ബിഗ് ബോസ് താരങ്ങളുടെ നല്ല സമയം, കുഞ്ഞു പിറന്നതിന് പിന്നാലെ പുത്തൻ കാർ വാങ്ങി ഷിയാസ് കരീം
റിയാലിറ്റി ഷോയിലൂടെയും ജനപ്രിയ ടെലിവിഷൻ പരിപാടികളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ഷിയാസ് കരീം. അടുത്തിടെ ധാരാളം വിവാദങ്ങളിലും ഷിയാസിന്റെ പേര് പ്രേക്ഷകർ ഉയർന്ന് കേട്ടിട്ടുണ്ടാവും. പ്രണയം നടിച്ച് സ്ത്രീയിൽ നിന്നും 49 ലക്ഷം രൂപ തട്ടിയെന്നതായിരുന്നു ഇദ്ദേഹത്തിനെതിരെയുള്ള ആരോപണവും വിവാദവും. ഇതിനെ തുടർന്നുള്ള ഒരുപാട് ചർച്ചകൾ സോഷ്യൽ മീഡിയയിൽ പല രീതിയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇതിൽ നിന്നുമെല്ലാം ഇടവേളയെടുത്ത് ഒരു കുഞ്ഞുപിറന്നതിന്റെ സന്തോഷത്തിലായിരുന്നു ഷിയാസ്. തങ്ങളുടെ ആദ്യത്തെ കൺമണിക്ക് 'ഡെസു' എന്ന ക്യൂട്ട് പേരുമിട്ട് ചിത്രങ്ങളും താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
കുഞ്ഞുപിറന്നതിന്റെ സന്തോഷത്തിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി ഷിയാസ് കരീമിന്റെ ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ്. മറ്റൊന്നുമല്ല, ഇനിയുള്ള യാത്രകൾക്കായി താരം പുത്തനൊരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. മഹീന്ദ്രയുടെ ബോൺ ഇലക്ട്രിക് എസ്‌യുവി നിരയിലെ ട്രെൻഡ് സെറ്ററായ BE 6 ഇവിയാണ് നടൻ തന്റെ ഗരാജിലേക്ക് എത്തിച്ചിരിക്കുന്നത്. പുതിയ കാർ വാങ്ങിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റടിച്ചിട്ടുമുണ്ട്.

ബിഗ് ബോസ് താരങ്ങളായ അഖിൽ മാരാർ, ആർജെ ബിൻസി എന്നിവരെല്ലാം അടുത്തിടെ പുതിയ വാഹനങ്ങൾ വാങ്ങിയതിന് പിന്നാലെയാണ് ബിഗ് ബോസ് താരമായ ഷിയാസും പുത്തൻ കാർ സ്വന്തമാക്കുന്നത്. 59kWh, 79kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് മഹീന്ദ്ര BE 6 ഇവി വിപണിയിലെത്തുന്നത്. ഇവയ്ക്ക് സിംഗിൾ ചാർജിൽ യഥാക്രമം 556 കിലോമീറ്റർ, 682 കിലോമീറ്റർ എന്നിങ്ങനെയാണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്.
ചാർജ് ചെയ്യുന്ന കാര്യത്തിലും മിടുമിടുക്കനായതിനാൽ ചാർജിംഗിനിട്ട് സമയം കളയേണ്ടതുമില്ല. AC ചാർജർ (11kW) ഉപയോഗിച്ച് 6-8 മണിക്കൂറിനുള്ളിൽ BE 6 ഇവി പൂർണമായും ചാർജ് ചെയ്യാൻ കഴിയുമെന്നാണ് മഹീന്ദ്ര പറയുന്നത്. ഇനി DC ഫാസ്റ്റ് ചാർജർ ഉപയോഗിക്കുകയാണെങ്കിൽ (140/175kW) വെറും 20 മിനിറ്റിനുള്ളിൽ ഇത് 20 ശതമാനത്തിൽ നിന്നം 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

