മോട്ടോര്‍വണ്ടികളും മലയാളസിനിമാഗാനങ്ങളും

Written By:

സിനിമയോളം ജനകീയമായ കലാരൂപങ്ങള്‍ നമ്മുടെ ഭൂമിമലയാളത്തില്‍ ഇല്ലതന്നെ. ജനകീയമായ കലയുടെ ഒരു വലിയ ബാധ്യത അത് എല്ലാ വിഷയങ്ങളെക്കുറിച്ചും (ie. പ്രേമം, കാജാബീഡി, സാമ്പാറ്, ടൗണ്‍, ലൗ നാരായണീയം, കുണ്ടനിടവഴി etc. etc.) സംസാരിക്കണം എന്നതാണ്. ഇങ്ങനെ നമ്മുടെ സിനിമ സംസാരിച്ച നിരവധി വിഷയങ്ങളില്‍ മോട്ടോര്‍വണ്ടികളും പെടുന്നു.

മലയാളി സെലിബ്രിറ്റികളുടെ ആഡംബരക്കാറുകള്‍

മോട്ടോര്‍ വാഹനങ്ങള്‍ അടിസ്ഥാന തീം ആയി വരുന്ന നിരവധി പാട്ടുകളുണ്ട് മലയാളത്തില്‍. തീവണ്ടി ഓടിയെത്തുമ്പോഴെല്ലാം അതിനുള്ളില്‍ തന്നെ പ്രതീക്ഷിക്കുന്ന വാഴക്കൂമ്പു പോലുള്ള പെണ്‍കിടാവ് ഇന്നും വീടുവിട്ട മലയാളി പുരുഷന്റെ റൊമാന്റിക് സങ്കല്‍പങ്ങളിലൊന്നാണ്. തീവണ്ടിയുടെ എന്‍ജിന്‍ താളത്തിനൊപ്പിച്ച് കിനാവിന്റെ പടികടന്നെത്തുന്നയാളുടെ പദനിസ്വനം കേള്‍ക്കുന്ന പെണ്‍കുട്ടിയും മലയാളികള്‍ക്കിടയില്‍ ജീവിക്കുന്നു. ഇവിടെ നമ്മള്‍ മോട്ടോര്‍വാഹനങ്ങള്‍ ഒരു തീം ആയി വരുന്ന (അത് പലവിധത്തിലാകാം. പാട്ടില്‍ തന്നെയുണ്ടാകാം ചിലപ്പോള്‍. ഇല്ലെങ്കില്‍ പാട്ടിന്റെ താളത്തിലോ ഭാവത്തിലോ ഉണ്ടാകാം) പാട്ടുകളെക്കുറിച്ചുള്ള ചര്‍ച്ചയിലേക്കു പോകുന്നു.

12. വണ്ടീ പുകവണ്ടീ...

12. വണ്ടീ പുകവണ്ടീ...

കുറച്ചു പഴയ കാലത്തില്‍ നിന്നുതന്നെ തുടങ്ങാം. 1963ല്‍ ഇറങ്ങിയ ഡോക്ടര്‍ എന്ന ചിത്രത്തില്‍ അതിമനോഹരമായ ഒരു പാട്ടുണ്ട്. 'വണ്ടീ വണ്ടീ നിന്നെപ്പോലെ വയറിലെനിക്കും തീയാണേ' എന്നു തുടങ്ങുന്ന ഈ ഗാനം പരിചയമില്ലാത്ത മലയാളികള്‍ നന്നെ കുറവാണ്. ഒരു തീവണ്ടിക്കുള്ളിലാണ് ചിത്രീകരണം. പി ഭാസ്‌കരന്‍ രചിച്ച ഈ പാട്ടിന് സംഗീതം കൊടുത്തത് ജി ദേവരാജനാണ്. മെഹബൂബാണ് ഈ പാട്ട് പാടിയത്.

വീഡിയോ

വണ്ടീ പൂകവണ്ടീ....

വണ്ടീ വണ്ടീ നിന്നെപ്പോലെ

വയറിലെനിക്കും തീയാണേ

തെണ്ടിനടന്നാല്‍ രണ്ടുപേര്‍ക്കും

കൈയില്‍ വരുന്നത് കായാണേ...

11. തന്നന്നം താനന്നം താളത്തിലാടീ...

11. തന്നന്നം താനന്നം താളത്തിലാടീ...

