10 കോടിയുടെ ഇലക്‌ട്രിക് കാർ രണ്ടാമതും മുറ്റത്തേക്ക്, കണ്ടാൽ ആള് സിമ്പിൾ, പക്ഷേ അന്യായ കോടീശ്വരനാണ് കക്ഷി
ലോകത്തിലെ ഏറ്റവും ചെലവേറിയ ആഡംബര കാറുകൾ നിർമിക്കുന്ന റോൾസ് റോയ്‌സ് എന്ന ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളുടെ പേര് നാട്ടിലെ കൊച്ചുകുട്ടികൾക്ക് പോലും അറിയാം. ലോകത്തിലെ തന്നെ ഏറ്റവും ആഡംബരമായ വാഹനങ്ങളാണ് റോൾസ് റോയ്‌സിന്റേത്. കാർ എന്നതിന്റെ അവസാനവാക്കായി പലരും പറയുന്ന പേര് കൂടിയാണിതെന്ന് കേൾക്കുമ്പോൾ ആർക്കായാലും ഒന്ന് കയറാൻ തോന്നിപ്പോവും. റോൾസ് റോയ്‌സ് വാഹനങ്ങളുടെ പ്രൗഢിയെ പറ്റി സംസാരിച്ചാൽ അതിന് ഒരിക്കലും അവസാനം ഉണ്ടാവുകയുമില്ല. പ്രമുഖ വ്യവസായികളും സെബിബ്രിറ്റികളും പണക്കാരുമെല്ലാം ഇതുവാങ്ങുന്നതിന്റെ രഹസ്യവും മറ്റൊന്നുമല്ല. അംബാനിയുടെ മുറ്റത്തേക്ക് നോക്കിയാൽ റോൾസ് റോയ്‌സിന്റെ വലിയൊരു ശേഖരം തന്നെ കാണാം.
എന്നാൽ ഇന്ത്യയിലെ ആദ്യത്തെ റോൾസ് റോയ്‌സ് സ്‌പെക്ടർ വാങ്ങിയത് അംബാനിയോ അദാനിയോ യൂസഫലിയോ ഒന്നുമല്ല. അത് ചെന്നൈയിൽ നിന്നുള്ള ഒരു വ്യവസായിയായിരുന്നു. ചെന്നൈ ആസ്ഥാനമായുള്ള ഇൻഫ്രാസ്ട്രക്ചർ ബിൽഡർ ബാഷ്യം കൺസ്ട്രക്ഷൻസിൻ്റെ ഉടമയായ ഭാഷ്യം യുവരാജ് സ്പെക്‌ടർ ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ വാങ്ങിയിരുന്നു. ഏകദേശം 10 കോടി രൂപയോളം വില വരുന്ന ഈ ആഡംബര കാർ ഇപ്പോഴിതാ രണ്ടാമതും സ്വന്തമാക്കിയിരിക്കുകയാണ് ഭാഷ്യം.

ചെന്നൈ ബിൽഡറുടെ പുതിയ സ്പെക്ടർ ലക്ഷ്വറി കാറിന്റെ പുത്തൻ കാറിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഓട്ടോമൊബിലി ആർഡൻ്റ് ഇന്ത്യയെന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഭാഷ്യം യുവരാജിന്റെ പുത്തൻ വാഹനത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സ്‌പെക്‌ടറിന്റെ ആദ്യ മോഡലിന് വിറ്ററിംഗ് ബ്ലൂ കളർ ഓപ്ഷനാണ് കോടീശ്വരനായ വ്യവസായി തെരഞ്ഞെടുത്തിരിക്കുന്നതെങ്കിൽ ഇത്തവണ ഇംപീരിയൽ ജേഡിൽ ഒരുങ്ങിയ റോൾസ് റോയ്‌സാണ് കക്ഷി ഗരാജിലെത്തിച്ചിരിക്കുന്നത്.
റോൾസ് റോയ്സ് നിരയിലെ വളരെ സവിശേഷമായ ഒരു കാറാണ് സ്പെക്ടർ. റോൾസ് റോയ്സ് നിർമിക്കുന്ന ആദ്യത്തെ ഇലക്ട്രിക് വാഹനമാണിത്. ആദ്യത്തെ ഇലക്ട്രിക് റോൾസ് റോയ്‌സിൻ്റെ പ്രാരംഭ വില ഏകദേശം 7.50 കോടിയാണ്. കസ്റ്റമൈസേഷനുകൾ അനുസരിച്ച് വില ഇനിയും ഉയരും. ഇവി ആണെങ്കിലും ഡിസൈനിൽ റോൾസ് റോയ്സ് വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ വ്യക്തമാവും. ബോണറ്റിൽ സ്പിരിറ്റ് ഓഫ് എക്‌സ്‌റ്റസിയും റോൾസ്-റോയ്‌സിന്റെ സിഗ്നേച്ചർ ഗ്രില്ലുമാണ് കാറിന് ആഡംബരമേകുന്നത്.

