സ്വർണം വിറ്റ് ഒറ്റ ദിവസം വാരിയത് 200 കോടി രൂപ, ഇങ്ങേരുടെ വീട്ടിലുള്ള കാറുകൾ ഒരുമിച്ച് കാണുന്നത് ഇതാദ്യം!
ഒരിക്കലും അവസാനിക്കാത്ത ബന്ധമാണ് സ്വർണവും (Gold) മലയാളികളും തമ്മിലുള്ളത്. പവന് ദിനംപ്രതി വില കൂടുന്നുണ്ടെങ്കിലും പൊന്ന് വാങ്ങാതെ മലയാളിക്ക് കല്യാണം, നൂലുകെട്ട് പോലുളള്ള ആഘോഷ പരിപാരികളൊന്നും ഇല്ലെന്ന് വേണം പറയാൻ. അതിനാൽ ദിനംപ്രതി ഒരുപാട് ജ്വല്ലറി ഷോറൂമുകൾ ഇവിടെ ആരംഭിക്കുന്നുമുണ്ട്. കേരളീയരുടെ ഏറ്റവും ഇഷ്‌ടപ്പെട്ട സ്വർണ്ണക്കട ഏതെന്ന് ചോദിച്ചാൽ പലരും ആദ്യം പറയുന്ന പേര് ഭീമ ജ്വല്ലേഴ്‌സ് (Bhima Jewellers) എന്നാവും. മികച്ച പരസ്യങ്ങളിലൂടെ എല്ലാവരുടേയും മനസിലേക്ക് ഓടിക്കയറിയ ഇവർ സർവീസിന്റെ കാര്യത്തിലും സ്വർണത്തിന്റെ കാര്യത്തിലും പകരംവെക്കാനില്ലാത്തവരാണെന്ന് നിസംശയം പറയാം.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സ്വർണ നാണയങ്ങൾ ഇന്ത്യൻ രൂപയിലേക്ക് മാറ്റിനൽകിയാണ് സ്വർണാഭരണ നിർമാണരംഗത്തെ അതികായരായ ഭീമയുടെ തുടക്കം. അടുത്തിടെ ഒരൊറ്റ ദിവസം കൊണ്ട് തിരുവനന്തപുരത്ത് 200 കോടിയുടെ ആഭരണങ്ങൾ വിറ്റ് ഭീമ ഗിന്നസ് റെക്കോർഡ് വരെ കരസ്ഥമാക്കിയിരുന്നു. ഇന്ത്യയിൽ ഒരു ജ്വല്ലറി ശൃംഖല ഇത്രയും കളക്ഷൻ ഒരൊറ്റ ദിവസം കൊണ്ട് നേടുന്നത് ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു.

ഈ സ്ഥാപനം പോലെ തന്നെ ഏവർക്കും പരിചിതമാണ് ഭീമ ജ്വല്ലറി ഉടമയായ ബി ഗോവിന്ദൻ എന്ന വ്യക്തിയേയും. ബിസിനസ് പോലെ തന്നെ ഇദ്ദേഹത്തിന്റെ മറ്റൊരു പാഷനാണ് വാഹനങ്ങൾ. ലോകത്തെ തന്നെ എണ്ണപ്പെട്ട ആഡംബര കാറുകൾ ഇതിനോടകം സ്വന്തമാക്കിയിട്ടുള്ള ഈ സ്വർണവ്യാപാരിയുടെ ഗരാജ് കണ്ടാൽ ആരായാലും ഒന്ന് വായ പൊളിച്ച് പോവും. അടുത്തിടെ ഭീമ ഗോവിന്ദന്റെ കാർ കളക്ഷൻ പുറംലോകത്തെത്തിച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
സനൽ കുമാർ എന്ന വ്യക്തിയാണ് ഇൻസ്റ്റാഗ്രാം വഴി ഭീമ ഗോവിന്ദന്റെ പക്കലുള്ള വിലകൂടിയതും ആകർഷകവുമായ കാറുകളെ ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്. നമ്മുടെ റോഡുകളിൽ അപൂർവമായി മാത്രം കാണപ്പെടുന്ന മസെരാട്ടിയുടെ ആഡംബര കാറാണ് പോർച്ചിൽ ആദ്യം കിടിക്കുന്നത്. ഇതൊരു ഡീസൽ വാഹനമാണെന്ന പ്രത്യേകത കൂടിയുണ്ട് കേട്ടോ. ഇറ്റാലിയൻ ആഡംബര കാർ നിർമാതാക്കളുടെ ജനപ്രിയനായ ക്വാട്രോപോർട്ടെയാണ് ഈ മോഡൽ.

