ഓരോ സെഗ്‌മെന്റിലും ഈ വർഷം ഏറ്റവുമധികം വിറ്റഴിഞ്ഞ കാറുകളെ പരിചയപ്പെടാം...
കൊവിഡാൽ ചുറ്റപ്പെട്ട 2020, 2021 വർഷങ്ങൾക്ക് ശേഷം വാഹന വിപണി ഉയർത്തെഴുന്നേറ്റ വർഷമായിരുന്നു 2022. ഈ വർഷം വിൽപ്പന സാവധാനത്തിലും സ്ഥിരമായും കൊവിഡിന് മുമ്പുള്ള നിലയിലേക്ക് ഉയരുകയും ചെയ്‌തു. വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങൾ ഇപ്പോഴും പൂർണമായി പരിഹരിക്കപ്പെടാനുണ്ടെങ്കിലും ഇക്കൊല്ലത്തേക്കാൾ മികച്ചതായിരിക്കും വരുന്ന വർഷമെന്നാണ് ഏവരുടേയും കണക്കുകൂട്ടൽ.
ഇന്ത്യൻ വാഹന വ്യവസായം അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപ്പന കഴിഞ്ഞ മാസം രേഖപ്പെടുത്തി. വാർഷിക അടിസ്ഥാനത്തിലും വളർച്ച 26 ശതമാനമായാണ് ഉയർന്നത്. ഉത്സവ മാസമായ ഒക്ടോബറിൽ വിൽപ്പന 28 ശതമാനവും ഉയർന്നു. എല്ലാ ഫോർ വീലർ സെഗ്‌മെന്റുകളിലും 40 ശതമാനത്തിലധികം മൊത്തത്തിലുള്ള വിഹിതവുമായി വിൽപ്പനയുടെ നട്ടെല്ലായി എസ്‌യുവികളും ചെറുകാറുകളും ഹാച്ച്ബാക്കുകളും മാറിയതും ശ്രദ്ധേയമായിരുന്നു.

എസ്‌യുവികളുടെ ഉയർച്ചയിൽ നിന്ന് സെഡാനുകൾ ഇനിയും കരകയറിയിട്ടില്ലെങ്കിലും കൊവിഡ് നിയന്ത്രണങ്ങൾക്കും റോഡ് വഴിയുള്ള യാത്രാ വർധനയ്‌ക്കുമിടയിൽ വ്യക്തിഗത മൊബിലിറ്റിക്ക് പ്രാധാന്യം ലഭിച്ച ഒരു സമയത്ത് മൂന്ന്-വരി എംപിവികളും ജനപ്രിയമായി. കുടുംബത്തിലെ ഒന്നിലധികം ആളുകളുമായി ഒന്നിച്ച് യാത്ര ചെയ്യാനാവുമെന്ന ഘടകമാണ് ഊ മോഡലുകളുടെ ഡിമാന്റ് ഉയരാൻ കാരണമായിരിക്കുന്നതും. ജനുവരി മുതൽ നവംബർ വരെയുള്ള വിൽപന കണക്കുകൾ അടിസ്ഥാനമാക്കി ഹാച്ച്ബാക്ക്, എസ്‌യുവി, സെഡാൻ, എംപിവി എന്നിങ്ങനെ ഓരോ സെഗ്‌മെന്റിലും ഈ വർഷം ഏറ്റവുമധികം വിറ്റഴിഞ്ഞ കാറുകളെ ഒന്നു പരിചയപ്പെടാം...
2022-ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്ക്
ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ബോഡി ടൈപ്പ് എന്ന സ്ഥാനം ഹാച്ച്ബാക്കുകൾ എസ്‌യുവികൾക്ക് വിട്ടുകൊടുത്തിട്ടുണ്ടാകാം. എന്നാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ഇന്നും ചെറുകാറുകൾ തന്നെയാണ്. ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ 2022-ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത് മാരുതി സുസുക്കി വാഗൺആർ ആയിരുന്നു. മാത്രമല്ല, ഈ വർഷം ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാർ കൂടിയാണിത്. ജനുവരി മുതൽ നവംബർ വരെ മാരുതി സുസുക്കി 2,07,136 യൂണിറ്റ് വാഗൺആർ വിറ്റുവെന്നാണ് കണക്കുകൾ.

