സഞ്ചാരം മെയ്ബാക്കിലാണേലും എത്ര സിമ്പിളായ പെരുമാറ്റം! കണ്ടാൽ പാടിപ്പോവും 'പരം പരം പരമ സുന്ദരി'
ഹീറോപന്തി എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ച് യുവാക്കളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കൃതി സനോൺ. ബോളിവുഡിലെ നെപ്പോ കിഡ്‌സിനെ വരെ പിന്തള്ളി തിരക്കുള്ള നടിയായി മാറാൻ പരമ സുന്ദരിക്ക് അധികം സമയമൊന്നും വേണ്ടിവന്നില്ല. മിമിയിലൂടെ മികച്ച നടിക്കുളള ദേശീയ അവാര്‍ഡ് വരെ സ്വന്തമാക്കി കൃതി അനേകം ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഒപ്പം ആദിപുരുഷ് എന്ന വലിയ ഫ്ലോപ്പ് പടത്തിൽ വരെയായെങ്കിലും ഒരു ഭാഗ്യനായികയുടെ പരിവേഷമാണ് കക്ഷിക്കുള്ളത്. ബോളിവുഡിന് പുറത്ത് കൃതിയെന്ന് കേൾക്കുമ്പോൾ തന്നെ പരം പരം പരം പരമ സുന്ദരിയെന്ന ഹിറ്റ് പാട്ടായിരിക്കും ഓർമ വരിക.
മൂന്ന് വർഷം മുമ്പ് ഇറങ്ങിയ ഈ ഗാനം ഇതുവരെ യൂട്യൂബിൽ 536 മില്യൺ ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. മിമി എന്ന ചിത്രത്തിന് ദേശീയ അവാര്‍ഡ് സ്വന്തമാക്കാനായത് കൃതിയെ സംബന്ധിച്ച് ഇരട്ടിനേട്ടമായിരുന്നു. ഒരു സിനിമയിൽ അഭിനയിക്കാൻ 3 മുതൽ 4 കോടി വരെ പ്രതിഫലം വാങ്ങുന്ന നായിക പരസ്യത്തിലൂടെയും മോഡലിംഗിലൂടെയും വരെ പൈസ വാരുന്നുണ്ട്. വാഹനങ്ങളോടും പ്രത്യേക കമ്പമുള്ളയാളാണ് കൃതി സനോൺ.

ഇപ്പോഴിതാ തന്റെ മെർസിഡീസ് ബെൻസ് മെയ്ബാക്ക് GLS600 എസ്‌യുവിയിൽ താരം വന്നിറങ്ങുന്ന വീഡിയോയാണ് ഇന്റർനെറ്റിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. നാളുകൾക്ക് മുമ്പ് താരം സ്വന്തമായി വാങ്ങിയ കാറാണിത്. ഏകദേശം 2.43 കോടി രൂപ വരുന്ന സ്പോർട് യൂട്ടിലിറ്റി വാഹനം ബോളിവുഡ് താരങ്ങൾക്കിടയിലെ സെലിബ്രിറ്റി കൂടിയാണ് കേട്ടോ. 4.0 ലിറ്റർ ബൈ-ടർബോ V8 പെട്രോൾ എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകുന്നത്.
9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഈ കൂറ്റൻ V8 എഞ്ചിൻ ജോടിയാക്കിയിരിക്കുന്ന ലക്ഷ്വറി എസ്‌യുവിക്ക് 550 bhp കരുത്തിൽ പരമാവധി 730 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. മെർസിഡീസിൻ്റെ 4MATIC ഡ്രൈവ്ട്രെയിനും സ്റ്റാൻഡേർഡായി കിട്ടുമ്പോൾ അസാമാന്യ പെർഫോമൻസാണ് സ്പോർട് യൂട്ടിലിറ്റി വാഹനം കാഴ്ച്ചവെക്കുന്നത്. ഫോർ വീൽ ഡ്രൈവ് സിസ്റ്റം സ്റ്റാൻഡേർഡായി തന്നെ മെയ്ബാക്ക് എസ്‌യുവിയിൽ കിട്ടും.

