ബിഎംഡബ്ല്യു അറിഞ്ഞാൽ ചങ്കുപൊട്ടും, സ്പോർട്‌സ് കാറിൽ സിഎൻജി കിറ്റ് കയറ്റി ഗുജറാത്തുകാരൻ
ഇന്ത്യക്കാർക്ക് സിഎൻജി കാറുകൾ ഏറെ സുപരിചിതമായി കഴിഞ്ഞിട്ടുള്ള കാര്യമാണ്. എന്നാൽ ബജറ്റ് സെഗ്മെന്റിലാണ് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വാഹനങ്ങൾ ശരിക്കും അരങ്ങുവാഴുന്നതെന്ന് പറയാം. ഏതെങ്കിലും ആഡംബര കാറിൽ സിഎൻജി ഇന്ധനം ഉപയോഗിക്കുന്നത് നാം എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഇത്തരം വിലകൂടിയ വിഭാഗത്തിൽ വണ്ടികളുടെ ഇന്ധനക്ഷമത കൂട്ടാനായി ഹൈബ്രിഡ് പോലുള്ള സംവിധാനങ്ങളാണ് പൊതുവേ നിർമാതാക്കൾ ഉപയോഗിക്കാറുള്ളത്.
എന്നാൽ കൂറ്റൻ റോറിംഗ് V8 എഞ്ചിൻ ഘടിപ്പിച്ച ടൂ ഡോർ സ്പോർട്സ് കാറിൽ സിഎൻജി ഉപയോഗിക്കുന്നത് വിദേശികൾക്കൊന്നും സങ്കൽപ്പിക്കാനാവാത്ത കാര്യമാണ്. പക്ഷേ ഇന്ത്യയിൽ അതും സംഭവിച്ചിരിക്കുകയാണ് ഗയ്‌സ്. ഗുജറാത്തിൽ നിന്നുള്ള ഒരാളാണ് ഇത്രയും വിലപിടിപ്പുള്ള പെർഫോമൻസ് കാറിൽ ആഫ്റ്റർ മാർക്കറ്റ് സിഎൻജി കിറ്റ് ഘടിപ്പിച്ചിരിക്കുന്നത്. ഇതിൻ്റെ ഒരു വീഡിയോ ഇപ്പോൾ യൂട്യൂബിൽ ട്രെൻഡിംഗായിരിക്കുകയാണ്.

ബിഎംഡബ്ല്യു അറിഞ്ഞാൽ ചിലപ്പോൾ ഉടമക്ക് വലിയൊരു അവാർഡ് കൊടുക്കാൻ വരെ സാധ്യതയുണ്ട്. ബിഎംഡബ്ല്യു 650i സ്പോർട്‌സ് കാറിൽ സിഎൻജി കിറ്റ് ഘടിപ്പിക്കുന്ന ഈ വീഡിയോ സായ് ഫ്യുവൽ വഡോദര എന്ന യൂട്യൂബ് ചാനലാണ് പുറത്തുവിട്ടിരിക്കുന്നത്. സിഎൻജി കിറ്റ് ഘടിപ്പിച്ച ഇന്ത്യയിലെ ഏക ബിഎംഡബ്ല്യു 650i കൂപ്പെ കാറിനെ കാണിക്കാനാണ് താൻ ഗുജറാത്തിലെ സൂറത്തിലേക്ക് എത്തിയെന്ന് അവതാരകൻ സൂചിപ്പിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
ഹ്രസ്വമായ ആമുഖത്തിന് ശേഷം നീല നിറത്തിലുള്ള ബിഎംഡബ്ല്യു 650i യുടെ ഇൻ്റീരിയർ കാണിച്ചുകൊണ്ടാണ് അവതാരകൻ കാര്യങ്ങൾ വിശദീകരിക്കുന്നത്. കാറിൻ്റെ അകത്തളം ടാൻ ലെതറിലാണ് ജർമൻ ബ്രാൻഡ് പണികഴിപ്പിച്ചിരിക്കുന്നത്. കൂടാതെ ബ്ലു എക്സ്റ്റീരിയർ കളറും വാഹനത്തിന് പ്രീമിയം ഫീലാണ് ഒരുക്കുന്നത്. ഇതിന് തൊട്ടുപിന്നാലെ ഈ പ്രത്യേക കാറിൻ്റെ ഇൻ്റീരിയറിൻ്റെ പ്രധാന ഹൈലൈറ്റ് അദ്ദേഹം കാണിക്കുന്നുണ്ട്.

