കോടികൾ വരുന്ന പുത്തൻ ആഡംബര എസ്‌യുവിയിൽ ഗോവൻ ട്രിപ്പ്, സൂപ്പർനായികമാരുടെ മുൻകാമുകനെ മനസിലായോ
ബോളിവുഡിലെ മുൻനിര നായകൻമാരിൽ ഒരാളാണ് ഷാഹിദ് കപൂർ. ഇങ്ങ് മലയാളികൾക്കിടയിൽ വരെ വമ്പൻ ഫാൻസുള്ള താരം ജബ് വി മെറ്റ്, ഉഡ്താ പഞ്ചാബ്, പദ്മാവത്, ജേഴ്‌സി, കബീർ സിങ് പോലുള്ള ഹിറ്റ് സിനിമകളിലൂടെയാണ് ഹിന്ദി സിനിമയിലെ തൻ്റെ സ്ഥാനം ഉറപ്പിക്കുന്നത്. നടന്‍ പങ്കജ് കപൂറിന്റേയും നര്‍ത്തകി നീലിമ അസീമിന്റേയും മകനായിട്ടാണ് ബി-ടൌണിൽ എത്തുന്നതെങ്കിലും കരീന കപൂറിന്റെ കാമുകനായിട്ടാണ് തുടക്കം മുതൽ താരം അറിയപ്പെട്ടിരുന്നത്. പിന്നീട് പ്രിയങ്ക ചോപ്രയുമായി അടുപ്പത്തിലായതുമെല്ലാം ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ച വലിയ വാർത്തയായിരുന്നു. മുമ്പ് തന്റെ ജീവിതത്തിലുണ്ടായ ബന്ധങ്ങളില്‍ പലതിലും താന്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തുറന്ന്പറയാനും ധൈര്യം കാണിച്ചയാളാണ് ഷാഹിദ്.
നിലവിൽ തന്റെ കരിയറിലെ ഏറ്റവും നല്ല സമയത്തിലൂടെയാണ് താരം കടന്നുപോവുന്നത്. മലയാളി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ദേവയിലൂടെ അടുത്ത ഹിറ്റ് സമ്മാനിക്കാൻ ഒരുങ്ങുകയാണ് ഷാഹിദ്. ഇപ്പോൾ നല്ല സിനിമകളുടെ ഭാഗമായി മുന്നേറുന്ന ഷാഹിദിൻ്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഓ റോമിയോ എന്ന സിനിമയുടെ റിലീസിന് തൊട്ടുപിന്നാലെയാണ് താരത്തിൻ്റെ ചിത്രങ്ങൾ വൈറലായിരിക്കുന്നത്.

എന്നാൽ വണ്ടിഭ്രാന്തൻമാരുടെ കണ്ണ് ഷാഹിദ് കപൂറിലല്ല, പകരം നടനൊപ്പം എത്തിയ മെർസിഡീസ് ബെൻസിൻ്റെ അത്യാഡംബര എസ്‌യുവിയിലായിരുന്നു. തൻ്റെ യാത്രകൾക്കായി അടുത്തിടെയാണ് ബോളിവുഡ് നടൻ ജി-വാഗൺ സ്വന്തമാക്കുന്നത്. ഗോവയിലേക്ക് റോഡ് ട്രിപ്പ് പോയതിന് പിന്നാലെയാണ് തന്റെ പുതിയ ജി-വാഗണിൻ്റെ ഫോട്ടോകൾ താരം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് 2.90 കോടി രൂപയുടെ എക്സ്ഷോറൂം വിലയിൽ മെർസിഡീസ് ബെൻസ് ജി-വാഗൺ G 450d ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.
അതും ഇന്ത്യയ്ക്കായി 50 യൂണിറ്റുകൾ മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ. അതിൽ ഒന്നാണ് ഷാഹിദിൻ്റെ ഗരാജിൽ ഇടംപിടിത്തിരിക്കുന്നത്. ബെൻസുകളോട് ഒരുപാട് താത്പര്യമുള്ള നടൻ്റെ മുറ്റത്ത് മെയ്ബാക്കിൻ്റെ 2 കാറുകൾ കൂടിയുണ്ടെന്നതും രസകരമായ കാര്യമാണ് കേട്ടോ. മെർസിഡീസ് ബെൻസ് S400, മെർസിഡീസ് ബെൻസ് GL ക്ലാസ്, മെർസിഡീസ് ML ക്ലാസ്, ലാൻഡ് റോവർ റേഞ്ച് റോവർ വോഗ്, ഹാർലി ഡേവിഡ്‌സൺ ഫാറ്റ്‌ബോയ്, പോർഷ കയീൻ ജിടിഎസ് തുടങ്ങിയ അതിഗംഭീരമായ വാഹനങ്ങളുടെ കളക്ഷനാണ് ഷാഹിദ് കപൂറിനുള്ളത്.

