ഇട്ടുമൂടാനുള്ള സമ്പത്തുണ്ട്, എന്നിട്ടും വാങ്ങിയത് 8 ലക്ഷത്തിന്റെ കാർ; ഈ സെലിബ്രിറ്റിയെ മനസിലായോ
ഭാഷകളില്ലാതെ സിനിമയെ സ്നേഹിക്കുന്നവരാണ് നമ്മൾ മലയാളികൾ. അതിനാൽ തന്നെ എല്ലാ മേഖലകളിലേയും താരങ്ങളെയും നമുക്ക് ഒരുവിധം അറിയാം. അങ്ങ് ബോളിവുഡിലെയും ഹോളിവുഡിലെയും വരെ താരങ്ങൾക്ക് വരെ ഇങ്ങിവിടെ ഫാൻസുണ്ട്. പോരാത്തത്തിന് അവരുടെ വാർത്തകളും വിശേഷങ്ങളും വരെ അറിയാൻ ഏറെ താത്പര്യം കാണിക്കാറുണ്ട് മലയാളികൾ.
ബോളിവുഡിന്റെ കരുത്തനായ താരം സുനിൽ ഷെട്ടിയും നമ്മുടെ പ്രിയതാരങ്ങളിൽ ഒരാളാണ്. കോടീശ്വരനായ താരം കേരളത്തെയും വല്ലാതെ മനസിൽ കൊണ്ടുനടക്കുന്നയാളാണ്. മകളുടെ കല്യാണത്തിന് വാഴയിലയിൽ വിഭവങ്ങൾ വിളമ്പിയ കാര്യങ്ങളെല്ലാം ഏറെ ചർച്ചയായിരുന്നു. ഇട്ടുമുടാൻ വലിയ സമ്പത്തുള്ള ഈ ഓൾഡ് ഹീറോയ്ക്ക് സ്വന്തമായുള്ളത് വമ്പൻ കാറുകൾ കൂടിയാണ്. ആഡംബര വാഹനങ്ങൾ അരങ്ങുവാഴുന്ന ഇദ്ദേഹത്തിന്റെ ഗരാജിലേക്ക് ഒരു സിമ്പിൾ കാർ എത്തിയിരിക്കുന്നതാണ് പുതിയ വാർത്ത.

സാധാരണക്കാർക്ക് വേണ്ടി ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജി മോട്ടോർസ് പുറത്തിറക്കിയ എംജി കോമെറ്റ് എന്ന കൊച്ചുകാറാണ് സുനിൽ ഷെട്ടി ഇപ്പോൾ തന്റെ ഗരാജിലേക്ക് എത്തിച്ചിരിക്കുന്നത്. എന്റെ ആദ്യത്തെ ഇവി "ദി എംജി കോമെറ്റ്"... ഇഷ്‌ടപ്പെട്ടു! എന്ന അടിക്കുറിപ്പോടെ വാഹനം വാങ്ങിയ വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്.
കോമെറ്റ് ഇവിയുടെ സ്റ്റാറി ബ്ലാക്ക് ഷേഡിൽ ഫിനിഷ് ചെയ്ത ടോപ്പ്-ഓഫ്-ലൈൻ പ്ലഷ് വേരിയന്റാണ് സുനിൽ ഷെട്ടി തെരഞ്ഞെടുത്തിരിക്കുന്നത്. കരുത്തൻ ഹീറോയുടെ മെർസിഡീസ് ബെൻസ് GLS 350, മെർസിഡീസ് ബെൻസ് G350D, ഹമ്മർ H2, ജീപ്പ് റാങ്ലർ, ലാൻഡ് റോവർ ഡിഫെൻഡർ 110, ബിഎംഡബ്ല്യു X5 തുടങ്ങിയ ആഡംബര കാറുകൾക്കിടയിലേക്കാണ് ഈ വ്യത്യസ്ത വാഹനം ഇപ്പോൾ കടന്നുവന്നിരിക്കുന്നത്.

