ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ കാറും ബൈക്കും ഇതാണെന്ന് പഠനം; ഞെട്ടി പ്രമുഖർ
ജപ്പാനെ വരെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി ഇന്ത്യ മാറിയത് ഈ അടുത്തിടെയായിരുന്നു. ഇന്ന് ആഗോളതലത്തിലെ പ്രമുഖ കമ്പനികളെല്ലാം ഇന്ത്യയെ നോക്കി കാണുന്നതും ഏറെ പ്രതീക്ഷയോടെ തന്നെ. വ്യത്യസ്‌ത ഭൂപ്രകൃതിയും സംസ്ക്കാരവുമെല്ലാം നിറഞ്ഞു നിൽക്കുന്ന നമ്മുടെ രാജ്യത്തെ ഓരോ വ്യക്തിയുടെയും നിത്യജീവിതത്തിൽ വാഹനങ്ങൾക്ക് അത്രയേറെ പ്രാധാന്യമുണ്ട്.
ഇന്ന് ഒരു വ്യക്തി ജോലി നേടിയാൽ ആദ്യം ഒരു കാറോ അല്ലെങ്കിൽ ബൈക്കോ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ്. വാങ്ങുന്ന വാഹനത്തിന്റെ വലിപ്പമനുസരിച്ച് സ്വന്തം സ്റ്റാറ്റസ് അളക്കുന്നവരുമുണ്ട്. രാജ്യത്തെ ഏറ്റവും ഇഷ്ടപ്പെട്ട കാറുകൾ ഇന്ന് എസ്‌യുവികളായി മാറിയ ട്രെൻഡും നാം സാക്ഷ്യംവഹിച്ചു കഴിഞ്ഞു. ഇരുചക്ര വാഹനങ്ങൾക്കിടയിൽ സ്കൂട്ടറുകളേക്കാൾ കൂടുതൽ ജനപ്രീതിയാണ് മോട്ടോർസൈക്കിളുകൾക്കിടയിലുള്ളത്. ഗിയറില്ലാത്ത വണ്ടിയോടിക്കുന്നത് ഇന്നും എന്തോ കുറച്ചിലായി കാണുന്ന വിഭാഗവും നമുക്കിടയിലുണ്ട്.

അടുത്തിടെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ കാറും ബൈക്കും ഏതാണെന്നറിയാൻ ഒരു പഠനം നടക്കുകയുണ്ടായി. ഓട്ടോ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഡ്രൂമിന്റെ പഠനമനുസരിച്ച് ഹ്യുണ്ടായി ക്രെറ്റ എസ്‌യുവിയും ബജാജ് പൾസർ മോട്ടോർസൈക്കിളും രാജ്യത്തെ ഫോർ വീലർ, ടു വീലർ സെഗ്‌മെന്റുകളിൽ ഏറ്റവും ജനപ്രിയമായവയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തുവെന്നതാണ് രസകരമായ കാര്യം. ആഡംബര കാർ സെഗ്‌മെന്റ് ഉൾപ്പെടെ ഇന്ത്യയിൽ നിലവിൽ വിൽക്കുന്ന എല്ലാ ഇന്റേണൽ കമ്പഷൻ മോഡലുകളും പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നിരുന്നാലും ഇലക്ട്രിക് വാഹന വിഭാഗത്തിൽ സമാനമായ ഡാറ്റ ഡ്രൂം പുറത്തുവിട്ടിട്ടില്ല. 2022 ഡ്രൂമിന്റെ ആനുവൽ ഇന്ത്യ ഓട്ടോമൊബൈൽ ഇ-കൊമേഴ്‌സ് റിപ്പോർട്ട് കഴിഞ്ഞ വർഷത്തെ കൊറിയൻ എസ്‌യുവികളുടെ ആധിപത്യത്തെയാണ് കാണിക്കുന്നത്. പട്ടികയിൽ ഹ്യുണ്ടായി ക്രെറ്റ ഒന്നാമതെത്തിയപ്പോൾ കൊറിയൻ കസിനായ കിയ സെൽറ്റോസ് രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം വാങ്ങുന്നവർക്കിടയിൽ പ്രിയങ്കരമായ മറ്റ് എസ്‌യുവികളിൽ പുതിയ മാരുതി സുസുക്കി ബ്രെസയും ഉൾപ്പെടുന്നുണ്ട്.