ലൈഫ് ടൈം ബാറ്ററി വാറണ്ടിയുള്ളതിനാൽ പേടി കൂടാതെ എസ്‌യുവി സ്വന്തമാക്കി ഓടിച്ചുകൊണ്ട് നടക്കാം. പെർഫോമൻസ് കണക്കികളിലും വേന്ദ്രനാണ് ആശാൻ. ഇവിയുടെ ലോവർ വേരിയന്റുകളിൽ 228 bhp പവറിൽ പരമാവധി 380 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. അതേസമയം ഉയർന്ന വേരിയന്റുകളിൽ 282 bhp പവറിൽ 380 Nm torque വരെ നൽകുന്ന കഴിവുള്ള മോട്ടോറുമാണ് വരുന്നത്.
ഫീച്ചറുകളാലും സമ്പന്നമാണ് BE 6 ഇവി. ടോപ്പ് വേരിയൻ്റുകളിൽ 12.3 ഇഞ്ച് വലിപ്പമുള്ള ഡ്യുവൽ ഫ്ലോട്ടിംഗ് സ്‌ക്രീനുകളും വാഹനത്തിലുണ്ട്. മഹീന്ദ്ര BE 6 ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8295 പ്രൊസസറിനൊപ്പം 24 ജിബി റാമും 128 ജിബി ഇൻ്റേണൽ സ്റ്റോറേജുമാണ് വാഗ്ദാനം ചെയ്യുന്നത്. വൈഫൈ 6.0, ബ്ലൂടൂത്ത് 5.2 എന്നിവയും 5G ഇന്റർനെറ്റും ഇതിൽ ഉൾപ്പെടുന്നു. ഇവ കൂടാതെ വിഷന്‍എക്സ് ഓഗ്മെന്റഡ് റിയാലിറ്റിയും ഇവിയിൽ ഒരുക്കിയിട്ടുണ്ട്.

ഹാന്‍ഡ്‌സ്-ഫ്രീ പ്രവര്‍ത്തനത്തിനായുള്ള ആമസോൺ അലക്‌സ ഇന്റഗ്രേഷനും വാഹനത്തിന്റെ മാറ്റ് വർധിപ്പിക്കുന്നുണ്ട്. എആർ റഹ്മാന്‍ രൂപകൽപ്പന ചെയ്‌ത പ്രീ-സെറ്റ് തീമുകളും ശബ്‌ദങ്ങളും വാഗ്ദാനം ചെയ്യുന്ന ലൈവ് യുവർമൂഡ് സിസ്റ്റം എന്നിവയാണ് മഹീന്ദ്ര BE6 ഇവിയിലെ മറ്റ് സവിശേഷതകൾ. ഡോൾബി അറ്റ്‌മോസിനൊപ്പം 16 സ്പീക്കറുകളുള്ള ഹർമാൻ കാർഡൺ ഓഡിയോ സിസ്റ്റവും യാത്രകൾക്ക് ഹരമേകാനായി കൊടുത്തിട്ടുണ്ട്.
ADAS ലെവൽ 2+, ലെയ്ൻ ചേഞ്ച് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഒബ്സ്റ്റക്കിൾ ഡിറ്റക്ഷൻ, 360-ഡിഗ്രി ക്യാമറ, 7 എയർബാഗുകൾ, ക്രാഷ്-റെസിസ്റ്റന്റ് ബാറ്ററി എന്നിവയാണ് പ്രധാന സേഫ്റ്റി ഫീച്ചറുകൾ. BE 6 ഇലക്ട്രിക് എസ്‌യുവിയുടെ കണ്ണഞ്ചിപ്പിക്കുന്ന ഫയർസ്റ്റോം ഓറഞ്ച് കളർ ഓപ്ഷനാണ് ബിഗ് ബോസ് താരമായ ഷിയാസ് കരീം തെരഞ്ഞെടുത്തിരിക്കുന്നത്.


Click it and Unblock the Notifications