നിങ്ങളുടെ ബൈക്കിന് ഈ പ്രശ്‌നങ്ങളുണ്ടോ...? എന്നാൽ പണി ക്ലച്ച് പ്ലേറ്റിനാണോയെന്ന് തിരിച്ചറിയാം
കാറായാലും ബൈക്കായാലും അവയുടെ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ക്ലച്ച്. എഞ്ചിനെ ട്രാൻസ്മിഷനുമായി ബന്ധിപ്പിക്കുന്ന കാര്യമാണ് ഇതെന്ന് വളരെ ലളിതമായി പറയാം. ഗിയർബോക്‌സുമായി ബന്ധിപ്പിക്കുന്ന വാഹനത്തിൻ്റെ മറ്റൊരു സംഗതിയാണ് ക്ലച്ച്പ്ലേറ്റുകൾ. എഞ്ചിനിൽ നിന്ന് ഡ്രൈവ്ട്രെയിനിലേക്ക് ടോർക്ക് കൈമാറുക എന്ന പ്രവർത്തനമാണ് ഇവയുടെ ചുമതല.
സുഗമമായ വാഹന ചലനം സാധ്യമാക്കുന്നതിന് എഞ്ചിനിൽ നിന്നുള്ള പവർ സുഗമമായി വിതരണം ചെയ്യാനും ക്ലച്ച് പ്ലേറ്റുകൾ ആവശ്യമാണ്. നിശബ്ദമായി പ്രവർത്തിക്കുന്ന ഇവയ്ക്കും പ്രത്യേക ശ്രദ്ധ വേണ്ടതായുണ്ട്. കൃത്യമായ ഇടവേളകളിൽ സർവീസ് ചെയ്തില്ലെങ്കിൽ വാഹനങ്ങളിലെ ചെറിയ പ്രശ്‌നങ്ങൾ പോലും വളരെ പെട്ടെന്നുതന്നെ വലിയതും ചെലവേറിയതുമാകാമെന്നും പലർക്കും അറിയാമല്ലോ.

അതിനാൽ ഇനിയെങ്കിലും ക്ലച്ച് പ്ലേറ്റുകളും മികച്ച രീതിയിൽ തന്നെ പരിപാലിക്കാൻ പ്രത്യേക ശ്രദ്ധകൊടുക്കാം. ഒരുപക്ഷേ ഇത്രയും കാലം വണ്ടി കൊണ്ടുനടന്നിട്ടും ശ്രദ്ധിക്കാതെ പോയ വശമാണിതെങ്കിൽ ബൈക്കിൻ്റെ തകരാറിലായ ക്ലച്ച് പ്ലേറ്റ് മാറ്റിസ്ഥാപിക്കാൻ സമയമായെന്ന് വണ്ടി തന്നെ നൽകുന്ന 5 പ്രധാന സൂചനകൾ എന്തെല്ലാമെന്ന് പറഞ്ഞുതരാം. ക്ലച്ച് പ്ലേറ്റിന് കിട്ടുന്ന പണി നേരത്തെ തന്നെ തിരിച്ചറിയാൻ റൈഡറെ പ്രാപ്‌തമാക്കുന്ന കാര്യങ്ങളിതാ...
കുറഞ്ഞ മൈലേജ്: നിങ്ങളുടെ ബൈക്കിൻ്റെ ക്ലച്ച് പ്ലേറ്റിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം മൈലേജിലുണ്ടാവുന്ന ഇടിവാണ്. ക്ലച്ച് പ്ലേറ്റിന് കംപ്ലയിന്റ് ഉണ്ടെങ്കിൽ മോട്ടോർസൈക്കിൾ സാധാരണയേക്കാൾ കൂടുതൽ ഇന്ധനം ഉപയോഗിക്കാൻ തുടങ്ങും. ഉയർന്ന ഇന്ധന ഉപഭോഗത്തിന് നിരവധി കാരണങ്ങളുണ്ടാകാമെങ്കിലും അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നുതന്നെയാണ് ക്ലച്ച് പ്ലേറ്റുകളുടെ തകരാർ.

