എത്ര കോടിയുടെ കാറായാലും വിശ്വാസം വിട്ടൊരു കളിയില്ല, 7 കോടി രൂപയുടെ എസ്‌യുവിക്കും വാഹന പൂജ നടത്തി ഉടമ
പുതുതായൊരു വണ്ടി വാങ്ങിയാൽ പലരും അത് വെഞ്ചിരിക്കുന്നതും പൂജിക്കുന്നതും ഇന്ത്യയിൽ പതിവാണ്. പുതിയ കാര്‍, ബൈക്ക് എന്തിന് വലിയ വാഹനങ്ങള്‍ പോലും സ്വന്തമാക്കുന്നവര്‍ അവരവരുടെ വിശ്വാസങ്ങൾക്ക് അനുസരിച്ച് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് സ്ഥിരം കാഴ്ച്ചയാണ്. വാഹനം വാങ്ങുമ്പോൾ ആളുകൾ ഏറ്റവുമധികം ആശങ്കപ്പെടുന്നതു അപകടങ്ങളെക്കുറിച്ചോർത്താണ്. ഇതിൽ നിന്നുമുള്ള മുക്തിക്കായി തങ്ങളുടെ വാഹനങ്ങളെ ഈശ്വരന് സമർപ്പിച്ച് പൂജ നടത്തുന്നത്.
പുതുതായി സ്വന്തമാക്കിയ ഹെലികോപ്‌റ്റർ വരെ പൂജ നടത്തുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ അടുത്തിടെ വൈറലായിട്ടുണ്ട്. അതിപ്പോൾ കോടികൾ മുടക്കി വാങ്ങിയ സൂപ്പർകാറായാലും പൂജിക്കാതെ നമ്മളിൽ പലർക്കും ഉറക്കം വരില്ലെന്നതാണ് യാഥാർഥ്യം. ദേ ഇപ്പോൾ അത്തരത്തിലൊരു സംഭവമാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുന്നത്.

7 കോടി രൂപയോളം ഓൺ-റോഡ് വില വരുന്ന ബെന്റ്ലി ബെന്റേഗ പൂജ നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. സൂപ്പർ എസ്‌യുവി ഡെലിവറി ചെയ്‌ത ആദ്യ ദിവസം തന്നെയാണ് ഉടമ വണ്ടിയുമായി ക്ഷേത്രത്തിലെത്തിയിരിക്കുന്നത്. സംഭവം കേരളത്തിലല്ല കേട്ടോ. എങ്കിലും മലയാളികൾ ഏറെയുള്ള കർണാടകയിലെ ബെംഗളൂരുവിലാണ് സംഭവം.
ബെന്റ്ലി ബെന്റേഗ പൂജ നടത്തുന്ന വീഡിയോ ഓട്ടോമൊബിലി ആർഡൻ്റ് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. പലരിലും സന്തോഷം നൽകുന്ന കാഴ്ച്ചയാണിതെന്ന് കമന്റ് ബോക്‌സ നോക്കിയാൽ തന്നെ മനസിലാവും. എവിടെ പോയാലും എത്ര ഉയർന്ന നിലയിലെത്തിയാലും നമ്മുടെ സംസ്ക്കാരത്തെ ഉയർത്തിപ്പിടിക്കുന്ന കാഴ്ച്ചയാണിതെന്ന് ഒരാൾ കമന്റിട്ടിട്ടുമുണ്ട്. സെൻ്റ് ജെയിംസ് റെഡ് എന്ന കളർ ഓപ്ഷനിൽ ഒരുങ്ങിയിരിക്കുന്ന ഈ ബെന്റേഗ എസ്‌യുവി എന്തായാലും നെറ്റിസൻസ് ഏറ്റെടുത്തു കഴിഞ്ഞു.
ഇനി എന്താണ് വാഹന പൂജയെന്ന് അറിയാത്തവർക്കായി ചെറിയ വിശദീകരണം നൽകാം. വാഹനങ്ങളുടെ സുരക്ഷയ്ക്കും സുഗമമായ പ്രവർത്തനത്തിനുമായി ദേവന്മാരുടെയും ദേവതകളുടെയും അനുഗ്രഹം തേടുന്നതിനായി വാഹനങ്ങളെ ആരാധിക്കുന്ന ഒരു ഹൈന്ദവ ആചാരമാണ് വാഹന പൂജ. ഒരു പുതിയ വാഹനം വാങ്ങിയ ശേഷം ആളുകൾ ഇത് സാധാരണയായി ചെയ്യാറുള്ള വിശ്വാസമാണ്. ഇത് വാഹനങ്ങളുടെ ദീര്‍ഘായുസ് ഉറപ്പാക്കുമെന്നും റോഡപകടങ്ങള്‍ ഉണ്ടാക്കില്ലെന്നും ജനങ്ങള്‍ വിശ്വസിക്കുന്നു.
നമ്മുടെ രാജ്യത്ത് അടുത്ത കാലത്തായി സൂപ്പര്‍-ഹൈപ്പര്‍ കാറുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഡല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ വമ്പന്‍ നഗരങ്ങളിലാണ് ഇത്തരം ആഡംബര കാറുകൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്. ഇപ്പോൾ ടയര്‍ 2 നഗരങ്ങളിലും ഇത്തരം കാറുകളുടെ വിൽപ്പനയിൽ കാര്യമായ വർധനവുണ്ടായിട്ടുണ്ട്. റോൾസ് റോയ്‌സ്, ലംബോര്‍ഗിനി, ഫെറാറി, മസെരാട്ടി, മക്ലാരന്‍, ബെന്റിലി പോലുള്ള അത്യാഡംബര ബ്രാൻഡുകളെല്ലാം വിൽപ്പന പൊടിപൊടിക്കുകയാണിപ്പോൾ.

