1.57 കോടിയുടെ ലക്ഷ്വറി എസ്‌യുവി വാങ്ങി പ്രിയദർശൻ സിനിമയിലെ താരം, സൂക്ഷിച്ച് നോക്കിക്കേ ആളെ പിടികിട്ടിയോന്ന്
കണ്ടിന്റെ കാര്യത്തിൽ മലയാള സിനിമകൾ വേറെ ലെവലാണെങ്കിൽ ഹിന്ദിയിലേക്ക് എത്തുമ്പോൾ യാഥാർഥ്യങ്ങളോട് ചേർന്നു നിൽക്കുന്ന പടങ്ങളെല്ലാം അവിടെ കുറവാണെന്ന് വേണം പറയാൻ. എന്നാൽ കൊവിഡിന് ശേഷം സീരീസുകൾ ട്രെൻഡ് സെറ്ററായപ്പോൾ ബോളിവുഡ് കയറി കൊളുത്തിയതും സീരീസുകളിലൂടെയായിരുന്നു. ഇക്കാര്യത്തിൽ ഹിന്ദിയെ വെല്ലാൻ മലയാളത്തിന് പോലും ഇതുവരെ സാധിച്ചിട്ടില്ലെന്ന് വേണം പറയാൻ. പാതാൾ ലോക് എല്ലാം അതിനുള്ള ചെറിയ ഉദാഹരങ്ങൾ മാത്രമാണ്. ഹിന്ദി സിനിമകളിലും സീരിയലുകളിലും സീരീസുകളിലുമെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് ജയ്ദീപ് അഹ്ലാവത്. അഞ്ചുമാസം കൊണ്ട് 109 കിലോയിൽ നിന്ന് 83 കിലോയാക്കി ശരീരഭാരം കുറച്ച് ഞെട്ടിച്ച ഇദ്ദേഹത്തെ പലർക്കും പരിചിതമാണ്.
വെള്ളാനകളുടെ നാട് എന്ന മോഹൻലാൽ ചിത്രത്തിന്റെ ഹിന്ദി റീമേക്കായ ഖട്ട മീത്തയിലെ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചാണ് ജയ്ദീപ് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. അതേ വർഷം തന്നെ അജയ് ദേവ്ഗണിനൊപ്പം ആക്രോഷിലും അതിനുശേഷം അനുരാഗ് കശ്യപിൻ്റെ ഗാങ്‌സ് ഓഫ് വാസിപൂർ (2012), കമൽഹാസൻ്റെ വിശ്വരൂപം ( 2012 ) എന്നിവയുൾപ്പെടെ കൂടുതൽ ചിത്രങ്ങളിലൂടെയും പ്രേക്ഷകരിലേക്ക് ഇറങ്ങി ചെല്ലാനും ഇദ്ദേഹത്തിനായി.

ഗാംഗ്‌സ് ഓഫ് വാസിപൂർ, റാസി, പാതാൾ ലോക്, ത്രീ ഓഫ് അസ് തുടങ്ങിയ ചിത്രങ്ങളിലൂടെയും സീരീസുകളിലൂടെയും ശ്രദ്ധേയനായ ജയ്ദീപ് അഹ്ലാവത് പുത്തനൊരു ആഡംബര എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. മെർസിഡീസ് ബെൻസ് GLS ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനമാണ് താരത്തിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. സെലിബ്രിറ്റികൾക്കിടയിൽ ഏറ്റവും കൂടുതൽ ഫാൻബേസുള്ള മൂന്ന്-വരി എസ്‌യുവികളിൽ ഒന്നാണിത്.
ഇന്ത്യയിൽ 1.32 കോടി രൂപ എക്സ്ഷോറൂം വില വരുന്ന വാഹനത്തിന് മുംബൈയിൽ 1.57 കോടി രൂപയോളം വരും ഓൺ-റോഡ് വില. ഇനി ഡീസൽ വേരിയന്റാണ് താരം സ്വന്തമാക്കിയിരിക്കുന്നതെങ്കിൽ 1.66 കോടി രൂപയും മുടക്കേണ്ടി വരും. പുതിയ വാഹനത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെയാണ് ജയ്ദീപ് അഹ്‌ലാവത് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഈ വർഷം ആദ്യമെത്തിയ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണ് ഹിന്ദി നടന്റെ മുറ്റത്തേക്ക് എത്തുന്നത്.

