മാരുതി ബുക്ക് ചെയ്തവരുടെ ക്ഷമ സമ്മതിക്കണം! കൊടുത്തുതീര്‍ക്കാനുള്ളത് 2 ലക്ഷം കാറുകള്‍, പരിഹാരം കണ്ടിട്ടുണ്ട്
മാരുതി കാര്‍ ബുക്ക് ചെയ്ത് ഏറെ നാളായി കാത്തിരിക്കുന്നവരെ തേടി ഒരു സന്തോഷ വാര്‍ത്തയുണ്ട്. ആയിരങ്ങള്‍ കാറുകള്‍ക്കായി കാത്തിരിക്കുന്ന സാഹചര്യത്തില്‍ മാരുതി സുസുക്കി തങ്ങളുടെ പ്ലാന്റുകളില്‍ ഉല്‍പ്പാദനം വന്‍തോതില്‍ കൂട്ടാന്‍ ഒരുങ്ങുകയാണ്. നിലവില്‍ രണ്ട് ലക്ഷത്തോളം കാറുകള്‍ ഉപഭോക്താക്കള്‍ കൊടുത്തു തീര്‍ക്കാനുള്ള സാഹചര്യത്തിലാണ് കമ്പനി തങ്ങളുടെ വാര്‍ഷിക ഉല്‍പ്പാദന ശേഷി അഞ്ച് ലക്ഷം യൂണിറ്റായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ തന്നെ ഹരിയാനയിലെ ഖാര്‍ഖോദ പ്ലാന്റിലെ രണ്ടാമത്തെ അസംബ്ലി ലൈന്‍ പ്രവര്‍ത്തനക്ഷമമാകും. ഇതുവഴി പ്രതിവര്‍ഷം 2.50 ലക്ഷം യൂണിറ്റുകളുടെ അധിക ഉല്‍പ്പാദനം സാധ്യമാകും.
ജിഎസ്ടി നിരക്ക് മാറ്റങ്ങളും വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിച്ചതുമാണ് ഇത്തരമൊരു നീക്കത്തിന് കമ്പനിയെ പ്രേരിപ്പിച്ചത്. വിപുലീകരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഗുജറാത്തിലെ ഹന്‍സല്‍പൂര്‍ പ്ലാന്റില്‍ നാലാമത്തെ പ്രൊഡക്ഷന്‍ ലൈന്‍ കൂട്ടിച്ചേര്‍ക്കും. 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തോടെ ഇത് പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പുതിയ പ്രൊഡക്ഷന്‍ ലൈന്‍ കൂടി ചേരുന്നതോടെ പ്രതിവര്‍ഷം 2.50 ലക്ഷം യൂണിറ്റുകള്‍ കൂടി ഉല്‍പ്പാദിപ്പിക്കാനാകും.

രണ്ട് പ്ലാന്റുകളും പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ മാരുതി സുസുക്കിക്ക് പ്രതിമാസം 20,000 വാഹനങ്ങള്‍ കൂടി പുറത്തിറക്കാന്‍ സാധിക്കുമെന്ന് ഗാഡിവാഡിയിൽ (Gaadiwaadi) പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. നിലവില്‍ പ്ലാന്റുകള്‍ പരമാവധി ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും വിതരണ ശൃംഖലയിലെ വെല്ലുവിളികള്‍ ഡെലിവറിയെ ബാധിക്കുന്നുണ്ട്. വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടുന്ന സാഹചര്യത്തില്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക കമ്പനിക്ക് മുന്നില്‍ അനിവാര്യമായി മാറിയിരിക്കുകയാണ്.
നിലവില്‍ ഡീലര്‍മാരുടെ പക്കലുള്ള വാഹനങ്ങളുടെ സ്റ്റോക്ക് വളരെ കുറവാണെന്നതും ഉല്‍പ്പാദനം കൂട്ടാന്‍ കാരണമായി. സാധാരണയായി 30 ദിവസത്തെ സ്റ്റോക്ക് നിലനിര്‍ത്താറുണ്ടെങ്കിലും ഇപ്പോഴത് 12 ദിവസമായി കുറഞ്ഞിരിക്കുകയാണ്. ട്രാന്‍സിറ്റിലുള്ള വാഹനങ്ങള്‍ ഉള്‍പ്പെടെയാണിത്. ഇത് ഡിമാന്‍ഡിലെ ഏറ്റക്കുറച്ചിലുകള്‍ ഉള്‍ക്കൊള്ളാന്‍ കമ്പനിക്ക് പരിമിതികള്‍ സൃഷ്ടിക്കുന്നു. പെട്ടെന്ന് ഡിമാന്‍ഡ് വര്‍ധിച്ചാല്‍ കമ്പനിയുടെ പക്കല്‍ സ്‌റ്റോക്ക് ഇല്ലാത്ത സാഹചര്യമാണ്.

