ആഡംബര കാറല്ല, സിമ്പിളായ ഈ സിനിമാ താരം വാങ്ങിയത് ടാറ്റയുടെ ഈ എസ്‌യുവി! ആളെ മനസിലായോ
ബോളിവുഡ് സിനിമകളും ടിവി ഷോയുമെല്ലാം കാണുന്നവർക്ക് ഏറെ പരിചിതമായ മുഖമായിരിക്കും മനോജ് പഹ്വ എന്ന നടന്റേത്. പേര് കേട്ടാൽ മനസിലായില്ലെങ്കിലും അദ്ദേഹത്തിന്റെ മുഖം കണ്ടാൽ മലയാളികൾക്ക് വരെ താരത്തെ മനസിലാവും. ഹം ലോഗ്, ഓഫീസ് ഓഫീസ്, ദബാംഗ് 2, ജോളി എൽഎൽബി തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളിലൂടെയും ടിവി ഷോകളിലൂടെയും നമുക്ക് പരിചിതനായ ഇദ്ദേഹം ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് കൂടുതലും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. ഇപ്പോഴിതാ തന്റെ ഇനിയുള്ള യാത്രകൾക്കായി പുത്തനൊരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ് നടൻ. ബി-ടൌണിലെ താരങ്ങൾ വാങ്ങിക്കൂട്ടുന്ന അത്യാഡംബര കാർ ഒന്നുമല്ല കേട്ടോ മനോജിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്.
ടാറ്റ മോട്ടോർസിന്റെ ഏറ്റവും പുതിയ എസ്‌യുവിയായ സിയറയാണ് മനോജ് പഹ്വയുടെ വീട്ടിലേക്ക് എത്തിയിരിക്കുന്നത്. താരം വാഹനം വാങ്ങിയ വിവരം മഹാരാഷ്ട്രയിലെ ടാറ്റയുടെ പ്രമുഖ വിതരണക്കാരായ ട്രൈഡന്റ് ടാറ്റ ഡീലർഷിപ്പാണ് അവരുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഉയർന്ന ഡിമാൻഡ് കാരണം നിലവിൽ സിയറയ്ക്ക് 3 മുതൽ 6 മാസം വരെ കാത്തിരിപ്പ് കാലയളവ് അനുഭവപ്പെടുന്നുണ്ടെങ്കിലും തന്റെ സിയറ വേഗം നൽകിയതിൽ നന്ദിയും അദ്ദേഹം പറയുന്നുണ്ട്.

കുടുംബത്തോടൊപ്പം ഡീലർഷിപ്പിൽ എത്തിയാണ് മനോജ് പഹ്വ തന്റെ പുതിയ അതിഥിയെ വീട്ടിലേക്ക് വരവേറ്റിരിക്കുന്നത്. സ്മാർട്ട് പ്ലസ്, പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ, അഡ്വഞ്ചർ പ്ലസ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ് പ്ലസ് എന്നിവയുൾപ്പെടെ നിരവധി വേരിയൻ്റുകളിൽ വിപണനത്തിന് എത്തിയിരിക്കുന്ന എസ്‌യുവിക്ക് 11.49 ലക്ഷം രൂപ മുതൽ 21.29 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇതിൽ എല്ലാ സൌകര്യങ്ങളുമുള്ള ടോപ്പ് വേരിയന്റാണ് ബോളിവുഡ് താരം സ്വന്തമാക്കിയിരിക്കുന്നത്.
സിയറയുടെ മൂന്നാർ മിസ്റ്റ് കളർ ഓപ്ഷനാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, 12.3 ഇഞ്ച് പാസഞ്ചർ ഡിസ്‌പ്ലേ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ സ്‌ക്രീൻ ലേഔട്ട് ഉൾപ്പെടെയുള്ള സവിശേഷതയാണ് ടോപ്പ് വേരിയന്റിലെ പ്രത്യേകത. ഇതുകൂടാതെ ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള ഫോർ-സ്പോക്ക് സ്റ്റിയറിംഗ് വീൽ, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ് എന്നിവയും ഇതിലെ ഹൈലൈറ്റുകളാണ്.

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, റിക്ലൈനബിൾ റിയർ സീറ്റുകൾ, സെന്റർ ആംറെസ്റ്റ്, പിൻ സൺഷെയ്ഡുകൾ, ഹെഡ്-അപ്പ് ഡിസ്പ്ലേ, 12-സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ലെവൽ 2 ADAS, 360-ഡിഗ്രി ക്യാമറ എന്നിവ പോലുള്ള മറ്റ് കിടിലൻ ഫീച്ചറുകളും ടാറ്റ സിയറയുടെ ഭാഗമാണ്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ ന്യൂജെൻ മോഡൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും നേടിയെടുത്തിരുന്നു.
മുതിർന്നവരുടെ സേഫ്റ്റി ടെസ്റ്റിൽ ന്യൂജെൻ സിയറയ്ക്ക് 32 പോയിന്റുകളിൽ 31.14 പോയിന്റുകൾ നേടാനായപ്പോൾ ചൈൽഡ് സേഫ്റ്റിയിൽ 49 പോയിന്റുകളിൽ 44.73 പോയിന്റുകളും എസ്‌യുവി സ്വന്തമാക്കുകയുണ്ടായി. ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ടെസ്റ്റിൽ 16-ൽ 16 എന്ന മികച്ച സ്കോറും സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 16-ൽ 15.14 സ്കോറും എസ്‌യുവി കരസ്ഥമാക്കുകയുണ്ടായി. അതിനാൽ സുരക്ഷയുടെ കാര്യത്തിൽ തെല്ലും ആശങ്ക വേണ്ട.
1.5 ലിറ്റർ NA പെട്രോൾ, പുതിയ 1.5 ലിറ്റർ GDi ടർബോ പെട്രോൾ, 1.5 ലിറ്റർ ഫോർ-പോട്ട് ഡീസൽ എന്നിങ്ങനെ 3 എഞ്ചിൻ ഓപ്ഷനുകളിലാണ് ടാറ്റ സിയറ തിരികെയെത്തിയിരിക്കുന്നത്. ഇതിൽ ഡീസൽ എഞ്ചിൻ മോഡലാണ് മനോജ് പഹ്വ സ്വന്തമാക്കിയിരിക്കുന്നത്. ബേസ് വേരിയൻ്റുകളിൽ 1.5 ലിറ്റർ NA പെട്രോൾ എഞ്ചിന് 105 bhp പവറിൽ 145Nm ടോർക്ക് ഉത്പാദിപ്പിക്കാനാവും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇതിനൊപ്പം കൊടുത്തിരിക്കുന്നത്.
116 bhp പവറിൽ 260 Nm ടോർക്ക് നൽകുന്ന ടാറ്റയുടെ 1.5 ലിറ്റർ ഫോർ-പോട്ട് ഡീസൽ എഞ്ചിൻ 6 സ്പീഡ് മാനുവൽ 7 സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വരുന്നത്. ഡയറക്ട് ഇഞ്ചക്ഷൻ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഏറ്റവും പവർഫുൾ യൂണിറ്റ്. 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി മാത്രം ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 160 bhp പവറിൽ പരമാവധി 255 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും.


Click it and Unblock the Notifications