അതേസമയം 0-100 കിലോമീറ്റർ വേഗത 4.9 സെക്കൻഡിൽ കൈവരിക്കാനാവുന്ന മെയ്ബാക്ക് GLS 600 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ഡിസൈനിലേക്ക് നോക്കിയാലും ആരേയും മോഹിപ്പിക്കുന്ന വിധത്തിലാണ് വണ്ടി പണികഴിപ്പിച്ചിരിക്കുന്നത്. ക്രോമില്‍ തീർത്ത കൂറ്റന്‍ ഫ്രണ്ട് ഗ്രില്ല്, മള്‍ട്ടിസ്പോക്ക് അലോയ് വീലുകൾ എന്നിവ ഉള്‍പ്പെടെയുള്ള മെയ്ബാക്ക് ഡിസൈന്‍ ഘടകങ്ങളുമായാണ് GLS600 ഒരുങ്ങിയിരിക്കുന്നത്.
കാഴ്ച്ചയിലേതു പോലെ തന്നെ അത്യാഡംബര ഇന്റീരിയറുമായാണ് ബെൻസിന്റെ ആഡംബര എസ്‌യുവി വരുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തിനുമായി രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകളാണ് കൊടുത്തിരിക്കുന്നത്. 4-സീറ്റർ വാഹനമായ ഇതിൽ നാപ്പ ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ഇലക്ട്രോണിക് പനോരമിക് സ്ലൈഡിംഗ് സണ്‍റൂഫ്, വെന്റിലേറ്റഡ് മസാജിംഗ് സീറ്റുകള്‍, ഷാംപെയിന്‍ ബോട്ടിലുകള്‍ സൂക്ഷിക്കാന്‍ റഫ്രിജറേറ്ററിന് സ്‌പെയ്‌സുള്ള ഒരു ഫിക്‌സഡ് സെന്റര്‍ കണ്‍സോള്‍ യൂണിറ്റ് എന്നിവയും കാറിനകത്തുണ്ട്.

ഇതോടൊപ്പം 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക്കായി എക്‌സ്റ്റെന്‍ഡ് ചെയ്യുന്ന സൈഡ് സ്റ്റെപ്പുകള്‍, പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് എയര്‍ സസ്പെന്‍ഷന്‍, ഹീറ്റഡ് ആന്‍ഡ് വെന്റിലേറ്റഡ് ഫ്രണ്ട് ആന്‍ഡ് റിയര്‍ സീറ്റുകള്‍, ഷോഫര്‍ പാക്കേജ്, കാറിനുള്ളിലെ ഫംഗ്ഷനുകള്‍ നിയന്ത്രിക്കാന്‍ റിയർ-സീറ്റ് ടാബ്‌ലെറ്റ്, 360-ഡിഗ്രി ക്യാമറ, ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റം തുടങ്ങിയ അധിക സൌകര്യങ്ങളും മെർസിഡീസ് മെയ്‌ബാക്ക് GLS 600 ലക്ഷ്വറി എസ്‌യുവിയില്‍ ലഭ്യമാണ്.
ആക്ടീവ് ഡിസ്റ്റന്‍സ് അസിസ്റ്റ് ഡിസ്ട്രോണിക്, ആക്ടീവ് ലെയിന്‍ കീപ്പിംഗ് അസിസ്റ്റ്, ആക്റ്റീവ് ബ്ലൈന്‍ഡ് സ്‌പോട്ട് അസിസ്റ്റ്, ആക്ടീവ് ബ്രേക്ക് അസിസ്റ്റ്, ആക്ടീവ് സ്റ്റിയറിംഗ് അസിസ്റ്റ് എന്നിങ്ങനെ ഒട്ടനവധി സേഫ്റ്റി ഫീച്ചറുകളും മെർസിഡീസ് തങ്ങളുടെ അൾട്രാ ലക്ഷ്വറി എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്. മെയ്ബാക്ക് കൂടാതെ ഔഡി Q7, ബിഎംഡബ്ല്യു 3 സീരീസ് 320d തുടങ്ങിയ കാറുകളും ബോളിവുഡിന്റെ പരമ സുന്ദരിയുടെ ഗരാജിലുണ്ട്.


Click it and Unblock the Notifications