ഇതിന് പുറമെയാണ് ജി-വാഗൺ കൂടി എത്തുന്നത്. G 63 AMG കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ജി-വാഗൺ പതിപ്പാണ് G 450d . മികച്ച ഓഫ്-റോഡ് ശേഷിയും മൈലേജും അതിശയകരമായ ടോർക്കും വാഗ്ദാനം ചെയ്യുന്ന മോഡൽ ജി-വാൺ നിരയിലെ കൂടുതൽ പ്രായോഗിക പതിപ്പായി കണക്കാക്കാം. 362 bhp പവറിൽ പരമാവധി 750 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റർ സ്‌ട്രെയിറ്റ്-സിക്സ് ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് ജി-വാഗൺ G 450d മോഡലിന് കരുത്ത് പകരുന്നത്.
കുറഞ്ഞ വേഗതയിൽ ആക്സിലറേഷൻ ആവശ്യമുള്ളപ്പോൾ 20 bhp കരുത്ത് നൽകുന്ന 48-വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായിട്ടാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. കൂടാതെ 9-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വഴി ഫോർവീൽ ഡ്രൈവ് സംവിധാനവും എസ്‌യുവി അവതരിപ്പിക്കുന്നുണ്ട്. വെറും 5.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ G 450d മോഡലിന് സാധിക്കും.

അതേസമയം 210 കിലോമീറ്ററാണ് പരമാവധി വേഗമായി നിശ്ചയിച്ചിരിക്കുന്നത്. 241 mm ഗ്രൗണ്ട് ക്ലിയറൻസും 700 mm വാട്ടർ വേഡിംഗ് ഡെപ്ത്തും ഉള്ളതിനാൽ ഏതുതരം റോഡിലും മികവാർന്ന പ്രകടനം കാഴ്ച്ചവെക്കാനും ഷാഹിദ് കപൂറിൻ്റെ പുതിയ കൂട്ടുകാരന് സാധിക്കും. ഓഫ്-റോഡ് എസ്‌യുവിയായതിനാൽ തന്നെ 31 ഡിഗ്രി അപ്രോച്ച് ആംഗിളും 26 ഡിഗ്രി ബ്രേക്ക്ഓവർ ആംഗിളും 30 ഡിഗ്രി ഡിപ്പാർച്ചർ ആംഗിളുമാണ് ജി-വാഗണിനുള്ളത്.
ഫീച്ചറുകളുടെ കാര്യത്തിലായാലും അത്യുഗ്രനാണ് കോടികൾ വരുന്ന ഈ എസ്‌യുവി. ഡിജിറ്റൽ കൺസോളിനൊപ്പം സമാനമായ ലേഔട്ടും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായി ഇരട്ട 12.3 ഇഞ്ച് സ്‌ക്രീനുകളും ക്യാബിനിലുണ്ട്. MBUX NTG7 സോഫ്റ്റ്‌വെയറുള്ള ഓഗ്‌മെന്റഡ് റിയാലിറ്റി നാവിഗേഷൻ പോലുള്ള സവിശേഷതകളും എസ്‌യുവിയുടെ ഭാഗമാണ്. ഇതോടൊപ്പം കസ്റ്റമൈസ് ചെയ്യാവുന്ന ആംബിയന്റ് ലൈറ്റിംഗ്, 18 സ്പീക്കറുകളും ഡോൾബി അറ്റ്‌മോസും ഉള്ള 760-വാട്ട് ബർമെസ്റ്റർ സൗണ്ട് സിസ്റ്റം, ലെവൽ 2 ADAS എന്നിവയും ഷാഹിദ് കപൂർ സ്വന്തമാക്കിയ ജി-വാഗൺ എസ്‌യുവിലുണ്ട്.


Click it and Unblock the Notifications