ബോണറ്റ് റിലീസ് ലാച്ചിന് സമീപം ഫുട്‌വെല്ലിൻ്റെ താഴെ വലതുവശത്ത് സ്ഥാപിച്ചിരിക്കുന്ന സിഎൻജി ബട്ടണും ഫ്യുവൽ ഗേജുമാണ് ആ ഹൈലൈറ്റ്. നിലവിൽ വാഹനത്തിൽ സിഎൻജി ഗ്യാസ് കുറവായകിനാഷ ഒരു ബീപ്പ് ശബ്‌ദം വീഡിയോയിൽ നിന്നും കേൾക്കാം. തുടർന്ന് ബോണറ്റ് ലാച്ച് തുറന്ന് ബിഎംഡബ്ല്യുവിന്റെ കൂറ്റൻ V8 പെർഫോമൻസ് എഞ്ചിൻ കാണിക്കുന്നു. വലിയ പ്ലാസ്റ്റിക് എഞ്ചിൻ കവർ കാരണം സിഎൻജി കിറ്റ് നൽകിയിട്ടുണ്ടോ ഇല്ലയോ എന്ന് പറയാൻ പ്രയാസമാണ്.
ഇതിന് തൊട്ടുപിന്നാലെ, അവതാരകൻ എഞ്ചിൻ കവർ നീക്കം ചെയ്യുകയും രണ്ട് സിഎൻജി റെയിലുകളുടെ ഓരോ വശത്തും 4 ഇൻജക്ടറുകൾ കാണിക്കുകയും ചെയ്യുന്നു. സാവോലി വിറ്റ സിഎൻജി കിറ്റാണ് കാറിൽ ഘടിപ്പിച്ചിരിക്കുന്നതെന്ന് അവകാരകൻ വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. തുടർന്ന് പുതിയ ഇസിയുവും സിഎൻജി പ്രഷർ ഗേജും കൊടുത്തിരിക്കുന്നതും കാണിക്കുന്നുണ്ട്. ഇത് രണ്ട് ഫില്ലിംഗ് നോസിലുകളോടെയാണ് വരുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതിൽ ഒന്ന് മുന്നിലും ഒന്ന് പിന്നിലുമാണ് കൊടുത്തിരിക്കുന്നത്.

സിഎൻജി ഗ്യാസ് സിലിണ്ടർ കാണിക്കുന്നതിനായി ബൂട്ട് ഡോർ തുറക്കുന്നുണ്ട്. സൂറത്തിലെ മാരുതി ഓട്ടോ ഗ്യാസാണ് കിറ്റ് ഘടിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. 8 കിലോ സിഎൻജി ഗ്യാസ് ഉൾക്കൊള്ളാൻ കഴിയുന്ന 12 കിലോ സിലിണ്ടറാണ് ബിഎംഡബ്ല്യുവിന്റെ സ്പോർട്‌സ് കാറിൽ ഒരുക്കിയിരിക്കുന്നത്. ടാങ്ക് അധികമായി ഘടിപ്പിച്ചതിന് ശേഷവും വണ്ടിക്ക് ഇനിയും വലിയ ബൂട്ട് സ്പേസ് ശേഷിക്കുന്നുണ്ട് എന്നതാണ് മറ്റൊരു ഹൈലൈറ്റ്.
തുടർന്ന് എഞ്ചിൻ ബേയും ബൂട്ടും അടച്ച് V8 എഞ്ചിൻ സ്റ്റാർട്ടാക്കാൻ അവതാരകൻ സുഹൃത്തിനോട് ആവശ്യപ്പെടുന്നു. സിഎൻജി ഉണ്ടായിരുന്നിട്ടും എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും ക്വാഡ് എക്‌സ്‌ഹോസ്റ്റ് ടിപ്പുകളും അതേപടി നിലനിർത്താൻ ഉടമയ്ക്ക് സാധിച്ചിട്ടുണ്ട് എന്നത് കൈയടി അർഹിക്കുന്ന കാര്യമാണ്. വണ്ടിയോടിച്ച് നോക്കിയിട്ടും പെർഫോമൻസിൽ കാര്യമായ കുറവ് ഉണ്ടായതായി തോന്നുന്നില്ലെന്നും അവതാരകൻ വീഡിയോയിൽ പറയുന്നു.

ഇനി സിഎൻജി കുറവായതിനാൽ പെട്രോളിലാണോ വാഹനം ഓടുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഒരുകാലത്ത് ഏകദേശം 1.10 കോടി രൂപയോളം വിലയുണ്ടായിരുന്ന മോഡലാണ് ബിഎംഡബ്ല്യു 650i സ്പോർട്‌സ് കാർ. 4.8 ലിറ്റർ V8 പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്ന കാറിന് ഏകദേശം 362 bhp കരുത്തിൽ പരമാവധി 489 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. വെറും 5.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും കാറിന് കഴിയും.


Click it and Unblock the Notifications








