അമിത് ഷായെ അപമാനിച്ചതിന് ജയിൽ വാസം, പിന്നെ ബിഗ് ബോസിൽ കപ്പടിച്ചു; പുതിയ ബൈക്ക് വാങ്ങിയ ആള് ചില്ലറക്കാരനല്ല
സ്റ്റാൻഡ് അപ്പ് കൊമേഡിയന്‍, ബിഗ് ബോസ് വിജയി, നടൻ എന്നിങ്ങനെ പല വിശേഷങ്ങളിൽ അറിയപ്പെടുന്നയാളാണ് മുനവര്‍ ഫാറൂഖി. ഹിന്ദു ദൈവങ്ങളെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും അപമാനിച്ചുവെന്ന് ആരോപിച്ച് മുനവറിനെ അറസ്റ്റ് ചെയ്‌ത വാർത്തകളെല്ലാം നമ്മളിൽ പലരും മുമ്പ് ശ്രദ്ധിച്ചിട്ടുമുണ്ടാവും. ഗുജറാത്ത് സ്വദേശിയായ മുനവര്‍ നേരത്തേയും വിവാദ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ളയാളാണ്. ഭാരതീയ ജനത പാർട്ടിക്കും ഹിന്ദുത്വത്തിനുമെതിരെയുള്ള കോമഡി സ്റ്റാൻഡ് അപ്പ് പരിപാടികളിലൂടെയാണ് മുനവര്‍ എപ്പോഴും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. പിന്നീട് ടെലിവിഷൻ രംഗത്തെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് വിജയിച്ച് മുനവര്‍ തന്റെ പ്രശസ്‌തി ഉയർത്തുകയും ചെയ്‌തു.
ഇപ്പോഴിതാ ഇനിയുള്ള യാത്രകൾക്കായി പുത്തനൊരു മോട്ടോർസൈക്കിൾ സ്വന്തമാക്കിയിരിക്കുകയാണ് ഹാസ്യനടനായ മുനവര്‍ ഫാറൂഖി. റെട്രോ ക്ലാസിക് ഇരുചക്ര വാഹന നിർമാതാക്കളായ ജാവയുടെ 42 ബോബർ മോഡലാണ് താരം തന്റെ ഗരാജിൽ എത്തിച്ചിരിക്കുന്നത്. മുനവർ തൻ്റെ പുതിയ ബൈക്ക് ഡെലിവറി എടുക്കുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായിട്ടുണ്ട്.

ജാവ മോട്ടോർസൈക്കിൾസിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ് വഴിയാണ് ഫാറൂഖി ബൈക്ക് വാങ്ങിയ വിവരം ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. കാലാതീതമായ രൂപകല്പനയുടെയും അത്യാധുനിക പ്രകടനത്തിൻ്റെയും സമ്പൂർണ മിശ്രണമാണ് ബോബർ 42 മോഡലെന്നും ഈ ബൈക്ക് പുതിയൊരു അധ്യായം മാത്രമല്ല, ഇതൊരു പുതിയ കഥ കൂടിയാണെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
താൻ ബൈക്ക് വാങ്ങുന്നതിൻ്റെ കാരണങ്ങളെക്കുറിച്ച് മുനവർ ഫാറൂഖി പറയുന്നത് ഈ വീഡിയോയിൽ കാണാം. ആധുനിക ഫീച്ചറുകൾക്കൊപ്പം വിൻ്റേജ് ലുക്കും തനിക്ക് ശരിക്കും ഇഷ്ടപ്പെട്ടതായി താരം വീഡിയോ ക്ലിപ്പിൽ പരാമർശിക്കുന്നുണ്ട്. പഴയ പതിപ്പിനെ അപേക്ഷിച്ച് കുറച്ച് കോസ്മെറ്റിക് മാറ്റങ്ങളോടെയാണ് മോട്ടോർസൈക്കിൾ ഇപ്പോൾ വിപണിയിൽ എത്തുന്നത്. ഈ വർഷത്തെ പരിഷ്ക്കാരത്തിൽ പുതിയ കളർ ഓപ്ഷനുകളും അലോയ് വീലുകളും ഉപയോഗിച്ചാണ് ബൈക്കിന് കമ്പനി ന്യൂ ലുക്ക് സമ്മാനിച്ചിരിക്കുന്നത്.

