സാധാരണ പെട്രോളാണോ ഇപ്പോഴും അടിക്കുന്നേ, ഈ കാറുള്ളവർ നിർത്തുന്നതാണ് നല്ലത്; കാരണം പറഞ്ഞുതരാം
ഡീസൽ എഞ്ചിനുകൾ പതിയെ ഗുഡ്ബൈ പറഞ്ഞ് ഓർമയാവുമ്പോൾ പെട്രോൾ എഞ്ചിനുകളാണ് ഇപ്പോൾ വിരാജിക്കുന്നത്. മുമ്പത്തേക്കാൾ കാര്യക്ഷമമായ കിടിലൻ ഹൃദയങ്ങളാണ് കാറുകളിൽ തുടിക്കുന്നത്. മാരുതിയും ഹ്യുണ്ടായിയും ടാറ്റയുമെല്ലാം പെട്രോൾ കാറുകൾക്ക് മുൻഗണന കൊടുക്കുമ്പോൾ ആളുകൾക്കും ഇത്തരം മോഡലുകളോടാണ് ഇപ്പോൾ പ്രിയം. ഇന്ധനത്തിലും വ്യത്യസ്‌ത തരങ്ങളുണ്ടെന്ന് ഏവർക്കും അറിയാമല്ലോ. ഒരു ലിറ്റർ പെട്രോളിന് ഇന്ന് 106 രൂപയോളമാണ് കേരളത്തിൽ വരുന്ന വില. ആയതിനാൽ സ്പീഡ് അല്ലെങ്കിൽ പവർ പോലുള്ള വിലകൂടിയ പെട്രോൾ വാഹനങ്ങളിൽ നിറയ്ക്കാൻ പലർക്കും താത്പര്യമില്ലെന്ന് വേണം പറയാൻ.
ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് അറിയില്ലെങ്കിലും 3 രൂപ അധികം മുടക്കാൻ ആരെങ്കിലും തയാറാവുമോ? സാധാരണ പെട്രോളും പവർ പെട്രോളും തമ്മിലുള്ള വ്യത്യാസം ചെറുതായൊന്ന് പറഞ്ഞുതരാം. നമ്മളിൽ മിക്കവരും ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ പെട്രോൾ തരം സാധാരണ പെട്രോൾ അല്ലെങ്കിൽ അൺലെഡഡ് പെട്രോൾ ആണ്. പരിസ്ഥിതി സംരക്ഷിക്കുന്നതിനായി പെട്രോളിൽ നിന്ന് ലെഡിന്റെ അളവ് നീക്കം ചെയ്തതിനാലാണ് ഇതിനെ അൺലെഡഡ് എന്ന് വിളിക്കുന്നത്.

മറുവശത്ത് ഹൈ പെർഫോമൻസ് നൽകുമെന്ന് അവകാശപ്പെടുന്ന ഒരു ബ്രാൻഡഡ് പെട്രോൾ തരമാണ് സ്പീഡ് പെട്രോൾ. ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം ഒക്ടെയിനിലാണ്. പെട്രോളിന്റെ ഗ്രേഡുകളെ വേർതിരിച്ചിരിക്കുന്ന പാരാമീറ്ററാണ് ഒക്ടെയിൻ. ജ്വലിക്കുന്നതിനുമുമ്പ് ഇന്ധനത്തിന് എത്രമാത്രം കംപ്രഷൻ നേരിടാൻ കഴിയും എന്നതാണ് ഒക്ടെയിൻ മൂല്യത്തിലൂടെ കണക്കാക്കുന്നത്.
പെട്രോൾ എഞ്ചിനുകളുടെ കാര്യത്തിൽ എഞ്ചിന്റെ പ്രകടനത്തെയും കാര്യക്ഷമതയെയും സ്വാധീനിക്കുന്ന ഒരു നിർണായക ഘടകമാണ് ഒക്ടെയിൻ റേറ്റിംഗ്. ഒക്ടെയിൻ നമ്പർ കൂടുന്തോറും അനിയന്ത്രിതമായ ജ്വലനത്തിനുള്ള പ്രതിരോധശേഷി ഇന്ധനത്തിനുണ്ടാവും. ഇത് ഉയർന്ന കംപ്രഷൻ എഞ്ചിനുകൾക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും. ഇന്ത്യയിലെ ഉയർന്ന ഒക്ടെയിൻ പെട്രോൾ ബ്രാൻഡുകൾ ഏതൊക്കെയാണെന്ന് ഇക്കൂടെ പറഞ്ഞുപോവാം.

