സൂപ്പർ വില്ലന് സൂപ്പർബൈക്ക്; പുതിയ സുസുക്കി ഹയാബൂസ സ്വന്തമാക്കി ജോൺ എബ്രഹാം
ധൂം എന്നൊരു ഒറ്റ സിനിമകൊണ്ട് ഇന്ത്യയിൽ മുഴുവൻ വലിയ ഫാൻ ബേസ് നേടിയ ബോളിവുഡ് നടനാണ് ജോൺ എബ്രഹാം. സൂപ്പർ ബൈക്കുകളിൽ വന്ന് കൊള്ള നടത്തി അതിവേഗം രക്ഷപെടുന്ന ഒരു ഗ്യാങ്ങും അവരെ പിടികൂടാനായി ഇറങ്ങി തിരിച്ച ഒരു എസിപിയുടെയും കഥയാണ് ഈ സിനിമയുടെ തീം.
കൊള്ളയും പിന്നീടുള്ള രക്ഷപ്പെടലും എല്ലാം സൂപ്പർബൈക്കുകളിലാണെന്നതാണ് ധൂമിലേക്ക് പലരേയും ആകർഷിച്ച കാര്യം. സംഭവം പടത്തിൽ ജോൺ എബ്രഹാമിന് വില്ലൻ പരിവേഷമാണെങ്കിലും ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയത് ആ വില്ലനിസവും ബൈക്കുകളുമാണ്. യഥാർഥ ജീവിതത്തിലും ഒരു മോട്ടോർസൈക്കിൾ പ്രേമിയാണ് താരം. സൂപ്പർ ബൈക്കുകൾക്ക് പുറമെ കെടിഎം, മഹീന്ദ്ര മോജോ, രാജ്പുതാന കസ്റ്റംസിൽ നിന്നുള്ള ലൈറ്റ്ഫൂട്ട് റോയൽ എൻഫീൽഡ് ബുള്ളറ്റ് എന്നീ സാധാരണ മോഡലുകളും താരത്തിന്റെ പക്കലുണ്ട്.

ഇനി സൂപ്പർബൈക്ക് കളക്ഷനിലേക്ക് നോക്കിയാൽ യമഹ R1, കവസാക്കി ZX-14R, ഹോണ്ട CBR 1000R, ഡ്യുക്കാട്ടി ഡയവൽ, സുസുക്കി GSX 1000R, സുസുക്കി ഹയാബുസ തുടങ്ങിയ കിടിലൻ മോഡലുകളും സ്വന്തമായുള്ള ജോൺ ദേ ഇപ്പോൾ ആഡംബര ബൈക്കുകളിലെ രാജാവായ ഹയാബുസയുടെ പതിയൊരു മോഡലും കൂടി വാങ്ങിയിരിക്കുകയാണ്. "പത്താൻ" സിനിമയുടെ വിജയാഘോഷങ്ങളുടെ ഭാഗമായാണ് താരം തന്റെ ഗരാജിലേക്ക് 2023 സുസുക്കി ഹയബൂസ എത്തിച്ചിരിക്കുന്നത്.
ജോൺ എബ്രഹാം ബൈക്ക് അൺബോക്‌സ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. "ധൂം" എന്ന സിനിമയ്ക്ക് ശേഷമാണ് സുസുക്കി ഹയബൂസ ഇന്ത്യയിൽ ഇത്രയധികം ശ്രദ്ധിക്കപ്പെട്ടതെന്നും വേണമെങ്കിൽ പറയാം. സ്വന്തം ബൈക്കാണ് താരം സിനിമയിൽ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടും. വർഷങ്ങൾ കടന്നുപോകുന്തോറും ഹയബൂസയെ നവീകരിച്ചുകൊണ്ടിരുന്ന ജാപ്പനീസ് ഈ വർഷം ഏറ്റവും പുതിയ മോഡൽ പുറത്തിറക്കിയിരുന്നു. 2023 മോഡൽ ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തിട്ടില്ല.

