'കേമനാണ് ബഹുകേമൻ' ഇന്ത്യയിലെ മികച്ച 3-സിലിണ്ടർ ബജറ്റ് കാറുകൾ
ഇന്ത്യയിൽ ഇന്ന് സേഫ്റ്റിയും മൈലേജുമെല്ലാം നോക്കിയാണ് ആളുകൾ കാർ വാങ്ങുന്നത്. എന്നാൽ എഞ്ചിൻ്റെ കാര്യത്തിലേക്ക് വരുമ്പോൾ അങ്ങനെ അധികം ആരും ശ്രദ്ധിക്കാറില്ല. അത്യാവിശ്യം മൈലേജും പെർഫോമൻസുമെല്ലാം ഉണ്ടെങ്കിൽ ആളുകൾ ചാടിവീഴാറാണ് പതിവ്. എന്നാൽ എഞ്ചിൻ വശങ്ങളിലേക്ക് വരുമ്പോൾ ചില കാര്യങ്ങൾ കൂടി അധികമായി ശ്രദ്ധകൊടുക്കേണ്ടത് അത്യാവിശ്യം തന്നെയാണ്.
റിഫൈൻഡ് നിലയെല്ലാം മികച്ചതാണെങ്കിൽ എഞ്ചിന്റെ ആയുസും വർധിക്കും. അധികം പണികളൊന്നുമില്ലാതെ വണ്ടി കൊണ്ടുനടക്കാനുമാവും. സിലിണ്ടറുകളുടെ എണ്ണം കൂടുംതോറും റിഫൈൻമെന്റ് നിലയും കൂടുമെന്ന ഒരു പൊതുധാരണ നേരത്തെ തന്നെ നമുക്കിടയിലുണ്ട്. 4-സിലിണ്ടർ കാറുകളുടെ ഡിമാനറ് കൂടാനുള്ള കാരണവും ഇതുതന്നെയാണ്. പക്ഷേ ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനങ്ങൾ 3 സിലിണ്ടർ കാറുകളാണെന്നതാണ് ശ്രദ്ധേയം, പ്രത്യേകിച്ചും ഇന്ത്യയിൽ.

4-സിലിണ്ടറിനെ 3-സിലിണ്ടർ യൂണിറ്റാക്കി കുറയ്ക്കുന്നതിന് ധാരാളം ഗുണങ്ങളുണ്ട്. താങ്ങാനാവുന്ന വില, കുറഞ്ഞ മൂവിങ് പാർട്‌സുകൾ, കുറഞ്ഞ ഉദ്‌വമനം, മികച്ച ഇന്ധനക്ഷമത എന്നിവയും കുറഞ്ഞ ആർപിഎമ്മുകളിൽ കൂടുതൽ പവർ തുടങ്ങിയ മേൻമകളാണ് ഇതിലൂടെ കമ്പനികൾ നേടിയെടുക്കുന്നത്. എന്നിരുന്നാലും, 4-സിലിണ്ടർ എഞ്ചിനുകൾ കൂടുതൽ സന്തുലിതമായതിനാൽ 3-സിലിണ്ടർ എഞ്ചിനുകളിലെ വൈബ്രേഷനുകൾ കൂടുതലാണ്.
കൂടാതെ, 3 സിലിണ്ടറുകൾ മാത്രമുള്ളതിനാൽ 4-സിലിണ്ടർ യൂണിറ്റിനേക്കാൾ കൂടുതൽ പ്രവർത്തനം വേണ്ടിവരുന്നതിനാൽ കാർ സാധാരണയായി അൽപ്പം ഉയർന്ന ആർപിഎമ്മുകളിൽ തുടരുന്നു. നമ്മുടെ രാജ്യത്തെ മിക്ക എൻട്രി ലെവൽ കാറുകളും ഇന്ന് ത്രീ-സിലിണ്ടർ എഞ്ചിനുള്ളവയാണ്. പ്രാരംഭ ചെലവ് കുറയ്ക്കുന്നതിനായാണ് ഈ നീക്കത്തിലേക്ക് കമ്പനികൾ മാറാറുള്ളത്. അതിനാലാണ് ഈ സജ്ജീകരണത്തോടെ പുതിയ കാറുകൾ വരുന്നത്. 3 സിലിണ്ടർ എഞ്ചിനുകളുള്ള ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന മികച്ച എൻട്രി ലെവൽ ഹാച്ച്ബാക്കുകളെ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?

