മുടക്കിയത് 2.19 കോടി രൂപ, ആഡംബര വാഹനം സ്വന്തമാക്കി ബോളിവുഡിന്റെ 'ഗള്ളി ബോയ്'
2020ലെ ഇന്ത്യയുടെ ഒഫീഷ്യല്‍ ഓസ്‌കര്‍ എന്‍ട്രിയായി തെരഞ്ഞെടുത്ത ഗള്ളി ബോയ് എന്ന സിനിമ കാണാത്ത മലയാളികൾ കുറവായിരിക്കും അല്ലേ. രൺവീർ സിംഗും ആലിയ ഭട്ടുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയതെങ്കിലും യുവമനസുകൾ കീഴടക്കിയത് അതിലെ മുഖ്യ വേഷം ചെയ്‌ത ചെറുപ്പക്കാരനായിരുന്നു. മറ്റാരുമല്ല, റാപ്പ് സോംഗിനൊപ്പം ഗംഭീര അഭിനയം കൂടി കാഴ്ച്ചവെച്ച് പ്രേക്ഷകരെ സിദ്ധാന്ത് ചതുർവേദി കൈയിലെടുക്കുകയായിരുന്നു.
ബോളിവുഡിന്റെ ഗള്ളി ബോയ് എന്നറിയപ്പെടുന്ന താരം പിന്നീട് ദീപിക പദുക്കോണിനെ നായികയാക്കി ശകുന്‍ ബത്ര സംവിധാനം ചെയ്യുന്ന ഗഹരായിയാം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ബോളിവുഡിന് പുറത്തെത്താനും സിദ്ധാന്ത് ചതുർവേദിക്കായി. ഇപ്പോഴിതാ കരിയറിലെ തന്റെ ഏറ്റവും ബെസ്റ്റ് സമയം ആഘോഷിക്കുന്ന താരം തന്റെ യാത്രകൾക്കായി പുതിയൊരു ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ്.

ബോളിവുഡ് സെലിബ്രിറ്റികൾക്കിടയിൽ ട്രെൻഡായി നിൽക്കുന്ന ലാൻഡ് റോവർ റേഞ്ച് റോവർ സ്പോർട്ടാണ് സിദ്ധാന്തിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. എസ്‌യുവിയുടെ ഓട്ടോബയോഗ്രഫി വേരിയന്റാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 1.81 കോടി രൂപ വില വരുന്ന ആഡംബര വാഹനത്തിന് മുംബൈയിൽ 2.19 കോടി രൂപയോളമാണ് ഓൺ-റോഡ് വില വരുന്നത്. ഇൻഡിവിജുവൽ രജിസ്ട്രേഷന് മാത്രം ഏതാണ് 28 ലക്ഷം രൂപയിലധികമാണ് വേണ്ടിവരുന്നത്.
അതേസമയം ഇൻഷുറൻസിനായി 7.31 ലക്ഷം രൂപയും വരുമെന്നാണ് കണക്കുകൾ. മുംബൈയിലെ ജാഗ്വാർ ലാൻഡ് റോവറിന്റെ അംഗീകൃത ഡീലർ ഔട്ട്‌ലെറ്റായ നവ്നിത് മോട്ടോർസിൽ നിന്നും സിദ്ധാന്ത് ചതുർവേദി ഡെലിവറി ഏറ്റെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. മുംബൈയിലെ ജാഗ്വാർ ലാൻഡ് റോവർ ഷോറൂമിൽ കുടുംബാംഗങ്ങൾക്കൊപ്പം എത്തിയാണ് തന്റെ പുതിയ ലക്ഷ്വറി എസ്‌യുവിയുടെ ഡെലിവറി താരം ഏറ്റെടുത്തിരിക്കുന്നത്.

റേഞ്ച് റോവർ സ്‌പോർട്ട് ഓട്ടോബയോഗ്രഫിയുടെ ബ്ലാക്ക് കളർ ഓപ്ഷനാണ് സിദ്ധാന്ത് തെരഞ്ഞെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. 3.0 ലിറ്റർ ഡീസൽ എഞ്ചിനുള്ള ഓട്ടോബയോഗ്രഫിയുടെ ഷോർട്ട് വീൽബേസ് പതിപ്പാണ് താരത്തിന്റെ യാത്രകൾക്ക് പകിട്ടേകാനായി കൂടെക്കൂടിയിരിക്കുന്നത്. 3.0 ലിറ്റർ V6 ഡീസൽ എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകുന്നത്. ഇത് 350 bhp പവറിൽ പരമാവധി 700 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയിള്ളതാണ്.
ഡിസൈനിന്റെ കാര്യത്തിലേക്ക് വന്നാൽ പുതിയ ലാൻഡ് റോവർ റേഞ്ച് റോവർ അതിന്റെ മുൻഗാമിയുടെ അത്യാധുനിക രൂപഘടന അതേപടി നിലനിർത്തിയാണ് പണിതിറക്കിയിരിക്കുന്നത്. എന്നാൽ ഇത് മുൻ പതിപ്പുകളിൽ നിന്ന് വേർതിരിക്കുന്ന വ്യതിരിക്തവും ആധുനികവുമായ എക്സ്റ്റീരിയർ സ്റ്റൈലിംഗ് സ്വീകരിച്ചിട്ടുണ്ടെന്ന കാര്യം ഏറെ സ്വീകാര്യമായ ഒന്നാണ്.