എംപിവി അല്ലെങ്കിൽ വലിയ എസ്‌യുവികൾ പോലുള്ള വലിയ കാറുകൾക്കിടയിൽ ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയും ഫോർച്യൂണറുമാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ വാഹനങ്ങൾ. ഇന്ത്യയിലെ ആഡംബര വാഹന വിഭാഗത്തിൽ മുന്നിൽ നിൽക്കുന്ന മെർസിഡീസ് ബെൻസിന്റെ E-ക്ലാസ് ലക്ഷ്വറി സെഗ്മെന്റിലെ ഏറ്റവും ജനപ്രിയ മോഡലായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. വാങ്ങുന്നവർക്കിടയിൽ ജനപ്രിയമായ മറ്റ് ആഡംബര കാറുകളിൽ ജീപ്പ് കോമ്പസ്, മെർസിഡീസ് ബെൻസ് C-ക്ലാസ്, ബിഎംഡബ്ല്യു 5 സീരീസ് എന്നിവ ഉൾപ്പെടുന്നു.
ഇരുചക്ര വാഹന വിഭാഗത്തിലേക്ക് നോക്കിയാൽ ലോകത്തിലെ ഏറ്റവും വലിയ ടൂവീലർ നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പിന്റെ മോഡലുകളേക്കാൾ കൂടുതൽ ജനപ്രിയം ബജാജിന്റെ ബൈക്കുകളാണെന്നതാണ് കൗതുകകരമായ മറ്റൊരു സംഗതി. ബജാജ് പൾസർ ഏറ്റവും പ്രിയപ്പെട്ട ഇരുചക്ര വാഹനമായി പഠനം തെരഞ്ഞെടുക്കപ്പെട്ടു. ഹീറോ സ്‌പ്ലെൻഡർ പ്ലസ്, ബജാജ് പൾസർ NS200, ടിവിഎസ് അപ്പാച്ചെ RTR, ഹോണ്ട CB ഷൈൻ തുടങ്ങിയ മോട്ടോർസൈക്കിളുകളും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലെത്തി.

ലക്ഷ്വറി മോട്ടോർസൈക്കിൾ സെഗ്‌മെന്റിൽ റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ ഏറ്റവും ജനപ്രിയ മോഡലായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ തുടർന്ന് ഹാർലി ഡേവിഡ്‌സൺ സ്ട്രീറ്റ് 750, കവസാക്കി നിഞ്ച ZX-10R എന്നിവയും ഇന്ത്യയിലെ ഏറ്റവും പ്രിയങ്കരമായ മോഡലുകളുടെ പട്ടികയിലേക്ക് ഇടംപിടിച്ചു. ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള വാഹനങ്ങൾ വാങ്ങുന്നവർക്കിടയിൽ കൂടുതൽ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണെന്നും പഠനം പറയുന്നു. എന്നിരുന്നാലും ഇവയെ ഇതുവരെ പൂർണമായും അംഗീകരിക്കാനും ഒരു വിഭാഗം മടിച്ചുനിൽക്കുന്നുണ്ട്.
2015 മുതലുള്ള ഓട്ടോമാറ്റിക് വാഹനങ്ങളുടെ വിഹിതം കണക്കാക്കിയപ്പോൾ 23 ശതമാനത്തിൽ നിന്ന് 33 ശതമാനമായി കഴിഞ്ഞ വർഷം ഉയർന്നു. ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ ഉയർച്ചയ്ക്ക് കാരണം 'സൗകര്യവും ഉയർന്ന ഇന്ധനക്ഷമതയും' ആണെന്ന് പഠനം അവകാശപ്പെടുന്നു. മൊത്തം വാഹന വിൽപ്പനയുടെ ഒരു ശതമാനത്തിൽ മാത്രമാണ് ഇന്ത്യയിൽ ഇവി വിൽപ്പനയെന്നും. കാര്യമായ വികാസം ഈ മേഖലയിൽ ഉണ്ടായിട്ടില്ലെന്നും പഠനം പറയുന്നു.

സ്വന്തമാക്കാൻ മുടക്കേണ്ടി വരുന്ന അമിത ചെലവും ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്‌മയുമാണ് ഇതിനുള്ള കാരണം. ഡീസൽ കാറുകൾക്ക് പോലും ഇന്ത്യയിൽ ജനപ്രീതി കുറഞ്ഞുവരികയാണെന്നതാണ് ശ്രദ്ധേയമാവുന്ന മറ്റൊരു കാര്യം. പ്രത്യേകിച്ചും മലിനീകരണം കുറയ്ക്കുന്നതിന് എല്ലാ ഡീസൽ കാറുകളുകളും പത്ത് വർഷത്തിനു ശേഷം ഫിറ്റ്നെസ് തെളിയിക്കേണ്ടതുണ്ടെന്ന നിയമമെല്ലാമാണ് ഇതിന് തിരിച്ചടിയായത്. 2021-ൽ 60 ശതമാനമായിരുന്ന ഡീസൽ വാഹന വിഹിതം കഴിഞ്ഞ വർഷം 53 ശതമാനമായി കുറഞ്ഞതായി പഠനം പറയുന്നു.


Click it and Unblock the Notifications








