ങാൻ ആളുണ്ടെങ്കിലും പുതിയ ഫോർച്യൂണറിന്റെ വിലയുമായി നോക്കുമ്പോൾ കാര്യമായ വ്യത്യാസമൊന്നും ഉണ്ടാവില്ല താനും. എസ്‌യുവിയുടെ 2019 മോഡലിന് യൂസ്‌ഡ് കാർ വിപണിയിൽ ഏകദേശം 33 ലക്ഷം രൂപയോളമാണ് ചോദിക്കുന്ന വില. മോഡൽ വർഷത്തെ ആശ്രയിച്ച് വില കൂടുകയും ചെയ്യും. 2.7 ലിറ്റർ പെട്രോൾ, 2.8 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ ഓപ്ഷനിൽ വാഹനം വാങ്ങുകയും ചെയ്യാം. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷനായി കിട്ടുക.

ടൊയോട്ട ഇന്നോവ: സെക്കൻഡ് ഹാൻഡ് വിപണിയിൽ നിന്നും ഒഴിവാക്കേണ്ട അടുത്ത വാഹനം ടൊയോട്ടയുടെ തന്നെ ഹിറ്റ് മോഡലായ ഇന്നോവയാണ്. ടൊയോട്ടയുടെ വിശ്വാസ്യതയും ബ്രാൻഡ് മൂല്യവും ഇന്നോവയുടെ ജനപ്രീതിയും മോഡലിനെ നല്ല റീസെയിൽ വാല്യു നേടാൻ സഹായിക്കുന്ന കാര്യങ്ങളാണ്. 2005-ൽ ആരംഭിച്ച മോഡൽ വിശ്വാസത്തിന്റെ പ്രതീകം കൂടിയാണ്. പക്ഷേ വില കേട്ടാൽ പലരും ഞെട്ടിപ്പോവും.
ഒരു ലക്ഷം കിലോമീറ്ററിന് മുകളിൽ ഓടിയ മോഡലുകൾക്ക് പോലും യൂസ്ഡ് കാർ വിപണിയിൽ നല്ല വിലയാണുള്ളത്. നിങ്ങൾ അത്ര പഴയതല്ലാത്ത ഒരു 2019 മോഡൽ ഇന്നോവ വാങ്ങാൻ ആഗ്രഹിക്കുന്നയാളാണെങ്കിൽ വീടിന്റെ ആധാരം വരെ പണയം വെക്കേണ്ടി വന്നേക്കും. 20 ലക്ഷം മുതലാണ് ഈയൊരു കാലത്തിലുള്ള ഇന്നോവയ്ക്ക് ചോദിക്കുന്ന വില. പുതിയതിന് 24.50 ലക്ഷം രൂപയോളം മാത്രമാണ് ഓൺ-റോഡ് വില വരുന്നതെന്നത് പരിഗണിക്കുമ്പോൾ സെക്കൻഡിനോട് നോ പറയുന്നതാവും നല്ലത്.

മാരുതി എർട്ടിഗ: മികച്ച റീസെയിൽ വാല്യുവുള്ള മാരുതി കാറാണ് എർട്ടിഗ. വർധിച്ചുവരുന്ന ഡിമാൻഡ് കാരണം മോഡലിന് ആവശ്യക്കാര് ഏറെയാണ്. നല്ല റീസെയിൽ മൂല്യത്തിന് പുറമെ, എംപിവിയുടെ കുറഞ്ഞ മെയിന്റനെൻസും ആളുകളെ ആകർഷിക്കുന്ന സംഗതിയാണ്. ഇനി യൂസ്ഡ് കാർ വിപണിയിലെ മോഡലിനെ കുറിച്ച് പറയുകയാണെങ്കിൽ 11 ലക്ഷം മുതലാണ് 2019 മോഡലുകൾ വിപണനത്തിന് എത്തുന്നത്. പുതിയതിന്റെ ടോപ്പ് എൻഡിന് 15 ലക്ഷമാണ് ഓൺ-റോഡ് വില വരുന്നതെന്നിരിക്കെ ഇതൊരു നഷ്ടക്കച്ചവടമായി തോന്നിയേക്കാം.
മാരുതി ഡിസയർ: ഇന്ത്യയിലെ ഏറ്റവും റീസെയിൽ വാല്യുവുള്ള സെഡാനുകളിലൊന്നായി മാരുതി ഡിസയർ കണക്കാക്കപ്പെടുന്നുണ്ട്. ആദ്യ വർഷത്തിനുള്ളിൽ ഡിസയറിന് അതിൻ്റെ മൂല്യത്തിൻ്റെ 86 ശതമാനം വരെയും നാല് വർഷത്തിന് ശേഷം 68 ശതമാനം വരെയും നിലനിർത്താൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. യൂസ്ഡ് കാർ വിപണിയിലേക്ക് വന്നാൽ 2019 മുതലുള്ള മോഡലുകൾക്ക് 6-7.50 ലക്ഷം രൂപയ്ക്ക് ഇടയിൽ യൂസ്‌ഡ് മാരുതി ഡിസയറിന് വില വരും. അത് നിലവിലെ പുതിയതിന്റെ ഓൺ-റോഡ് വിലയ്ക്ക് സമാനമാണ്.


Click it and Unblock the Notifications