പവർ വ്യത്യാസം: ബൈക്കിന്റെ ക്ലച്ച് പ്ലേറ്റ് മാറ്റിസ്ഥാപിക്കാൻ സമയമായെന്ന് മനസിലാക്കാൻ പറ്റുന്ന മറ്റൊരു കാര്യമാണ് ആക്സിലറേഷനിലുണ്ടാവുന്ന ഇടിവ്. മോട്ടോർസൈക്കിളിന്റെ ക്ലച്ച് പ്ലേറ്റ് തേഞ്ഞു പോയാൽ പെർഫോമൻസിലും ആക്സിലറേഷനിലും തൽക്ഷണം ഇടിവ് അനുഭവപ്പെടും. കൈകൊടുക്കുന്നതിന് അനുസരിച്ച് വണ്ടി മുമ്പോട്ട് നീങ്ങുന്നില്ലെങ്കിൽ പണി ക്ലച്ച് പ്ലേറ്റിനാണെന്ന് മനസിലാക്കിക്കോണം.
ട്രാൻസ്മിഷൻ്റെ ഒരേയൊരു ജോലി എഞ്ചിൻ്റെ പവർ വീലുകളിലേക്ക് മാറ്റുക എന്നതാണ്. ഈ അസംബ്ലിയിലെ ഒരു നിർണായക ഘടകമാണ് ക്ലച്ച്. അതിനാൽ എപ്പോഴെങ്കിലും ആക്സിലറേഷനിൽ ഇടിവുണ്ടാകുന്നുണ്ട് എന്നു കണ്ടാൽ ഈ പ്രശ്നം ഉടൻ തന്നെ പരിശോധിക്കേണ്ടതാണ്. നേരത്തെ മനസിലാക്കിയാൽ പണം കൂടുതൽ ലാഭിക്കാനും സാധിക്കും. തകരാർ പിന്നീട് പരിഹരിക്കാമെന്ന് വിചാരിച്ചാൽ ബൈക്കിന്റെ മറ്റ് ഭാഗങ്ങൾക്കും കേടുപാടുകൾ ഉണ്ടായേക്കാം.

ക്ലച്ച് സ്ലിപ്പിംഗ്: മോട്ടോർസൈക്കിളിന്റെ ക്ലച്ചിൻ്റെ തകരാർ തിരിച്ചറിയാനുള്ള അടുത്ത വശം ഗിയർ സ്ലിപ്പായി വീഴുന്നതാണ്. ഗിയർ മാറ്റുമ്പോൾ വാഹനത്തിന്റെ ആർപിഎമ്മിൽ വർധനവ് അനുഭവപ്പെടുന്നത് ഇതിന്റെ സൂചനയാണ്. എഞ്ചിൻ കറങ്ങിക്കൊണ്ടിരിക്കുമ്പോൾ ട്രാൻസ്മിഷൻ ഉചിതമായി വീഴുന്നില്ലെന്നാണ് ക്ലച്ച് സ്ലിപ്പിംഗ് സൂചന നൽകുന്നത്. ഇത് ധാരാളം ട്രാൻസ്മിഷൻ നഷ്ടം ഉണ്ടാക്കുകയും ചെയ്യും. അതിനാൽ, ട്രാൻസ്മിഷൻ നഷ്ടം കാരണം എഞ്ചിൻ ഉത്പാദിപ്പിക്കുന്ന മുഴുവൻ പവറും ടോർക്കും വീലുകൾക്ക് ലഭിക്കില്ല.
ക്ലച്ച് ലിവറിൽ വൈബ്രേഷൻ: മേൽപ്പറഞ്ഞ സംഭവങ്ങൾ ക്ലച്ചിൻ്റെ അവസ്ഥയെക്കുറിച്ച് അറിയാൻ മികച്ചതാണെങ്കിലും ഗിയർ ലിവറിലെ പ്രത്യേകവും ശക്തവുമായ വൈബ്രേഷൻ ക്ലച്ച് പ്ലേറ്റിലെ ഒരു പ്രധാന പ്രശ്നത്തിൻ്റെ വ്യക്തമായ ലക്ഷണമാണ്. ശരിക്കും പറഞ്ഞാൽ ഇത് ക്ലച്ച് പ്ലേറ്റ് മാത്രമല്ല, മുഴുവൻ മെക്കാനിസത്തിലും മറ്റ് ചില പ്രശ്നങ്ങൾ കൂടിയുണ്ടെന്ന അടയാളം കൂടിയാണ്. അതിനാൽ ഗിയർ ലിവറിലെ വൈബ്രേഷൻ ഗൗരവമായി കാണേണ്ട കാര്യമാണ്.

പ്രത്യേക ശബ്‌ദം: ക്ലച്ച് അസംബ്ലി, ശബ്ദം എന്നിവയിൽ എന്തെങ്കിലും സാധാരണമല്ലെന്ന് അറിയാൻ മറ്റൊരു പ്രധാന മാർഗമുണ്ട്. സാധാരണയായി ക്ലച്ച് അസംബ്ലി എഞ്ചിൻ്റെ വലതുവശത്തോ ഇടത് വശത്തോവാണ് ഘടിപ്പിച്ചിരിക്കുന്നത്. എഞ്ചിൻ്റെ അപ്പുറത്ത് നിന്ന് വിചിത്രമായ ശബ്ദം കേൾക്കുകയാണെങ്കിൽ, ക്ലച്ച് അസംബ്ലി പരിശോധിക്കുന്നത് നന്നായിരിക്കും. ബൈക്കിൻ്റെ ക്ലച്ചിലെ തകരാർ എത്ര നേരത്തെ കണ്ടെത്തി അത് പരിഹരിക്കുന്നുവോ അതാവും ഉചിതം.


Click it and Unblock the Notifications