ഇട്ടുമൂടാൻ സമ്പത്ത്, പ്രതിഫലം വാങ്ങുന്നത് 10 കോടി രൂപ, മുന്നാ ഭായിയുടെ യാത്രയിനി 4 കോടിയുടെ ആഡംബര എസ്‌യുവിയിൽ
ഹിന്ദി സിനിമകളിലെ എക്കാലത്തേയും മികച്ച നായകൻമാരിൽ ഒരാളാണ് സഞ്ജയ് ദത്ത് (Sanjay Dutt). നെപ്പോ കിഡാണെങ്കിലും കഴിവ് കൊണ്ട് മാത്രം ഇന്ത്യൻ സിനിമയെ ഞെട്ടിച്ച താരം ബി-ടൗണിലെ ഐക്കോണിക് നായകൻമാരിൽ ഒരാളാണ്. റോക്കി എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ താരമായി മാറിയ സഞ്ജു ബാബക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പക്ഷേ ജീവതത്തിൽ ഒരുപാട് ദുരന്തങ്ങളെ നേരിടാനും അതിനെയെല്ലാം അതിജീവിക്കാനും ഈ മനുഷ്യൻ കാണിച്ച മനോധൈര്യം എടുത്തു പറയേണ്ട കാര്യമാണ്. വിവാദങ്ങള്‍ യാതൊരു പഞ്ഞവുമില്ലാത്ത ജീവിതമായിരുന്നു സഞ്ജുവിന്റേത്.
എങ്കിലും രണ്ടാം വരവിൽ തന്നെ മൊത്തത്തില്‍ ഒന്ന് റീബ്രാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിൽ ഇറങ്ങി തിരിച്ചിരിക്കുന്ന സഞ്ജയ് ദത്ത് ദക്ഷിണേന്ത്യന്‍ സിനിമകളിലെ നിറസാന്നിധ്യമാണ് ഇപ്പോൾ. കെജിഎഫിന്റെ രണ്ടാം ഭാഗത്തില്‍ അധീരയായി വന്ന് ഞെട്ടിച്ചതിനു പിന്നാലെ വിജയിയുടെ ലിയോയിലും വില്ലൻ വേഷം ചെയ്‌ത് സഞ്ജു ബാബ ഇവിടെയും ഫാൻസിനെയുണ്ടാക്കി. അടുത്തതായി രാംചരണ്‍, പ്രഭാസ് ചിത്രങ്ങളില്‍ വില്ലനാവാനാണ് താരം തയാറെടുക്കുന്നത്.

ഈ പടത്തിൽ അഭിനയിക്കാനായി 10 കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകളും. ഇതിനിടയിൽ പുത്തനൊരു ആഡംബര കാർ വാങ്ങിയിരിക്കുകയാണ് സഞ്ജയ് ദത്ത്. ഇതിനോടകം തന്നെ വമ്പൻ വാഹനങ്ങളുടെ വലിയ നിരയുള്ള സഞ്ജയ് ബാബയുടെ ഗരാജിലെ പുത്തൻ അതിഥി 2024 റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയുടെ LWB എസ്‌യുവിയാണ്. 3.50 കോടി രൂപ വിലയുള്ള മോഡൽ സ്വന്തമായി ഡ്രൈവ് ചെയ്‌ത് വരുന്ന വീഡിയോ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.
മുബൈയിൽ ഏകദേശം 4 കോടി രൂപയോളമാണ് വണ്ടിയുടെ ഓൺ-റോഡ് വില വരുന്നത്. കാറിൽ ബോളിവുഡ് നായകനൊപ്പം മറ്റു ചിലരും ഉണ്ടായിരുന്നു. സഞ്ജയ് ദത്തിനൊപ്പം വലിയൊരു ആള്‍ക്കൂട്ടം എപ്പോഴുമുണ്ടാവും. ദത്തിന്റെ സുരക്ഷാ സംഘമാണിതെന്നാണ് വിവരം. എന്തായാലും പുത്തൻ ആഡംബര കാറിന്റെ വിശേഷങ്ങളിലേക്ക് വന്നാൽ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി LWB എസ്‌യുവിയുടെ ബറ്റുമി ഗോൾഡ് കളർ ഓപ്ഷനാണ് നടൻ സ്വന്തമാക്കിയിരിക്കുന്നത്.