പുറംമോടി പോലെ തന്നെ അകത്തളവും ലക്ഷ്വറി ഫീൽ തന്നെയാണ് സമ്മാനിക്കുന്നത്. പുതിയ റേഞ്ച് റോവറിന്റെ ഇന്റീരിയർ ഒരു ആഡംബര അന്തരീക്ഷം പ്രകടമാക്കുന്നത് തുടരുന്നു. റേഞ്ച് റോവറുകളിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വിപുലമായ ഫീച്ചറുകളാണ് ഇത് വാഗ്ദാനം ചെയ്യുന്നതും. സമാനതകളില്ലാത്ത ഓഡിയോ അനുഭവം പ്രദാനം ചെയ്യുന്ന മെറിഡിയനിൽ നിന്നുള്ള 35-സ്പീക്കർ സൗണ്ട് സിസ്റ്റമാണ് ശ്രദ്ധേയമായ ഒരു സവിശേഷത.
കൂടാതെ ക്യാബിനിൽ ആക്‌ടിവ് നോയ്‌സ് ക്യാൻസലേഷൻ സാങ്കേതികവിദ്യയും ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവർ കോർത്തിണക്കിയിട്ടുണ്ട്. ഇത് എഞ്ചിൻ നോയ്‌സ്, ടയർ നോയ്‌സ്, റോഡ് നോയ്‌സ്, ആംബിയന്റ് നോയ്‌സ് എന്നിവയെ പ്രതിരോധിക്കുന്ന ശബ്ദ തരംഗങ്ങൾ സൃഷ്ടിച്ചുകൊണ്ട് വിവിധ ശബ്ദങ്ങളെ ഫലപ്രദമായി ഇല്ലാതാക്കുന്നുമുണ്ട്. ബോളിവുഡ് താരം സ്വന്തമാക്കിയ റേഞ്ച് റോവർ ഒരു ഫ്ലോട്ടിംഗ്-ടൈപ്പ്, ഓൾ-ഡിജിറ്റൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അവതരിപ്പിക്കുന്നു.

ഈ ശ്രദ്ധേയമായ സംവിധാനത്തിന് ആവശ്യമായ എല്ലാ വാഹന വിവരങ്ങളും പ്രദർശിപ്പിക്കുന്ന വലിയ 13.1 ഇഞ്ച് സ്‌ക്രീനുമുണ്ട്. കൂടാതെ ഹെഡ്-അപ്പ് ഡിസ്‌പ്ലേ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, സ്റ്റൈലിഷ് ഫോർ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, കൂടുതൽ ആസ്വാദ്യകരമായ യാത്രാനുഭവത്തിനായി പിൻ-സീറ്റ് എന്റർടെയ്ൻമെന്റ് സിസ്റ്റം എന്നിവയും ആഡംബര എസ്‌യുവിയുടെ അഴക് വർധിപ്പിക്കാനായി കമ്പനി സമ്മാനിച്ചിട്ടുണ്ട്.
ഓള്‍ വീല്‍ ഡ്രൈവ്, ടെറൈന്‍ റെസ്‌പോണ്‍സ്, തുടങ്ങി വാഹനത്തിന്റെ കരുത്ത് പ്രതിഫലിക്കുന്ന നിരവധി സംവിധാനങ്ങളും ഈ വാഹനത്തിലുണ്ട്. രൺബീർ കപൂർ, ആലിയ ഭട്ട്, അമിതാഭ് ബച്ചൻ, ആദിത്യ റോയ് കപൂർ, നിമ്രത് കൗർ, മലൈക അറോറ, മനീഷ് മൽഹോത്ര, സോനം കപൂർ, ജിതേന്ദ്ര എന്നിവരുൾപ്പെടെ നിരവധി ബോളിവുഡ് താരങ്ങളും സിദ്ധാന്ത് ചതുർവേദിക്ക് മുമ്പ് തന്നെ ലാൻഡ് റോവർ റേഞ്ച് റോവർ സ്പോർട്ട് ഓട്ടോബയോഗ്രഫി സ്വന്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