ഇന്ത്യൻ ഓയിലിന്റെ XP95, XP100, ഭാരത് പെട്രോളിയത്തിന്റെ സ്പീഡ് 97, ഹിന്ദുസ്ഥാൻ പെട്രോളിന്റെ പവർ99 എന്നിവയാണ് ഇന്ത്യയിൽ ലഭ്യമായ ഉയർന്ന ഒക്ടെയിൻ ഇന്ധനങ്ങൾ. ആധുനിക പെട്രോൾ ഡയറക്ട് ഇഞ്ചക്ഷൻ (GDI) എഞ്ചിനുകളുടെയും ഉയർന്ന പ്രകടനമുള്ള വാഹനങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് ഇവ രൂപകൽപ്പന ചെയ്‌തിരിക്കുന്നതും. ഒക്ടെയിൻ റേറ്റിംഗുകളും എഞ്ചിൻ പെർഫോമൻസിൽ അവയുടെ സ്വാധീനവും മനസിലാക്കൽ എളുപ്പമാണ്.
എങ്ങനെയെന്ന് ചോദിച്ചാൽ RON അല്ലെങ്കിൽ റിസേർച്ച് ഒക്ടെയിൻ നമ്പർ എന്ന് അറിയപ്പെടുന്ന ഇത് അകാല ജ്വലനത്തെ ചെറുക്കാനുള്ള ഇന്ധനത്തിന്റെ കഴിവിനെയാണ് സൂചിപ്പിക്കുന്നത്. പല ആധുനിക വാഹനങ്ങളിലും കാണപ്പെടുന്നതുപോലുള്ള ഉയർന്ന കംപ്രഷൻ അനുപാതമുള്ള എഞ്ചിനുകൾക്ക്, കാര്യക്ഷമമായി പ്രവർത്തിക്കാൻ ഉയർന്ന ഒക്ടെയിൻ റേറ്റിംഗുള്ള ഇന്ധനങ്ങൾ ആവശ്യമാണ്.

നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനുകളുള്ള മിക്ക മാസ്-മാർക്കറ്റ് കാറുകളും ഇന്ത്യയിൽ സാധാരണയായി ലഭ്യമായ സ്റ്റാൻഡേർഡ് 91 ഒക്ടേൻ ഇന്ധനത്തിൽ പ്രവർത്തിക്കാനാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. അതേസമയം ഡയറക്ട് ഇഞ്ചക്ഷൻ പെട്രോൾ എഞ്ചിനുകളുടെ വരവ് ഹൈ ഒക്ടെയിൻ ഇന്ധനങ്ങളുടെ നിലനിൽപ്പിന് സഹായകരമായിട്ടുണ്ട്. ഇനി ഏത് തരം കാറുകൾ ഉപയോഗിക്കുന്നവർക്കാണ് ഇത്തരം പെട്രോളുകൾ അനുയോജ്യമായതെന്ന് പറഞ്ഞുതരാം.
ഉയർന്ന ഒക്ടെയിൻ ഇന്ധനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത എഞ്ചിനുകളാണ് ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ടിഎസ്ഐ എഞ്ചിനുകൾ, ഹ്യുണ്ടായിയുടെ 1.0 ലിറ്റർ GDI, ടാറ്റ മോട്ടോർസിന്റെ 1.2 GDI എന്നിവ. ഒപ്പം രാജ്യത്തെ വിവിധ ആഡംബര കാറുകളും ഇത്തരം പെട്രോളുകളിൽ പ്രവർത്തിപ്പിക്കുന്നതാവും ഉചിതം. കുറഞ്ഞത് 95 RON ഇന്ധനം ഉപയോഗിക്കുന്നത് പവറും കാര്യക്ഷമതയും ഗണ്യമായി മെച്ചപ്പെടുത്താൻ സഹായിച്ചേക്കും.
95-ന് മുകളിലുള്ള ഒക്ടെയിൻ റേറ്റിംഗുള്ള ഇന്ധനങ്ങൾ ഉപയോഗിക്കുമ്പോൾ ഇഗ്നിഷൻ സമയം ക്രമീകരിക്കുന്നതിന് ആവശ്യമായ ഇസിയു പ്രോഗ്രാമിംഗ് ഈ എഞ്ചിനുകളിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട് കമ്പനികൾ. ഇത് സ്റ്റാൻഡേർഡ് 91 RON പെട്രോൾ ഉപയോഗിക്കുന്നതിനേക്കാൾ പവർ ഔട്ട്പുട്ടിലും ഇന്ധനക്ഷമതയിലും 3-5 ശതമാനം പുരോഗതി കൈവരിക്കാനും ഉടമകളെ സഹായിക്കും.


Click it and Unblock the Notifications








