സിനിമ പ്രൊമോഷന് 2.96 കോടിയുടെ ലക്ഷ്വറി കാറിൽ വന്നിറങ്ങി മലയാളികൾ എയറിലാക്കിയ 'പരം സുന്ദരി'
സിദ്ധാർത്ഥ് മൽഹോത്രയും ജാൻവി കപൂറും ഒന്നിക്കുന്ന പരം സുന്ദരി എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലറിന് എതിരെ കുറച്ച് ദിവസമായി മലയാളികൾ പൊങ്കാലയിട്ടുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ ജാൻവി അവതരിപ്പിച്ച വേഷമാണ് വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്. നടിയുടെ പ്രകടനവും മലയാള ഉച്ചാരണവും അത്ര പോരെന്നും കേരളത്തിലെ സ്ത്രീകൾ മുല്ലപ്പൂ ധരിച്ച് മോഹിനിയാട്ടം ചെയ്യുന്നില്ലന്നുമാണ് മലയാളീസ് ബോളിവുഡിനെ പഠിപ്പിക്കുന്നത്. ദേഖ്പട്ട സുന്ദരി ദാമോദരം പിള്ളയെന്ന കഥാപാത്രത്തെയാണ് ജാൻവി സിനിമയിൽ അവതരിപ്പിക്കുന്നത്. ഇതിന്റെ ഉച്ഛാരണ രീതിയെല്ലാം സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ദേഖ്പട്ട എന്നുപറയുന്നത് തേക്കപ്പെട്ട സുന്ദരി, മേക്കപ്പിട്ട സുന്ദരി എന്നിങ്ങനെയെല്ലാമാണ് മലയാളികൾക്ക് തോന്നുന്നത്.
കേരളത്തിൽ സംഭവം വലിയ വിവാദമായെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ സിനിമയുടെ ട്രെയിലറിന് വലിയ വരവേപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽ പരം സുന്ദരിയുടെ പ്രമോഷനും തകൃതിയായി നടക്കുന്നുണ്ട്. പ്രൊമോഷനായി ജാൻവി കപൂർ തന്റെ പുതിയ ലെക്‌സസ് ആഡംബര കാറിൽ വന്നിറങ്ങുന്നൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഇൻസ്റ്റൻഡ് ബോളിവുഡ് എന്ന പേജാണ് ജാൻവി ലക്ഷ്വറി കാറിൽ നിന്നും ഇറങ്ങി വരുന്ന വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ലെക്‌സസിന്റെ അത്യാഡംബര എംപിവിയായ LM 350mh താരത്തിന്റെ സ്വന്തം കാറാണ്. ചലിക്കുന്ന കൊട്ടാരം പോലെയിട്ടുള്ള കാർ ഹിന്ദി സിനിമ താരങ്ങൾക്കിടയിൽ പ്രശസ്‌തമാണ്. സോണിക് അഗേറ്റ് കളർ ഓപ്ഷനാണ് ദേഖ്പട്ട സുന്ദരി ദാമോദരം പിള്ളയുടെ ഗരാജിലുള്ളത്.
ഇന്ത്യയിൽ 2.50 കോടി രൂപയിലധികം എക്സ്ഷോറൂം വിലവരുന്ന കാറിന് നികുതിയും ഇന്‍ഷുറന്‍സും ഉൾപ്പടെ മുംബൈയിൽ ഏകദേശം 2.96 കോടി രൂപയോളം ഓൺറോഡ് വിലവരുമെന്നാണ് കണക്കുകൾ. കാരവാനിലേതു പോലെ സൌകര്യങ്ങളാണ് താരങ്ങളെ പ്രധാനമായും ആകർഷിക്കുന്നത്. അത്യാഡംബര സംവിധാനങ്ങള്‍ കോർത്തിണക്കിയ ഈ ആഡംബര വാഹനത്തിന്റെ ഇന്റീരിയർ വിമാനത്തിലെ ബിസിനസ് ക്ലാസിന് സമാനമായാണ് ഒരുക്കിയിരിക്കുന്നതെന്ന് വേണം പറയാൻ.