മാരുതി സെലേറിയോ: 3-സിലിണ്ടർ എഞ്ചിൻ ഫീച്ചർ ചെയ്യുന്ന രാജ്യത്തെ ഏറ്റവും മികച്ച ഹാച്ച്ബാക്കുകളിൽ ഒന്നാണ് സെലേറിയോ. കുറഞ്ഞ അറ്റകുറ്റപ്പണികളും മെയിന്റനെൻസും ആഗ്രഹിക്കുന്ന ആളുകൾക്ക് കണ്ണുംപൂട്ടിവാങ്ങാനാവുന്ന കാറാണിത്. 68 bhp കരുത്തിൽ പരമാവധി 89 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.0 ലിറ്റർ NA K10C പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 5.37 ലക്ഷം മുതൽ 7.14 ലക്ഷം രൂപ വരെയാണ് ഹാച്ച്ബാക്കിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
ടാറ്റ ടിയാഗോ: 1.2 ലിറ്റർ 3-സിലിണ്ടർ NA പെട്രോൾ എഞ്ചിനാണ് ടാറ്റയുടെ എൻട്രി ലെവൽ കാറിലുള്ളത്. 86 bhp പവറിൽ 113 Nm torque ആണിത് നൽകുന്നത്. 5.60 ലക്ഷം മുതൽ 8.11 ലക്ഷം വരെ എക്‌സ്ഷോറൂം വില വരുന്ന ടിയാഗോയ്ക്ക് ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്നും 4-സ്റ്റാർ സേഫ്റ്റി റേറ്റിംഗും ലഭിച്ചിട്ടുണ്ട്. മികച്ച പെർഫോമൻസിനൊപ്പം സേഫ്റ്റി കൂടി ചേർന്നതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി ഇതുമാറിയിട്ടുണ്ട്.

റെനോ ക്വിഡ്: കുറഞ്ഞ വിലയിൽ മാരുതിയോ ടാറ്റയോ അല്ലാതെ എന്തെങ്കിലും സ്വന്തമാക്കണമെന്നുള്ളവർക്കുള്ള കാറാണ് റെനോ ക്വിഡ്. 1.0 ലിറ്റർ 3-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് കാറിന്റെ ഹൃദയം. ഇത് 68 bhp പവറിൽ 91 Nm torque വരെ നൽകാൻ പ്രാപ്‌തമാണ്. 4.70 ലക്ഷം മുതൽ 6.33 ലക്ഷം രൂപ വരെയാണ് ക്വിഡിന്റെ എക്‌സ്ഷോറൂംവില വരുന്നത്. രാജ്യത്തെ അർദ്ധ നഗര, ഗ്രാമ പ്രദേശങ്ങളിലൂടെ അനായാസമായി സഞ്ചരിക്കാൻ മികച്ച ഗ്രൗണ്ട് ക്ലിയറൻസും മോഡലിനുണ്ട്.
മാരുതി വാഗൺആർ: സെലേറിയോയുടെ അതേ 1.0 ലിറ്റർ NA K10C പെട്രോൾ എഞ്ചിനാണ് ടോൾബോയ് ഹാച്ചായ വാഗൺആറിലും പ്രവർത്തിക്കുന്നത്. 68 bhp കരുത്തിൽ പരമാവധി 89 Nm torque വരെ നൽകുന്ന ഈ എഞ്ചിൻ എൻട്രി ലെവൽ വേരിയന്റുകളിലാണ് ലഭ്യമാവുന്നത്. ടോപ്പ് എൻഡിൽ 1.2 ലിറ്റർ 4 സിലിണ്ടർ എഞ്ചിനാണ് മാരുതി വാഗൺആറിലുള്ളത്. 5.54 ലക്ഷം മുതൽ 7.42 ലക്ഷം വരെയാണ് ഹാച്ചിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ടാറ്റ ആൾട്രോസ്: ടിയാഗോയുടെ റീട്യൂൺ ചെയ്‌ത 1.2 ലിറ്റർ 3-സിലിണ്ടർ എഞ്ചിനും അതോടൊപ്പം 1.2 ലിറ്റർ 3-സിലിണ്ടർ ഐ-ടർബോ എഞ്ചിൻ ഓപ്ഷനും നൽകുന്ന കാറാണ് ആൾട്രോസ്. 6.60 ലക്ഷം മുതൽ 10.55 ലക്ഷം രൂപ വരെയാണ്. പ്രീമിയം ഹാച്ച്ബാക്കിന്റെ എക്‌സ്ഷോറൂം വില വരുന്നത്. രണ്ട് എഞ്ചിനുകളും പെർഫോമൻസിന്റെയും മൈലേജിന്റെയും റിഫൈൻമെൻ്റിന്റെയും കാര്യത്തിൽ മികവ് തെളിയിച്ചവയാണ്.


Click it and Unblock the Notifications








