ഇത് ഒരു കാർ മാത്രമല്ല, കാത്തിരിപ്പുകൾക്കൊടുവിൽ ബിഗ് ബോസ് വിജയിയുടെ കൈയിലേക്ക് 25 ലക്ഷത്തിന്റെ എസ്‌യുവി
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏരെ പരിചിതമാണ് മലയാളം ബിഗ് ബോസിന്റെ ഏഴാം സീസൺ വിജയിയായ അനുമോൾ (Anumol). ഏഷ്യാനെറ്റിലെ ഹിറ്റ് റിയാലിറ്റി ഷോയ്ക്ക് മുമ്പേ തന്നെ ഫ്ലവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക്കിലൂടെ ആളുകൾക്ക് സുപരിചിതയായിരുന്നു കക്ഷി. എന്തായാലും ബിഗ് ബോസിലെ നൂറു ദിവസത്തെ വാശിയേറിയ പോരാട്ടത്തിന് ഒടുവിൽ കോമണറായി എത്തിയ അനീഷിനെ പിന്തള്ളിയാണ് അനുമോൾ കിരീടത്തിൽ മുത്തമിട്ടത്. വിജയിക്കാനായി പ്രൊഫഷണൽ പിആറിനെ സമീപിച്ച് വൻതുക ചെലവിട്ടുവെന്ന തരത്തിലുള്ള ആരോപണങ്ങളെല്ലാം അനുമോൾക്ക് എതിരെ ഉയർന്നിരുന്നുവെങ്കിലും കിരീടം ഈ തിരുവനന്തപുരത്തുകാരിയെ തേടിയെത്തുകയായിരുന്നു.
ബിഗ് ബോസ് വിന്നറായ അനുമോള്‍ക്ക് 42 ലക്ഷത്തിലധികം രൂപയാണ് സമ്മാനമായി ലഭിച്ചത്. പണം കൂടാതെ മാരുതി സുസുക്കിയുടെ പുത്തൻ എസ്‌യുവിയും വിജയിക്ക് സമ്മാനമായി ലഭിക്കുമെന്ന കാര്യം ഏഷ്യാനെറ്റ് അറിയിച്ചിരുന്നു. ഇപ്പോഴിതാ ഈ വാഹനം അനുമോളുടെ കൈകളിലേക്ക് എത്തിയിരിക്കുകയാണ്. പുതിയ അതിഥിയെ വരവേൽക്കുന്നതിന്റെ സന്തോഷം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആരാധകരിലേക്ക് താരം എത്തിച്ചിരിക്കുന്നത്.

ഇത് ഒരു കാർ മാത്രമല്ല... എന്റെ പരിശ്രമത്തിന്റെ, വിശ്വാസത്തിന്റെ, നിങ്ങളൊക്കെ നൽകിയ സ്നേഹത്തിന്റെ ഫലമാണെന്നും എന്നെ വിശ്വസിച്ച് വോട്ട് ചെയ്ത് ഇതുവരെ കൊണ്ടുവന്ന എല്ലാ ഓഡിയൻസിനും ഹൃദയം നിറഞ്ഞ നന്ദിയെന്നും വിവരിച്ചുകൊണ്ടാണ് അനുമോൾ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ഈ മനോഹരമായ ഗിഫ്റ്റ് നൽകിയ മാരുതി സുസുക്കി അരീന ഇൻഡസ് മോട്ടോർ കമ്പനി ടീമിനും പ്രത്യേക നന്ദിയും അനുമോൾ അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ എസ്‌യുവിയായ വിക്ടോറിസാണ് അനുമോളുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. രാജ്യത്തെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഗ്രാൻഡ് വിറ്റാരയ്ക്ക് നേടാനാവാതെ പോയ സൌഭാഗ്യങ്ങൾ നേടിക്കൊടുത്തുകൊണ്ട് തകർക്കുകയാണ് വിക്ടോറിസ് ഇപ്പോൾ. LXi, VXi, ZXi, ZXi (O), ZXi+, ZXi+ (O) എന്നിങ്ങനെ വ്യത്യസ്‌ത വേരിയൻ്റുകളിലാണ് മോഡൽ വിപണിയിലെത്തുന്നത്.

വിക്ടോറിസിന്റെ ടോപ്പ് എൻഡ് ഹൈബ്രിഡ് വേരിയന്റാണ് അനുമോൾക്ക് സമ്മാനം ലഭിച്ചിരിക്കുന്നത്. 10.50 ലക്ഷം മുതൽ 19.99 ലക്ഷം രൂപ വരെയാണ് എസ്‌യുവിക്കായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ടോപ്പ് എൻഡ് നിരത്തിലിറങ്ങുമ്പോൾ ടാക്‌സും ഇൻഷുറൻസും എല്ലാമായി ഏകദേശം 24.57 ലക്ഷം രൂപയോളം ഓൺ-റോഡ് വില വരുമെന്നാണ് കണക്കുകൾ. സേഫ്റ്റിയിൽ കേമനായതിനാൽ കൂടുതൽ ആശങ്കകളുടെ ആവശ്യവുമില്ല.
ഭാരത് NCAP, ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കി മാരുതി സുസുക്കി വിക്ടോറിസ് ഏവരേയും ഞെട്ടിച്ചിരുന്നു. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡോൾബി അറ്റ്‌മോസ് മ്യൂസിക് സിസ്റ്റം, വെൻ്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, ലെവൽ 2 ADAS സ്യൂട്ട്, ജെസ്റ്റർ കൺട്രോളോടുകൂടിയ പവർഡ് ടെയിൽഗേറ്റ്, അണ്ടർബോഡി സിഎൻജി ടാങ്ക്, പനോരമിക് സൺറൂഫ് എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളാലും വാഹനം സമ്പന്നമാണ്.

ഒപ്പം 60W, 45W യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, HUD, ആംബിയന്റ് ലൈറ്റിംഗ്, 10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകളും മാരുതിയുടെ മിഡ്-സൈസ് എസ്‌യുവിയുടെ ഭാഗമാണ്. 1.5 ലിറ്റർ, 4 സിലിണ്ടർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 1.5 ലിറ്റർ, 3 സിലിണ്ടർ സ്ട്രോങ്ങ് ഹൈബ്രിഡ്, 1.5 ലിറ്റർ പെട്രോൾ-സിഎൻജി ഓപ്ഷൻ എന്നിങ്ങനെ മൂന്ന് എഞ്ചിനുകളാണ് വിക്ടോറിസിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.
മാരുതി കാറുകളുടെ ഹൈലൈറ്റായ കിടിലൻ മൈലേജും ഈ മിഡ്-സൈസ് എസ്‌യുവിയിലുണ്ടെന്നത് അനുമോൾക്ക് ആശ്വാസം നൽകിയേക്കും. മൈലേജിലേക്ക് വന്നാൽ 28.65 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് വിക്ടോറിസിന്റെ ഹൈബ്രിഡ് വേരിയൻ്റുകൾ വാഗ്ദാനം ചെയ്യുന്നത്. വിക്‌ടോറിസിൻ്റെ പെട്രോള്‍ മാനുവല്‍ ലിറ്ററിന് 21.18 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക് ലിറ്ററിന് 21.06 കിലോമീറ്ററുമാണ് മൈലേജ് അവകാശപ്പെടുന്നത്. വിക്ടോറിസ് പെട്രോള്‍ AWD വേരിയൻ്റിന് ലിറ്ററിന് 19.07 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ലഭിക്കും.


Click it and Unblock the Notifications








