ഇന്ത്യയിലെ ഏറ്റവും മികച്ച ബേസ് വേരിയന്റ് ഹാച്ച്ബാക്കുകളെ ഒന്നു പരിചയപ്പെട്ടാലോ?
ഓരോ വർഷവും കൂട്ടിയിരുന്ന കാർ വില ഇപ്പോൾ അടിക്കടി ഉയരുന്നതിനാണ് പോയ വർഷങ്ങളിൽ നാം സാക്ഷ്യംവഹിച്ചതും. പല വാഹന നിർമാതാക്കളും മൂന്നു തവണ വരെയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിനിടയ്ക്ക് മോഡൽ നിരയിലാകെ വർധനവ് നടപ്പിലാക്കിയത്.

നിലവിൽ കാർ വില ഉയരുന്നതിനാൽ പലരും തങ്ങളുടെ ഇഷ്ട കാറുകളുടെ ബേസ് വേരിയന്റുകൾ വാങ്ങാനാണ് താത്പര്യം പ്രകടിപ്പിക്കുന്നത്. ഈ അടിസ്ഥാന മോഡലുകൾ ഫീച്ചുറുകളുടെ കാര്യത്തിൽ അൽപം പിന്നിലാണെങ്കിലും സ്പേസ്, എഞ്ചിൻ എന്നിവയുൾപ്പടെയുള്ള കാര്യങ്ങളിൽ ടോപ്പ് എൻഡ് വേരിയന്റുകൾക്ക് സമാനമാണ്.

അതിനാൽ മുടക്കുന്ന പണത്തിന് അതിനൊത്ത മൂല്യം വാഗ്‌ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റുവും മികച്ച ബേസ് വേരിയന്റ് ഹാച്ച്ബാക്കുകളെ ഒന്നു പരിചയപ്പെട്ടാലോ?

മാരുതി സുസുക്കി ബലേനോ
ഹാച്ച്ബാക്കുകളിലെ ഏറ്റവും മികച്ച ബേസ് വേരിയന്റ് മോഡലുകളിൽ ആദ്യം എടുത്തു പറയേണ്ടത് മാരുതി സുസുക്കി ബലേനോയുടെ പേരു തന്നെയാണ്. 6.49 ലക്ഷം രൂപയാണ് കാറിന്റെ പ്രാരംഭ പതിപ്പിന്റെ എക്സ്ഷോറൂം വില. അതായത് 9.71 ലക്ഷം രൂപ വിലിയുള്ള പ്രീമിയം ഹാച്ചിന്റെ ടോപ്പ് എൻഡ് വേരിയന്റിനേക്കാൾ ഏകദേശം 3 ലക്ഷം രൂപ വരെ കുറവാണ് ബേസ് വേരിയന്റിനെന്ന് സാരം.

നാല് പവർ വിൻഡോകൾ, റിമോട്ട് സെൻട്രൽ ലോക്കിംഗ്, ക്രമീകരിക്കാവുന്ന ORVM-കൾ, ഡ്രൈവർ ഡിസ്‌പ്ലേയിലെ MID, ഒരു ഡേ/നൈറ്റ് മിറർ എന്നിവയുൾപ്പെടെയുള്ള മിക്ക അടിസ്ഥാന ആവശ്യങ്ങളും ബലേനോയുടെ ബേസ് വേരിയന്റ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ബലേനോയുടെ അടിസ്ഥാന മോഡലിന് ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ഫീച്ചർ ലഭിക്കുന്നു എന്നതാണ് അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം. ഈ ഫീച്ചർ ലഭിക്കുന്ന ഒരേയൊരു ബേസ് മോഡൽ ഹാച്ച്ബാക്കും മാരുതി ബലേനോ മാത്രമാണ്.

ടാറ്റ ആൾട്രോസ്
ഏറ്റവും മികച്ച ബേസ് വേരിയന്റ് ഹാച്ച്ബാക്കുകളിലെ സ്പോർട്ടി ലുക്കിംഗ് മോഡലാണ് ടാറ്റ ആൾട്രോസ്. കാറിന്റെ XE വേരിയന്റിന് 6.20 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. അതായത് ബലേനോയേക്കാൾ വില കുറവാണെന്ന് അർഥം.

ബലേനോയുമായി താരതമ്യപ്പെടുത്തുമ്പോൾ ഫീച്ചറുകളുടെ കാര്യത്തിൽ ആൾട്രോസിന്റെ ബേസ് മോഡൽ കാര്യമായി ഒന്നും വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും ഏറ്റവും സുരക്ഷിതമായ കാറുകളിൽ ഒന്നാണിത് എന്ന കാര്യം കണക്കിലെടുത്താൽ ശരിക്കും ഒരു വാല്യൂ ഫോർ മണി ഓഫറാണിത്. കൂടാതെ ആൾട്രോസിന് ഫാക്ടറി-ഇൻസ്റ്റാൾഡ് മ്യൂസിക് സിസ്റ്റവും ലഭിക്കുന്നുണ്ട്.