48-ഇഞ്ച് അൾട്രാവൈഡ് സ്‌ക്രീൻ, റിയർ മൾട്ടി-ഓപ്പറേഷൻ പാനൽ, അഡ്വാൻസ്ഡ് ഇൻഫ്രാറെഡ് റേസ് മാട്രിക്സ് സെൻസർ എയർ കണ്ടീഷനിംഗ് സിസ്റ്റം, എയർലൈൻ-സ്റ്റൈൽ റിക്ലൈനർ സീറ്റുകൾ, ഹീറ്റഡ് ആംറെസ്റ്റ് ഓട്ടോമൻ സീറ്റുകൾക്കുള്ള ഫുട്‌റെസ്റ്റ്, 23-സ്പീക്കർ സറൗണ്ട്-സൗണ്ട് ഓഡിയോ സിസ്റ്റം, പില്ലോ സ്റ്റൈലിലുള്ള ഹെഡ്‌റെസ്റ്റുകൾ, പ്രത്യേക ഫ്രണ്ട്, റിയർ ഓഡിയോ ഔട്ട്‌പുട്ട്, ഫോൾഡ്-ഔട്ട് ടേബിളുകൾ പോലുള്ള സവിശേഷതകളാൽ വാഹനം സമ്പന്നമാണ്.
കഴിഞ്ഞില്ല, ഇതുകൂടാതെ ഹീറ്റഡ് ആംറെസ്റ്റുകൾ, ഒട്ടോമൻസ്, നിരവധി യുഎസ്ബി പോർട്ടുകൾ, വയർലെസ് ഫോൺ ചാർജറുകൾ, റീഡിംഗ് ലൈറ്റുകൾ, വാനിറ്റി മിററുകൾ, ഫ്രിഡ്ജ്, റിയർ ഗ്ലൗബോക്സുകൾ, അംബർല ഹോൾഡർ എന്നിവ പോലുള്ള എണ്ണിയാലൊടുങ്ങാത്ത ഫീച്ചറുകളാണ് ലെക്‌സസിന്റെ ആഡംബര എംപിവിയിൽ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ മാർച്ചിലാണ് ലെക്‌സസ് LM 350mh ലക്ഷ്വറി എംപിവിയുടെ പുതിയ മോഡൽ ഇന്ത്യയിൽ എത്തുന്നത്.

2.5 ലിറ്റർ, നാല് സിലിണ്ടർ, പെട്രോൾ-ഹൈബ്രിഡ് എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് 190 bhp കരുത്തിൽ പരമാവധി 240 Nm torque വരെ ഉത്പാദിപ്പിക്കാൻ വരെ ശേഷിയുള്ളതാണ്. ഇ-ഫോർ ഓൾ-വീൽ ഡ്രൈവ് സാങ്കേതികവിദ്യ വഴി ഫോർ വീൽ ഡ്രൈവ് ഓപ്ഷനും ലക്ഷ്വറി കാറിന്റെ പ്രത്യേകതയാണ്. ജാപ്പനീസ് വാഹന നിർമാതാക്കളുടെ GA-K മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ടൊയോട്ട ലെക്‌സസ് LM 350h കാഴ്ച്ചയിലായാലും കിടിലമാണ്.
വലിയ സ്പിൻഡിൽ ഗ്രിൽ, ഷാർപ്പ്-സ്റ്റൈൽഡ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ലംബമായി അടുക്കിയിരിക്കുന്ന ഫോഗ് ലാമ്പുകൾ, പിൻഭാഗത്ത് ഫുൾ-വിഡ്ത്ത് എൽഇഡി ടെയിൽലൈറ്റ്, ബോക്‌സി ബോഡി സ്റ്റൈൽ എന്നിവയെല്ലാമാണ് എംപിവിയുടെ ഡിസൈൻ ഹൈലൈറ്റുകൾ. മെർസിഡീസ് ബെൻസ് GLE 250d, ബിഎംഡബ്ല്യു X5, ലെക്‌സസ് LX 570, റേഞ്ച് റോവർ തുടങ്ങിയ ഉയർന്ന നിലവാരമുള്ള മറ്റ് കാറുകളും ജാൻവി കപൂറിന് സ്വന്തമായുണ്ട്.


Click it and Unblock the Notifications