കോടികൾ മുടക്കുന്ന റേഞ്ച് റോവറിൻ്റെ ഓട്ടോബയോഗ്രഫി LWB വേരിയന്റ് നിരവധി പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമായാണ് വരുന്നത്. ഇതിന് 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സിഗ്നേച്ചർ ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ, എൽഇഡി ഫോഗ് ലൈറ്റുകൾ എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളാണ് ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ലാൻഡ് റോവർ ഒരുക്കിയിരിക്കുന്നത്.
ഇനി അകത്തേക്ക് കയറിയാൽ നിരവധി വ്യത്യസ്ത ഇന്റീരിയർ ഓപ്ഷനുകളിലാണ് വരുന്നത്. കാർവേ സുഷിരങ്ങളുള്ള ലെതർ സീറ്റുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 24-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഇലക്ട്രിക് ഫ്രണ്ട് സീറ്റുകൾ, എക്സിക്യൂട്ടീവ് റിയർ സീറ്റുകൾ, 13 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 24 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന കൂള്‍ഡ്-ഹീറ്റഡ് സംവിധാനമുള്ള മസാജ് സീറ്റുകള്‍ പോലുള്ള നിരവധി ഫീച്ചറുകളും സഞ്ജയ് ദത്തിന്റെ പുതിയ റേഞ്ച് റോവറിൻ്റെ ഓട്ടോബയോഗ്രഫി എസ്‌യുവിയിലുണ്ട്.
പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വിപണിയിലെത്തുന്ന ലക്ഷ്വറി എസ്‌യുവിയുടെ ഏത് പതിപ്പാണ് താരം സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. ഒന്നിലധികം വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളുള്ള റേഞ്ച് റോവറിൻ്റെ ഓട്ടോബയോഗ്രഫിയിലെ ആദ്യത്തെ എഞ്ചിൻ 346 bhp കരുത്തിൽ 700 Nm torque ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റർ ഡീസൽ യൂണിറ്റാണ്. ഇതുകൂടാതെ 345 bhp പവറിൽ 700 Nm torque നൽകുന്ന 3.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് മറ്റൊരു എഞ്ചിൻ ഓപ്ഷൻ.
ഓട്ടോബയോഗ്രഫി LWB വേരിയന്റിൽ 523 bhp കരുത്തിൽ 750 Nm torque സൃഷ്ടിക്കുന്ന 4.4 ലിറ്റർ എഞ്ചിനാണ് ലക്ഷ്വറി എസ്‌യുവിയുടെ ടോപ്പ് എൻഡ് മോഡലിലുള്ളത്. എല്ലാ എഞ്ചിനുകളും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. റേഞ്ച് റോവർ എസ്‌യുവിക്ക് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ലഭിക്കുന്നതിനാൽ മികച്ച പെർഫോമൻസും കാഴ്ച്ചവെക്കാൻ സാധിക്കുന്നുണ്ട്.
പുതുതായി വാങ്ങിയ റേഞ്ച് റോവർ കൂടാതെ സഞ്ജയ് ദത്തിന് നിരവധി അത്യാധുനിക ആഡംബര കാറുകളും ഉണ്ട്. അദ്ദേഹത്തിൻ്റെ ശേഖരത്തിലെ ഏറ്റവും ശ്രദ്ധേയമായ കാർ റോൾസ് റോയ്സ് ഗോസ്റ്റ് ആണ്. ഇതിനായി താരം ഏകദേശം 5 കോടി രൂപയാണ് മുടക്കിയത്. പ്രധാനമായും ഭാര്യ മാന്യത ദത്തിന് സമ്മാനിക്കാനാണ് ഈ മോഡൽ ദത്ത് സ്വന്തമാക്കിയത്. കൂടാതെ, മൂന്ന് കോടി രൂപ വിലമതിക്കുന്ന മെർസിഡീസ് മെയ്ബാക്ക് S 580 മോഡലും ഇവരുടെ പക്കലുണ്ട്.


Click it and Unblock the Notifications