മലയാളത്തിലെ ഏറ്റവും നല്ല പത്ത് യാത്രാഗാനങ്ങളിലൊന്ന് തെരഞ്ഞെടുക്കാനാവശ്യപ്പെട്ടാല്‍ അവയില്‍ ഒന്നാമതെത്തുക ഈ ഇസൈഞാനി ഇളയരാജാ ഗാനമായിരിക്കും. യാത്ര എന്ന സിനിമയില്‍ നിന്നുള്ളതാണ് ഈ പാട്ട്. ഓഎന്‍വി കുറുപ്പിന്റേതാണ് വരികള്‍. യേശുദാസ്, അമ്പിളി, ആന്റണി ആന്റോ, അന്ന സംഗീത എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്നു.

വീഡിയോ

തന്നന്നം താനന്നം താളത്തിലാടീ

മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടീ

ഒന്നിച്ചു രണ്ടോമല്‍ പൈങ്കിളികള്‍...

10. പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം....

10. പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം....

1990ല്‍ പുറത്തിറങ്ങിയ നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രം നിരവധി പുതുമകളാണ് മലയാളത്തിലേക്ക് കൊണ്ടുവന്നത്. ഈ പടത്തില്‍ ഔസേപ്പച്ചന്‍ കംപോസ് ചെയ്ത ഒരു പാട്ടുണ്ട്. ട്രെയിനിലിരുന്ന നായകകഥാപാത്രമായ മോഹന്‍ലാല്‍ പാടുന്നതാണ് ഈ പാട്ട്. ട്യൂണിനൊപ്പിച്ച് പാട്ടെഴുതുന്ന കാര്യത്തില്‍ ഒരു ജീനിയസ് തന്നെയായ ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ പാടിയിരിക്കുന്നത് എംജി ശ്രീകുമാറാണ്.

വീഡിയോ

പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം പവന്‍

അത്രയും ഉരുകി വീണുപോയ്

പിച്ചളക്കുണുക്കുമിട്ട് വിണ്ണകം കട-

ന്നെത്ര വേഗമെങ്ങു മാഞ്ഞുപോയ്...

09. തള്ള് തള്ള് തള്ള് തള്ള് പന്നാസുവണ്ടി...

09. തള്ള് തള്ള് തള്ള് തള്ള് പന്നാസുവണ്ടി...

മറ്റുപല സംഗീതകാരന്മാരെയും പോലെ ഈച്ചക്കോപ്പി നടത്താതിരുന്നിട്ടും കോപ്പിയടിക്കാരന്‍ എന്ന ചീത്തപ്പേര് കേള്‍ക്കേണ്ടി വന്നയാളാണ് എടി ഉമ്മര്‍. ഇദ്ദേഹം ആഭിജാത്യം എന്ന പഴയൊരു സിനിമയ്ക്കുവേണ്ടി ചെയ്ത അതിമനോഹരമായ ഒരു ഗാനമുണ്ട്. 'തള്ള് വണ്ടി പന്നാസുവണ്ടി' എന്നു തുടങ്ങുന്ന ഈ ഗാനം രചിച്ചത് പി ഭാസ്‌കരനാണ്. അടൂര്‍ ഭാസിയാണ് പാടിയിരിക്കുന്നത് എന്ന കൗതുകവുമുണ്ട്. ഫീമെയില്‍ ഭാഗം ശ്രീലത നമ്പൂതിരി പാടിയിരിക്കുന്നു. മലയാളത്തിലെ വണ്ടിപ്പാട്ടുകളില്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നുണ്ട് ഈ എടി ഉമ്മര്‍ ഗാനം.

വീഡിയോ

തള്ള് തള്ള് തള്ള് തള്ള് പന്നാസുവണ്ടീ

തള്ള് തള്ള് തള്ള് തള്ള് ഈ തല്ലിപ്പൊളിവണ്ടീ...

08. പിന്നെയും പിന്നെയും....

08. പിന്നെയും പിന്നെയും....

ഗിരീഷ് പുത്തഞ്ചേരിയുടെ ഏറ്റവും നല്ല രചന ഏതെന്നു ചോദിച്ചാല്‍ വലിയ വിഭാഗം പേരും ചൂണ്ടിക്കാട്ടുക കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന സിനിമയിലെ ആ പാട്ടായിരിക്കും. 'പിന്നെയും പിന്നെയും' എന്നു തുടങ്ങുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ വരികളെ പാട്ടാക്കിയത് വിദ്യാസാഗറാണ്. ഒരു തീവണ്ടിക്കകത്താണ് ചിത്രീകരണം. തീവണ്ടിയുടെ താളത്തില്‍ നായിക പാടുന്നു. ചിത്രയാണ് ഗായിക.

വീഡിയോ

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

പടികടന്നെത്തുന്ന പദനിസ്വനം

പിന്നെയും പിന്നെയും ആരോ നിലാവത്ത്

പൊന്‍വേണുവൂതുന്ന മൃദുമന്ത്രണം...

