അച്ഛനും ഭാര്യയും ലോകപ്രശസ്‌തർ, കൈയിലുള്ളത് പൂത്തപണം, 4 കോടിയുടെ പുത്തൻ ആഡംബര എസ്‌യുവി വാങ്ങിയ ആളെ കണ്ടോ
ധൂം എന്ന ഹിന്ദി സിനിമകളിലൂടെ മലയാളികൾക്കിടയിലും പ്രശസ്‌തനായ ബോളിവുഡ് താരമാണ് അഭിഷേക് ബച്ചൻ. ഇന്ത്യൻ സിനിമ കണ്ട എക്കാലത്തേയും മികച്ച നടൻമാരിൽ ഒരാളായ അമിതാഭ് ബച്ചന്റെ മകനെന്ന ലേബലിലാണ് കക്ഷി സിനിമ മേഖലയിലേക്ക് എത്തുന്നതെങ്കിലും അതിവേഗം തന്നെ തന്റെ സ്ഥാനം ഉറപ്പിക്കാൻ അഭിഷേകിനായിരുന്നു. പിന്നീട് ലോക സുന്ദരി ഐശ്വര്യ റായ്‌യെ വിവാഹം കഴിച്ച് ഒരുകൂട്ടം ആളുകളുടെ വില്ലനായും താരം പ്രതിഷ്ഠിക്കപ്പെട്ടു. അഭിഷേകും ഐശ്വര്യയും വിവാഹമോചിതരാകുന്നുവെന്ന വാർത്ത ഗോസിപ്പ് കോളങ്ങളിലെ സ്ഥിരമായ കാഴ്ച്ചയാണെങ്കിലും ഇരുവരും വളരെ സന്തോഷത്തോടെയാണ് മുമ്പോട്ട് പോവുന്നത്.
280 കോടി രൂപയുടെ ആസ്‌തിയുള്ള താരത്തേക്കാൾ ആസ്‌തിയാണ് ഭാര്യ ഐശ്വര്യക്കുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 862 കോടി രൂപയോളമാണ് നടിയുടെ പേരിലുള്ള ആസ്തിയെന്നാണ് വിവരം. എന്തായാലും അഭിഷേക് ബച്ചൻ എന്ന് പറയുമ്പോൾ മലയാളികൾക്ക് ആദ്യം ഓർമ വരിക ധൂമിലെ ഇൻസ്പെക്‌ടർ കഥാപാത്രമാവും. ഇപ്പോഴിതാ പുത്തനൊരു ആഡംബര കാർ തനിക്കായി വാങ്ങിയിരിക്കുകയാണ് താരം.

ഐശ്വര്യ റായ് അടുത്തിടെ 1.60 കോടിയുടെ പുത്തൻ ആഡംബര കാർ വാങ്ങിയതിന് പിന്നാലെയാണ് വീട്ടിലേക്ക് പുത്തനൊരു കാർ കൂടി വന്നെത്തിയിരിക്കുന്നത്. അതും 4 കോടിയോളം വില വരുന്ന ലാൻഡ് റോവർ ഡിഫൻഡർ എസ്‌യുവിയാണ് അഭിഷേക് ബച്ചൻ സ്വന്തമാക്കിയിരിക്കുന്നത്. കാർസ് ഫോർ യു എന്ന യൂട്യൂബ് ചാനലാണ് താരത്തിന്റെ പുത്തൻ വാഹനത്തെ കുറിച്ചുള്ള വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
4 കോടിയുടെ വണ്ടിയിൽ മാസായി വന്നിറങ്ങുന്ന അഭിഷേക് ബച്ചന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുമുണ്ട്. ഡിഫൻഡറിന്റെ 130 എന്ന വേരിയന്റാണ് ബോളിവുഡ് നടന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. 5.3 മീറ്റർ നീളമുള്ള മൂന്ന് വരി ആഡംബര എസ്‌യുവി 7 സീറ്റർ എസ്‌യുവിയാണ്. വലിയ 5.0 ലിറ്റർ V8 സൂപ്പർചാർജ്ഡ് പെട്രോൾ എഞ്ചിൻ തുടിപ്പേകുന്ന മോഡലിന് 846 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഫോർവീൽ ഡ്രൈവ് ഓപ്ഷനും വാഹനത്തിൽ സ്റ്റാൻഡേർഡായി തന്നെ ലഭിക്കും. ഇതിന് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി വരുന്നുമുണ്ട്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഡിഫൻഡറിന്റെ 130 പതിപ്പിന് വെറും 5.7 സെക്കൻഡിനുള്ളിൽ 0-100 കി.മീ/മണിക്കൂർ വേഗത കൈവരിക്കാനാവുമെന്നാണ് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവർ അവകാശപ്പെടുന്നത്.
അതേസമയം മണിക്കൂറിൽ 240 കിലോമീറ്ററാണ് എസ്‌യുവിയുടെ ഉയർന്ന വേഗത. യാത്രക്കാരുടെ സുഖസൗകര്യങ്ങൾ കണക്കിലെടുത്ത്, ഇതിന് എയർ സസ്പെൻഷനും കമ്പനി ഒരുക്കിയിട്ടുണ്ട്. ലാൻഡ് റോവർ ഡിഫൻഡർ 130 ലോകത്തിലെ തന്നെ ഏറ്റവും ആഡംബരമുള്ള ഓഫ്-റോഡിംഗ് എസ്‌യുവികളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യ, സൗകര്യം, കണക്റ്റിവിറ്റി, സുരക്ഷാ ഗാഡ്‌ജെറ്റുകൾ എന്നിവയുമായാണ് ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനം പണിതിറക്കിയിരിക്കുന്നത്.

ഇന്റീരിയറിലേക്ക് കയറിയാൽ 11.4 ഇഞ്ച് പിവി പ്രോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ, ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം, 700 W മെറിഡിയൻ സറൗണ്ട് സൗണ്ട് സിസ്റ്റം, ലൈവ് വീഡിയോ ഫീഡ് വഴിയുള്ള ക്ലിയർസൈറ്റ് റിയർ വ്യൂ മിറർ, 4-സോൺ ക്ലൈമറ്റ് കൺട്രോൾ, ക്യാബിൻ എയർ പ്യൂരിഫിക്കേഷൻ, 3D സറൗണ്ട് ക്യാമറ എന്നിവ പോലുള്ള അത്യാഡംബര ഫീച്ചറുകളാൽ സമ്പന്നമാണ് അഭിഷേക് ബച്ചന്റെ ഡിഫൻഡർ.
രണ്ടാമത്തെയും മൂന്നാമത്തെയും നിര സീറ്റുകൾ സ്റ്റേഡിയം ശൈലിയിലുള്ള സീറ്റിംഗ് കോൺഫിഗറേഷനിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് റോഡിന്റെ മികച്ച കാഴ്ച്ചയ്ക്കായി സീറ്റുകളെ ചെറുതായി ഉയർത്താൻ സഹായിക്കുന്ന സംഗതിയാണെന്നും ലാൻഡ് റോവർ പറയുന്നു. ഡിസൈനിലേക്ക് നോക്കിയാലും ആരും സ്വന്തമാക്കാൻ ആഗ്രഹിച്ചു പോവുന്ന അഴകാണ് വണ്ടിക്കുള്ളത്. ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎൽ, സ്മോക്ക്-ഔട്ട് ടെയിൽ ലാമ്പുകൾ, ഷാർക്ക് ഫിൻ ആന്റിന, 20 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവയെല്ലാമാണ് എടുത്തു പറയേണ്ട സവിശേഷതകൾ.


Click it and Unblock the Notifications








