ഏറ്റവും വില പിടിപ്പുള്ള അവതാരിക, 66 ലക്ഷത്തിന്റെ പുത്തൻ എസ്‌യുവി വാങ്ങി ബോളിവുഡിലെ 'ഗ്ലാമർ ലേഡി'
ഏറ്റവും ഗ്ലാമറസായ രംഗമാണ് ബോളിവുഡ് സിനിമാ ലോകം. അവിടെ സൂപ്പർ നായികയായും ടെലിവിഷൻ അവതാരകയായും സീരിയൽ താരമായും മിന്നിത്തിളങ്ങുക എന്നത് അൽപം ബുദ്ധിമുട്ടേറിയ കാര്യമാണ് പലർക്കും. എന്നാൽ ഈ റോളുകളെല്ലാം അതിഗംഭീരമായി ചെയ്യുന്ന വ്യക്തിയാണ് മന്ദിര ബേദി. ഈ പേര് കേൾക്കുമ്പോൾ പെട്ടെന്ന് ആളെ അങ്ങനെ ചിർക്ക് മനസിലായേക്കില്ലെങ്കിലും മുഖം കണ്ടാൽ പിടികിട്ടും. ശാന്തി എന്ന പരമ്പരയും എക്കാലത്തേയും ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ ഒന്നായ ഷാരൂഖ് ഖാന്റെ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെയിലും അഭിനയിച്ച മന്ദിര അവിടുത്തെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ്.
പ്രഭാസ് ചിത്രമായ സഹോയിലെ വില്ലൻ വേഷത്തിലും തകർത്തഭിനയിച്ച താരം ടൊവിനോ തോമസ് ചിത്രത്തിലൂടെ ഉടൻ മലയാളത്തിലും അരങ്ങേറ്റം കുറിക്കും. സിനിമയ്ക്ക് പുറമെ അവതാരകയായി ക്രിക്കറ്റ് മൈതാനത്തും തകർക്കുന്നയാളാണ് മന്ദിര ബേദി. സിനിമയ്ക്കും ആങ്കറിംഗിനും മോഡലിംഗും മാറ്റി നിർത്തിയാൽ കക്ഷി ഉഗ്രനൊരു ഫാഷൻ ഡിസൈനർ കൂടിയാണ് കേട്ടോ.

ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര തുടങ്ങിയ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ സ്വന്തമായി സാരികൾ ഡിസൈൻ ചെയ്‌ത് കൊടുക്കുന്നുമുണ്ട് മന്ദിര. അങ്ങനെ വരുമാനത്തിന് ഒരു പഞ്ഞവുമില്ലാത്തെ താരം ഇപ്പോഴിതാ പുത്തനൊരു ആഡംബര കാർ വാങ്ങി വാർത്തികളിൽ ഇടംപിടിച്ചിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ കാറുകൾ നിർമിക്കുന്ന വോൾവോയുടെ എസ്‌യുവിയാണ് മന്ദിരയുടെ യാത്രകൾക്ക് കൂട്ടായി ഇനി എത്തുന്നത്.
മുമ്പ് ടാറ്റ നെക്സോൺ ഇവിയായിരുന്നു താരം ഉപയോഗിച്ചോണ്ടിരുന്നത് എങ്കിൽ ഇത്തവണയും ഇലക്‌ട്രിക് കാർ തന്നെയാണ് മന്ദിര സ്വന്തമാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. വോൾവോ C40 റീചാർജാണ് ബോളിവുഡ് നടിയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. പുതിയ ഇലക്ട്രിക് കൂപ്പെ എസ്‌യുവിയുടെ ഡെലിവറി ഏറ്റെടുക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിട്ടുമുണ്ട്.

"റോഡിലെ ഏറ്റവും സുരക്ഷിതമായ കാർ" എന്ന തലക്കെട്ടോടെയാണ് താരത്തിന്റെ പുത്തൻ വണ്ടിയെ കുറിച്ചുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 62.95 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ഈ ആഡംബര ഇലക്ട്രിക് എസ്‌യുവിക്ക് മുംബൈയിൽ ഏകദേശം 66.19 ലക്ഷം രൂപയോളമാണ് ഓൺ-റോഡ് വില വരുന്നതെന്നാണ് വിവരം. XC40 റീചാര്‍ജിന് ശേഷം വോള്‍വോയില്‍ നിന്ന് ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ ഇവി മോഡലാണ് C40 റീചാര്‍ജ്.
കേരളത്തിൽ ഉൾപ്പടെയുള്ള വിപണികളിൽ നിന്നാണ് വാഹനത്തിന് ഏറ്റവും കൂടുതൽ സ്വീകാര്യത കിട്ടിയിരിക്കുന്നതെന്നാണ് സ്വീഡിഷ് വാഹന നിർമാതാക്കൾ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. ബ്ലാക്ക് സ്റ്റോൺ, ഫ്യൂഷൻ റെഡ്, തണ്ടർ ഗ്രേ, ഫ്‌ജോർഡ് ബ്ലൂ, സിൽവർ ഡൗൺ ആൻഡ് ക്രിസ്റ്റൽ വൈറ്റ്, സേജ് ഗ്രീൻ, ഓനിക്സ് ബ്ലാക്ക് എന്നിങ്ങനെ എട്ട് കളർ ഓപ്ഷനുകളിലാണ് വോൾവോ C40 റീചാര്‍ജ് വാങ്ങാനാവുന്നത്. ഇതിൽ ഫ്‌ജോർഡ് ബ്ലൂ നിറമാണ് മന്ദിര ബേദി തെരഞ്ഞെടുത്തിരിക്കുന്നത്.