07. പറക്കും തളിക...

07. പറക്കും തളിക...

നേരത്തെ നമ്മള്‍ പരിചയപ്പെട്ട 'പന്നാസുവണ്ടി' എന്ന ഗാനത്തിന്റെ പുതിയ പതിപ്പാണിതെന്നു പറയാം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കിയിരിക്കുന്നു. എംജി ശ്രീകുമാറാണ് പാടിയിരിക്കുന്നത്.

വീഡിയോ

പറക്കും തളിക ഇതു മനുഷ്യനെ കറക്കും തളിക

പടികഠാരവെടിപടഹമോടെ ജനമിടി തുടങ്ങി മകനേ

കടുകഠോരകുടുശകടമാണു ശനി ശരണമാരു ശിവനേ...

06. നമ്മൂരു ബങ്കളൂരൂ...

06. നമ്മൂരു ബങ്കളൂരൂ...

ബാംഗ്ലൂര്‍ എന്ന നഗരത്തിന്റെ ജാട്യങ്ങളെ മഹത്വവല്‍ക്കരിച്ചുകൊണ്ട് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമയിലെ നമ്മൂരൂ ബങ്കളൂരു എന്നു തുടങ്ങുന്ന ഗാനം മലയാളത്തിലെ മികച്ച യാത്രാഗാനങ്ങളിലൊന്നാണ്. ബ്രിയാന്‍ ഗയ് ആദംസിന്റെ റെക്ക്‌ലെസ് ആല്‍ബത്തിലെ റോക്ക് ഗാനമായ സമ്മര്‍ ഓഫ് 69ന്റെ ട്രാക്ക് മോഷ്ടിച്ചുവെന്ന ആരോപണം നേരിടേണ്ടിവന്നു സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്. എന്തൊക്കെയായാലും പാട്ട് പൊളപ്പന്‍ തന്നെ.

വീഡിയോ

നമ്മൂരൂ ബങ്കളൂരൂ...

05. കാറിന്റെ കൂട്ടത്തില്‍ പുത്തന്‍ ഫിയറ്റു നീ....!

05. കാറിന്റെ കൂട്ടത്തില്‍ പുത്തന്‍ ഫിയറ്റു നീ....!

1967ല്‍ പുറത്തിറങ്ങിയ ഭാഗ്യമുദ്ര എന്ന സിനിമയിലെ ഈ ഗാനം ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ല് ചൂണ്ടിക്കാട്ടുന്നുണ്ട്. 1964ല്‍ ഫിയറ്റ് കാറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കപെട്ടു തുടങ്ങിയിരുന്നു. പ്രീമിയര്‍ എന്ന ഇന്ത്യന്‍ കമ്പനിയായിരുന്നു ഈ നീക്കത്തിനു പിന്നില്‍. മൂന്നുവര്‍ഷത്തിനു ശേഷം നിര്‍മിക്കപെട്ട ഭാഗ്യമുദ്ര എന്ന സിനിമയില്‍ ഫിയറ്റ് കാറിനെ തന്റെ കാമുകിയോടുപമിക്കുന്ന ഒരു നായകനെയും നമുക്ക് കിട്ടി! മാല്‍ഗോവയോടും കന്നിമാസത്തോടുമെല്ലാം കാമുകിയെ ഉപമിച്ച കാമുകന്‍ കേറിക്കേറി ഒടുവില്‍ ഫിയറ്റ് കാറിലെത്തുകയാണ്. വളരെക്കുറച്ച് പാട്ടുകള്‍ കൊണ്ട് മലയാളിയുടെ ഹൃദയത്തില്‍ കുടിയിരിപ്പായ പുകഴേന്തി എന്ന സംഗീത സംവിധായകനാണ് ഈ ട്യൂണുണ്ടാക്കിയത്. രചന, പി ഭാസ്‌കരന്‍. പാടിയത്, യേശുദാസ്.

വീഡിയോ

മാമ്പഴക്കൂട്ടത്തില്‍ മാല്‍ഗോവയാണു നീ

മാസങ്ങളില്‍ നല്ല കന്നിമാസം

കാട്ടുമരങ്ങളില്‍ കരിവീട്ടിയാണു നീ

വീട്ടുമൃഗങ്ങളില്‍ സിന്ധിപ്പശു...

04. ഈ ജീപ്പിനു മദമിളകി...

04. ഈ ജീപ്പിനു മദമിളകി...

