BH രജിസ്ട്രേഷനിലേക്ക് നിലവിലെ വാഹനം മാറ്റം, ഭേദഗതികളുമായി കേന്ദ്ര ഗതാഗത മന്ത്രാലയം
ഭാരത് സീരിസ് (BH) രജിസ്ട്രേഷനിൽ ഭേദഗതി വരുത്താനൊരുങ്ങി റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം (MoRTH). ഭാരത് സീരിസിൽ രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരാൾക്കു കൈമാറ്റം ചെയ്യാൻ അനുമതി നൽകുന്നതുൾപ്പെടെയുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് നിയമം പരിഷ്ക്കരിക്കുന്നത്.

ഇതിനായുള്ള ഭേദഗതികളുടെ കരട് രൂപം കേന്ദ്ര ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചു. നിലവിൽ പുതിയ വാഹനങ്ങൾക്ക് മാത്രമേ BH സീരീസ് മാർക്ക് തെരഞ്ഞെടുക്കാനാവൂ. BH സീരീസ് രജിസ്ട്രേഷനുകളുടെ വ്യാപ്തി കൂടുതൽ വർധിപ്പിക്കുക എന്നതാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം.

സ്റ്റാൻഡേർഡ് രജിസ്ട്രേഷൻ പ്ലേറ്റുള്ള വാഹനങ്ങൾക്കും ആവശ്യമായ നികുതി അടച്ച് BH സീരീസ് രജിസ്ട്രേഷൻ മാർക്കിലേക്ക് മാറ്റാവുന്നതാണ്. സൈനികർ, പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ടവർ, പൊതുമേഖലാ സ്ഥാപനങ്ങളിലെയും കേന്ദ്ര, സംസ്ഥാന ഓഫിസുകളിലെയും ജീവനക്കാർ, നാലോ അതിലേറെയോ സംസ്ഥാനങ്ങളിൽ ഓഫിസുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ എന്നിവർക്ക് മാത്രമേ BH ജിസ്ട്രേഷൻ നേരത്തെ ലഭ്യമായിരുന്നുള്ളൂ.

എന്നാൽ ഇനി മുതൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കും BH രജിസ്ട്രേഷൻ നമ്പർ ലഭിക്കാനുള്ള മാനദണ്ഡങ്ങൾ ലഘൂകരിക്കപ്പെടും. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണു BH റജിസ്ട്രേഷൻ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്.

BH സീരീസ് നമ്പരുള്ള വാഹനങ്ങൾക്ക് പുതിയ രജിസ്ട്രേഷനോ അതത് ഗതാഗത വകുപ്പുകളിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റോ തേടാതെ രാജ്യത്തിന്റെ ഏത് സംസ്ഥാനത്ത് വേണമെങ്കിലും വാഹനം ഓടിക്കാൻ കഴിയും എന്നതാണ് പ്രത്യേകത.

നിലവിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റേത് സംസ്ഥാനത്തും പരമാവധി 12 മാസം മാത്രമാണ് ഉപയോഗിക്കാനാവുന്നത്. ഇതിനുശേഷവും വാഹനം മറ്റൊരു സംസ്ഥാനത്ത് ഉപയോഗിക്കണമെങ്കിൽ 12 മാസം കഴിയുന്നതിന് മുമ്പ് ഉടമ വാഹനം ആ സംസ്ഥാനത്തേക്ക് റീരജിസ്‌ട്രേഷൻ ചെയ്യണം.

ഏതു സംസ്ഥാനത്താണോ വാഹനം രജിസ്ട്രര്‍ ചെയ്തത് അവിടെ നിന്നുള്ള എൻഒസി സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. ഈ നൂലാമാലകൾ ഒഴിവാക്കാനാണ് BH സീരീസ് നടപ്പിലാക്കിയത്. പുതിയ ഭേദഗതി അനുസരിച്ച് മറ്റാളുകൾക്കും BH രജിസ്ട്രേഷനിലുള്ള വാഹനം കൈമാറാനും സാധിക്കും.

ഇതിനായി വാഹന ഉടമ സ്വമേധയാ തെരഞ്ഞെടുത്ത BH സീരീസിന് കീഴിലുള്ള വാഹനത്തിന്റെ രജിസ്ട്രേഷനായുള്ള അപേക്ഷ, വാഹന ഉടമയ്ക്ക് സ്ഥിര താമസമോ സ്ഥലമോ ഉള്ള സംസ്ഥാനത്തെ ഏതെങ്കിലും രജിസ്ട്രേഷൻ അതോറിറ്റിക്ക് സമർപ്പിക്കേണ്ടതാണ്.

ജോലിയും രജിസ്ട്രേഷൻ രേഖയും പോർട്ടലിലൂടെ ക്രമരഹിതമായി, ഫോം 60 അല്ലെങ്കിൽ ഔദ്യോഗിക തിരിച്ചറിയൽ കാർഡിൽ വർക്കിംഗ് സർട്ടിഫിക്കറ്റ് പരിശോധിച്ചതിന് ശേഷമായിരിക്കും രജിസ്ട്രേഷൻ അതോറിറ്റി വഴി സൃഷ്ടിക്കപ്പെടുക. അതായത് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞ വാഹനം നിശ്ചിത നികുതി അടച്ചാൽ BH രജിസ്ട്രേഷനിലേക്കു മാറ്റാനും സൗകര്യമൊരുക്കും.

നിലവിൽ വാഹനം സ്വന്തമാക്കിയവർക്കും ആവശ്യമായ നികുതി അടച്ച് BH സീരീസ് രജിസ്ട്രേഷനിലേക്ക് മാറാനാവുമെന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇതിനായി ഇന്ന് പലരും കാത്തിരിക്കുന്നുണ്ട്. ആദ്യഘട്ടത്തിലെ തീരുമാനത്തിൽ പലരും നിരാശരായിരുന്നു. എന്നാൽ പുതിയ ഭേദഗതിയിലൂടെ എല്ലാവർക്കും BH സീരിസിലേക്ക് മാറാനാവില്ലെന്നും പ്രത്യേകം ഓർമിക്കണം.

ഇപ്പോൾ BH സീരീസിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾ രണ്ട് വർഷത്തേക്ക് അല്ലെങ്കിൽ 4, 6, 8 വർഷത്തേക്കാണ് റോഡ് ടാക്‌സ് അടക്കേണ്ടത്. ഇത് ഉടമയ്ക്ക് തീരുമാനിക്കാം. അതേസമയം സ്വകാര്യ വാഹനങ്ങൾ നിലവിൽ ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുമ്പോൾ, ഉടമകൾ 15 വർഷത്തെ റോഡ് നികുതി മുൻകൂറായി അടയ്ക്കേണ്ടതുണ്ട്.

അവർ തങ്ങളുടെ വാഹനങ്ങൾ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് മാറ്റുകയും വീണ്ടും രജിസ്ട്രേഷൻ ചെയ്യുകയും ചെയുമ്പോൾ ശേഷിക്കുന്ന വർഷത്തെ റോഡ് നികുതി പുതിയ സംസ്ഥാനത്ത് അടയ്ക്കണം.


Click it and Unblock the Notifications