ഡിസൈനിലേക്ക് വന്നാൽ ആദ്യ കാഴ്ച്ചയിൽ തന്നെ ഇത് വോൾവോയല്ലേ എന്നു പറയത്തക്ക വിധത്തിലാണ് ഇലക്ട്രിക് എസ്‌യുവി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോട് കൂടിയ തോറിന്റെ ഹാമർ എൽഇഡി ഹെഡ്‌ലാമ്പുകളാണ് മുൻവശത്തെ പ്രധാന ആകർഷണമായി പറയാനാവുന്നത്. ഇതോടൊപ്പം കൂടുതൽ ആധുനികനാക്കുന്നതിനായി എൽഇഡി ഫോഗ് ലാമ്പുകൾ, ലോവർ ബമ്പറിലെ ബ്ലാക്ക് എയർ ഇൻടേക്ക് എന്നിവയും കമ്പനി സമ്മാനിച്ചിട്ടുണ്ട്.
19 ഇഞ്ച് അലോയ് വീലുകൾ, ലംബമായി അടുക്കിയ സ്ലീക്കർ എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയാണ് ഇലക്ട്രിക് എസ്‌യുവിയുടെ എക്സ്റ്റീരിയറിലെ മറ്റ് പ്രധാന ഹൈലൈറ്റുകളായി പറയാനാവുന്നത്. അകത്തേക്ക് കയറിയാലും ആഡംബര കാറുകൾക്ക് ലഭിക്കുന്ന എല്ലാത്തരം സംവിധാനങ്ങളും വോൾവോയുടെ C40 റീചാർജിനും ലഭിക്കുന്നുണ്ട്. ഇന്റീരിയറിൽ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
ഹർമൻ കാർഡൻ സൗണ്ട് സിസ്റ്റം, വയർഡ് ആപ്പിൾ കാർപ്ലേ, ഹീറ്റഡ് വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വീഗൻ ലെതർ അപ്ഹോൾസ്റ്ററി, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ് വയർലെസ് ചാർജിംഗ് എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളും ഇലക്‌ട്രിക് എസ്‌യുവിക്ക് സമ്മാനിച്ചിട്ടുണ്ട്. XC40 റീചാർജിലെ 452 ലിറ്ററിൽ ബൂട്ട് കപ്പാസിറ്റി കൂപ്പി എസ്‌യുവിയിലേക്ക് എത്തുമ്പോൾ 413 ലിറ്ററായി കുറയുന്നുണ്ട്.
സുരക്ഷയ്‌ക്കായി ട്രാഫിക് അവസ്ഥകൾ അളക്കാൻ കഴിയുന്ന ഒരു ഓട്ടോ വൺ-പെഡൽ ഡ്രൈവ് സിസ്റ്റം ഉപയോഗിച്ച് ലെവൽ 3 ADAS സവിശേഷതകൾ വരെ C40 റീചാർജിലുണ്ട്. ഒന്നിലധികം എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ എന്നിവയും അതിലേറെയും പോലുള്ള സേഫ്റ്റി ഫീച്ചറുകളാണ് എസ്‌യുവിയിലുള്ളത്. 78 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കിനൊപ്പം ജോടിയാക്കിയ ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകളാണ് ഇവിക്ക് കരുത്ത് പകരുന്നത്.
402 bhp കരുത്തിൽ 660 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് വാഹനം സിംഗിൾ ചാർജിൽ 530 കിലോമീറ്റർ റേഞ്ചാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇ-എസ്‌യുവിക്ക് 0-100 കിലോമീറ്റർ വേഗതയിൽ 4.7 സെക്കൻഡിനുള്ളിൽ 180 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ കഴിയും. ഓരോ ആക്‌സിലിലും മോട്ടോറുകൾ ഘടിപ്പിച്ചതിനാൽ വോൾവോയുടെ ഇലക്ട്രിക് കാറിന് ഓൾ-വീൽ ഡ്രൈവും സ്റ്റാൻഡേർഡായി ലഭിക്കും.
ചാർജിംഗിലേക്ക് നോക്കിയാൽ വോൾവോ C40 റീചാർജ് ഇവി 150 kW വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയും. ഇത് 37 മിനിറ്റിനുള്ളിൽ വാഹനത്തെ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ അനുവദിക്കുന്ന കാര്യമാണ്. അതേസമയം വാഹനത്തിനൊപ്പം സ്റ്റാൻഡേർഡായി ലഭിക്കുന്ന 11 kW ലെവൽ 2 ചാർജർ ഉപയോഗിച്ചാൽ വാഹനം പൂർണമായും ചാർജാവാൻ 8 മണിക്കൂർ സമയം മാത്രമാണ് വേണ്ടിവരിക.


Click it and Unblock the Notifications








