ആലിയയുടെ ഉറ്റസുഹൃത്ത്, ബി-ടൗണിലെ ഹോട്ട് ഗേൾ; യാത്രകൾക്ക് കൂടെക്കൂട്ടിയിരിക്കുന്നത് 70 ലക്ഷത്തിന്റെ ഇലക്‌ട്രിക്
ഒടിടി പ്ലാറ്റ്ഫോമുകൾ കൂടുതൽ ജനകീയമായതോടെ ഏത് ഭാഷയിലുള്ള സിനിമകളും നമ്മുടെ വിരൽത്തുമ്പിൽ ലഭ്യമാണ്. അക്കൂട്ടത്തിൽ നായിക നായകൻമാരെയും അടുത്തറിയാനും അവസരങ്ങൾ കിട്ടുന്നുണ്ട്. കൊവിഡിന് മഹാമാരി കാലത്തോടെയാണ് ഇത്തരം പ്ലാറ്റ്ഫോമുകൾ കൂടുതലായും ആളുകളിലേക്ക് എത്തുന്നത്. നിരവധി പുതുമുഖ താരങ്ങൾക്ക് സിനിമക്ക് പുറമെ വെബ് സീരീസിലും അവസരങ്ങളൊരുങ്ങി. ബോളിവുഡ് സുന്ദരി കിയാര അഡ്വാനി നായികയായി 202-ൽ പുറത്ത്റിങ്ങിയ നെറ്റ്ഫ്ലിക്സ് ചിത്രമാണ് ഗിൽറ്റി. കിയാരയെ പോലെ തന്നെ പടത്തിൽ പലരുടേയും ശ്രദ്ധനേടിയ താരമായിരുന്നു ആകാൻഷ രഞ്ജൻ കപൂർ (Akansha Ranjan Kapoor) എന്ന സുന്ദരി.
ആലിയ ഭട്ടിൻ്റെ ഉറ്റസുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് ആകാൻഷ രഞ്ജൻ. ആലിയയുടെയും രൺബീർ കപൂറിന്റെയും വെഡ്ഡിങ് പാര്‍ട്ടിയിൽ തിളങ്ങിയ നടിക്ക് വലിയ ആരാധകവൃന്ദം തന്നെയാണുള്ളത്. ഇപ്പോഴിതാ തന്റെ യാത്രകൾക്കായി നടി പുത്തനൊരു കാർ വാങ്ങിയ വാർത്തയാണ് ഇന്റർനെറ്റിലെ ചർച്ചാ വിഷയം. ആഡംബര കാറുകൾ അടക്കിവാഴുന്ന ബോളിവുഡ് സിനിമാ ലോകത്ത് പുതിയൊരു ഇലക്‌ട്രിക് കാറാണ് ആകാൻഷ സ്വന്തമാക്കിയിരിക്കുന്നത്.

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ EV6 ഇവിയാണ് ആകാൻഷ രഞ്ജൻ കപൂർ സ്വന്തമാക്കിയിരിക്കുന്നത്. ബോളിവുഡ് താരങ്ങളുടെ വാഹന വിശേഷങ്ങൾ പങ്കുവെക്കുന്ന കാർസ് ഫോർ യു എന്ന യൂട്യൂബ് ചാനലാണ് താരത്തിന്റെ പുത്തൻ വാഹനത്തിന്റെ വാർത്തയും പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ ക്ലിപ്പിൽ ആകാൻഷ ഒരു പൊതു സ്ഥലത്ത് ഇലക്ട്രിക് കാറിൽ നിന്ന് ഇറങ്ങുന്നത് കാണാം. പ്രീമിയം ഇവിയുടെ വൈറ്റ് കളർ ഓപ്ഷനാണ് നായിക തെരഞ്ഞെടുത്തിരിക്കുന്നത്.
ഇന്ത്യയിൽ കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് (CBU) റൂട്ട് വഴി കൊണ്ടുവരുന്ന EV6 ഇവി GT ലൈൻ, GT ലൈൻ AWD എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാങ്ങാനാവുക. ആകാൻഷ രഞ്ജൻ കപൂർ ഇതിൽ ടോപ്പ് മോഡൽ തന്നെ സ്വന്തമാക്കിയിരിക്കാനാണ് സാധ്യത. 65.96 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയുള്ള ഈ ഇലക്ട്രിക് എസ്‌യുവിക്ക് മുംബൈയിലെ ഓൺ-റോഡ് വില ഏകദേശം 70 ലക്ഷം രൂപയോളം വരുമെന്നാണ് കണക്കുകൾ.

