കാർ യാത്രയിൽ കേൾക്കാൻ ചില ഇളയരാജാ പാട്ടുകൾ
ഇന്ത്യൻ സംഗീതത്തിൽ ഇളയരാജ സൃഷ്ടിച്ച അനക്കങ്ങൾ എത്രയും ആഴത്തിലുള്ളതാണ്. ബ്രിട്ടീഷ് അധിനിവേശകാലത്തിന്റെ തുടക്കം മുതൽ സമ്പന്നതയിലേക്കു വളർന്ന കർണാടകസംഗീതത്തിന്റെ സ്വാധീനമാണ് ആദ്യകാല തെന്നിന്ത്യൻ സിനിമാസംഗീതത്തിന്റെ അടിപ്പടയായി നിലകൊണ്ടത്. ഇത് സ്വാഭാവികവുമായിരുന്നു. ഈ അവസ്ഥയെ മാറ്റിമറിക്കാൻ ഉത്തരേന്ത്യൻ സിനിമാസംഗീതത്തിൽ ആകൃഷ്ടരായവരുടെ ഒരു തലമുറ വളർന്നുവന്നു. തനത് എന്നവകാശപ്പെടാൻ കാര്യമായൊന്നും അപ്പോഴും വളർന്നുവന്നിരുന്നില്ല. ഇവിടം മുതലാണ് ഇളയരാജയുടെ പണി തുടങ്ങുന്നത്.
തമിൾനാട്ടിലെ തേനി ജില്ലയിൽ ജനിച്ച ഇളയരാജ അന്നാട്ടിലെ നാട്ടുപ്പുറ പാട്ടുകളിൽ മുഴുകിയാണ് കുട്ടിക്കാലം ചെലവിട്ടത്. ഇളയരാജയുടെ മൂത്ത സഹോദരൻ പാവലർ വരദരാജൻ അക്കാലത്ത് നാട്ടുമ്പുറങ്ങളിൽ ഏറെ പേരുകേട്ട സംഗീതകാരനായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി പരിപാടികളിൽ പാവലർ വരദരാജന്റെ പാട്ട് ഒരു പ്രധാന ഘടകമായിരുന്നു. ഇളയരാജ ഹാർമോണിയം വായനക്കാരനും പാട്ടുകാരനുമെല്ലാമായി വരദരാജനൊപ്പം ചേർന്നു.
തന്റെ ചോരയിലലിഞ്ഞു ചേർന്ന നാടൻ സംഗീതത്തെ പാശ്ചാത്യസംഗീതവുമായി കൂട്ടിയിണക്കിയാണ് തെന്നിന്ത്യൻ ജനകീയ സംഗീതത്തിൽ ഇളയരാജ പുതിയൊരു ഭാവുകത്വം സൃഷ്ടിച്ചെടുത്തത്. പാശ്ചാത്യ നാടൻ, ക്ലാസിക് സംഗീതരീതികളെല്ലാം ഇളയരാജ തന്റെ പാട്ടുകളുടെ നിർമാണത്തിനുപയോഗിച്ചു. ഇത് ഇന്ത്യൻ സംഗീതത്തിൽ തന്നെ ഒരു പുതിയ വഴിയായിരുന്നു.
രാസാ ഇളയരാസാ പടിച്ച പാട്ട് പടിക്ക്റങ്കേള്...!
കാറിൽ യാത്ര ചെയ്യുമ്പോൾ പാശ്ചാത്യസംഗീതം കേൾക്കുന്നവരുണ്ട്. ചിലർ പക്കാ പൗരസ്ത്യസംഗീതം തെരഞ്ഞെടുക്കുന്നു. പടിഞ്ഞാറിന്റെയും കിഴക്കിന്റെയും സൗന്ദര്യം ആവാഹിച്ചവയാണ് ഇളയരാജയുടെ പാട്ടുകൾ. ഇവ നമ്മുടെ മനസ്സിലുറങ്ങിക്കിടക്കുന്ന നാട്ടുപ്പുറ സംഗീതത്തെയും ഉണർത്തിയെടുക്കുന്നു. ഇവിടെ ഇളയരാജയുടെ ചില പാട്ടുകളെ പരിചയപ്പെടുത്തുന്നു. കാറിൽ യാത്ര ചെയ്യുമ്പോൾ കേൾക്കാൻ പറ്റിയവ...

