വിമാന ടിക്കറ്റിന്റെ മൂന്നിലൊന്ന് മതി, ബേപ്പൂർ-കൊച്ചി-ദുബായ് ക്രൂയിസ് കപ്പൽ യാത്ര യാഥാർഥ്യമാവുന്നു
യാത്രകൾ ഇഷ്‌ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടോ അല്ലേ... കാറിലും ബൈക്കിലുമെല്ലാമാണ് ട്രിപ്പ് പോവുന്നവർ കൂടുതലുള്ളതെങ്കിലും ട്രെയിനിലും വിമാനത്തിലും വരെ യാത്ര ചെയ്യുന്നവർ ഒരുപാടുണ്ട്. വിനോദത്തിനായി മാത്രമല്ല കേട്ടോ, ജോലി ആവശ്യങ്ങൾക്കും മറ്റുമായി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഏറ്റവും എളുപ്പം വിമാനങ്ങൾ തന്നെയാണ് എന്നതിൽ സംശയമൊന്നുമില്ല.
ആകാശത്തിലും ഭൂമിയിലും യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ആരെയും മോഹിപ്പിക്കുന്ന യാത്രകളിൽ ഒന്നായിരിക്കും കടൽ വഴിയുള്ളത്. ടൈറ്റാനിക് സിനിമയെല്ലാം കണ്ട് ഇത്തരത്തിലൊരു യാത്ര മോഹിക്കാത്തവരായി ആരുണ്ടല്ലേ. അനന്തമായി കിടക്കുന്ന കടലിലൂടെയുള്ള കപ്പൽ യാത്ര അത്ര ഭീകരമോ അധിക ചെലവുള്ളതോ ഒന്നുമല്ല. സാധാരണക്കാർക്കും എളുപ്പത്തിൽ കപ്പൽ യാത്ര നടത്താനാവും. എന്നാൽ ക്രൂയിസ് ഷിപ്പ് യാത്രകളെ കുറിച്ച് നമ്മളിൽ പലരും അറിഞ്ഞുവരുന്നതേയുള്ളൂ.

Images are for representative purposes only
ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും കുറഞ്ഞ ബജറ്റിൽ അന്താരാഷ്ട്ര യാത്രകൾ നൽകുന്നതിനുമായി ബേപ്പൂർ-കൊച്ചി-ദുബായ് ക്രൂയിസ് സർവീസിന് കേരള സർക്കാർ അനുമതി നൽകിയിരിക്കുകയാണ്. ഇന്ത്യയിലെ പ്രവാസി യാത്രക്കാരിൽ നിന്ന് വൻ ഡിമാൻഡ് കണ്ടതിനെ തുടർന്നാണ് ഇതിന് പച്ചക്കൊടി നൽകിയിരിക്കുന്നത്. കേരളത്തേയും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ ക്രൂയിസ് സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച പ്രൊപ്പോസലിനു കേന്ദ്ര സർക്കാർ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു.
ഇതുകൊണ്ട് ഏറ്റവും ഗുണമുണ്ടാവുന്നത് പ്രവാസികൾക്കാവും. പ്രവാസി യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ക്രൂയിസ് സർവീസിന് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. സർവീസ് ആരംഭിക്കുന്നതിന് ടെണ്ടർ നടപടിക്രമങ്ങളുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞതായി കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. എറണാകുളം എംപി ഹൈബി ഈഡന്റെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.