മാരുതി സുസുക്കി ഇഗ്നിസ്
ഈ മികച്ച ബേസ് മോഡൽ ഹാച്ച്ബാക്കുകളുടെ നിരയിലെ ഏറ്റവും ചെറുതും വിലകുറഞ്ഞതുമായ കാറാണ് ഇഗ്നിസ്.5.35 ലക്ഷം രൂപ മാത്രം എക്സ്ഷോറൂം വിലയുള്ള ഈ കോംപാക്‌ട് ഹാച്ച് അതുല്യമായ ഡിസൈനും ശൈലി കൊണ്ടും ഹിറ്റായ വാഹനമാണ് മാരുതി സുസുക്കി ഇഗ്നിസ്.

ഇഗ്നിസിന്റെ ബേസ് വേരിയന്റിൽ കാര്യമായി ഒന്നും എടുത്തുപറയാനില്ലെങ്കിലും വളരെ വില കുറഞ്ഞതാണ് എന്നതിനാൽ പരാതികളൊന്നും പറയാനുണ്ടാവില്ല. അടിസ്ഥാന മോഡലായതിനാൽ തന്നെ പിന്നിൽ പവർ വിൻഡോകളില്ല. മാത്രമല്ല ഒരു മ്യൂസിക് സിസ്റ്റം, കൂടാതെ ഒരു RPM മീറ്റർ എന്നിവയും ടോപ്പ് വേരിയന്റിൽ നിന്നും നോക്കുമ്പോൾ ഇഗ്നിസ് നഷ്‌ടപ്പെടുത്തിയിട്ടുണ്ട്.
എന്നിരുന്നാലും ക്യാബിൻ സ്ഥലവും ഇന്ധനക്ഷമതയും കാറിനെ ഏറ്റവും മികച്ചമൂല്യമുള്ള മോഡലുകളിൽ ഒന്നാക്കി മാറ്റുന്നുണ്ട്.

ഹ്യുണ്ടായി i20
നാം സംസാരിക്കുന്ന ബേസ് മോഡലുകളുടെ നിരയിലെ ഏറ്റവും വില കൂടിയ രണ്ടാമത്തെ ഹാച്ച്ബാക്കാണ് ഹ്യുണ്ടായി i20. 7.00 ലക്ഷം രൂപയാണ് ഈ പ്രീമിയം കാറിന്റെ ബേസ് വേരിയന്റിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. എന്നാൽ ആവശ്യമായ എല്ലാ അടിസ്ഥാന സവിശേഷതകളും ഇതിന് ലഭിക്കുന്നുവെന്നതാണ് മുടക്കുന്ന വില മൂല്യവത്താക്കുന്നത്.

4 പവർ വിൻഡോകൾ, ബ്ലൂടൂത്തോടുകൂടിയ ഒരു മ്യൂസിക് സിസ്റ്റം, മ്യൂസിക് സിസ്റ്റത്തിനായുള്ള സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഒരു സൺഗ്ലാസ് ഹോൾഡർ, കൂടാതെ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ORVM-കൾ എന്നിവയും ഹ്യുണ്ടായി i20-യുടെ ബേസ് വേരിയന്റ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഹോണ്ട ജാസ്
ബേസ് മോഡലുകളുടെ നിരയിലെ ഏറ്റവും വില കൂടിയ ഹാച്ച്ബാക്ക് വാഹനമാണ് ഹോണ്ട ജാസ്. 7.71 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയുള്ള ഈ മോഡൽ നിരവധി അനവധി സവിശേഷതകളാൽ സമ്പന്നമാണെന്നതാണ് ശ്രദ്ധേയമാവുന്നത്.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓൾ-പവർ വിൻഡോകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, അലോയ് വീലുകൾ, മികച്ച ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ എന്നിവയെല്ലാം കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

കൂടാതെ ഒരു റിവേഴ്‌സ് പാർക്കിംഗ് ക്യാമറ എന്നിവയും ജാസിന്റെ ബേസ് വേരിയന്റിന് ലഭിക്കുന്നുണ്ട്. ജാസിന്റെ ബേസ് വേരിയന്റിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും ലഭിക്കുന്നുവെന്നതും വളരെ സ്വീകാര്യമായ കാര്യമാണ്.

ഇതൊരു 7-സ്റ്റെപ്പ് സിവിടി യൂണിറ്റാണ്. പാഡിൽ ഷിഫ്റ്റും സിന്റെ അടിസ്ഥാന മോഡലിന് ക്രൂയിസ് കൺട്രോളും വരെയുണ്ടെന്നതും നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം.


Click it and Unblock the Notifications