ഇതു പൊൻമാലേ പൊളുത്...
നിഴൽകൾ എന്ന പടത്തിൽ ഇളയരാജ ചെയ്ത പാട്ടാണിത്. മനസ്സിൽ ഒരൽപം ഫ്രഷ്നെസ്സ് കൊണ്ടുവരാൻ ഈ പാട്ടിന് സാധിക്കും. ഭാരതിരാജയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ പടമാണിത്. 1980ൽ പുറത്തിറങ്ങിയ ഈ പാട്ട് പാടിയിരിക്കുന്നത് എസ്പി ബാലസുബ്രഹ്മണ്യമാണ്. യൂടൂബ് ലിങ്ക് ഇവിടെ.

അന്തിമഴൈ പൊഴിഹിറത്...
രാജാ പാർവൈ എന്ന സിനിമയ്ക്കുവേണ്ടി ഇളയരാജ സംഗീതം ചെയ്ത് എസ്പി ബാലസുബ്രഹ്മണ്യവും എസ് ജാനകിയും പാടിയ പാട്ടാണിത്. കമലഹാസനും മാധവിയുമാണ് പ്രധാന കഥാപാത്രങ്ങൾ. യാത്രയിൽ കേൾക്കാൻ ഈ പ്രണയഗാനവും കിടിലം ആണ്. യൂടൂബ് ലിങ്ക് ഇവിടെ

നിലാ അത് വാനത്തു മേലെ...
ഈ പാട്ടിന്റെ ചില ഭാഗങ്ങൾ കേട്ടാൽ അനിരുദ്ധിന്റെ കൊലവെറിപ്പാട്ടുമായി സാമ്യം തോന്നാം. ഇത് കോപ്പിയടി ആണെങ്കിലും അല്ലെങ്കിലും ഭാവുകത്വപരമായി ഇളയാരജയുടെ സംഗീതം ഇപ്പോഴും തമിഴിനെ ചൂഴ്ന്നു നിൽക്കുന്നതിന്റെ അടയാളമായി ഈ പാട്ടുകളുടെ സാമ്യത്തെ കാണാവുന്നതാണ്. നായകൻ എന്ന സിനിമയ്ക്കു വേണ്ടി ചെയ്ത പാട്ടാണിത്. യൂടൂബ് ലിങ്ക്

ഇളയനിലാ പൊഴിഹിറത്...
ഇടക്കാലത്ത് തമിഴിൽ ഒരു തരംഗം തന്നെ തീർത്ത മോഹൻ അഭിനയിച്ച പടമാണ് പയനങ്കൾ മുടിവതില്ലൈ. യാത്രികർക്കുള്ളിലെ റൊമാന്റിക്കിന് ഏറെ ഇഷ്ടപ്പെടാൻ സാധ്യതയുള്ള ഒരു പാട്ടാണ് ഇളയനിലാ പൊഴിഹിറത് എന്നു തുടങ്ങുന്ന പാട്ട്. യൂടൂബ് ലിങ്ക്

രാജരാജ സോഴൻ നാൻ...
യേശുദാസ് പാടിയ ഇളരാജാ പാട്ടുകളിലൊന്നാണിത്. രെട്ടൈ വാൽ കുരുവി എന്ന പടത്തിലേതാണീ പാട്ട്. ഗിറ്റാറിന്റെ അതിമനോഹരമായ പ്രയോഗങ്ങളോടും കൂടിയ ഈ പാട്ട് തീർച്ചയായും കാർ യാത്രകളിൽ കേൾക്കാൻ പറ്റിയതു തന്നെ. യൂടൂബ് ലിങ്ക് ഇവിടെ.

