പൈസയില്ലാഞ്ഞിട്ടല്ല, വിമാനത്തിന്റെ കംഫർട്ടാണ് വേണ്ടത്! സനം തേരി കസത്തിലെ നായകന്റെ പുത്തൻ കാർ കണ്ടോ?
ബോളിവുഡിലെ ഒട്ടുമിക്ക നടൻമാരേയും നടിമാരേയും അറിയാവുന്നവരാണ് മലയാളികൾ. ഭാഷയ്ക്ക് അതീതമായി സിനിമ ആസ്വദിക്കുന്നവരും സ്നേഹിക്കുന്നവരുമാണ് നാം. ഹിന്ദി സിനിമയിൽ ഷാരൂഖ് ഖാനും ആമീർ ഖാനും സൽമാൻ ഖാനുമൊക്കെയാണ് ഫാൻസ് കൂടുതലെങ്കിലും നല്ല പടങ്ങൾ അംഗീകരിക്കാനും അതിലെ കഥാപാത്രങ്ങളെ നെഞ്ചോട് ചേർക്കാനും മലയാളികൾക്ക് അറിയാം.
അത്തരത്തിൽ വലിയ താരനിരയൊന്നും ഇല്ലാതെ വന്ന് മനസ് കീഴടക്കിയ ഹിന്ദി സിനിമയായിരുന്നു സനം തേരി കസം. 2016-ൽ റീലീസായ പടം ബോക്‌സ് ഓഫീസിൽ വലിയ ചലനമൊന്നുമുണ്ടാക്കിയില്ലെങ്കിലും പിന്നീട് മൊബൈലിലും ലാപ്ടോപ്പിലും ടിവിയിലുമെല്ലാം പടം കണ്ടവരാരും ഈ സിനിമ ഇപ്പോഴും മറന്നിട്ടുണ്ടാവില്ല. നായകൻ ഹർഷവർദ്ധൻ റാണെയും നായികയായി അഭിനയിച്ച മാവ്ര ഹോകാനെയും ഇന്നും യുവാക്കൾക്കിടയിൽ തരംഗമാണ്.

2010-ൽ തകിട തകിട എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും ബോളിവുഡിലെ ആദ്യ സിനിമയായ സനം തേരി കസമാണ് ഹർഷവർദ്ധന് അഡ്രസുണ്ടാക്കി കൊടുത്തത്. അടുത്തിടെ ഹസീൻ ദിൽറുബ എന്ന തപ്സി പന്നുവിന്റെ ചിത്രത്തിലെ വില്ലൻ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊവിഡ് രണ്ടാംതരംഗത്തെ തുടർന്നുണ്ടായ ഓക്സിജൻ ക്ഷാമത്തിൽ വലയുന്ന രേഗികൾക്കായി ഓക്സിജൻ കോൺസൺട്രേറ്ററുകൾ വാങ്ങാൻ തന്റെ ആഡംബര ബൈക്ക് വിറ്റ് പണം നൽകിയും ഹർഷവർദ്ധൻ കൈയടി നേടിയിരുന്നു.
ദേ ഇപ്പോൾ പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് എംപിവി സ്വന്തമാക്കിയ സന്തോഷം ആരാധകരിലേക്ക് എത്തിച്ചിരിക്കുകയാണ് ഹർഷവർദ്ധൻ റാണെ. വൈറ്റ് കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയിരിക്കുന്ന ഹൈക്രോസിന്റെ ഹൈബ്രിഡ് ടോപ്പ് എൻഡ് വേരിയന്റാണ് ഹിന്ദി സിനിമാ താരം തന്റെ ഗരാജിലെത്തിച്ചിരിക്കുന്നത്. വിലയുടെ അടിസ്ഥാനത്തിൽ പെട്രോൾ ഓട്ടോമാറ്റിക് ഹൈക്രോസിന് 18.55 ലക്ഷം മുതൽ 19.45 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