ഏറ്റവും പുതിയ സാങ്കേതികവിദ്യ, കണക്റ്റിവിറ്റി, സൗകര്യം, സുരക്ഷാ സൗകര്യങ്ങൾ എന്നിവയോടുകൂടിയ അവിശ്വസനീയമായ രീതിയിലാണ് കിയ EV6 ഇവി ഡിസൈൻ ചെയ്‌തിരിക്കുന്നത്. അകത്തേക്ക് കയറിയാൽ ആഡംബര കാറുകളോട് കിടപിടിക്കുന്ന രീതിയിലാണ് ഇലക്ട്രിക് ക്രോസ്ഓവർ പണികഴിപ്പിച്ചിട്ടുള്ളത്. റീസൈക്കിൾ ചെയ്തതും സുസ്ഥിരവുമായ വസ്തുക്കളിൽ നിന്നാണ് അപ്ഹോൾസ്റ്ററി നിർമിച്ചിരിക്കുന്നത്.
12.3 ഇഞ്ച് കർവ്ഡ് ടച്ച്‌സ്‌ക്രീൻ നാവിഗേഷൻ, ഓഗ്‌മെൻ്റഡ് റിയാലിറ്റി ഹെഡ്-അപ്പ് ഡിസ്‌പ്ലേ, സീറോ-ഗ്രാവിറ്റി പൊസിഷനുള്ള റിക്ലൈനിംഗ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക് സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, കണക്റ്റഡ് കാർ ടെക് എന്നിവയും അതിലേറെയും പോലുള്ള അത്യാധുനിക ഫീച്ചറുകളാൽ സമ്പന്നമായ അകത്തളം തന്നെയാണ് വാഹനത്തെ ഇത്രയും സവിശേഷമാക്കുന്നത്.

8 എയർബാഗുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, ABS വിത്ത് ബ്രേക്ക് അസിസ്റ്റ്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (VSM), മൾട്ടി കൊളിഷൻ ബ്രേക്ക് അസിസ്റ്റ്, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, പാർക്കിംഗ് സെൻസറുകൾ എന്നീ സേഫ്റ്റി ഫീച്ചറുകളും ഇലക്ട്രിക് ക്രോസ്ഓവറിന് ലഭിക്കുന്നുണ്ട്.
ഹ്യുണ്ടായിയുടെ സമർപ്പിത ഇവി പ്ലാറ്റ്‌ഫോമായ ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് (E-GMP) EV6 ഇവി പണികഴിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ചൂടപ്പം പോലെയാണ് വിൽക്കുന്ന വാഹനം മുകളിൽ പറഞ്ഞതുപോലെ യഥാക്രമം RWD അല്ലെങ്കിൽ AWD ഡ്രൈവ്‌ട്രെയിനുകളോടെയാണ് വരുന്നത്. സിംഗിൾ അല്ലെങ്കിൽ ഡ്യുവൽ മോട്ടോർ സജ്ജീകരണങ്ങൾ നൽകുന്ന 77.4 kWh ബാറ്ററി പായ്ക്കാണ് വാഹനത്തിന്റെ ഹൃദയം. സിംഗിൾ-മോട്ടോർ സജ്ജീകരണത്തിൽ കിയ EV6 ഇലക്ട്രിക് എസ്‌യുവിക്ക് 229 bhp കരുത്തിൽ 350 Nm torque നിർമിക്കാൻ കഴിയും.
അതേസമയം കൂടുതൽ ശക്തമായ ഡ്യുവൽ-മോട്ടോർ സജ്ജീകരണത്തിൽ കാറിന്റെ പെർഫോമൻസ് 325 bhp പവറിൽ പരമാവധി 605 Nm torque ആയി വർധിക്കും. 350 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ ബാറ്ററി 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജാവാൻ 18 മിനിറ്റ് മാത്രം മതിയാവും. 5.2 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവുന്ന എസ്‌യുവിക്ക് 708 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