മൻഡ്രം വന്ത തെൻട്രല്‌ക്ക്...
മൗനരാഗം എന്ന പ്രശസ്തമായ പടത്തിലെ വിഖ്യാതമായ പാട്ടാണിത്. ഇളയരാജയുടെ ഏതൊരു പാട്ടിനെയും പോലെ ലയപ്രധാനമാണ് ഈ പാട്ടും. യാത്രകളിൽ ഒഴിവാക്കാനാവാത്തൊരു ഇളയരാജാഗാനം. യൂടൂബ് ലിങ്ക്

കാറ്റിൽ വരും ഗീതമേ എൻ കണ്ണനൈ അറിവായാ...
ചിലർക്ക് യാത്ര ചെയ്യുമ്പോൾ പ്രണയവും കുത്തുപാട്ടുമൊന്നും പറ്റിയെന്നു വരില്ല. ഒരൽപം ആത്മീയത കലർന്നാൽ തകർക്കുമെന്നാണ് ഇത്തരക്കാർ ചിന്തിക്കുന്നത്. വാലിയുമൊന്നിച്ച് ഇളയരാജാ ചെയ്ത കാറ്റിൽ വരും ഗീതമേ എന്ന പാട്ട് ഒരു മികച്ച ഗാനമാണ്. ഭാവതാരിണി, ഹരിഹരൻ, സാധനാസർഗം, ശ്രേയ ഘോഷാൽ എന്നിവർ ചേർന്നാണ് പാടിയിരിക്കുന്നത്. 2005ൽ ഇറങ്ങിയ ഈ പടത്തിന്റെ പേര് ഒരു നാൾ ഒരു കനവ് എന്നാണ്. സംവിധാനം ഫാസിൽ. യൂടൂബ് ലിങ്ക് ഇവിടെ.

അടി ആത്താടീ...
കാലത്തെ അതിജീവിക്കുന്ന നിരവധി പാട്ടുകളുടെ സ്രഷ്ടാവാണ് ഇളയരാജ. ഫാസ്റ്റ് നമ്പരുകളിൽ പോലും അസാധ്യമായ മെലഡിയുടെ സാന്നിധ്യം ഇളയരാജാഗാനങ്ങളെ വേറിട്ടു നിറുത്തുന്നു. കടലോര കവിതൈകൾ എന്ന പടത്തിൽ ജാനകിയും ഇളയരാജയും ചേർന്ന് ആലപിച്ച ഈ പാട്ടും നിങ്ങൾക്കിഷ്ടപ്പെടാതിരിക്കില്ല. യൂടൂബ് ലിങ്ക്.

കൺമണി നീ വര കാത്തിരുന്തേൻ...
യേശുദാസും ഉമാരമണനും ചേർന്നു പാടി അനശ്വരമാക്കിയ ഈ ഇളയരാജാഗാനവും കാർ യാത്രകളിൽ ആസ്വദിക്കാൻ പറ്റിയതാണ്. തെൻട്രലെ എന്നെ തൊടു എന്ന പടത്തിലെ പാട്ടാണിത്. യൂടൂബ് ലിങ്ക്.

ഗുരുവായൂരപ്പാ ഗുരുവായൂരപ്പാ...
എസ്പിയും ചിത്രയും ചേർന്നു പാടിയ ഈ പാട്ടിന് ഇപ്പോഴും വൻ ആരാധകനിരയുണ്ട്. പുതു പുതു അർത്തങ്കൾ എന്ന പടത്തിലെയാണീ പാട്ട്. യൂടൂബ് ലിങ്ക്

മധുരൈ മാരിക്കൊളുന്ത് വാസം...
നാഗൂർ ബാബു എന്ന പാട്ടുകാരനെ മനോ എന്ന പേരിൽ തെന്നിന്ത്യൻ സംഗീതരംഗത്ത് അവതരിപ്പിച്ചത് ഇളയരാജയാണ്. താളപ്രധാനമായ പാട്ടുകൾ കേൾക്കാൻ താൽപര്യമുള്ളവർക്ക് ഈ പാട്ട് ഇഷ്ടപ്പെടാതിരിക്കില്ല. യൂടൂബ് ലിങ്ക്



Click it and Unblock the Notifications