ലാലേട്ടനും മമ്മൂക്കയും മത്സരിച്ചഭിനയിച്ച നാണയം എന്ന സിനിമയിലെ ഗാനമാണിത്. രണ്ടുപേരും കൂടി ഒരു ജീപ്പില്‍ യാത്ര ചെയ്യുന്നതാണ് ഗാനരംഗം. ഐവി ശശി സംവിധാനം ചെയ്ത പടമാണിത്. ശ്യാമിന്റെ സംഗീതം. രചന, യൂസഫലി കേച്ചേരി. ജയചന്ദ്രനും യേശുദാസും ചേര്‍ന്ന് പാടിയിരിക്കുന്നു. 1983ല്‍ സിനിമ റിലീസായി.

പോംപോം...

ഈ ജീപ്പിനു മദമിളകി

വളഞ്ഞുപുളഞ്ഞും

ചെരിഞ്ഞുകുഴഞ്ഞും...

03. കളിചിരിതന്‍ പ്രായം...

03. കളിചിരിതന്‍ പ്രായം...

ദി കാര്‍ എന്ന സിനിമയിലെയാണ് ആ ഗാനം. കാറിനകത്തിരുന്ന് നായികയെ പഞ്ചാരയടിക്കുന്ന നായകന്‍ പാടുന്ന പാട്ട്. ഒരു മുപ്പത്തഞ്ച് വയസ്സെങ്കിലും പ്രായം തോന്നിക്കുന്ന നായികയോട് 'കളിചിരിതന്‍ പ്രായം' എന്ന് പാടുന്നു നായകന്‍. സംഗീതം നല്‍കിയത് സഞ്ജീവാണ്. എസ് രമേഷന്‍ നായരുടെ വരികള്‍ പാടിയത് യേശുദാസ്.

വീഡിയോ

കളിചിരിതന്‍ പ്രായം

തേന്‍മഴപൊഴിയും നാണം

മിഴികളിലൊരു മണിദീപം...

02. ദൂരേ ദൂരേ തീയായ് പായേ...

02. ദൂരേ ദൂരേ തീയായ് പായേ...

മലയാളത്തില്‍ അപൂര്‍വമായ റോഡ് മൂവികളിലൊന്നാണ് നാലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. ക്രൂയിസര്‍ ബൈക്കുകളില്‍ കയറി ലോകം ചുറ്റാനാഗ്രഹിക്കുന്ന ഏതൊരാളെയും ത്രസിപ്പിക്കുന്ന പാട്ടാണിത്. റെക്‌സ് വിജയനാണ് സംഗീതം. വിനായക് ശശികുമാറെഴുതിയ വരികള്‍ സുചിത് സുരേശന്‍ പാടിയിരിക്കുന്നു.

വീഡിയോ

ദൂരേ ദൂരേ തീയായ് പായേ

അകലെ അണാദീപം

സിരയില്‍ പടരും ദാഹം

പൊഴിയും കനവിന്‍ ചഷകം

01. വഴിത്താര മാറിയില്ല വാഹനങ്ങള്‍ മാറിയില്ല....

01. വഴിത്താര മാറിയില്ല വാഹനങ്ങള്‍ മാറിയില്ല....

അവസാനമായി ഒരു അസാധ്യ ഫിലോസഫി പാട്ടാണ്. വഴിത്താര മാറിയില്ല എന്നു തുടങ്ങുന്ന ഈ ഗാനം യാത്രയുടെ നൈരന്തര്യത്തെക്കുറിച്ചും മനുഷ്യജീവിതത്തിന്റെ ഒടുക്കത്തെ നൈമിഷികതയെക്കുറിച്ചുമെല്ലാം പറയുന്നു. പാപ്പനംകോട് ലക്ഷ്മണനാണ് ഈ വരികളെഴുതിയത്. മലയാളത്തിലെ ഏറ്റവും മികച്ച റോഡ് ഗാനമെന്ന് വിശേഷിപ്പിക്കാവുന്ന ഈ പാട്ട് പാടിയിരിക്കുന്നത് ഗംഗാധര്‍നായര്‍ എന്ന ഗായകനാണ്. സംഗീതം ദക്ഷിണാമൂര്‍ത്തി. ഒ ചന്തുമേനോന്റെ ഇന്ദുലേഖ സിനിമയാക്കയപ്പോഴാണ് ഈ പാട്ടുണ്ടായത്.

വീഡിയോ

വഴിത്താര മാറിയില്ല വാഹനങ്ങള്‍ മാറിയില്ല

വന്നിറങ്ങിയ യാത്രക്കാരോ ഒന്നൊന്നായി കാണുന്നില്ല....

കൂടുതല്‍

കൂടുതല്‍

English summary
Motor Vehicle Themed Film Songs in Malayalam.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark