5.65 ലക്ഷത്തിൻ്റെ 7-സീറ്റർ ഫാമിലി കാറിൻ്റെ ഡെലിവറി പാൻഇന്ത്യൻ തലത്തിൽ തുടങ്ങി നിസാൻ
ഇന്ത്യൻ വിപണിയിൽ നിസാൻ മാഗ്നൈറ്റ് എന്ന കുഞ്ഞൻ കോംപാക്‌ട് എസ്‌യുവിയിലൂടെ മാത്രം പണമുണ്ടാക്കിയിരുന്ന ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ അടുത്തിടെ പുതിയൊരു മോഡൽ കൂടി രാജ്യത്ത് അവതരിപ്പിക്കുകയുണ്ടായി. ഗ്രാവൈറ്റ് എന്ന 7-സീറ്റർ ഫാമിലി എംപിവിയുടെ കാര്യമാണീ പറഞ്ഞുവരുന്നത്. വലിയ കുടുംബങ്ങൾക്കായി ചെറിയ വിലയിൽ പുറത്തിറങ്ങിയ വാഹനം ഇതിനോടകം തന്നെ പലരും നോട്ടമിട്ടുണ്ടാവും. 5.65 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്ന ഈ സെവൻ സീറ്ററിനായുള്ള ഡെലിവറിയും തുടങ്ങിയതായി അറിയിച്ചിരിക്കുകയാണ് നിസാൻ ഇപ്പോൾ. മോഡലിന്റെ ഡെലിവറികൾ ഇന്ത്യ മുഴുവൻ ആരംഭിച്ചതായി കമ്പനി സ്ഥിരീകരിച്ചു.
വിസിയ, അസെൻ്റ, എൻ-കണക്റ്റ, ടെക്ന, ലോഞ്ച് എഡിഷൻ എന്നിങ്ങനെ അഞ്ചോളം വേരിയൻ്റുകളിലായാണ് നിസാൻ ഗ്രാവൈറ്റ് സബ്-കോംപാക്‌ട് എംപിവി വിപണിയിൽ എത്തിയിരിക്കുന്നത്. അതും റെനോ ട്രൈബറിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന 5.65 ലക്ഷം മുതൽ 8.93 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത് എന്നത് സാധാരണക്കാരെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. പാഞ്ഞുകേറുന്ന സ്പീഡ് ഒന്നുമില്ലെങ്കിലും പ്രായോഗികതയുടെ കാര്യത്തിൽ ഗ്രാവൈറ്റ് പുലിയാണ് കേട്ടോ.

റെനോ-നിസാൻ സഖ്യത്തിൻ്റെ CMF-A+ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ഗ്രാവൈറ്റ് ഡിസൈനിലായാലും യുണീക് സ്റ്റൈൽ പിടിച്ചുകൊണ്ടാണ് എത്തിയിരിക്കുന്നത്. C-ആകൃതിയിലുള്ള ലൈറ്റിംഗ് ഘടകങ്ങൾ, ടോളർ സ്റ്റാൻസ്, സ്‌കൾപ്പഡ് ബോഡി വർക്ക്, പൂർണ എൽഇഡി ലൈറ്റിംഗ്, റൂഫ് റെയിലുകൾ, ഗ്ലോസ്-ബ്ലാക്ക് ഗ്രിൽ ട്രീറ്റ്‌മെന്റ്, വൈഡ്-ഓപ്പണിംഗ് ഡോറുകൾ എന്നിവ നിസാൻ ഗ്രാവൈറ്റിൻ്റെ പ്രധാന ഹൈലൈറ്റുകളാണ്.
ഫോറസ്റ്റ് ഗ്രീൻ, ഒനിക്സ് ബ്ലാക്ക്, ബ്ലേഡ് സിൽവർ, സ്റ്റോം വൈറ്റ്, മെറ്റാലിക് ഗ്രേ എന്നീ അഞ്ച് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും എംപിവിയുടെ ആകർഷണം വർധിപ്പിക്കുവാനായി എത്തിയിട്ടുണ്ട്. ഇനി ഇൻ്റീരിയറിലേക്ക് കയറിയാൽ പോലും ആളുകളെ അമ്പരപ്പിക്കാൻ ഗ്രാവൈറ്റ് പ്രാപ്‌തമാണ്. വില കുറവാണെങ്കിലും ക്വാളിറ്റിയിൽ യാതൊരു വിധ വിട്ടുവീഴ്ച്ചയും ചെയ്യാതെയാണ് മൾട്ടി പർപ്പസ് യൂട്ടിലിറ്റി വാഹനം നിർമിച്ചിരിക്കുന്നത്.

ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകള്‍, ഓട്ടോമാറ്റിക് വൈപ്പറുകള്‍, 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാം നിസാൻ ഗ്രാവൈറ്റിലുണ്ട്. കൂടീതെ മൂന്ന്-വരിയിലും എയർ കണ്ടീഷനിംഗ്, ഒന്നിലധികം സ്റ്റോറേജ് സോണുകൾ, സപ്പോർട്ടീവ് സീറ്റുകൾ എന്നിവ വാഹനത്തിൻ്റെ പ്രായോഗികത വർധിപ്പിക്കുന്നുമുണ്ട്.
പുഷ്-ബട്ടൺ സ്റ്റാർട്ട്, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, വയർലെസ് ചാർജർ എന്നിവയാണ് അധിക സവിശേഷതകളായി ലഭിക്കുക. ജെബിഎൽ സൗണ്ട് സിസ്റ്റം, ഡ്യുവൽ ഡാഷ്‌ക്യാം, എയർ പ്യൂരിഫയർ, ആംബിയന്റ് ലൈറ്റിംഗ്, ഫ്രണ്ട് സീറ്റിന് നെക്ക് കുഷ്യനുകൾ, രണ്ടാം നിര സീറ്റിന് ലംബർ കുഷ്യനുകൾ, ബോഡി ഗ്രാഫിക്‌സ് എന്നിവ ടോപ്പ് വേരിയൻ്റിൽ അധികമായും ലഭിക്കും. സേഫ്റ്റിയിലും മിടുമിടുക്കനാണ് കക്ഷി.

സുരക്ഷക്കായി 6 എയര്‍ബാഗുകള്‍ എല്ലാ വേരിയൻ്റുകളിലും സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്. കൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, എബിഎസ് (ABS), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) തുടങ്ങി വിപുലമായ സുരക്ഷാ സംവിധാനങ്ങളും നിസാൻ ഗ്രാവൈറ്റിൻ്റെ ഭാഗമാണ് കേട്ടോ. 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് എംപിവിയുടെ ഹൃദയം.
അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമേറ്റഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 72 bhp കരുത്തിൽ പരമാവധി 96 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. മൈലേജിൻ്റെ കാര്യത്തിലേക്ക് നോക്കിയാൽ മാനുവലിന് ഏകദേശം 19.3 കിലോമീറ്ററും എഎംടി പതിപ്പുകൾക്ക് 19.6 കിലോമീറ്ററുമാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്. അധികം വൈകാതെ ഗ്രാവൈറ്റിലേക്ക് സിഎൻജി ഓപ്ഷനും കമ്പനി അവതരിപ്പിച്ചേക്കും.


Click it and Unblock the Notifications