സർവീസ് ആരംഭിച്ചുകഴിഞ്ഞാൽ വിദേശത്ത് താമസിക്കുന്ന പ്രവാസി മലയാളികൾക്ക് ഇത് വലിയ ആനുകൂല്യങ്ങൾ നൽകും. സീസണിന് അനുസരിച്ച് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കുമ്പോള്‍ പ്രതിസന്ധിയിലാകുന്ന പ്രവാസികൾക്ക് ക്രൂയിസ് സർവീസ് വലിയ അനുഗ്രഹമായിരിക്കും. വിമാന ടിക്കറ്റിന്റെ പകുതിയോ അല്ലെങ്കിൽ മൂന്നിലൊന്ന് മാത്രമായിരിക്കും ഷിപ്പ് ടിക്കറ്റിനായി മുടക്കേണ്ടി വരിക.
ദുബായില്‍ നിന്ന് കൊച്ചിയിലേക്കൂം ബേപ്പൂരിലേക്കൂം ഉള്ള യാത്രക്ക് കേവലം 10,000 രൂപയെ ചെലവാകൂ എന്നതാണ് പ്രധാന ആകര്‍ഷണം. കാർഗോ കമ്പനികളുമായി ചേർന്നാണ് സർവീസ് ആരംഭിക്കുന്നത്. അതുകൊണ്ടാണ് ഒരു ഭാഗത്തേക്കുള്ള ടിക്കറ്റ് 10,000 രൂപയ്ക്ക് ലഭ്യമാക്കാൻ കഴിയുന്നത്. വിമാനത്തില്‍ കൊണ്ട് പോകാന്‍ സാധിക്കുന്നതിനേക്കാള്‍ അധികം ലഗേജ് കൊണ്ടുപോകാം എന്നതും മറ്റൊരു ഹൈലൈറ്റാണ്.

ക്രൂയിസ് സർവീസ് ഒരു സമയം 1,250 യാത്രക്കാർക്ക് വരെ സഞ്ചരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ സൗകര്യങ്ങളുമുള്ള കപ്പലായിരിക്കും യാത്രയ്ക്കായി ഉപയോഗിക്കുക. മറ്റൊരു സംസ്ഥാനത്തിന് വേണ്ടി കൊച്ചിയിൽ പണി പൂർത്തിയാക്കിയ കപ്പലാണ് കേരള ദുബായ് സർവീസിനായി ഇപ്പോൾ കണ്ടുവെച്ചിരിക്കുന്നത്. വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികള്‍, കടലിലൂടെയുള്ള മൂന്ന് ദിവസത്തെ യാത്ര എന്നിവയാണ് ക്രൂയിസ് കപ്പലിൽ ഉണ്ടാവുക.
കപ്പൽ ലക്ഷ്യസ്ഥാനത്ത് എത്താൻ മൂന്ന് ദിവസമെടുക്കുമെന്ന് ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് വൈഎ റഹീം പറഞ്ഞു. കൂടാതെ, "ഡിസംബറിൽ സ്കൂൾ അവധിക്ക് മുമ്പ് സേവനം ലഭ്യമാക്കുക എന്നതാണ് ആശയം. യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് അമിതമായ എയർലൈൻ നിരക്കുകൾ നൽകാതെ അവരുടെ ജന്മനാട്ടിലേക്ക് യാത്ര ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കുകയാണ് ഇതിന്റെ പ്രധാന ഉദ്ദേശങ്ങളിൽ ഒന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ വർഷങ്ങൾക്ക് മുമ്പ് യുഎഇയിൽ നിന്ന് കേരളത്തിലേക്ക് കപ്പൽ സർവീസ് തുടക്കമിട്ടിരുന്നുവെങ്കിലും പല കാരണങ്ങളാൽ ഇതിന് ദീർഘായുസ് ഉണ്ടായിരുന്നില്ല. പുതിയ ക്രൂയിസ് കപ്പൽ സർവീസ് ആരംഭിക്കുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികൾ ഉറ്റു നോക്കുന്നത്. സർവീസ് യാഥാർഥ്യമായാൽ അമിതമായ വിമാനടിക്കറ്റ് നിരക്കിൽ ഞെരുങ്ങുന്ന പ്രവാസികൾക്ക് അതൊരു ആശ്വാസമാകും. ഒപ്പം വിമാനക്കമ്പനികൾക്ക് ഒരു പണികൂടിയാവും.


Click it and Unblock the Notifications