ഉപഭോക്താവിൻ്റെ അഭ്യർത്ഥന പ്രകാരം ബോണറ്റിൻ്റെയും ഗ്രില്ലിൻ്റെയും നിറം കസ്റ്റമൈസ് ചെയ്യാവുന്നതാണ്. കൂപ്പെ പോലെയുള്ള ചരിഞ്ഞ മേൽക്കൂര ഇലക്ട്രിക് കാറിൻ്റെ ടെയിൽഗേറ്റിലേക്ക് ഒഴുകിയിറങ്ങുന്നതും രസകരമായ കാഴ്ച്ചയാണ്. ഇംപീരിയൽ ജേഡ് കളർ റോൾസ് റോയ്‌സ് സ്പെക്‌ടറിന് നന്നായി ചേരുന്നുമുണ്ട്. വാഹനത്തിലെ 23 ഇഞ്ച് അലോയ് വീലുകളും കിടിലമാണെന്ന് പറയാതെ വയ്യ. ഇത് ICE എഞ്ചിൻ പതിപ്പിൽ നിന്നും വ്യത്യസ്‌തമാണ്.
മുകളിൽ സൂചിപ്പിച്ചതുപോലെ റോൾസ് റോയ്‌സ് തങ്ങളുടെ ഉപഭോക്താക്കൾക്ക് ഉയർന്ന തലത്തിലുള്ള കസ്റ്റമൈസേഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ആയതിനാൽ ഇന്റീരിയർ ആവശ്യാനുസരണം കസ്റ്റമൈസ് ചെയ്‌തെടുക്കാം. സ്റ്റാർലൈറ്റ് റൂഫ്, പ്രീമിയം ലെതർ അപ്‌ഹോൾസ്റ്ററി, ഡാഷ്‌ബോർഡിലെ വുഡ്, ഗ്ലാസ് പാനൽ ഇൻസെർട്ടുകൾ, ഇലക്ട്രിക് സീറ്റുകൾ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിങ്ങനെയുള്ള ഫീച്ചറുകളുള്ള സ്‌പെക്‌ടറിൽ സാധാരണയായി കണ്ടുവരാറുള്ളതാണ്.

റോൾസ് റോയ്‌സ് കാറുകൾ വളരെ നിശബ്ദമായ ക്യാബിന് പേരുകേട്ടതാണ്. സ്‌പെക്‌ടർ ഒരു ഇവി ആയതിനാൽ അകത്തളം കൂടുതൽ പ്രീമിയവും നിശബ്ദവുമാക്കുന്നത് കമ്പനിക്ക് എളുപ്പമുള്ള പണിയായിരുന്നു. സ്‌പെക്‌ടറിന് ഏകദേശം 3 ടൺ ഭാരമുണ്ടെങ്കിലും പെർഫോമൻസിൽ വാഹനം ഞെട്ടിക്കുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കാറിലെ ഇലക്ട്രിക് മോട്ടോറിന് 593 bhp കരുത്തിൽ പരമാവധി 900 Nm torque വരെ ഉത്പാദിപ്പിക്കാനാവും.
സിംഗിൾ ചാർജിൽ റോൾസ് റോയ്‌സിന്റെ ഇലക്ട്രിക് കാറിന് 520 കിലോമീറ്റർ റേഞ്ചാണ് നൽകാനാവാവുക. വെറും 4.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇവിക്കാവും. ഇത് ഏകദേശം 3 ടൺ ഭാരമുള്ള ഒരു കാറിനെ സംബന്ധിച്ച് തികച്ചും ഞെട്ടിക്കുന്ന കാര്യമാണ്. സ്പെക്‌ടർ ഇവിക്ക് ആക്ടീവ് സസ്‌പെൻഷനും ഫോർ വീൽ സ്റ്റിയറിങ് വീലും വരെ ലഭിക്കുന്നുണ്ട്.


Click it and Unblock the Notifications