275 bhp കരുത്തിൽ പരമാവധി 600 Nm torque വരെ സൃഷ്ടിക്കുന്ന 3.0 ലിറ്റർ V8 എഞ്ചിനാണ് മസെരാട്ടി ക്വാട്രോപോർട്ടെ ഡീസൽ ഉപയോഗിക്കുന്നത്. ഏകദേശം 1.71 കോടി രൂപയിൽ തുടങ്ങി 1.86 കോടി രൂപ വരെയാണ് ഈ ഇറ്റാലിയൻ ആഡംബര കാറിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്. ഭീമ ഗോവിന്ദന്റെ പോർച്ചിൽ കിടക്കുന്ന അടുത്ത കാർ ഏറ്റവും പുതിയ ബിഎംഡബ്ല്യു 7 സീരീസ് ലക്ഷ്വറി സെഡാനാണ്.
സമ്പന്നരായ ബിസിനസുകാർക്കും സെലിബ്രിറ്റികൾക്കും ഇടയിൽ ജനപ്രിയനായ 7 സീരീസ് ഒരു വേറിട്ട യാത്രാ അനുഭവം തന്നെയാവും സമ്മാനിക്കുക. 7 സീരീസിൻ്റെ 740i M സ്‌പോർട്ട് വേരിയന്റാണ് ഭീമ ജ്വല്ലറി ഉടയുടെ പക്കലുള്ളത്. 3.0 ലിറ്റർ, 6-സിലിണ്ടർ ട്വിൻ-ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്ന വാഹനത്തിന് 375 bhp പവറിൽ 520 Nm torque വരെ സൃഷ്ടിക്കാനാവും. 1.81 കോടി രൂപ മുതലാണ് പുതിയ കാറിന് വരുന്ന എക്‌സ്ഷോറൂം വില.

7 സീരീസിന് അടുത്തായി റേഞ്ച് റോവർ പാർക്ക് ചെയ്തിരിക്കുന്നത് വീഡിയോയിൽ കാണാം. സിഗ്നേച്ചർ ബ്രോൺസ് കളർ ഓപ്ഷനിലുള്ള എസ്‌യുവിയുടെ 3.0 ലിറ്റർ LWB SV വേരിയൻ്റാണ് ഗോവിന്ദേട്ടന്റെ മുറ്റത്ത് കിടക്കുന്നത്. 503 bhp കരുത്തിൽ 700 Nm torque നൽകുന്ന 3.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. LWB SV വേരിയന്റിന് ഏകദേശം 4.78 കോടി രൂപയാണ് എക്സ്ഷോറൂം വരുന്നത്.
റേഞ്ച് റോവറിന് ശേഷം, ഗരാജിൽ ഒരു വെളുത്ത റോൾസ് റോയ്സ് കലിനൻ കാണാം. പിന്നീട് മെർസിഡീസ് മെയ്ബാക്ക് GLS600 എസ്‌യുവിയും കേരളത്തിലെ ആദ്യത്തെ ആസ്റ്റൺ മാർട്ടിൻ DBX എസ്‌യുവിയുമാണ് ഭീമ ഗോവിന്ദന്റെ പോർച്ചിൽ കിടക്കുന്നത്. തീർന്നില്ല, 5 കോടിയിലധികം രൂപ വിലയുള്ള ബെന്റ്ലി കോണ്ടിനെൻ്റൽ ഫ്ലയിംഗ് സ്പർ V8, ലെക്സസ് ES 300h ഹൈബ്രിഡ് ലക്ഷ്വറി സെഡാൻ മോഡലുകളും അദ്ദേഹത്തിന്റെ കാർ കളക്ഷനിലെ കിടിലൻ മോഡലുകളാണ്.


Click it and Unblock the Notifications