ചെറിയ യാത്രകൾക്കും മറ്റും ഉപയോഗിക്കാനാവും കൂടുതൽ പരിസ്ഥിതി സൌഹാർദമായ കാറിനെ കൂടെക്കൂട്ടിയിരിക്കുന്നത്. സ്റ്റൈൽ, സസ്സ്റ്റൈനബിലിറ്റി, ഇന്നോവേഷൻ എന്നിവ സമന്വയിപ്പിക്കുന്നതിനോടൊപ്പം നിരവധി ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്ന എംജി കോമെറ്റ് വാഹന പ്രേമികളുടെ മാത്രമല്ല സുനിൽ ഷെട്ടിയെപ്പോലുള്ള സെലിബ്രിറ്റികളുടേയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ZS ഇവിക്ക് ശേഷം ഇന്ത്യയിൽ പുറത്തിറക്കുന്ന എംജിയിൽ നിന്നുള്ള രണ്ടാമത്തെ ഇലക്ട്രിക് കാറാണ് ആണ് കോമെറ്റ്.
പേസ്, പ്ലേ, പ്ലഷ് എന്നീ മൂന്ന് വേരിയന്റുകളിലാണ് വാഹനം വിപണിയിൽ എത്തുന്നത്. 7.98 ലക്ഷം രൂപ മുതൽ 10.63 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് മൈക്രോ ഇവി വാങ്ങാനാവുന്നത്. ചെലവ് കുറഞ്ഞതാണെന്നു മാത്രമല്ല, സ്‌പെസിഫിക്കേഷനുകളുടെയും വാറണ്ടിയുടെയും കാര്യത്തിൽ വരെ കോമെറ്റ് വേറിട്ടു നിൽക്കുന്നുണ്ട്. ആകർഷകമായ 8 വർഷത്തെ അല്ലെങ്കിൽ 1,20,000 കി.മീ ബാറ്ററി വാറണ്ടിയാണ് കോമെറ്റ് ഇവിക്കൊപ്പം എംജി വാഗ്‌ദാനം ചെയ്യുന്നത്.

ഇത് വാഹനത്തിന്റെ ഊർജ സ്രോതസിന്റെ ദീർഘായുസിനെക്കുറിച്ചും പെർഫോമൻസിനെ കുറിച്ചും അതിന്റെ ഉപയോക്താക്കളിൽ ആത്മവിശ്വാസം വളർത്താൻ ലക്ഷ്യമിട്ടാണ് ഇത്രയും കാലാത്തെ വാറണ്ടി കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വില കുറവുള്ള ഇലക്ട്രിക് കാർ കൂടിയാണിതെന്നതും ശ്രദ്ധേയമാണ്. വില കുറവാണെന്നും കണ്ടാൽ സേഫ്റ്റിയെല്ലെന്നുമെല്ലാം തോന്നിയേക്കാമെങ്കിലും സുരക്ഷയുടെ കാര്യത്തിൽ എംജി കോമെറ്റ് വേറെ ലെവലാണ്.
ഇതിനായി ഘടനാപരമായ സുരക്ഷയ്ക്കായി 17 ഹോട്ട് സ്റ്റാമ്പിംഗ് പാനലുകൾ അടങ്ങുന്ന ഉയർന്ന കരുത്തുള്ള വെഹിക്കിൾ ബോഡിയാണ് കാറിൽ സജ്ജീകരിച്ചിരിക്കുന്നത്. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് ക്യാമറയും സെൻസറും, ISOFIX ചൈൽഡ് സീറ്റ് എന്നിവ സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നതിനായി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

അതോടൊപ്പം യാത്രകൾ ആനന്ദകരമാക്കാൻ i-സ്മാർട്ട് സിസ്റ്റത്തിൽ 55-ലധികം കണക്റ്റഡ് കാർ ഫീച്ചറുകളും 100-ൽ അധികം വോയ്‌സ് കമാൻഡുകളും എംജി കോമെറ്റിൽ ലഭ്യമാണ്. 10.25 ഇഞ്ച് ഹെഡ് യൂണിറ്റും ഡിജിറ്റൽ ക്ലസ്റ്ററും ഉള്ള ഫ്ലോട്ടിംഗ് ട്വിൻ ഡിസ്‌പ്ലേ. ഇന്റലിജന്റ് ടെക് ഡാഷ്‌ബോർഡും സ്‌മാർട്ട് കീയും അതിന്റെ ഫ്യൂച്ചറിസ്റ്റിക് ഡിസൈനിന് സങ്കീർണത നൽകുന്നു.
2-സ്‌പോക്ക് സ്റ്റിയറിങ് വീൽ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്, ഡിജിറ്റൽ കീ, പവർ വിൻഡോകൾ, ഗ്രേ ഇന്റീരിയർ തീം, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. 17.3 kWh ബാറ്ററി പായ്ക്കാണ് കോമെറ്റിൽ പ്രവർത്തിക്കുന്നത്. പരമാവധി 42 bhp പവറിൽ 110 Nm torque ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുമായാണ് ബാറ്ററി ജോടിയാക്കിയിരിക്കുന്നത്.

സിംഗിൾ ചാർജിൽ ഏകദേശം 230 കിലോമീറ്റർ റേഞ്ച് നൽകാനും മോഡൽ പ്രാപ്തമാണ്. ഒരു സാധാരണ ഹോം സോക്കറ്റ് വഴി 0-100 ശതമാനം ചാർജ് ചെയ്യാൻ ഏകദേശം 7 മണിക്കൂർ സമയമാണ് വേണ്ടിവരിക. കൂടാതെ കാറിനൊപ്പം 3.3 kW ചാർജറും നൽകുന്നുണ്ട്. എന്തായാലും സുനിൽ ഷെട്ടി കോമെറ്റ് വാങ്ങിയത് എംജിക്കും അതൊരു മൈലേജാവും.


Click it and Unblock the Notifications








