കാർ വാങ്ങാൻ പോവാണോ? ഈ ഫീച്ചറുകൾ ഒഴിവാക്കിയാൽ കുറച്ച് പൈസ പോക്കറ്റിലിരിക്കും
പുതിയൊരു കാർ വാങ്ങാൻ തീരുമാനിച്ചാൽ പലരുടേയും ആഗ്രഹം ഫീച്ചറുകളാൽ സമ്പന്നമായ മോഡലുകൾ സ്വന്തമാക്കാനായിരിക്കും. ആധുനിക വാഹനങ്ങളെല്ലാം വൈവിധ്യമാർന്ന സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നതിൽ പേരുകേട്ടതുമാണ്. എന്നാൽ ഇതിൽ പലതും നാം ഉപയോഗിക്കാറുപോലുമില്ല എന്നതാണ് യാഥാർഥ്യം. വണ്ടി വാങ്ങുമ്പോൾ പണം ലാഭിക്കാനുള്ള എളുപ്പവഴികൾ തേടുന്നവർക്ക് ഗിമ്മിക്കായുള്ള പല ഫീച്ചറുകളും ഒഴിവാക്കാനാവും.
ആധുനിക കാറുകളിലെ മിക്ക സവിശേഷതകളും ആകർഷകവും ഉപയോഗപ്രദവുമാണെന്ന് തോന്നുമെങ്കിലും പുതിയ വാഹനം വാങ്ങുമ്പോൾ കുറച്ച് അധിക പണം ലാഭിക്കാൻ അവ ഒഴിവാക്കാവുന്നതാണ്. ഈ ഫീച്ചറുകൾ വാഹനത്തിന്റെ വില വർധിപ്പിച്ച് വാങ്ങുന്നയാളുടെ പോക്കറ്റ് കാലിയാക്കാനുള്ള വണ്ടിക്കമ്പനികളുടെ തന്ത്രങ്ങൾ മാത്രമാണ്. അതുമാത്രമല്ല, ഇവ കൂടുതൽ ബാറ്ററി പവർ ഉപയോഗിക്കുമെന്നതിനാൽ വാഹനത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനക്ഷമതേയും ബാധിച്ചേക്കാം.

വ്യത്യസ്ത ഉപഭോക്താക്കൾക്ക് വ്യത്യസ്ത മുൻഗണനകളുണ്ടെന്ന് കണക്കിലെടുക്കുമ്പോൾ ചിലർക്ക് എങ്കിലും ഇക്കാര്യം യുക്തിസഹമായി തോന്നിയേക്കാം. പുതിയൊരു കാർ വാങ്ങാൻ നിങ്ങൾ പ്ലാനിട്ടിട്ടുണ്ടെങ്കിൽ പോക്കറ്റ് കീറാതിരിക്കാനും മികച്ച തീരുമാനം കൈക്കൊള്ളാൻ ഒഴിവാക്കാവുന്ന ചില ഫീച്ചറുകൾ ഏതെല്ലാമെന്ന് പറഞ്ഞുതരാം. ഇതുവായിച്ചതിനു ശേഷം ചിലപ്പോൾ സഹായകരമായി തോന്നിയേക്കാം.
പനോരമിക് സൺറൂഫ്: ഉയർന്ന നിലവാരമുള്ള കാറുകളിൽ മാത്രം കണ്ടുവന്നിരുന്ന ആഡംബര ഫീച്ചറായിരുന്നു പനോരമിക് സൺറൂഫുകൾ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്തെ കോംപാക്‌ട് എസ്‌യുവികളിലും ഹാച്ച്‌ബാക്കുകളിലും പോലും പനോരമിക് സൺറൂഫുകൾ വന്നുകയറിയിട്ടുണ്ട്. ഇന്റീരിയറിലെ പ്രീമിയം ഫീലും വായുസഞ്ചാരവും വർധിപ്പിക്കുന്നതിനോടൊപ്പം ഗ്ലാസ് പാനലിലൂടെ സ്വാഭാവിക വെളിച്ചവും ഇവ നൽകും. പക്ഷേ ഇതൊരു അത്യാവശ്യമായ ഫീച്ചറല്ലാത്തതിനാൽ ഒഴിവാക്കി വിടുന്നതാവും ഉചിതം.