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി
എസ്‌യുവികളുടെ വർഷമായിരുന്ന ഈ കൊല്ലം അതായത് 2022-ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം ടാറ്റ മോട്ടോർസിന്റെ സബ്-കോംപാക്‌ട് മോഡലായ നെക്‌സോണായിരുന്നു. പരമ്പരാഗ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്ക് പുറമെ ഇലക്ട്രിക് പതിപ്പിലും വാഹനം ലഭ്യമാണെന്നതാണ് പ്രധാന ഹൈലൈറ്റ്. ഈ വർഷത്തെ ടാറ്റയുടെ ഏറ്റവും വലിയ വിജയഗാഥയാണ് നെക്സോൺ എന്നും വിശേഷിപ്പിക്കാം. കഴിഞ്ഞ മാസം വരെ കമ്പനി ഈ വർഷം ഇവികൾ ഉൾപ്പെടെ 1,56,225 യൂണിറ്റ് നെക്‌സോൺ വിറ്റു.
ട്രെൻഡ് അനുസരിച്ച് നെക്‌സോൺ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി ഈ വർഷം അവസാനിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഈ വർഷം ടാറ്റ മോട്ടോർസ് വിറ്റ എസ്‌യുവികളിൽ പകുതിയോളം സംഭാവന ചെയ്‌തതും നെക്സോണാണ്. 2022-ൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയെ അപേക്ഷിച്ച് 3.26 ലക്ഷം യൂണിറ്റുകളുമായി മികച്ച എസ്‌യുവി നിർമാതാക്കളായി ഉയർന്നുവരാനും ടാറ്റയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. പഞ്ച്, ഹാരിയർ, സഫാരി എന്നീ മോഡലുകളും ആഭ്യന്തര വിപണിയിൽ മികച്ച വിൽപ്പനയാണ് കൊയ്യുന്നത്.
ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സെഡാൻ
ഇന്ത്യൻ വിപണിയിൽ കോംപാക്‌ട്, സബ് കോംപാക്‌ട് എസ്‌യുവികളുടെ വരവോടെ തിരിച്ചടി നേരിടുന്നത് സെഡാൻ കാറുകളാണ്. നിരവധി കാർ നിർമാതാക്കൾ പുതിയതും ഹൈടെക് മോഡലുകളും ഉപയോഗിച്ച് സെഗ്‌മെന്റിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും കാര്യമായി എറിക്കുന്നില്ല. എന്നിരുന്നാലും രാജ്യത്ത് 10,000 യൂണിറ്റുകൾക്ക് മുകളിൽ വിറ്റഴിക്കാൻ സാധിക്കുന്നത് മാരുതി ഡിസയറിന് മാത്രമാണ്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ കാറിന്റെ വിൽപ്പന കണക്കുകൾ സ്ഥിരതയുള്ളതാണ്. 2022 ജനുവരി മുതൽ നവംബർ മാസം വരെ മാരുതി 1,47,922 യൂണിറ്റ് ഡിസയറുകൾ വിറ്റഴിച്ചു. കടന്നു പോവുന്ന ഈ വർഷവും ഇന്ത്യയുടെ പ്രിയപ്പെട്ട സെഡാനായി തുടരാൻ മോഡലിന് സാധിക്കുന്നുണ്ടെന്നു വേണം പറയാൻ.
ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എംപിവി
മൾട്ടി പർപ്പസ് വെഹിക്കിൾ അല്ലെങ്കിൽ എംപിവികൾ എപ്പോഴും വലിയ കുടുംബങ്ങൾക്കോ ക്യാബ് ഓപ്പറേറ്റർമാർക്കോ വേണ്ടിയുള്ള കാറാണ്. കാര്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ മാറാൻ തുടങ്ങിയ വർഷമായിരുന്നു 2022. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾക്ക് കീഴിൽ വൈറസ് ഒഴിവാക്കാൻ ഇന്ത്യക്കാർ തിരഞ്ഞെടുത്ത യാത്രാമാർഗമായി റോഡുകൾ മാറിയതോടെ വലിയ കുടുംബങ്ങളെല്ലാം 7 സീറ്റർ മോഡലുകളിലേക്ക് ചേക്കേറാനും തുടങ്ങി. ഇത് രാജ്യത്ത് എംപിവികളുടെ വർധിച്ചുവരുന്ന എണ്ണത്തിലും വിൽപ്പനയിലും പ്രകടമാണ്.
ഈ വർഷം മാരുതി സുസുക്കി പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരങ്ങളുമായി എർട്ടിഗ പുറത്തിറക്കി. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി എസ്‌യുവി സ്റ്റൈലിംഗുള്ള എംപിവികൾ അവതരിപ്പിക്കാൻ മറ്റു കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും എർട്ടിഗ വാങ്ങുന്നവർക്കിടയിൽ ഒരു ഹിറ്റായി തുടരുന്നു. റെനോ ട്രൈബർ, കിയ കാരെൻസ് എന്നിവയ്‌ക്ക് എതിരാളികളായ മൂന്ന് വരി എംപിവിയുടെ 1,21,611 യൂണിറ്റുകളാണ് മാരുതി സുസുക്കി 2022 ജനുവരി മുതൽ നവംബർ മാസം വരെയുള്ള കാലയളവിൽ വിറ്റഴിച്ചത്.


Click it and Unblock the Notifications