ജാവ 42 ബോബറിന്റെ ക്രോം ഷേഡിലുള്ള മോഡലാണ് മുനവർ ഫാറൂഖി തെരഞ്ഞെടുത്തിരിക്കുന്നത്. ബൈക്കിലെ ഡ്യുവൽ-ടോൺ അലോയ് വീലുകൾ വാഹനത്തിന് വളരെ സവിശേഷവും റെട്രോയുമായ ലുക്കും സമ്മാനിക്കുന്നുണ്ട്. എന്നാൽ ആധുനികവുമായ രൂപം കൈവിടാതെയാണ് കമ്പനി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഒപ്പം ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ്, ബാർ-എൻഡ് മിററുകൾ തുടങ്ങിയ ഫീച്ചറുകളും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുമുണ്ട്.
ഫാക്ടറി കസ്റ്റം ബോബർ മോട്ടോർസൈക്കിൾ വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ ഇരുചക്ര വാഹന നിർമാതാക്കളാണ് ജാവ. ബൈക്കിൽ വളരെ മനോഹരമായി കാണപ്പെടുന്ന സിംഗിൾ സീറ്റ് സജ്ജീകരണമാണ് മറ്റൊരു പ്രത്യേകത. ബിഎസ്-VI സ്റ്റേജ് 2 നിലവാരത്തിലുള്ള 334 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ മോട്ടോറാണ് എഞ്ചിനാണ് ബോബറിന്റെ ഹൃദയം. ഇതിന് 29.49 bhp പവറിൽ പരമാവധി 32.7 Nm torque വരെ നൽകാനാവും.

സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായാണ് സിംഗിൾ സിലിണ്ടർ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മികച്ച റൈഡിംഗ് അനുഭവം നൽകുന്നതിനായി എൻവിഎച്ച് ലെവലുകളും ജാവ മെച്ചപ്പെടുത്തിയിട്ടുണ്ട്. സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ പ്രീലോഡ് അഡ്ജസ്റ്റബിളായിട്ടുള്ള റിയർ മോണോഷോക്ക് സംവിധാനവുമാണ് കമ്പനി കൊടുത്തിരിക്കുന്നത്. ബ്രേക്കിംഗിനായി ഡ്യുവൽ ചാനൽ എബിഎസിന്റെ സഹായത്തോടെ രണ്ടറ്റത്തും സിംഗിൾ ഡിസ്ക്കും ഒരുക്കിയിട്ടുണ്ട്.
2.13 ലക്ഷം രൂപ മുതൽ 2.31 ലക്ഷം രൂപ വരെയാണ് ഏറ്റവും പുതിയ ജാവ 42 ബോബറിനായി മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വില. കസ്റ്റമൈസേഷൻ അനുസരിച്ച് വിലയിലും മാറ്റങ്ങളുണ്ടായേക്കാം. മുനവർ തൻ്റെ ബൈക്കിൽ എന്തെങ്കിലും കസ്റ്റമൈസേഷനുകൾ തിരഞ്ഞെടുത്തിട്ടുണ്ടോ എന്ന് വ്യക്തമല്ല. വീഡിയോയിൽ ഇതൊരു സ്റ്റോക്ക് മോട്ടോർസൈക്കിൾ പോലെയാണ് കാണുന്നത്. മുനവർ ഫാറൂഖിയ്ക്ക് പുറമെ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയും ഇതേ ബൈക്ക് വാങ്ങിയിട്ടുള്ള പ്രമുഖനാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