എൽഇഡി ഡിആർഎൽ: ഡേടൈം റണ്ണിംഗ് ലൈറ്റുകൾ അഥവാ ഡിആർഎൽ എന്നറിയപ്പെടുന്ന ഫീച്ചർ വിവിധ വിഭാഗങ്ങളിലുള്ള മിക്കവാറും എല്ലാ കാറുകളിലും ഒരു പുതിയ ട്രെൻഡായി മാറിയിട്ടുണ്ട്. വാഹനത്തിന്റെ സ്റ്റൈലും പ്രീമിയം ഫീലും വർധിപ്പിക്കുന്നതിനായാണ് പ്രധാനമായും നൽകുന്നതെങ്കിലും എതിർ ദിശകളിൽ നിന്ന് വരുന്ന മറ്റ് ഡ്രൈവർമാർക്ക് നിങ്ങളുടെ വാഹനം ദൃശ്യമാക്കുന്നതാണ് ഡിആർഎല്ലിന്റെ ധർമ്മം. പുതിയൊരു കാർ വാങ്ങുമ്പോൾ ഇതും ഒഴിവാക്കാനാവുന്ന കാര്യമാണ്.
റെയ്ൻ സെൻസിംഗ് വൈപ്പറുകൾ: മോഡേൺ കാറുകളിൽ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുന്ന ഫീച്ചറാണിത്. മഴയുള്ളപ്പോൾ വൈപ്പറുകൾ സ്വയമേവ പ്രവർത്തിക്കാൻ ഈ സവിശേഷത കാറിനെ പ്രാപ്‌തമാക്കുന്നു. സംഭവം രസകരമായി തോന്നുമെങ്കിലും വൈപ്പർ ഓണാക്കുകയെന്നത് വലിയ പണിയല്ല. അതിനാൽ പണം ലാഭിക്കാൻ എളുപ്പത്തിൽ ഒഴിവാക്കാവുന്ന ഫീച്ചറാണ് റെയ്ൻ സെൻസിംഗ് വൈപ്പറുകൾ.

വയർലെസ് ചാർജിംഗ്: പല ആധുനിക കാറുകളിലും നിന്നും ഒഴിവാക്കാനാവാതെ മാറിയ സവിശേഷകളിൽ ഒന്നാണിത്. സാധാരണ പ്ലഗ്-ഇൻ ചാർജിംഗ് സാങ്കേതികവിദ്യയെ അപേക്ഷിച്ച് വയർലെസ് ചാർജിംഗിന് അസാധാരണമായ നേട്ടങ്ങളൊന്നുമില്ല. മാത്രമല്ല വയർലെസ് ചാർജിംഗ് മൊബൈൽ ഉപകരണത്തിന്റെ ബാറ്ററി കൂടുതൽ ചൂടാക്കുകയും ചെയ്യും. ആയതിനാൽ പൈസ ലാഭിക്കാൻ ഈ സവിശേഷതയും നമുക്ക് വേണ്ടെന്നു വെക്കാം.
ടച്ച്പാഡ് കൺട്രോൾ: ഇതിലൂടെ പല കാര്യങ്ങളും എളുപ്പത്തിൽ ഉപയോഗിക്കാമെന്ന് പല ഉപഭോക്താക്കൾക്കും തോന്നിയേക്കാമെങ്കിലും ഇത് ഡ്രൈവർമാരുടെ ശ്രദ്ധ വഴിതിരിച്ചുവിടുകയും അപകടങ്ങൾ പെരുകാൻ കാരണമാവുകയും ചെയ്യും. ആയതിനാൽ വാഹന നിർമാതാക്കൾ പഴയ പരമ്പരാഗത ബട്ടണുകളും ഡയലുകളിലേക്കും തിരികെയെത്തണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ടച്ച്പാഡ് കൺട്രോളുകൾ അത്യാവശ്യമായ ഒരു ഫീച്ചറല്ലാത്തതിനാൽ പണം ലാഭിക്കാൻ ഇത് എളുപ്പത്തിൽ ഒഴിവാക്കാവുന്നതാണ്.

ജെസ്ച്ചർ കൺട്രോൾ: ഡ്രൈവർ അല്ലെങ്കിൽ സഹയാത്രികർക്ക് കൈകൊണ്ട് ആംഗ്യങ്ങൾ കാണിച്ച് ഒരു ഫംഗ്ഷൻ പ്രവർത്തിപ്പിക്കാൻ കാറിന്റെ സിസ്റ്റത്തോട് കമാൻഡ് ചെയ്യുന്ന കാര്യമാണ് ഈ ഫീച്ചർ. തീർച്ചയായും രസകരമായ ഒന്നാണെങ്കിലും പക്ഷേ ശ്രദ്ധ വ്യതിചലിപ്പിക്കാൻ ഇത് കാരണമാവും. അത് അപകടങ്ങളിലേക്കും വഴിവെച്ചേക്കാം. ആയതിനാൽ പോക്കറ്റിലെ കാശ് ലാഭിക്കുന്നതിനൊപ്പം അപകടങ്ങൾ കുറക്കാനും ഫീച്ചർ വേണ്ടെന്നു വെച്ചാൽ സാധിക്കും.


Click it and Unblock the Notifications