ആയതിനാൽ ജോൺ എബ്രഹാം വാങ്ങിയ യൂണിറ്റ് ഇന്ത്യയിലേക്ക് പൂർണമായും ഇറക്കുമതി ചെയ്‌തേക്കുന്നതാവുമെന്നാണ് സൂചന. മെക്കാനിക്കൽ വശങ്ങളിൽ കാര്യമായ പരിഷ്ക്കാരങ്ങൾ ഒന്നും തന്നെ അവതരിപ്പിച്ചിട്ടില്ലെങ്കിലും പുതിയ കളർ ഓപ്ഷനുകൾ സമ്മാനിച്ചാണ് ഹയാബൂസയെ സുസുക്കി ഒരുക്കിയിരിക്കുന്നത്. ആകർഷകമായ 1,340 സിസി, ഇൻ-ലൈൻ ഫോർ സിലിണ്ടർ എഞ്ചിൻ തന്നെയാണ് സൂപ്പർബൈക്കിന് തുടിപ്പേകുന്നത്. ഈ ലിക്വിഡ് കൂൾഡ് എഞ്ചിൻ പരമാവധി 190 bhp കരുത്തിൽ പരമാവധി 142 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
ഇലക്ട്രോണിക് എയ്ഡുകളുടെയും ഫീച്ചറുകളുടെയും ഒരു വലിയ നിരയുമായാണ് ബൈക്ക് വരുന്നത്. മെറ്റാലിക് തണ്ടർ ഗ്രേയും കാൻഡി ഡേറിംഗ് റെഡ് നിറവും കലർന്ന വേരിയന്റാണ് ജോൺ സ്വന്തമാക്കിയിരിക്കുന്ന 2023 മോഡൽ സുസുക്കി ഹയാബൂസ. കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായി (CBU) ഇറക്കുമതി ചെയ്യുന്നതിനാൽ ഇത് പ്രത്യേക പാക്കേജിംഗിലാണ് വരുന്നത്. ജോൺ എബ്രഹാം തന്റെ മോട്ടോർസൈക്കിൾ അൺബോക്‌സ് ചെയ്യുമ്പോൾ സുസുക്കി ഡീലർഷിപ്പിലെ ആളുകളും സമീപത്തുണ്ട്.
സാധാരണയായി ഡീലർഷിപ്പാണ് വാഹനം അൺപാക്ക് ചെയ്യുന്നത് എങ്കിലും ഒരു സെലിബ്രിറ്റിയുടെ ആനുകൂല്യങ്ങൾ താരത്തിന് ഇവിടെ ലഭിച്ചിട്ടുണ്ട്. ഹയാബൂസയ്ക്ക് 16.40 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നല്‍കേണ്ടത്. പരിഷ്‌കരിച്ച ക്യാമറകള്‍, പുതിയ കണക്റ്റിംഗ് റോഡുകള്‍, ഭാരം കുറഞ്ഞ പിസ്റ്റണുകള്‍, പുതിയ ഇന്ധന ഇന്‍ജക്ടറുകള്‍, പരിഷ്‌കരിച്ച ക്രാങ്ക്ഷാഫ്റ്റ് എന്നിവ ബൈക്ക് ഉപയോഗിക്കുന്നുണ്ട്. ഹയബൂസ ലിറ്ററിന് 18.06 കിലോമീറ്ററാണ് മൈലേജ് നൽകുന്നത്. വ്യത്യസ്‌ത തരം സൂപ്പർബൈക്കുകളുടെ ഉടമ മാത്രമല്ല, സർട്ടിഫൈഡ് സൂപ്പർബൈക്ക് റൈഡർ കൂടിയാണ് ജോൺ എബ്രഹാം.
ലോകപ്രശസ്ത സ്ഥാപനമായ കാലിഫോർണിയ സൂപ്പർബൈക്ക് സ്കൂളിൽ നിന്നാണ് താൻ പരിശീലനം നേടിയതെന്ന് ജോൺ എബ്രഹാം ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. റേസിംഗ് ട്രാക്കുകളിൽ മാത്രമാണ് താൻ ഉയർന്ന വേഗതയിൽ സവാരി ചെയ്യുന്നതെന്നും പൊതു റോഡുകളിൽ ഒരിക്കലും അമിത വേഗതത്തിൽ സഞ്ചരിക്കാറില്ലെന്നും ജോൺ പറയുന്നു. അതുല്യമായ മോട്ടോർസൈക്കിൾ ശേഖരവും ജോണിനുണ്ട്. യമഹ RD350, യമഹ V-മാക്‌സ്, എംവി അഗസ്റ്റ F3 800, അപ്രീലിയ RSV4 RF, ഡ്യുക്കാട്ടി പാനിഗാലെ V4 എന്നിവയാണ് അവയിൽ ചിലത്.


Click it and Unblock the Notifications