അതേസമയം ഇന്നോവ ഹൈക്രോസിന്റെ ഹൈബ്രിഡ് പതിപ്പിന് 25.03 ലക്ഷം മുതൽ 29.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്ന വാഹനത്തിന് ഏകദേശം 36.82 ലക്ഷം രൂപയോളം വരും ഓൺ-റോഡ് വിലയെന്നാണ് റിപ്പോർട്ടുകൾ. ഒരു ലക്ഷ്വറി കാറിന് പകരം ഇന്നോവ പോലൊരു ഫാമിലി എംപിവി ഹർഷവർദ്ധൻ തെരഞ്ഞെടുത്തതും പലരേയും ഞെട്ടിക്കുന്ന കാര്യമാണ്.
എന്നാൽ ഇതിനുള്ള ഉത്തരം താരം തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ നൽകുന്നുണ്ട്. തന്റെ അടുത്ത പടത്തിന്റെ ചിത്രീകരണം 2024 മെയ്, ജൂൺ മാസങ്ങളിലായിരിക്കും നടക്കുക. എൻ്റെ അടുത്ത സിനിമയ്ക്കായി ഞാൻ മധ്യപ്രദേശിലെ ചില ഭാഗങ്ങളിലേക്കും വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളിലേക്കും യാത്ര ചെയ്യുന്നത് റോഡ് മാർഗമാണ്. അല്ലാതെ വിമാനത്തിലല്ല! എന്ന അടിക്കുറിപ്പോടെയാണ് സനം തേരി കസം നായകൻ പുതിയ വണ്ടിയെടുത്ത ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

വിമാനം പോലെ സുഖം തരുന്ന വാഹനമാണ് ടൊയോട്ടയുടെ ഇന്നോവയെന്ന് എല്ലാ വണ്ടിഭ്രാന്തൻമാർക്കും അറിയാം. ഇന്നോവയുടെ ഏറ്റവും പുതിയതലമുറ ആവർത്തനമായ ഹൈക്രോസ് എല്ലാത്തലത്തിലും മുൻഗാമികളേക്കാൾ കഴിവുറ്റതാണ്. കൂടെ കിടിലൻ ഹൈബ്രിഡ് എഞ്ചിനും കൂടി ചേരുന്നതോടെ കാര്യങ്ങൾ കിടുവാകുന്നു. ഇന്നോവ ഹൈക്രോസ് പെട്രോൾ, പെട്രോൾ സ്ട്രോംഗ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്.
ഇലക്ട്രിക് ബാറ്ററിയുമായി ജോടിയാക്കിയ 2.0 ലിറ്റർ ഫോർ സിലിണ്ടർ അറ്റ്കിൻസൺ സ്ട്രോംഗ് ഹൈബ്രിഡ് യൂണിറ്റാണ് ടോപ്പ് മോഡലുകളിലെ പെട്രോൾ എഞ്ചിൻ. ഇത് 184 bhp കരുത്തിൽ പരമാവധി 205 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇ-സിവിടി ഇ-ഡ്രൈവ് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഹൈബ്രിഡായതിനാൽ തന്നെ ലിറ്ററിന് 23.24 കിലോമീറ്റർ മൈലേജ് നൽകാനും ഇന്നോവ ഹൈക്രോസിനാവും.

മറുവശത്ത് ഹൈക്രോസിലെ നോൺ-ഹൈബ്രിഡ് പതിപ്പ് 172 bhp പവറിൽ 205 Nm torque നൽകുന്ന 2.0 ലിറ്റർ പെട്രോൾ എഞ്ചിനുമായാണ് വരുന്നത്. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട ഇതിലും വാഗ്‌ദാനം ചെയ്യുന്നത്. അതായത് മാനുവൽ ഗിയർബോക്‌സ് വാഹനത്തിൽ ലഭിക്കില്ലെന്ന് സാരം. എങ്കിലും ലിറ്ററിന് 16.13 കിലോമീറ്റർ മൈലേജ് വരെയാണ് കമ്പനി അവകാശപ്പെടുന്നത്.


Click it and Unblock the Notifications