GLS 450, GLS 450d എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ സിൽവർ നിറത്തിൽ തീർത്ത പുതിയ തിരശ്ചീനമായി ഘടിപ്പിച്ചിരിക്കുന്ന 4-സ്ലാറ്റ് റേഡിയേറ്റർ ഗ്രില്ലാണ് ലക്ഷ്വറി എസ്‌യുവിയുടെ മുൻവശത്തെ പ്രധാന ആകർഷണം. ഇതോടൊപ്പം എൽഇഡി ഹെഡ്‌ലാമ്പുകളും പുതിയ എയർ ഇൻലെറ്റ് ഗ്രില്ലുകളും ഹൈ-ഗ്ലോസ് ബ്ലാക്ക് സറൗണ്ടുകളും കൂടിയാവുമ്പോൾ വണ്ടി കളറാവുന്നുണ്ട്.
എൽഇഡി ടെയിൽലൈറ്റുകളാണ് പിന്നിലെ ഹൈലൈറ്റ്. വശക്കാഴ്ച്ചയിൽ കൂറ്റൻ അലോയ് വീലുകളാണ് വാഹനത്തിന് ഭീമൻ ലുക്ക് സമ്മാനിക്കുന്നത്. ഇന്റീരിയറിലേക്ക് കയറിയാലും കാര്യങ്ങൾ ആഡംബരമാണ്. ക്യാബിൻ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് GLS എസ്‌യുവിയുടെ അതേ ലേഔട്ട് നിലനിർത്തുന്നുവെങ്കിലും GLS ഫെയ്‌സ്‌ലിഫ്റ്റിന് പുതിയ കാറ്റലാന ബ്രൗൺ, ബഹിയ ബ്രൗൺ അപ്‌ഹോൾസ്റ്ററി ഓപ്ഷനുകൾ, പുതുക്കിയ MBUX ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പുതുക്കിയ ഇൻസ്ട്രുമെൻ്റ് കൺസോൾ എന്നിവ ലഭിക്കുന്നുണ്ട്.

ലക്ഷ്വറി എസ്‌യുവിയുടെ ക്യാബിനിൽ 13-സ്പീക്കർ ബർമെസ്റ്റർ 590-വാട്ട് സൗണ്ട് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജിംഗ് എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളാലും മെർസിഡീസ് ബെൻസ് GLS സമ്പന്നമാണ്. സേഫ്റ്റി ഫീച്ചറുകളിലേക്ക് നോക്കിയാൽ ലോ-സ്പീഡ് 360-ഡിഗ്രി ക്യാമറയും വാഹനത്തിന് ചുറ്റുമുള്ള ഒന്നിലധികം ക്യാമറ വ്യൂപോയിന്റുകളുള്ള ഓഫ്-റോഡ് മോഡും അടങ്ങുന്ന കാര്യങ്ങളാണ് ഏറ്റവും പുതിയ GLS എസ്‌യുവിയിൽ ഒരുക്കിയിട്ടുള്ളത്.
ഒന്നിലധികം എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) എന്നിവയാണ് ആഡംബര എസ്‌യുവിയിലെ മറ്റ് സുരക്ഷാ ഫീച്ചറുകൾ. പുതിയ മെർസിഡീസ് ബെൻസ് GLS പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാനാവും. ഇതിൽ 360 bhp കരുത്തിൽ പരമാവധി 500 Nm torque ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റർ ആറ് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് GLS 450 വേരിയന്റിന് തുടിപ്പേകുന്നത്.
അതേസേയം 325 bhp പവറിൽ 700 Nm torque നൽകുന്ന 3.0 ലിറ്റർ ആറ് സിലിണ്ടർ ഡീസൽ എഞ്ചിനാണ് GLS 450d പതിപ്പിൽ പ്രവർത്തിക്കുന്നത്. രണ്ട് എഞ്ചിൻ ഓപ്ഷനുകളും ഓൾ-വീൽ ഡ്രൈവിനൊപ്പം 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇതിൽ ഏത് മോഡലാണ് ബോളിവുഡ് താരമായ ജയ്ദീപ് അഹ്ലാവത് സ്വന്തമാക്കിയിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