കഴിഞ്ഞ മാസത്തെ കണക്കുകള്‍ പ്രകാരം 1.61 ലക്ഷം പാസഞ്ചര്‍ വാഹനങ്ങളാണ് മാരുതി സുസുക്കി വിതരണം ചെയ്തത്. മുന്‍ മാസത്തെ അപേക്ഷിച്ച് ബുക്കിംഗില്‍ 20 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എസ്‌യുവി ഉള്‍പ്പെടെയുള്ള യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ 12 ശതമാനം വളര്‍ച്ചയുണ്ടായി. നിലവില്‍ കമ്പനി പ്രതിമാസം 2.20 ലക്ഷം മുതല്‍ 2.30 ലക്ഷം വാഹനങ്ങള്‍ വരെയാണ് നിര്‍മിക്കുന്നത്. ആഭ്യന്തര വിപണിക്ക് പുറമെ കയറ്റുമതി വിപണിയും ശക്തമാണ്.
ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നീ വിപണികളില്‍ കമ്പനിയുടെ വാഹനങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറുകയാണ്. പ്രതിമാസം ഏകദേശം 50,000 യൂണിറ്റുകള്‍ കയറ്റുമതിക്കായി നീക്കിവെക്കുന്നു. മാതൃകമ്പനിയായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ ആഗോള വില്‍പനയുടെ 56 ശതമാനവും സംഭാവന ചെയ്യുന്നത് മാരുതി സുസുക്കിയാണ്. ഇന്ത്യയിലെ ഉല്‍പാദനവും അതുവഴി വില്‍പ്പനയും ഉയരുന്നത് ആഗോളതലത്തിലും സ്വാധീനം ചെലുത്തും.ഉല്‍പ്പാദനം വേഗം കൂട്ടിയില്ലെങ്കില്‍ അത് നീണ്ട കാത്തിരിപ്പ് കാലയളവിന് കാരണമാകും.

കാത്തിരിപ്പ് കാലയളവ് കൂടുന്നത് ഉപഭോക്താക്കള്‍ മറ്റ് ബ്രാന്‍ഡുകളിലേക്ക് മാറാന്‍ കാരണമായേക്കാം എന്ന വിലയിരുത്തലിലാണ് ഷെഡ്യൂളിംഗില്‍ കമ്പനി നിരന്തരം മാറ്റങ്ങള്‍ വരുത്തുന്നത്. ഹാച്ച്ബാക്കുകള്‍, സെഡാനുകള്‍, യൂട്ടിലിറ്റി വാഹനങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനം സന്തുലിതമാക്കാനാണ് കമ്പനി ഇപ്പോള്‍ ശ്രമിക്കുന്നത്. അതിനായി ഇവയുടെ ഉല്‍പ്പാദന ഷെഡ്യൂളുകള്‍ കമ്പനി നിരന്തരം അവലോകനം ചെയ്യുന്നു. ഈ വന്‍ വിപുലീകരണത്തിലൂടെ വരും വര്‍ഷങ്ങളില്‍ വിപണിയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനാണ് മാരുതി ലക്ഷ്യമിടുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