വീഡിയോയിൽ കാണുന്ന ബെന്റേഗയുടെ വിശദാംശങ്ങൾ നോക്കിയാൽ ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ബെന്റിലി ഇന്ത്യയിലും ലോകമെമ്പാടും വിൽക്കുന്ന കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ലക്ഷ്വറി എസ്‌യുവികളിൽ ഒന്നാണിത്. മെർസിഡീസ് മെയ്ബാക്ക് GLS 600, റോൾസ് റോയ്‌സ് കലിനൻ എന്നിവ അണിനിരക്കുന്ന സെഗ്മെന്റിൽ എത്തി തന്റേതായ ഇടംകണ്ടെത്താനും ഈ സൂപ്പർ സ്പോർട് യൂട്ടിലിറ്റി വാഹനത്തിനായിട്ടുണ്ട്.
ലോംഗ് വീൽബേസ്, ഷോർട്ട് വീൽബേസ് മോഡലുകൾ ഉൾപ്പെടെ ഒന്നിലധികം വേരിയൻ്റുകളിൽ ബെന്റ്ലി ബെന്റേഗ എസ്‌യുവി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വീഡിയോയിൽ കാണുന്ന മോഡൽ ഷോർട്ട് വീൽബേസ് പതിപ്പാണെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. 542 bhp പവറിൽ പരമാവധി 770 Nm torque ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റർ V8 എഞ്ചിനാണ് ഈ അത്യാഡംബര എസ്‌യുവിക്ക് തുടിപ്പേകുന്നത്.

4.6 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാവുന്ന വണ്ടിയുടെ പരമാവധി വേഗം മണിക്കൂറിൽ 290 കിലോമീറ്ററാണ്. ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ബെന്റേഗക്ക് ലിറ്ററിന് 7.6 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. ബ്രിട്ടീഷ് ബ്രാൻഡായ ബെന്റിലിയിൽ നിന്നുള്ള ആദ്യത്തെ എസ്‌യുവിയാണിത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.


Click it and Unblock the Notifications








