പെറ്റിയല്ല, കിട്ടാൻ പോവുന്നത് മുട്ടൻപണി; ഭാരതീയ ന്യായ സംഹിതയെ കുറിച്ച് വാഹനമോടിക്കുന്നവർ അറിഞ്ഞിരിക്കണം
കൊളോണിയൽ കാലത്തെ നിയമങ്ങൾക്കു ഗുഡ്ബൈ പറഞ്ഞ് ഇന്ത്യയെന്ന മഹാരാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ 2024 ജൂലൈ ഒന്നു മുതൽ നിലവിൽ വന്നിരിക്കുകയാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള ബ്രിട്ടീഷ് കാലഘട്ടത്തിലെ ഇന്ത്യൻ പീനൽ കോഡിന് (IPC) പകരമായി ഭാരതീയ ന്യായ് സംഹിത (BNS) ആണ് ഇനി നാട് ഭരിക്കുക. പുതിയ ക്രിമിനൽ കോഡ് നടപ്പിലാക്കിയതിനോട് അനുബന്ധിച്ച് ഇന്ത്യയിലുടനീളം നിരവധി എഫ്ഐആറുകൾ ഫയൽ ചെയ്യുകയും ചെയ്‌തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ആദ്യ കേസ് ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ടതാണെങ്കിലും അശ്രദ്ധമായി വാഹനമോടിച്ചതിനും നിരവധി കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ തെലങ്കാനയിലാണ് സൈബറാബാദ് പൊലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള രാജേന്ദ്രനഗർ സ്റ്റേഷൻ പരിധിയിലാണ് ഭാരതീയ ന്യായ സംഹിതയ്ക്ക് കീഴിലുള്ള ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട ആദ്യത്തെ എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. പിവിഎൻആർ എക്‌സ്‌പ്രസ്‌വേയിലെ മീഡിയനിൽ കാർ ഇടിച്ച് ഡ്രൈവറുടെ മരണവുമായി ബന്ധപ്പെട്ടതാണ് കേസ്. ബിഎൻഎസ് സെക്ഷൻ 104 പ്രകാരമാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്.

അശ്രദ്ധമായി വാഹനമോടിച്ചതിന് പുതിയ ക്രിമിനൽ കോഡ് പ്രകാരമുള്ള കേരളത്തിലെ ആദ്യത്തെ എഫ്ഐആറും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. സെക്ഷൻ 281, 1988ലെ മോട്ടോർ വെഹിക്കിൾസ് ആക്ട് (എംവി ആക്ട്) പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇരുച്ചക്ര വാഹനത്തിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്തതാണ് കേസ്. മലപ്പുറം കൊണ്ടോട്ടി സ്റ്റേഷനാണ് ആദ്യമായി ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള കേസ് രജിസ്റ്റർ ചെയ്തത്.
ഐപിസിയുമായി താരതമ്യപ്പെടുത്തുമ്പോൾ കർശനമായ ഒരു റൂൾബുക്ക് എന്ന നിലയിലാണ് ബിഎൻഎസ് രൂപപ്പെടുത്തിയിരിക്കുന്നത്. ട്രാഫിക് നിയമ ലംഘകർക്ക് കനത്ത പിഴയും ജയിൽ ശിക്ഷയും വരെ ഇതിൽ നിർദേശിക്കുന്നുണ്ട്. ഭാരതീയ ന്യായ സംഹിതയെക്കുറിച്ച് വാഹനമോടിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ നോക്കിയാലോ? ഭാരതീയ ന്യായ സൻഹിതയുടെ സെക്ഷൻ 106 പ്രകാരം ഹിറ്റ് ആൻഡ് റൺ കേസുകൾക്കുള്ള ശിക്ഷകൾ മുമ്പത്തേക്കാൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.

ചട്ടം അനുസരിച്ച് വാഹനം അപകടകരമായും അശ്രദ്ധമായും ഓടിച്ചുകൊണ്ട് ഒരാളുടെ മരണത്തിന് കാരണമാവുകയാണെങ്കിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ആയിരിക്കില്ല കേസെടുക്കുക. കൂടാതെ സംഭവം നടന്നയുടനെ ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥനെയും അറിയിക്കേണ്ടതുണ്ട്. അതുമല്ലെങ്കിൽ മജിസ്‌ട്രേറ്റിനെ അറിയിച്ചാലും മതിയാവും. അപകടം റിപ്പോർട്ട് ചെയ്യാതെ രക്ഷപ്പെടാൻ ശ്രമിച്ചാൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം.
ഇതോടൊപ്പം തന്നെ അപകടമുണ്ടാക്കുന്നയാൾ 7 ലക്ഷം രൂപ പിഴയും ഒടുക്കേണ്ടി വരും. ഇന്ത്യൻ പീനൽ കോഡ് അനുസരിച്ച് ഇതേ കുറ്റത്തിന് മുമ്പ് 10 വർഷം തടവും 2 ലക്ഷം രൂപ പിഴയുമായിരുന്നു ഐപിസി പ്രകാരം ശിക്ഷ നൽകിയിരുന്നത്. അശ്രദ്ധമായ ഡ്രൈവിംഗിനും പിടുത്തം വീഴും. പുതിയ ക്രിമിനൽ കോഡിൻ്റെ സെക്ഷൻ 281 പ്രകാരം അശ്രദ്ധമായി വാഹനമോടിച്ചാൽ 6 മാസം വരെ തടവോ 1,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും.

മനുഷ്യജീവന് അപകടമുണ്ടാക്കുന്നതോ മറ്റേതെങ്കിലും വ്യക്തിക്ക് പരിക്കേൽക്കുകയോ ചെയ്യുന്ന തരത്തിലുള്ള അശ്രദ്ധയോടെയുള്ള വിധത്തിലോ ഏതെങ്കിലും പൊതുവഴിയിൽ വാഹനമോടിക്കുകയാണെങ്കിൽ മിക്കവാറും തടവുശിക്ഷ തന്നെയായിരിക്കും ലഭിക്കുക. കുറഞ്ഞത് ആറ് മാസം വരെ നീട്ടാവുന്ന ഒരു കാലയളവിലേക്കെങ്കിലും ശിക്ഷ ലഭിച്ചേക്കും. അല്ലെങ്കിൽ ആയിരം രൂപ വരെ പിഴയോടുകൂടിയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഒരുമിച്ചും അനുഭവിക്കേണ്ടി വന്നേക്കാം.
അതിനാൽ ഇനി റോഡിലുള്ള അഭ്യസങ്ങൾക്കൊന്നും മുതിരാതിരിക്കുന്നതാവും നല്ലത്. യുവതലമുറയിൽ കണ്ടുവരുന്ന ഈ ദുശീലത്തിന് ഭാരതീയ ന്യായ് സംഹിത വഴി പൂട്ടിടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില കുറ്റകൃത്യങ്ങൾ സംഭവിക്കുമ്പോള്‍ പതിവായി ഉയരുന്ന വാക്കുകളാണ് നമ്മുടെ ശിക്ഷാരീതികൾ പോരാ എന്നുള്ളത് ഇതിനൊരു പരിഹാരമാവുമോ ഭാരതീയ ന്യായ സംഹിത എന്നത് കണ്ടറിയാം.


Click it and Unblock the Notifications








