15,000 കോടിയുടെ സ്വത്തുള്ള നടൻ, യാത്രകൾക്കായി പുതുതായി വാങ്ങിയത് കോടികൾ വില വരുന്ന ആഡംബര എസ്‌യുവി
വിലയേറിയ ആഡംബര കാറുകൾ വാങ്ങിക്കൂട്ടുന്നത് സെലിബ്രിറ്റകളുടെ പ്രധാന വിനോദങ്ങളിൽ ഒന്നാണ്. മാസങ്ങളും ദിവസങ്ങളും വ്യത്യാസത്തിൽ കോടിക്കണക്കിന് വില വരുന്ന വാഹനങ്ങൾ സിനിമാ താരങ്ങൾ സ്വന്തമാക്കാറുള്ള വാർത്തകൾ നാം കാണാറുള്ളതല്ലേ... ബോളിവുഡ് താരങ്ങളാണ് ഇക്കാര്യത്തിൽ മുമ്പിൽ നിൽക്കുന്നത്. ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ലാൻഡ് റോവറിൻ്റെ ഡിഫെൻഡർ എസ്‌യുവിയോടാണ് പലർക്കും താത്പര്യം ഏറെയുള്ളത്. പല രൂപങ്ങളിൽ വിപണിയിലെത്തുന്ന മോഡൽ ഐക്കണിക് സ്പോർട് യൂട്ടിലിറ്റി വാഹനം കൂടിയാണ് കേട്ടോ. ഈ മോഡൽ വാങ്ങുന്ന ഏറ്റവും പുതിയ താരമായി മാറിയിരിക്കുകയാണ് ഹിന്ദി നടൻ സെയ്ഫ് അലി ഖാൻ.
ലാൻഡ് റോവർ ഡിഫൻഡർ 110 ആഡംബര എസ്‌യുവിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. പുത്തൻ കാറിൽ കറങ്ങാനിറങ്ങിയ താരത്തിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലും വലിയ തരംഗമായിട്ടുണ്ട്. ഹെനീൽ ഗാലയെന്ന ഇൻസ്റ്റാഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. മുംബൈയിലെ തിരക്കേറിയ റോഡുകളിലൂടെ ബ്ലാക്ക് കളറിലുള്ള ഡിഫെൻഡർ സഞ്ചരിക്കുന്നത് നമുക്ക് കാണാം.

ഈ എസ്‌യുവിയുടെ രജിസ്ട്രേഷൻ നമ്പർ MH02 GQ 1970 ആണ്. ഓൺലൈനിൽ രജിസ്ട്രേഷൻ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ നടൻ സെയ്ഫ് അലി ഖാൻ്റെ പേരിലാണ് എസ്‌യുവി രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് മനസിലാക്കാനായിട്ടുണ്ട്. ലാൻഡ് റോവറിൻ്റെ കാർപാത്തിയൻ ഗ്രേ കളർ ഓപ്ഷനിലുള്ള ഡിഫെൻഡർ 110 എസ്‌യുവിക്ക് അന്യായ റോഡ് പ്രസൻസാണെന്ന് വീഡിയോയിൽ നിന്നും മനസിലാക്കാനാവും. ശരിക്കും ലക്ഷ്വറി വാഹനത്തിൻ്റെ 5-ഡോർ പതിപ്പാണിത്.
2.0 ലിറ്റർ പെട്രോൾ 110 വേരിയൻ്റാണ് സെയ്‌ഫ് അലി ഖാൻ്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. പൊതുവേ ഇത്തരം മോഡലുകളുടെ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് പലരും വാങ്ങാൻ താത്പര്യം കാണിക്കാറുള്ളതെങ്കിലും പെട്രോളിലേക്ക് ബോളിവുഡ് നടൻ പോയത് ശ്രദ്ധേയമാണ്. വളരെ വിശാലവും സുഖപ്രദവുമായ ഇൻ്റീരിയറും യാത്രാസുഖവുമാണ് ഡിഫെൻഡർ സമ്മാനിക്കുന്നത്. കൂട്ടിന് ഒരു പരുക്കൻ സ്റ്റൈൽ കൂടിയാവുമ്പോൾ എസ്‌യുവി വേറെ ലെവലാവുന്നുണ്ട്.

10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ 12.3 ഇഞ്ച് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജർ, കണക്റ്റഡ് കാർ സവിശേഷതകൾ, പ്രീമിയം മെറിഡിയൻ സൗണ്ട് സിസ്റ്റം, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകൾ, ഒരു ബട്ടൺ സ്പർശിക്കുമ്പോൾ ഉയർത്താൻ കഴിയുന്ന ഇലക്ട്രോണിക് എയർ സസ്‌പെൻഷൻ, 360-ഡിഗ്രി ക്യാമറ തുടങ്ങിയ മോഡേൺ ഫീച്ചറുകളാൽ അകത്തളം സമ്പന്നമാണ്.
കൂടാതെ ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, ബ്ലൈൻഡ്-സ്പോട്ട് അസിസ്റ്റ്, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, 6 എയർബാഗുകൾ, എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ലെതർ അപ്ഹോൾസ്റ്ററി, റബർ ഫ്ലോറിംഗ് തുടങ്ങി നിരവധി സവിശേഷതകളും ലാൻഡ് റോവറിൻ്റെ ആഡംബര എസ്‌യുവിയുടെ ഭാഗമാണ്. ഡിഫെൻഡർ 2.0 ലിറ്റർ, 3.0 ലിറ്റർ പെട്രോൾ എഞ്ചിനുകളിലും 3.0 ലിറ്റർ ഡീസൽ എഞ്ചിനിലും ലഭ്യമാണ്. കഴിഞ്ഞ വർഷം ഡിഫൻഡർ 110, 90 പതിപ്പുകൾക്ക് 5.0 ലിറ്റർ V8 പെട്രോൾ എഞ്ചിൻ ഓപ്ഷനും ബ്രാൻഡ് അവതരിപ്പിച്ചിരുന്നു.
ഈ എഞ്ചിൻ ഓപ്ഷനുകളെല്ലാം സ്റ്റാൻഡേർഡായി തന്നെ ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. ലോക്കിംഗ് സെൻ്റർ ഡിഫറൻഷ്യലും ആക്റ്റീവ് റിയർ-ലോക്കിംഗ് ഡിഫറൻഷ്യലുകളും ഉള്ള പെർമെനൻ്റ് 4WD സിസ്റ്റമാണ് ലാൻഡ് റോവർ ഡിഫെൻഡർ എസ്‌യുവിയുടെ മറ്റൊരു സവിശേഷത. ലാൻഡ് റോവർ ഡിഫൻഡറിന് ഇന്ത്യയിൽ 98 ലക്ഷം മുതൽ 2.60 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
15,000 കോടിയുടെ പൂർവികസ്വത്തിലെ അവകാശമുള്ള സെയ്‌ഫ് അലി ഖാന് ഇതുകൂടാതെ മറ്റനേകം ആഡംബര കാറുകളും തൻ്റെ ഗരാജിലുണ്ട്. മധ്യപ്രദേശിലെ പട്ടൗഡി രാജകുടുംബത്തിൻ്റെ 15,000 കോടി രൂപയുടെ സ്വത്തിൻ്റെ പിന്തുടർച്ചാവകാശക്കേസിൽ ബോളിവുഡ് താരത്തിനും കുടുംബത്തിനും എതിരെ അന്വേഷണം നടക്കുകയാണിപ്പോൾ. ഒപ്പം പുതിയ സിനിമകളുടെ തിരക്കിലുമാണ് സെയ്‌ഫ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








